ADVERTISEMENT

ആയുസ്സിന്റെ താളിൽ നിന്നും

ഒരിലകൂടി കൊഴിയാൻ വെമ്പുന്നു..

പുഞ്ചിരി മാഞ്ഞ് വാടിക്കൂമ്പിയ 

ഡിസംബറിന്റെ അവസാന പാതയിൽ 

ഞാനൽപനേരമൊന്നിരിക്കട്ടെ!
 

പിഴച്ചു പോയ ചുവടുകളും

കനച്ചുപോയ സ്വപ്നങ്ങളും

നെഞ്ചിലൊരു ഭാരം 

കയറ്റിവയ്ക്കുന്നു...
 

സാന്ദ്രമൗനത്തിന്റെ 

മൂടുപടമണിഞ്ഞ് 

അവ്യക്തമായ അശാന്തതകൾ 

അസ്ഥികളിലേക്ക് 

പടർന്നിറങ്ങുന്നു..
 

പകുത്തു കൊടുത്താലവർ 

പലിശക്കു വിൽക്കുമെന്നുറപ്പുള്ള 

എന്നിൽ പഴുത്തു കിടന്ന ചില വേദനകളെ 

മരണം കാത്തുവച്ച 

കൊക്കകളിലേക്ക് ഞാൻ വലിച്ചെറിയുന്നു..
 

എന്റെ ഹരിതകങ്ങൾ

അളന്നു നിരത്തുമ്പോൾ

പിഞ്ചിവലിഞ്ഞ് കിഴിത്തവീഴുന്ന 

ഞാനുകളെ വേരറുത്ത് മാറ്റുന്നു...
 

അഭയം നൽകിയ കൈകളിൽ

ആഞ്ഞു കൊത്തിയ 

വിഷപ്പാമ്പുകളെ മാളങ്ങളിലേക്ക് തുരത്തുന്നു...

അടിയൊഴുക്കുകളിൽ കലങ്ങിമറിയുമ്പോഴും

ഉപരിതലത്തിൽ മഴവില്ലുവിരിയിച്ച 

മായാനദികളുടെ തീരം വിടുന്നു...
 

നിറപ്പകിട്ടാർന്ന പകലുകളിൽ

ഞാൻ മരിച്ചവളെന്നുറക്കെപാടുന്നു...

ഉറങ്ങാൻ മറന്നുപോയ

വേവുകളെയൂട്ടിയുമ്മവച്ച

രാവുകളെ പ്രണയിക്കുന്നു..
 

വിമ്മിഷ്ടങ്ങളുടെ ഇടത്താവളങ്ങളിൽ

എന്നിലാഞ്ഞടിച്ച ചില

കൊടുങ്കാറ്റുകളെ

മുന്നോട്ടുള്ള പ്രയാണത്തിൽ 

ഞാനങ്ങിങ്ങ് കുറ്റിയടിച്ചു നിർത്തുന്നു..

ഞാനാരാണെന്നയോർമ്മപ്പെടുത്തലുകൾക്ക് 

നാന്ദി കുറിച്ചുകൊണ്ട്...
 

കല്ലുവെച്ച നുണകൾ പറഞ്ഞെന്നെ 

മോഹിപ്പിക്കുന്ന പ്രതീക്ഷകളെ, ആകാശത്തിന്റെ...

സമുദ്രത്തിന്റെ.. 

നീലക്യാൻവാസിൽ 

ഞാൻ പകർത്തിയെഴുതുന്നു
 

നേർത്തയിരുളിൻ മഞ്ഞുമറയിൽ തൊങ്ങലുകളിട്ട് 

കാതരയായി ഡിസംബർ കണ്ണുനനക്കുന്നു..

എന്റെ ഹൃദയത്തിൽ വീണുടഞ്ഞ 

ആ നീർമുത്തുകളടർത്തി

ഞാൻ രണ്ടഗ്നിച്ചിറകുകൾ തുന്നുന്നു...
 

എന്റെയാകാശത്തോളം

വലുതല്ലിനിയൊന്നും 

എന്നൊരടിക്കുറിപ്പെഴുതുന്നു...

പവിഴമല്ലി പൂത്തുലഞ്ഞ

ജനുവരിയുടെ മാറിൽ 

ഞാൻ ചിലങ്കകൾ കെട്ടിയാനന്ദനൃത്തമാടുന്നു 

English Summary:

Malayalam Poem ' Decemberinte Avasana Pathayil ' Written by Jasiya Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com