ADVERTISEMENT

അഭാവത്തിൽ ഉയിരെടുപ്പതിനെല്ലാം

മനോഹാരിതയേറുന്നതെന്താവാം..

അന്ന് പെരുമഴ തെയ്യാട്ടമാടി 

പെയ്തിറങ്ങിയ ഓലപ്പുരയിലെ

മൺചട്ടിയിൽ വെന്ത ഒരുപിടി കടലമണികൾ ..

അമ്മയുടെ നെഞ്ചിലെ തീയും കൂടൂതി

ചേർന്നാവണം അമൃതേത്ത് പോലെ മധുരിച്ചത്..
 

ആരും കാണാതിടവേളയിൽ

ആ പുള്ളിക്കുപ്പായക്കാരി

കണ്ണിറുക്കി തന്ന ഒരു കുഞ്ഞു കണ്ണിമാങ്ങ..

ഉപ്പും മുളകും പുരണ്ടത് ജീവരസത്തിന്റെ

ആദ്യപാഠം പഠിപ്പിക്കുകയായിരുന്നു..

കൂട്ടില്ലാതെ ഒറ്റക്ക് നടന്ന ഇടവഴികൾ..

ഇരുളും നിഴലും ചേർന്ന മഹാസംഗമത്തിന്റെ 

ചോലമരപ്പാതകൾ
 

തനിയെ പോയതിനാലാവണം 

ആ മഹാ വൃക്ഷങ്ങളൊക്കെയും

തുടർച്ചയുടെ പ്രാണമന്ത്രങ്ങളോതുകയായിരുന്നു..

സാന്നിധ്യത്തേക്കാൾ അസാന്നിധ്യമേകിയ

നോവിലാണൊടുവിൽ നിന്നെയറിഞ്ഞതും 

ഒരിക്കലും നിലക്കാതാത്മാവിൽ

നിറയുമൊരാത്മരാഗം..
 

ഞാനറിയാതെ സദാ എനിക്കൊപ്പം

യാത്ര പോരുന്ന പ്രണയ സഞ്ചാരി.

അന്തരംഗത്തിൽ മാത്രം സ്പന്ദനമേകി

ഞാൻ കാത്തുസൂക്ഷിച്ചൊരു സാന്ത്വന ഗീതം..

അസാന്നിധ്യത്തിൽ ചായമില്ലാതെ

തെളിയുന്നൊരോമൽ ചിത്രം !
 

വെറുതേയൊന്ന് തിരിഞ്ഞു നോക്കുകയാണ്..

ഒരുവേള നോവിനാൽ നീറിപ്പുകയുമെങ്കിലും അഭാവം 

നമ്മെ ശക്തരാക്കുകയാണ്..

ഉള്ളതിന് പകരാനാവാത്ത

പാഠങ്ങളുമായി ഇല്ലായ്മ വിരുന്നെത്തിയേക്കാം..
 

തളരരുതൊരിക്കലും

എല്ലാം നഷ്ടപ്പെട്ട പോൽ

വിലപിക്കരുത്..

പതിയെ നമ്മെ നവീകരിച്ച്

അതിജീവനത്തിന്റെ

മന്ത്രമോതി ശൂന്യമായിടത്തെല്ലാം

പുതുസ്നേഹം നിറച്ച്

അക്കാലവും കടന്നുപോകും.
 

ചിദാകാശത്തിൽ ഒരു കാർമേഘംപോലെ

തൂങ്ങി നിന്നു മടുക്കുമ്പോൾ

കാലമൊന്നു നമ്മളെ കളിപ്പിക്കുന്നതാണ്

എങ്കിലും നമ്മിൽ സന്താപമേറുമ്പോൾ

സാന്ത്വനത്തിന്റെ ചാറ്റൽ മഴയായി

പെയ്യാതിരിക്കില്ല കാലചക്രം !

English Summary:

Malayalam Poem ' Shoonyathayil ' Written by Resliya M. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com