ADVERTISEMENT

1. പുണ്യവും പാപവും

പുണ്യപാപങ്ങൾ തൻ

പൊരുൾ തേടി ഞാനൊരു

യതിവര്യൻ തന്നുടെ

അരികിലെത്തി

നമ്രശിരസ്കനായ്

ഉദ്വേഗ ഭരിതനായ്

കാൽ തൊട്ടു വന്ദിച്ചു 
 

ഭക്ത്യാദരപൂർവ്വം

സ്വാമിയോടാരാഞ്ഞു :

ഏതാണ് മണ്ണിലെ

പുണ്യവും പാപവും

ലളിതമായവിടുന്ന്

ചൊല്ലിടാമോ...?
 

അപരന്ന് ദോഷങ്ങൾ

ഒന്നും വരുത്താതെ

അവനവൻ ചെയ്യുന്ന

നല്ല കർമ്മങ്ങൾ താൻ

പുണ്യങ്ങളെന്നറിക

വിനാശം വിരുദ്ധവും...
 

നല്ല കർമ്മങ്ങളെ-

ന്നവിടുന്ന് ചൊന്നത്

സരളമായ് പറയുമോ

വിജ്ഞനാം യതിവര്യാ..?
 

ഈ മണ്ണിൽ ജന്മം

നിനക്കേകിയ മാതാവും

ജീവസന്ധാരണ പീഡയിൽ

തളരാതെ ജീവിതം

കെട്ടിപ്പടുത്തനിൻ താതനും
 

അക്ഷരമാല്യങ്ങൾ

നിന്മുന്നിലർച്ചിച്ച

വന്ദ്യരാം ഗുരുഭൂത-

രവരോട് നിന്നുടെ

കടപ്പാട് സർവതും

നിറവേറ്റിടുന്നതാ-

മാദ്യത്തെ പുണ്യം.
 

നിന്നെ നീയാക്കിയ

ജീവിത സഹചാരി

സർവരും പോരാതെ

ഒരുനേരമുണ്ണുവാൻ

ഇരതേടി അലയുന്ന

ജീവൽ സഹസ്രങ്ങളെ

നിൻ ഹൃദയത്തിലേറ്റുക!
 

എത്ര മഹാരഥ

പ്രവാചകരീ വിധം

ഒളിതൂകി മഹിയിതിൽ

മറ്റുള്ളവർക്കായ്..!

ഈ ഭൂമിയിനിയും

കൂരിരുൾ മൂടാതെ

നിൽപതിൻ നിദാനം

അവർ ഹേതുവത്രേ..!
 

2. പുതുമുദ്രകൾ

ഇന്നിന്റെ ഊറ്റത്തിൽ

ഇന്നലെയെ മറക്കും

പുത്തൻ തലമുറക്കാരേ,

അറിയില്ല നിങ്ങൾക്ക്

പൂർവസൂരികൾ തൻ

അഹോരാത്ര പരിശ്രമ-

ക്കണ്ണീരും കിനാക്കളും

നിങ്ങൾ ചവിട്ടി-

ക്കുഴയ്ക്കുമീ മണ്ണിനെ

പൊന്നു വിളയിക്കാൻ

ഉണ്ണാതുറങ്ങാതെ

പാടു പെട്ടീടുന്ന

പൂർവീകരവരുടെ

നെടുവീർപ്പിലുതിരുന്ന

രോദനം കേട്ടുവോ..?
 

നിങ്ങൾതൻ ക്ഷേമത്തി-

നവരു വെടിഞ്ഞോരോ

സുഖഭോഗ കാമനകൾ

കണ്ടുവോ കണ്ടിട്ടും

തൃണവൽ ഗണിക്കയോ..!

ശാസ്ത്ര സങ്കേതത്തിൻ

ഉത്തുംഗ സീമയിൽ

സർവം മറന്നൂ

ഭ്രമിക്കുമീ തലമുറ

കാറ്റിൽ പറത്തുന്നു

മാനവിക മൂല്യങ്ങൾ...
 

കേവല മസ്തിഷ്ക

പ്രക്ഷാളനങ്ങൾ തൻ

ബലിയാട് പോലെയീ

പുത്തൻ തലമുറ

സ്നേഹങ്ങളില്ലാ

സഹിഷ്ണുതയില്ലാ

ഓർത്തുവെച്ചീടുവാൻ

കടപ്പാടുമില്ലാ

മാനസം മസൃണ-

മാക്കുമൊരീരടി

ശോഷിച്ച കരളതിൽ

തെളിയുന്നുമില്ലാ
 

നാൾക്കുനാൾ വായ്ക്കുമീ

വിവര സാങ്കേതിക

ശാസ്ത്രമതിലെരിയുന്നു

വായനാശീലങ്ങൾ...

തൻനേർക്ക് തിരിയുന്ന

മാതാപിതാക്കളും

സദ്ബുദ്ധി ചൊരിയുമാ

സദ്ഗുരു മന്ത്രവും

പുച്ഛിച്ച് തള്ളുമൊരു

പുത്തൻ തലമുറ...
 

ഓർത്തുപോകുന്നിവൻ

ക്രാന്തമൊരു കവിവാക്യം:

"വിശ്വ സംസ്കാര

പാലകരാകും

വിജ്ഞരേ യുഗം

വെല്ലുവിളിപ്പൂ:

ആകുമോ ഭവാന്മാർക്ക്

നികത്തുവാൻ

ലോക സാമൂഹ്യ

ദുർന്നിയമങ്ങളെ;

സ്നേഹ സുന്ദര

പാതയിലൂടെ..?

വേഗമാകട്ടെ.. വേഗമാകട്ടെ..!!!"
 

കടപ്പാട് – കുടിയൊഴിക്കൽ (വൈലോപ്പിള്ളി)

English Summary:

Malayalam Poem Written by Kishore Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com