ADVERTISEMENT

ദൃഢനിശ്ചയത്തിന്റെ ആൾരൂപം

കാടിന് വന്യതയും വശ്യതയും ഉണ്ട്. വന്യതയിൽ ഭയക്കുന്നവന് അതാകാം, വശ്യതയിൽ മയങ്ങുന്നവന് അതിൽ അഭിരമിക്കാം. ഉൾകാട്ടിൽ ആണ് കൂടുതൽ വന്യമൃഗങ്ങൾ; പരസ്പരം പോരടിച്ചും വേട്ടയാടിയും ആക്രമിച്ചും ഭയപ്പെടുത്തിയും ആണ് അവർ അവരുടെ അധീശത്വങ്ങൾ അരക്കിട്ടുറപ്പിക്കുന്നത്. വന്മരങ്ങളുടെ മുകളിൽ നിന്ന് ആരാണ് നിങ്ങളെ കീഴടക്കാൻ ചാടിവീഴുക എന്നറിയില്ല. തക്കം പാർത്തിരിക്കുന്ന, പുതിയ ഇരയെ തേടുന്ന അനേകം മൃഗങ്ങൾ, ഒരേ ഒരു ലക്ഷ്യം, ഒരിക്കൽ നോട്ടമിട്ടാൽ തന്റെ ഇര മറ്റൊരു മൃഗത്തിനും തട്ടിയെടുക്കാൻ കഴിയരുത്. 

മനുഷ്യരുടെ മഹാസമുദ്രങ്ങൾ അലയടിക്കുന്ന തിരക്കേറിയ നഗരങ്ങളും ഇതുപോലെതന്നെയല്ലേ? ആരൊക്കെ എവിടെയൊക്കെയാണ് കെണിവെച്ച് ഇരകളെ കാത്തിരിക്കുന്നത് എന്നറിയില്ല. എവിടെയും ഒരു ശ്രേണിയുണ്ട്, അതിനെ ഏണിപ്പടികൾ എന്നുകൂടി പറയാം, അധികാരത്തിന്റെ പടവുകൾ കയറി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ഏണിപ്പടികൾ കയറിയുള്ള മച്ചിനുമുകളിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നതെന്ന്, താഴെ നിൽക്കുന്നവനറിയില്ല. മുകളിൽ നിന്ന് വരുന്ന യജമാനൻമാരുടെ കൽപനകൾ അവർ ശിരസാ വഹിക്കും, അവരുടെ അപദാനങ്ങൾ അവർ വാഴ്ത്തിപ്പാടും, അവരുടെ ജന്മങ്ങൾ അതിന് വേണ്ടിയെന്നാണ് അവരെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, നാളെ നിങ്ങളും ഒരു യജമാനനാകും, എന്നെ ഏറ്റവും പുകഴ്ത്തുന്നവരാകും എന്റെ പിൻഗാമികൾ. 

മൃഗങ്ങളും മനുഷ്യരും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. മനുഷ്യർ കെണിവെച്ചാണ് ഇര പിടിക്കുന്നത്, എങ്കിൽ മൃഗങ്ങൾ നേരെ ആക്രമിച്ചും. പതുങ്ങിയിരുന്ന് ആക്രമിക്കാൻ രണ്ടുകൂട്ടരും വിദഗ്ധരാണ്. ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൃഗങ്ങൾ പിൻവാങ്ങും എന്നാൽ മനുഷ്യർ പുതിയ കെണികൾ ഒരുക്കികൊണ്ടേയിരിക്കും. ഒരു മരത്തിന് മുകളിലേക്ക് വലിഞ്ഞു കയറുന്നവൻ ആ ഉയർച്ചയിൽ നിന്ന് ഭൂമിയുടെ കാഴ്ചകൾ വിശാലമായി കാണുകയാണ്. വലിയ കാഴ്ചകൾ അവന്റെ ജീവിതത്തോടുള്ള ഉൾക്കാഴ്ചയും വർധിപ്പിക്കുന്നു. ഓരോ മല കയറുമ്പോഴും ഉതിർന്നു വീഴുന്ന വിയർപ്പുതുള്ളികൾക്ക് ഉപ്പുരസം കൂടുതലാണ്, മുകളിൽ ചെന്ന് നമ്മെ പൊതിയുന്ന കാറ്റിന്റെ ഗന്ധം ആസ്വദിക്കുമ്പോൾ, മുഖത്തെയും ചുണ്ടിലെയും വിയർപ്പ് വടിച്ചു കളയുമ്പോൾ, നാവ് ചിലപ്പോൾ ചുണ്ട് നനക്കാൻ തുടങ്ങും, ആ വിയർപ്പിന് നിങ്ങളുടെ വലിയ പരിശ്രമങ്ങളുടെ ഗന്ധവും രുചിയുമുണ്ടാകും. നാം നമ്മെ അപൂർവ്വമായി കണ്ടെത്തുന്ന നിമിഷങ്ങൾ ആണത്. 

