ADVERTISEMENT

ഒരു മാത്ര കടം തരൂ

നിങ്ങൾ തൻ കർണ്ണങ്ങൾ

ശ്ലാഘിക്കുവാനല്ല ; 

സീസർതൻ ശവമടക്കാ-

നാണ് വന്നതെങ്കിലും

സജ്ജനങ്ങൾ തൻ

നന്മയെല്ലാമേ

അസ്ഥികൾക്കൊപ്പം

ശവക്കുഴിയിലാണ്ടുപോം.

അപവാദമല്ലിതിനു

സീസറും പക്ഷെയോ

സ്വാർഥിയാണെന്നു

മൊഴിയുന്നു ബ്രൂട്ടസ് 
 

അപ്രകാരമതു

സത്യമാണെന്നാൽ,

ഗൗരവം; തക്ക

വില നൽകി സീസർ...

ബ്രൂട്ടസെങ്കിലോ

ബഹുജനാരാധ്യനും!

ആദരണീയർ സർവ

പരിവാരജാലവും..!

എങ്കിലുമെന്റെ

തോഴന്റെ ശവദാഹം 

ചെയ്തിടും: പ്രിയ

മിത്രത്തിൻ വേർപാട്

കേവലമൊരു സ്വാർഥി

തന്നവശ്യ പതനമായ്

ആദരണീയനാം

ബ്രൂട്ടസ് ചൊല്ലുന്നൂ...
 

ഓർക്കുന്നുവോ, കൂട്ടരേ

മോചനദ്രവ്യമായ്

കിട്ടിയോരോ ഭീമമാം

സംഖ്യകൾ മൊത്തമായ്

ഖജനാവിൽ മുതൽക്കൂട്ടി:

അതുവെറും സ്വാർഥിതൻ

കൃത്യമാണെന്നു വരുമോ?!

റോമിലെ സർവ

പട്ടിണിപ്പാവങ്ങൾ

ആർത്തതും സീസറൊപ്പം

കരഞ്ഞതും സ്വാർഥിതൻ

ഹീനചിത്തമോ എങ്കിലും 

സ്വാർഥിയായ് മുദ്ര

കുത്തുന്നു കേവലം 

സത്യമോ വെറും മിഥ്യയോ!
 

അറിയുന്നു സർവ

റോമിലെ പൗരരും

ബ്രൂട്ടസോ സദാ

സമാദരണീയനും..!

ദേശീയോത്സവ വേളയിൽ

ഞാനേകിയൊരുകിരീടം

മൂവട്ടം നിരാകരിച്ചില്ലയോ

സീസർ?! എങ്കിലും

കേവലം മൊഴിയുന്നു

ബ്രൂട്ടസ് : സീസറോ വെറും

സ്വാർഥി! സ്വേച്ഛാധിപതി!

കൂട്ടരേ, ബ്രൂട്ടസ് സർവാ-

ദരണീയൻ; ഖണ്ഡനം

ചെയ്കയില്ലൊരാളുമേ,

എങ്കിലും നിങ്ങൾ

സ്നേഹിച്ചതല്ലേ,

സീസറെ ഉറ്റ

ബന്ധുവായ് ഒരുനാൾ ?
 

മുറിവേറ്റുവീണയെൻ

തോഴനെ മറക്കുവതെങ്ങനെ,

കണ്ണുനീരില്ലെകൂട്ടരേ..?!

ആ വീരയോദ്ധാവിനിത്തിരി

കണ്ണുനീരില്ലേ

തൂകുവാൻ നിങ്ങളിൽ..?!

ഓ!നീതിപീഠമേ!

കവർന്നെടുക്കുന്നുവോ,

കൈരാത കരങ്ങൾനിന്നെ

സത്യമാ ക്രൂരവേട്ടനായ്ക്കൾ തൻ

പല്ലിടുക്കിൽ

ഞെരിഞ്ഞമരുന്നുവോ!

ഇവിടെ മരിക്കുന്നു

നിങ്ങൾ തൻ യുക്തികൾ

എൻഹൃദയമാ ശവ

മഞ്ചത്തിലാണെൻറ്റെ

തോഴരേ, തെല്ലിട

വിശ്രമിക്കട്ടെ ഞാൻ..!
 

ഓർക്കുന്നുവോ, തോഴരേ,

സീസറാദ്യമായ്

ധരിച്ചൊരീ മേലങ്കി?

നെർവിയെ തുരത്തിയ

സായന്തനത്തിൽ...

