ADVERTISEMENT

1. പരസ്പരപൂരകമല്ലാത്തതൊക്കെയും

മൂന്നുനേരം കണ്ണീരുമോന്തി

മൂവന്തിയിലുപ്പു ചേർക്കാതെയൊരു തുടം

കഞ്ഞിത്തെളികുടിച്ചത് കക്കവേ

കേൾക്കാതിരിക്കണമൊച്ചയൊട്ടുമയല്ക്കാർ

അറിഞ്ഞെങ്കിലോ കോപ്പ നിറച്ച് കൊണ്ടത്

കോടിയിൽ മുക്കാനെന്നത് പെരുങ്കള്ളമെന്ന്
 

ഉച്ചവെയിൽ കൊണ്ട് വരി നിന്ന് കിട്ടിയ

ഉപ്പുമാ പാത്രം തട്ടിത്തെറിപ്പിച്ച സതീർഥ്യനെ

ഉള്ളിലാളുന്ന കോപമുണ്ടെങ്കിലും ഭത്സിക്കായ്ക

ഊരുജനമൊരുകാലവും ഉള്ളിലെപ്പശിത്തീ

അറിയായ്ക, ഉയർന്നിരിക്കട്ടെ തറവാട്ടു മഹിമ
 

സർക്കാരാതുരാലയപ്പടിയിൽ തൊണ്ണൂറുകാലം

ഓഛാനിച്ച് നിന്നു, ഗുമസ്തപ്പുണ്യാളനെ വണങ്ങി

കുപ്പായമിട്ടോനൊക്കെയും വഴിപാട് നൽകി

ചോന്ത നിറത്തിലൊരു കുപ്പിവെള്ളം കിട്ടിയത്

ചോര കക്കുവോളം കുടിച്ചും ഭേദമൊട്ടുമാവാതെ
 

വെട്ടുകത്തിക്കുന്നിനപ്പുറം വീരകഥകൊണ്ട ശൈഖിനെ

വീരാളിപ്പട്ടും നാട്ടു പൂവൻകോഴിയും നേദിച്ച്

നാൽപത്തിയൊന്നു ദിനം നല്ലിരവിലൊക്കെയും

നീട്ടി വാഴ്ത്തിയ മൗഢ്യ ജാതിസങ്കല്പം

നശിച്ചുപോവട്ടെ എനിക്കൊപ്പം തീപ്പെട്ട്
 

ഇനിയെന്റെയൊടുക്കത്തെ ശ്വാസവുമെടുത്തെന്ന്

ഇത്രകണ്ട് നീയുറപ്പിച്ച്, നിന്റെ യാഗം തുടരുക

ഒന്നിനൊന്ന് പൂരകമില്ലാത്ത, പൂർവ്വകഥ

ഒന്നിനുമല്ലാതിവനോർത്തേയിരിക്കുമത്

ഒരിക്കലെവിടെയെങ്കിലും കൊണ്ട്, നിശ്ചയം

ഒരു പെരുങ്കവിതയായൊടുക്കും കാത്തിരുന്നീടുക
 

2. കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ

ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക
 

നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക
 

അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി
 

ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക
 

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം

English Summary:

Malayalam Poem Written by Mambadan Mujeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com