ADVERTISEMENT

രാവേറെയായിട്ടും  ഗബ്രിയേലിനുറക്കം വന്നില്ല.. നേരം പുലരുമ്പോൾ താൻ ചെന്നറിയിക്കേണ്ട വാർത്ത ഗബ്രിയേലിന്റെ ഉറക്കം മാത്രമല്ല സകല  സമാധാനവും കെടുത്തിക്കളഞ്ഞു...ഏതാനും മാസങ്ങൾക്കു മുമ്പ്  ഇതുപോലൊരു അവിശ്വസനീയമായ  വാർത്ത അറിയിച്ചതിന്റെ  സങ്കടം മാറിവരുന്നതേയുള്ളു.. തന്റെ വാക്കുകളെ  അവിശ്വസിച്ച  സാധുവായ ഒരു വൃദ്ധ പുരോഹിതനെ പെട്ടെന്നുള്ള വികാരവിക്ഷോഭത്തിൽ  ഊമയാക്കി മാറ്റിയതോർത്തു പാവം ഗബ്രിയേൽ  ദിവസങ്ങളോളം കരഞ്ഞിരുന്നു. നൂറുവയസിനടുത്ത വന്ധ്യസ്ത്രീ  പ്രസവിക്കും എന്നുപറഞ്ഞാൽ ആര് വിശ്വസിക്കും ? അതല്ലേ അവളുടെ ഭർത്താവായ ആ ജ്ഞാനവൃദ്ധൻ ചോദിച്ചുള്ളൂ ? അയാളല്ല, ആരായാലും ഇതേ ചോദിക്കു..എങ്കിലും ദൈവകൽപനയെ അവിശ്വസിച്ചാൽ പിന്നെ തനിക്കെന്ത് ചെയ്യാൻ പറ്റും ? പറഞ്ഞത് സംഭവിക്കും വരെ നീ ഊമയായിരിക്കും എന്ന് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞുപോയി.. അതും ദൈവസന്നിധിയിൽ ബലികളും കാഴ്ചകളും സമർപ്പിക്കുന്ന ഒരു  പുരോഹിതനോട് .. ഇനിയും മാസങ്ങൾ വേണം അയാൾക്ക്‌ സംസാരശേഷി തിരികെ കിട്ടാൻ...അതിനു മുമ്പേ  അടുത്ത ദൂതിനുള്ള സമയമായി.. പരശതം മാലാഖമാർ ഉണ്ടെങ്കിലും ഇതുപോലുള്ള വാർത്തകളുടെ വാഹകനായി   തന്നെ മാത്രം അയക്കുന്നതിന്റെ സാംഗത്യം എത്രയാലോച്ചിട്ടും ഗബ്രിയേലിനു മനസിലായില്ല. 