നഗരത്തിൽ ഒരു ജോലിയും കിട്ടാത്തൊരുത്തൻ ഒരു ദിവസം വലിയ ഒരു കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിപ്പടികൾ കയറി. ലിഫ്റ്റിൽ അവനെ കയറ്റാൻ അതിലെ ജോലിക്കാരൻ തയാറായിരുന്നില്ല. ആ വലിയ കെട്ടിടത്തിന്റെ ബാൽക്കണിയിലെ വസ്ത്രങ്ങൾ ഉണക്കാൻ കെട്ടിയിരുന്ന ഒരു പ്ലാസ്റ്റിക് കയർ അഴിച്ചെടുത്ത് അയാൾ അതിന്റെ ബലം ഉറപ്പുവരുത്തി. മുകളിലെ ഒരു കുറ്റിയിലും, സ്വന്തം കഴുത്തിലും രണ്ടറ്റങ്ങളും കെട്ടി അയാൾ താഴേക്ക് ചാടി. നഗരത്തിന് മുഴുവൻ കാണാവുന്ന ഒരു ചോദ്യചിഹ്നമായി അയാളുടെ മൃതദേഹം ആ കെട്ടിടത്തിന് മുന്നിൽ ഞാന്ന് കിടന്നു. അതാരാണെന്ന് പോലും അന്വേഷിക്കാൻ ആരും മെനക്കെട്ടില്ല, എന്നാൽ അതിന്റെ റീലുകൾ സമൂഹത്തിൽ വൈറലായി. എല്ലാ അനിശ്ചിതത്വങ്ങളുടെ ഇടയിലും നാം രാഷ്ട്രം കെട്ടിപ്പടുക്കണം. പുരോഗമനങ്ങളുടെ പാത നാം നിർദ്ദയം കണ്ടെത്തണം, നടപ്പിലാക്കണം, അത് ജനക്ഷേമത്തിനുമാകണം. ഓരോ വലിയ പദ്ധതിയിലും കുടിയൊഴിപ്പിക്കലുകൾ സർവസാധാരണമാണ്. എന്നാൽ അവരെ മാന്യമായ നഷ്ടപരിഹാരം കൊടുത്തു, പുതിയ താമസ സ്ഥലങ്ങളും, ജോലി ചെയ്യാനുള്ള അവസരങ്ങളും പദ്ധതി തുടങ്ങുന്നതിന് മുമ്പേ അവർക്കായി വിഭാവനം ചെയ്യണം. 

