'മുറ്റത്തെ മാവും പേരയും പ്ലാവും ഒക്കെ പോയി, തറവാട് ഏതോ അപരിചിതമായ സ്ഥലം പോലെ തോന്നി...'
Mail This Article
ഈ രാവു പുലരുവാൻ ഇനിയും സമയം ഉണ്ടല്ലോ, ഉറക്കം എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലാ ഒരു പക്ഷെ ഒരുപാടു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു പോകാൻ തീരുമാനിച്ചു, നാളത്തേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തത് കൊണ്ടാകും? ഇവിടെ ഈ മുംബൈയിൽ തിരക്കേറിയ നഗരത്തിൽ ചേക്കേറിയിട്ടു വർഷം പതിനാറു ആകുന്നു. എന്തോ ഒരിക്കൽ പോലും നാട്ടിലേക്ക് പോകാൻ തോന്നിയിട്ടില്ല, പതിവില്ലാതെ കഴിഞ്ഞ ഞായാറാഴ്ച മുത്തശ്ശി “അമ്മു -മോളെ മുത്തശ്ശിക്കു തീരെ വയ്യാണ്ടായി. ഒന്നു കാണാൻ മോളു വരണം. ഇനി വന്നില്ലേൽ ചിലപ്പോ... പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ഫോൺ ഡിസ്കണക്ട് ആയി. എല്ലായ്പ്പൊഴും പറയാറുള്ളതു പോലെ ആയിരുന്നില്ല... ആ വിളിയും ശബ്ദവും.. ആ വിളിയാണ് നാളത്തെ എന്റെ യാത്രയുടെ കാരണവും.. നാട്ടിൽ നാഷണൽ ഹൈവേയ്ക്കു സമീപം ആണ് തറവാടും കുട്ടിക്കാലത്തു ഓടി നടന്ന മുറ്റവും തുളസി തറയും കുളവും. ഗേറ്റ് കഴിഞ്ഞ മുന്നിൽ കാണും മൂവാണ്ടൻ മാവ് നിറയെ മാങ്ങയും കിളികളും ആകും, ഇപ്പോഴും ജീവിത സാഹചര്യങ്ങൾ കാലം മാറ്റിമറിക്കുമ്പോൾ ചിലതൊക്കെ ഓർമ്മയുടെ മച്ചിൽ ഒളിപ്പിക്കാനേ മനുഷ്യനു ആവുകയുള്ളു ..ഓർമ്മകൾ മാത്രമാകും പിന്നീടുള്ള യാത്രകളിൽ കൂടെ കൂട്ടിനും..
സമയം പോകാത്തതിനാൽ എല്ലാം പാക്ക് ചെയ്തു നേരത്തെ എയർപോർട്ടിൽ എത്തി.. അപ്പനും അമ്മയും പോയതിനു ശേഷം തറവാട്ടിൽ മുത്തശ്ശിയും മുത്തശ്ശനും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷം വരെ.. കോവിഡ് കാലത്തു മഹാമാരി മുത്തശ്ശിയെ തനിച്ചാക്കി, യാത്ര നിയന്ത്രണങ്ങൾ ആയതിനാൽ പോകാനും ശ്രമിച്ചില്ല.. ഒരുപാട് ഓർമ്മകൾ വന്നും പോയും അതിനോടൊപ്പം ഒരായിരം വട്ടം.. എന്റെ മനസും നാട്ടിലേക്കു പോയി. ബോർഡിങ്നുള്ള വിളി വന്നതും പെട്ടെന്ന് ഉണർന്നു ഫ്ലൈറ്റിലേക്കു... കൃത്യ സമയത്തു തന്നെ നാട്ടിലും എത്തി.. എയർപോർട്ടിൽ നിന്നു ഒരു ടാക്സി എടുത്തു പോകണ്ട സ്ഥലവും പറഞ്ഞു, വണ്ടിയിലെ സൈഡ് ഗ്ലാസിലൂടെ വഴിയോര കാഴ്ചകൾ അങ്ങനെ ഒരു കുട്ടിയെ പോലെ നോക്കിയിരുന്നു.. പോക പോകെ.. വഴികൾ ഒക്കെയും അപരിചിതമായി തുടങ്ങി ഉള്ളിൽ ഒരു ഭയം.. ഡ്രൈവറോട് വഴി ഇതു തന്നെ അല്ലെ വീണ്ടും വീണ്ടും ചോദിച്ചു ഉറപ്പിച്ചു.. പോരാത്തതിനു ഗൂഗിൾ മാപ്പും നോക്കി.. എല്ലാം ശരിയാണ്. എന്റെ മനസിലെ പഴയ കാഴ്ചകൾക്ക് ആണ് മാറ്റം വന്നിരിക്കുന്നത്... വഴിയോരത്തെ ആ പഴയ തണൽ മരങ്ങൾ ഇല്ല, ചെറു കടകൾ ഇല്ല.. എല്ലാം മാറി ഇല്ലാണ്ടായിരിക്കുന്നു..