നാളെ അറിയിക്കേണ്ട സദ്‌വാർത്തയാവട്ടെ ഇതിലും അവിശ്വസനീയം. പുരുഷനെ അറിയാതെ കന്യക ഗർഭം ധരിക്കുമെത്രെ..അതും അറിയിക്കേണ്ടത് വിവാഹവാഗ്ദാനം കഴിഞ്ഞ ഒരു കന്യകയോട് !! ഇതെങ്ങനെ കുലമഹിമയുള്ള ഒരു പെൺകുട്ടിയോട്  മുഖത്തുനോക്കി പറയും.. ? അവൾ തന്നെ പറ്റി എന്ത് വിചാരിക്കും?  അവളെങ്ങനെ പ്രതികരിക്കും ? തലമുറകൾ കാത്തിരുന്ന രക്ഷകന്റെ ജനനത്തെപ്പറ്റിയുള്ള ദിവ്യ ദൂതാണിത്, അതും അറിയിക്കേണ്ടത് എല്ലാ തലമുറകളും ഭാഗ്യവതി എന്ന് പ്രകീർത്തിക്കപ്പെടാൻ പോകുന്ന ഒരുവളോട്.. അവളത് അവിശ്വസിച്ചാലോ നിരസിച്ചാലോ താൻ  എന്ത് ചെയ്യും ? ആലോചിച്ചിട്ട് ഗബ്രിയേലിന് ഒരു എത്തും പിടിയും കിട്ടിയില്ല.  രക്ഷകനെ ഏറ്റുവാങ്ങാൻ അവളുടെ ഉദരം പാകമായിരിക്കുമോ ? നൂറ്റാണ്ടുകളുടെ പ്രതീക്ഷയെ പാലൂട്ടി വളർത്താൻ അവളുടെ പയോധരങ്ങൾ ചുരത്തപ്പെടുമോ? രക്ഷകനെ താലോലിക്കാൻ അവളുടെ കരങ്ങൾ കൃപയാൽ പാകപ്പെട്ടിരിക്കുമോ? ആ കുഞ്ഞിനെ താരാട്ടു പാടിയുറക്കാൻ അവളുടെ മൊഴികൾ തേൻ തുള്ളികളാകുമോ? ഇനി അവൾ സമ്മതിച്ചാലും, അവളുമായി വിവാഹവാഗ്ദാനം കഴിഞ്ഞിരിക്കുന്ന  ആ യുവാവിന്റെ അവസ്ഥ എന്താകും? അവൻ സമ്മതിക്കുമോ? ഇനി അഥവാ സമ്മതിച്ചാലും അവർ ഇനി എങ്ങനെ ആ നാട്ടിൽ ജീവിക്കും ? കടുത്ത യാഥാസ്ഥിതികരായ യഹൂദ പ്രമാണിമാർ അവരെ വെറുതെ വിടുമോ ? ഇങ്ങനെ പരശതം ചിന്തകളിലും പര്യാകുലതകളിലും മുഴുകി   ആ പാവം  ഉറക്കമറ്റ്‌ കിടന്നു..

ഗബ്രിയേൽ പിറ്റേദിവസം രാവിലെ തന്നെ പുറപ്പെട്ടു കാതങ്ങൾ താണ്ടി ആ കന്യകയുടെ അടുത്തെത്തി.. അതുവരെ ഭയത്താലും സംഭ്രമത്താലും വലഞ്ഞിരുന്ന അയാൾ  ആ കന്യകയുടെ ദർശനമാത്രയിൽ തന്നെ  പുതുമഴ പെയ്ത മണ്ണ് പോലെ ഉണർന്നു.. എന്നിട്ട്, അവൾക്ക് സ്നേഹവന്ദനം പറഞ്ഞു. പിന്നീട്  എത്രയോ നാവുകൾ എത്രയോ തവണ ഏറ്റു ചൊല്ലിയ ചൊല്ലിക്കൊണ്ടിരിക്കുന്ന, ആ മനോഹര സ്നേഹവന്ദനം.. പിന്നെ വളരെ സാവധാനം മടിച്ചുമടിച്ച്‌ തെല്ലു സങ്കോചത്തോടെ രക്ഷകന്റെ അമ്മയാവാൻ അവൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന മംഗളവാർത്ത  അറിയിച്ചു.. എന്നാൽ  ഗബ്രിയേലിന്റെ സകല പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട്, അവന്റെ  സകല വിഹ്വലതകളെയും കാറ്റിൽ പറത്തി ആ കന്യക ആ വചനത്തെ ആദ്യം ഹൃദയത്തിലും പിന്നെ ഉദരത്തിലും സ്വീകരിച്ചു..അങ്ങനെ ആവാതെ തരമില്ലായിരുന്നു, കാരണം ദൂതനറിയില്ലല്ലോ,  സകല സ്വസ്തികളും അവളിലേക്ക്‌ സംവഹിക്കപ്പെട്ടിരുന്നെന്ന്. ഉത്തമവും ഉന്നതവുമായ ഒരു കവാടമായി അവൾ മാറിയിരുന്നുവെന്നും അവളിലൂടെ നൂറ്റാണ്ടുകളുടെ പ്രതീക്ഷയും കാത്തിരിപ്പും പ്രവചനങ്ങളും വെളിപ്പെടണമായിരുന്നുവെന്നും ... പിന്നെ  തൻ്റെ മംഗളഗാനം കേൾക്കാൻ മധുരോതരമായ ഒരു  ശ്രാതമായി അവൾ മാറിയിരുന്നെന്നും….

ശേഷം, ഗബ്രിയേലിൻറെ ആകുലതകൾ ആഹ്ളാദങ്ങളായി .. അവൻ പാടി...

English Summary:

Malayalam short story written by manoj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com