ഓർക്കുന്നു ഞാൻ

ഓ!കാഷ്യസിൻ കഠാര

കുത്തിയിറങ്ങിയ

മുറിവിതാ കണ്ടോളൂ !

കഠോരമിതു കാസ്കതൻ

ആഘാതമതു ബ്രൂട്ടസിൻ

ചുരിക ചൂഴ്ന്നിടം...

കാണൂ സീസറിൻ നിണം

വാർന്നതിൻ പാടുകൾകാണൂ...
 

ഇത്രമേൽ കൃതഘ്നനാകുവാൻ

പാതകമെന്തു 

ചെയ്തൂ സീസർ,

സമാരാധ്യനാം ബ്രൂട്ടസ്!?

ന്യായവിധി മൊഴിയൂ,

സകല ദൈവങ്ങളേ..!

സമസ്ത മുറിവിലും

നിഷ്കരുണമീ മുറിവ്

രാജ്യദ്രോഹി തൻ

ആഘാതമല്ല കേവലം

വിശ്വസ്തനാം തോഴന്റെ

നെറികേട്തോല്പിച്ചിരിക്കാം

പതിതനാം സീസർ

വിലപിച്ചിരിക്കാം

ഈ മേലങ്കി തന്നഗ്രത്തിൽ

മുഖം പൂഴ്ത്തി 

തേങ്ങിക്കരഞ്ഞിരിക്കാം!
 

ചുടുനിണമിതാ

വാർന്നൊലിപ്പൂ...

പോംപി തൻ പ്രതിമാ

പീഠത്തിന്നരികിൽ

ധീരനാം സീസർ

പിടഞ്ഞു വീണിരിക്കാം...

എത്ര ദാരുണമാ

പതനം കൂട്ടരേ...!

നിങ്ങളും ഞാനുമീ സർവരും വീഴുന്നു

പങ്കിലമായൊരീ

നെറികേടിൻ കീഴെ..!

ആർത്തലയ്ക്കൂ ഈ

ധീരന്റെ പതനത്തിൽ

തേങ്ങിക്കരഞ്ഞിടൂ

കണ്ണുനീരുണ്ടെങ്കിൽ...

വീണിതാ കിടക്കുന്നു

ജൂലിയസ് സീസർ

വീരപോരാളി

വിധ്വംസ ശക്തിയാൽ..!
 

ചടുലമാമൊരു വിപ്ലവ

കാഹളം മുഴക്ക്വലാ

നിങ്ങളെന്റെ വാക്കിനാൽ

ഈ പാതകം ചെയ്തവർ

ബഹുമാന്യർ, അജ്ഞേയ-

മാണതിൻപ്രേരകത്വരയും

എങ്കിലുമുണരട്ടെ

നിങ്ങൾ തൻ യുക്തികൾ..

നിങ്ങൾ തൻ ഹൃദയ-

മപഹരിച്ചീടുവാൻ

വന്നതല്ല ഞാൻ

വാഗ്മിയുമല്ലഹോ..!

കേവലം നിസ്സാരനാണു

ഞാനെങ്കിലും സ്നേഹിപ്പു

മിത്രമാമെന്റെ സീസറെ..

വാക്കല്ല കർമ്മമാ-

ണിവിടെയിന്നായുധം

ഞാനിതാ മൊഴിയുന്നു
 

എൻ വാഗ്ശരങ്ങൾ

മൂകമാമോരോരോ

നാവിലും അഗ്നിയായ്

വാണി തൻ വഹ്നീ

ജ്വാലകൾ പടരട്ടെ...

കർമ്മമായ് കാഹള

ഭേരികളുയരട്ടെ..!

ഞാനൊരു ബ്രൂട്ടസും

ബ്രൂട്ടസ് ഈ ഞാനും

ആകുമായിരുന്നെ-

ങ്കിലീ ആൻറണി

നിങ്ങൾ തന്നാത്മ-

ക്ഷതത്തിലൊക്കെയും

അർപ്പിക്കുമെൻ ജിഹ്വ:

ഈ റോമിലെ മണൽ

തരികളോരോന്നും

സട കുടഞ്ഞെണീറ്റൊരു

ത്വരിത സായുധ

വിപ്ലവ രണാരവം

അലയടിക്കുമേ

ദിഗന്തങ്ങൾ വിറയ്ക്കുമേ!

English Summary:

Malayalam Poem ' Antonys Speech ' Written by Kishore Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com