കുഞ്ഞേ കുഞ്ഞിതൊന്നും അറിഞ്ഞില്ലേ? ഇവിടെ ഹൈവേ റോഡ് വികസനം അല്ലെ, റോഡിനു വീതി കൂട്ടിയപ്പോ എല്ലാം പൊളിച്ചു നീക്കി.. വികസനം എന്നാൽ നഷ്ടപ്പെടുത്തൽ കൂടിയാണ് കുഞ്ഞേ പലതും, ഡ്രൈവറുടെ ആ സംസാരം കഴിയുമ്പോഴേക്കും എന്റെ വീട് എത്തി. അവിടെ മൂലയിൽ ഉണ്ടായിരുന്ന അരയാൽ ഇല്ലാ വീടിന്റെ ഗേറ്റ് ഇല്ല മതിൽ ഇല്ല മരങ്ങൾ ഇല്ലാ. മുറ്റത്തെ മാവും പേരയും പ്ലാവും ഒക്കെ പോയി ഏതോ അപരിചിതമായ സ്ഥലം പോലെ തോന്നി.. ആകെ തല ചുറ്റുന്ന പോലെ. മുറ്റത്തെ മാവു കഴിഞ്ഞ ദിവസമാണത്രെ ജെസിബി കൊണ്ട് പിഴുതു ഇട്ടത്. അതിലെ കിളി കുഞ്ഞുങ്ങളും കിളി കൂടുമൊക്കെ മുറ്റത്തു ചിതറി കിടക്കുന്നു.. എന്നെ കണ്ടപാടെ മുത്തശ്ശി ഓടി വന്നു കെട്ടിപിടിച്ചു. അന്നു പറയാതെ പറഞ്ഞതു ഇതായിരുന്നു മകളെ, നീ അന്ന് വന്നിരുന്നേൽ എല്ലാം പഴയ പടി ഒന്നുടെ കാണാരുന്നു.. ഇനിയിപ്പോ എന്റെ കുഞ്ഞിനു ഇതു കാണേണ്ടി വന്നല്ലോ... മുത്തശ്ശി നെടുവീർപെട്ടു.
എല്ലാ സാഹചര്യങ്ങളുമായി നമ്മൾ കാലം കഴിയുമ്പോ പൊരുത്തപ്പെടും.. കുറച്ചു ദിവസം ആ ചുടല കാടു പോലുള്ള സ്ഥലത്തു താമസിച്ചു മുത്തശ്ശിയുമായി ഞാൻ മടങ്ങി.. തിരികെ മുംബൈയിലേക്ക്. ഇനി കാത്തിരിക്കാൻ നാട്ടിൽ ഒന്നും അവശേഷിക്കുന്നില്ല. വികസനം നാടിന്റെ വളർച്ചക്കും വരും തലമുറക്കും ഗുണകരം ആകട്ടെ.. മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ ഒന്ന് മാത്രം അവൾ ആലോചിച്ചത്. നമ്മൾ വീടും സ്ഥലവും വികസനത്തിനു കൊടുത്തപ്പോൾ പകരം നഷ്ട പരിഹാരമായി നല്ലൊരു തുക കിട്ടി.. അപ്പോൾ ഈ മരങ്ങളായ മരങ്ങളിൽ കൂടു വച്ച കിളികൾക്കു വികസനത്തിൽ എന്തു കിട്ടികാണും.. പരിഹാരം?