ADVERTISEMENT

"ടീച്ചറേ കുട്ടികളെയെല്ലാം ഇമ്പോർട്ട് ചെയ്തല്ലോ ല്ലേ..." സുനിത ടീച്ചറുടെ ആവലാതി നിറഞ്ഞ ചോദ്യത്തിന് ഞാനൊന്ന് മൂളി. "ഇനി അടുത്തത് ചെയ്യേണ്ടതെന്താണെന്ന് നസീർ മാഷ് ഗ്രൂപ്പില് വിഡിയോ ഇട്ടിട്ടുണ്ട് ട്ടോ. അത് ചെയ്യണേ.." പ്രവാസിയായ ഭർത്താവ് പതിനഞ്ച് ദിവസത്തേക്ക് വന്നതാണ്. ഓണത്തിന് വരാംന്ന് പറഞ്ഞപ്പോൾ ഈ "ഉഡായിപ്പ്" കാരണം മുടക്കി. ഈ പൂജ അവധിക്ക് വന്നാൽ നിനക്ക് കൂടുതൽ ലീവെടുക്കണ്ടാലോ കുട്ടികൾക്കും ലീവല്ലേ എന്നും പറഞ്ഞ് വന്നപ്പോൾ ദാ വീണ്ടും ഉഡായിപ്പ്. ഇനിയിപ്പോൾ മൊത്തത്തിൽ പൂജയാക്കാം. വീഡിയോ കണ്ടു, കുട്ടികളുടെ നീളം കനം എല്ലാം വേണം കൂടെ രക്ത ഗ്രൂപ്പും. ക്ലാസ്സ് ഗ്രൂപ്പിൽ ഇട്ടാലും കാര്യമൊന്നുമില്ല. ടീച്ചറ് ഓരോരുത്തർക്കായ് അവരവരുടെ നമ്പറിൽ രക്ത ഗ്രൂപ്പ് ചോദിച്ചു കൊണ്ട് മെസ്സേജയച്ചു. ലീവായതിനാൽ അടുത്ത ക്ലാസ്സിലെ രമേശൻ മാഷോട് മറക്കരുതെന്ന് കുട്ടികളോട് പറയാനും ഏൽപ്പിച്ചു.

പത്ത് കൊല്ലായിട്ട് ആറാം ക്ലാസ്സിലെ "ശരാശരി"യിൽ കുടുങ്ങിയ ടീച്ചർക്ക് നീളം, ഭാരം ഇതെല്ലാം വളരെ എളുപ്പം പക്ഷേ രക്ത ഗ്രൂപ്പ് അതിപ്പോ... ടീച്ചറ് പഠിച്ച മീനും മീഡിയനും ഒന്നും മതിയാവില്ലാലോ? എന്തായാലും നാൽപ്പതിൽ ഇരുപത്തിയേഴണ്ണം പ്രതികരിച്ച സന്തോഷത്തിൽ ടീച്ചർ വാട്സാപ്പിൽ നീല വരകാണാത്ത രക്ഷിതാക്കളെ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങുമ്പോഴാണ് മുഹമ്മദ് സിനാൻ പി.ടിയുടെ കോൾ. ഹാവൂ... അഞ്ചു പ്രാവശ്യം വിളിച്ചിട്ടെടുക്കാത്ത നമ്പറാ, ടീച്ചർ സന്തോഷത്തോടെ ഫോണെടുത്തു. "ബിന്ദു ടീച്ചറേ ഇത് ഞാനാ.. ടീച്ചറ് ഗ്രൂപ്പ് ചോയിച്ചിനേനും ല്ലേ... എന്റേത്  "എ" യും  മൂപ്പരുടേത് "ഓ" യുമാണ്. അപ്പോൾ ടീച്ചറേ ഓന്റെത് ഏതായ്ക്കാരം? അതിപ്പോൾ ഏതായിരിക്കും?. ബിന്ദു ടീച്ചറ് പഠിച്ചതും പഠിപ്പിച്ചതുമായ ബീജഗണിത സമവാക്യം മൊത്തം ഓർത്തു നോക്കി.

"ടീച്ചറേ വെക്കല്ലേ.." "ഇല്ല... സിനാന്റെ ഉമ്മ വച്ചിട്ടില്ല," "ടീച്ചറേ.. പിന്നെ ഇനിയിപ്പോൾ... അതില്ലേ ആ ബി. എൻ എ ടെസ്റ്റെങ്ങാനും വേണംന്ന് പറയ്യോ. അങ്ങനാളേൽ പടച്ചോനാണേ മ്മള് സമ്മേക്കൂലാട്ടോ...."  ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി. 'വേണ്ട താത്താ ങ്ങള് പേടിക്കേണ്ട. DNA ടെസ്റ്റൊന്നും തൽക്കാലം വേണ്ട ഇങ്ങള് ആ കുത്തിവെയ്പിന്റെ കാർഡില് നോക്കിയാൽ മതിയാവും: അങ്ങനെ UDAl S കാരണമുണ്ടായേക്കാവുന്ന ഒരു മുത്തലാഖ് ടീച്ചറൊഴിവാക്കി ഫോണ്‍ വച്ചു.

English Summary:

Malayalam Short Story ' Udaisenna Udayippu ' Written by Binu Sanal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com