ഏകാകി – സലോമി ജോൺ വൽസൻ എഴുതിയ കവിത
Mail This Article
എല്ലാവരുമുള്ള ഒരാൾ
കൂടുതൽ ഏകാകിയാണ്..
അവരിൽ നിന്ന് ഒച്ചവെയ്ക്കാതെ
കടന്നു വരുന്ന ശബ്ദങ്ങൾ
അയാളെ അസ്വസ്ഥനാക്കുന്നു.
അവർ ശബ്ദിക്കുന്നുണ്ട്..
പക്ഷെ അയാളുടെ കേൾവി
താഴിട്ടു മുദ്രണം ചെയ്ത്
അയാൾക്ക് ചുറ്റും
വൻ മതിലുകൾ പണിതു
അവർ പാറാവ് നിൽക്കുന്നു
മതിൽപ്പുറത്തു അവർ മാത്രം
മൊഴിഞ്ഞു കേട്ടുകൊണ്ടിരിക്കുന്ന
നെറികെട്ട പുലഭ്യങ്ങൾക്ക്
പാറയുടെ കടുപ്പമുണ്ട്
അയാൾ അവരെ അറിയുന്നു
അയാൾക്കൊപ്പം
അവർ
ഇടുങ്ങിയ പടവുകളിൽ
ശബ്ദത്തിന്റെ
അലകളിളക്കി
മൗനത്തിന്റെ
തമോഗർത്തങ്ങളിൽ
പതിയിരിക്കുന്നു.
കറുത്ത മന്ത്രങ്ങൾ ചൊല്ലി
അശരീരികളായി
അവർ എന്നും അയാൾക്കൊപ്പമുണ്ട്.
അയാൾ കൂടെക്കൂട്ടിയ
ഏകാകിയുടെ ഏകകം
തീർത്ത രക്ഷാകവചം
ചാലക ശക്തി ക്ഷയിച്ചു
ഏകാകിയുടെ ഉടൽക്കാട്ടിൽ
ഇടി മുഴക്കി...
അപ്പോഴും അവർ
അയാളുടെ ഏകാന്തയുടെ
സ്പന്ദമാപിനിയിൽ
അഹോരാത്രങ്ങളുടെ
നീറുന്ന രസം നിറച്ച്
തലങ്ങും വിലങ്ങും
ആക്രോശിച്ചു,
ആകാശത്തിനും
പാതാളത്തിനുമിടയിൽ
ഇടം തേടിയ അയാളുടെ
ഏകാന്തഭൂമികയിൽ
സംഹാര താണ്ഡവമാടിതിമിർത്തു!!!!
ഏകാകിയുടെ ഹൃദയം
അയാളുടെ ജഡം പൊതിഞ്ഞു
സൂക്ഷിക്കുന്നു
അപ്പോഴും മിടിക്കുന്ന ഹൃദയത്തിന്
സ്വൈര്യ സഞ്ചാരം
തടഞ്ഞു അപരർ
കാവൽ നിൽക്കുന്നു
ചത്തൊടുങ്ങാൻ കൂട്ടാക്കാത്ത
കലാപം നെഞ്ചേറ്റി
അയാൾ, അയാളുടേത് മാത്രമായ ഏകാകിയെ
ചുമന്നു ജീവിതക്കാട്ടിൽ
ആരും കടന്നെത്താത്ത
ഇടം തേടി കാൽ കടഞ്ഞു
കുഴഞ്ഞു വീണു
വീണ്ടും തിടം വെക്കാത്ത
ജീവൻ അയാളുടെ
ആഴം നഷ്ടപ്പെട്ട ഏകാന്തതയുടെ
നീരുറവയിൽ
നീന്തിക്കൊണ്ടേയിരുന്നു,
ഒരിക്കലും ഒരിടമെത്താതെ......!