ലോകപ്രസിദ്ധമായ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ കുന്ദൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു. വലിയ വലിയ പദ്ധതികളിൽ ആകും താൻ ജോലിയെടുക്കുക. ആ പദ്ധതികൾ വരുന്ന പല തലമുറകൾക്കും ഉപകാരപ്പെടുന്നതാകണം. ചിലർക്ക് ജോലിയെന്നാൽ ഭ്രാന്താണ്. അവരുടെ അർപ്പണബോധം അത്ര വലുതാണ്. തടസ്സം നിൽക്കുന്നതിനെയെല്ലാം തച്ചുടച്ചു മുന്നോട്ട് കയറിപ്പോകാൻ അവരിൽ ഒരു പ്രത്യേകതരം ഇച്ഛാശക്തിയുണ്ടാകും. അതിനുവേണ്ട അധികാരങ്ങൾ അത്തരം പദ്ധതികളുടെ നടത്തിപ്പിനുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ അവർ ചോദിച്ചു വാങ്ങും. അത് തന്റെ പരമാധികാരം അരക്കിട്ടുറപ്പിക്കാനല്ല, മറിച്ചു പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ്. അതിനിടയിലെ നിരാശകളും, തോൽവികളും, പുച്ഛിക്കലും, നിസ്സഹകരണങ്ങളും ഒന്നും അവരെ ബാധിക്കാറില്ല. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ വർധിതവീര്യത്തോടെ അവർ കളത്തിലിറങ്ങും. ഇതെന്റെ പദ്ധതിയാണ്, ഇത് തീർക്കലാണ് എന്റെ ലക്ഷ്യം.

ആ ലക്ഷ്യം സഫലീകരിച്ചാൽ, അതിന്റെ ഉൽഘാടനത്തിനോ, അനുമോദനത്തിനോ, ആശംസകൾക്കോ കുന്ദൻ കാത്തുനിൽക്കാറില്ല. ആ പദ്ധതിയുടെ ഉപഭോക്താക്കളായ ഓരോ മനുഷ്യരിലും അതിന്റെ ഗുണഫലം എത്തുക എന്നത് മാത്രമാണ് കുന്ദന്റെ സന്തോഷം. വലിയ അണക്കെട്ടുകൾ ആയിരുന്നു കുന്ദൻ നിർമ്മിച്ചിരുന്നത്. അണക്കെട്ടിന്റെ നിർമ്മാണമൊക്കെ കഴിഞ്ഞു, തോടുകളിലൂടെ ഒഴുകുന്ന വെള്ളം സ്വീകരിക്കുന്ന കർഷകരെ കുന്ദൻ പോയിക്കാണും, വെള്ളം വന്നതിൽ പിന്നെ അവരുടെ കൃഷിയിൽ ഉണ്ടായ പുരോഗതി, അവരുടെ സന്തോഷങ്ങൾ എല്ലാം അയാൾ ചോദിച്ചറിയും, അവരുടെ നിറപുഞ്ചിരികൾ ആണ്, കുന്ദന്റെ ഏറ്റവും വലിയ അവാർഡുകൾ.

സർക്കാരുകൾ ചേർന്ന് വളരെ രഹസ്യമായി ഒരു അണക്കെട്ട് കൊടുംകാടിനുള്ളിൽ വിഭാവനം ചെയ്തു. അതിന്റെ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. കൊടുംകാടിനുള്ളിൽ ആയതിനാൽ കുടിയൊഴിപ്പിക്കലുകൾ ഉണ്ടാകില്ല, താഴെയുള്ള ഊരുകൾക്കും, ഗ്രാമങ്ങൾക്കും അത് വർഷം മുഴുവൻ കുടിവെള്ളത്തിനും, കൃഷിക്കും ഉപകാരപ്പെടും. അത് മാത്രമല്ല, ഊരുകൾക്ക് വേണ്ട വൈദ്യുതി സൗജന്യമായി കൊടുക്കാനും ആകും. ആ അണക്കെട്ട് തന്റെ ഊരിന്‌ വളരെ മുകളിലായാണ് വരുന്നത് എന്നറിഞ്ഞപ്പോൾ, കുന്ദൻ മറ്റൊന്നും ആലോചിക്കാതെ ആ പദ്ധതിയുടെ ചുക്കാൻ ഏറ്റെടുത്തു. എന്നാൽ വളരെ രഹസ്യമായി പടുത്തുയർത്തുന്ന ആ പദ്ധതി കുന്ദന് മുന്നിൽ ഒരുപാട് വെല്ലുവിളികൾ നിരത്തി വെച്ചു. വെല്ലുവിളികൾ നേരിടാനാണല്ലോ ജീവിതം, കുന്ദന്റെ ദൃഢനിശ്ചയം വളരെ ഉറച്ചതായിരുന്നു.

English Summary:

Malayalam Short Story ' Mananthavady Super Fast - 7 ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com