'ചിലരെല്ലാം ആരുമറിയാതെ ആ പദ്ധതിയിലെ ജോലിക്കാരുടെ ഇടയിലേക്ക് ചേക്കേറിയിരുന്നു...'
Mail This Article
പ്രൊജക്റ്റ് ടി.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികളിലൂടെയാണ് ആ പദ്ധതിക്കായുള്ള വലിയ ഉപകരണങ്ങളും വണ്ടികളും പണിക്കാരുമൊക്കെ എത്തിച്ചേർന്നത്. തൊട്ടടുത്തുള്ള സംസ്ഥാനത്തിലെ പദ്ധതി എന്ന പ്രചാരണത്തിലൂടെയാണ് അവരെ എല്ലാം വിവിധ വഴികളിലൂടെ കൊണ്ട് വന്നു പദ്ധതി പ്രദേശത്ത് ഒന്നിച്ചു ചേർത്തത്. ഒരിക്കൽ വന്നെത്തിയവർ പദ്ധതി കഴിഞ്ഞുമാത്രമേ പിന്നീട് പുറത്തേക്ക് പോകാനാകൂ. പദ്ധതിയുടെ നടത്തിപ്പിന്റെ അധികാരം കുന്ദനായിരുന്നു. അവരുടെ സംരക്ഷണത്തിന്റെ അധികാരം നിയുക്തസേന സംഘ തലവനായ നന്ദനും. രാധയായിരുന്നു, നന്ദന് തൊട്ടു താഴെയുള്ള അധികാരി. അവർ രണ്ടുപേരും ഒന്നിച്ചു പഠിച്ചവരാണ്. ഒരേ മനസ്സാണവർക്ക്, അതിനാൽ തന്നെ ആ കാടിന്റെ സംരക്ഷണം അവർക്ക് പ്രാണവായു പോലെയായിരുന്നു. ദീപയും കുന്ദനും ബിരുദ പഠനകാലത്ത് ഒരുമിച്ചായിരുന്നു. ആ പഴയ പരിചയങ്ങൾ എല്ലാം, ഈ പദ്ധതി ഏകോപിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു.
ശരവേഗത്തിലാണ് അണക്കെട്ടിന്റെ നിർമ്മാണം മുമ്പോട്ട് പോയത്. മൂന്ന് സംസ്ഥാനങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരുന്ന നിർമ്മാണസാമഗ്രികളും ഉപകരണങ്ങളും മനുഷ്യരും, അവരുടെ യാത്രകളും നിയന്ത്രിക്കുന്നത് എളുപ്പമായിരുന്നില്ല. കർണ്ണാടക വഴി വന്ന വാഹനങ്ങൾ തമിഴ്നാട് വഴിയും, കേരളത്തിലൂടെ വന്ന വാഹനങ്ങൾ കർണ്ണാടക വഴിയുമാണ് പുറത്തേക്കു പോയിക്കൊണ്ടിരുന്നത്. പുറംലോകത്തിന് മനസ്സിലാകാത്ത പല ക്രമീകരണങ്ങളും വളരെ ബുദ്ധിപരമായി അവർ നടത്തിക്കൊണ്ടിരുന്നു. സ്വന്തം ജനത്തിന് ഉപകാരപ്പെടുന്ന ഒരു പദ്ധതി എന്നതായിരുന്നു നന്ദനും കുന്ദനും ആ പദ്ധതിയോടുള്ള ഏറ്റവും വലിയ പ്രചോദനം. പുറംലോകമറിയാതെ ഉയർന്നുവരുന്ന ആ അണക്കെട്ടിന്റെ നിർമ്മാണത്തിനുള്ള രഹസ്യ നാമം പ്രൊജക്റ്റ് ടി എന്നായിരുന്നു. ട്രാൻസ്ഫോർമേഷൻ അഥവാ പരിവർത്തനം, രൂപാന്തീകരണം എന്ന വാക്കാണ് ടി എന്ന പദംകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന പരിവർത്തനം, ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പുരോഗതി, പുത്തൻ പ്രതീക്ഷകൾ, അവരറിയാതെ അവരുടെ മാറുന്ന ജീവിതം, അതിന്റെ ഭാഗഭാക്കാവുന്നതിൽ പദ്ധതിയിലുള്ള ഓരോ മനുഷ്യരും അഭിമാനം കൊണ്ടു. നന്ദന് പുറകെ നിഴലായി രാധയുണ്ടായിരുന്നു. അത്രയും വലിയൊരു പദ്ധതിയെ സംരക്ഷിക്കുക എന്നത് നിസ്സാരമായിരുന്നില്ല. കുന്ദനുമായുള്ള അടുപ്പം കാരണം ദീപ എപ്പോഴും അണക്കെട്ടിന്റെ കാര്യാലയത്തിലുള്ള സുരക്ഷാവിഭാഗത്തിലായിരുന്നു ജോലിയെടുത്തുകൊണ്ടിരുന്നത്. അവർ നാലുപേരും, ഈ പദ്ധതി പൂർത്തിയായാൽപോലും അവിടം വിട്ടു പോകാൻ ഇഷ്ടപ്പെടാത്ത ഒരു ബന്ധം പ്രകൃതിയുമായി വളർന്നു വരുന്നുണ്ടായിരുന്നു. കുറച്ചു കിലോമീറ്ററുകൾക്ക് താഴെ അവർ ജനിച്ചു വളർന്ന ഊരുണ്ട്, ആ ഊരിനൊരു കാവലായി അവർ മുകളിൽത്തന്നെ വേണമെന്ന് അവർക്ക് തോന്നിയിരുന്നു. രാധയും ദീപയും നഗരത്തിൽ ജനിച്ചു വളർന്നവരാണ് എങ്കിലും, അവരും "പ്രകൃതിയിൽ ഒളിക്കണം" എന്ന് കൊതിച്ചിരുന്നവരുമാണ്.
മനുഷ്യർ അങ്ങനെയാണല്ലോ, അവരുടെ മനസ്സിൽ ഉറച്ച ആഗ്രഹങ്ങൾ ഉള്ളയിടത്തേക്ക് അവരുടെ ജീവിതം നയിക്കപ്പെടും. അതിന് അഗാധമായി നാം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വേണം. ജീവിതത്തിലെ അർപ്പണ മനോഭാവങ്ങൾ നമ്മെ അങ്ങോട്ട് നയിക്കും. എല്ലാവർക്കും എത്തിച്ചേരേണ്ട ഒരിടമുണ്ട്. അവരവർ ആഗ്രഹിക്കുന്ന ഒരിടത്തേക്ക് എത്തിച്ചേരുന്നവർ ആണ് ഏറ്റവും ഭാഗ്യവാന്മാർ. രഹസ്യമായി പദ്ധതി പ്രദേശം സന്ദർശിച്ചുകൊണ്ടിരുന്ന വലിയ ഉദ്യോഗസ്ഥരും തിരിച്ചുപോകുമ്പോൾ മറ്റൊരു വഴിയാണ് പോയികൊണ്ടിരുന്നത്. "നിങ്ങൾ രണ്ടുപേരുടെയും പേരിൽ ആണ് പ്രൊജക്റ്റ് ടി അറിയപ്പെടുക. മനുഷ്യരുടെ അശ്രാന്തമായ പരിശ്രമങ്ങൾ ആണ് ലോകത്തെ മാറ്റിമറിക്കുന്നത്. അങ്ങനെയുള്ള മനുഷ്യരുടെ ഗണത്തിലേക്ക് നിങ്ങൾ ഉയർത്തപ്പെട്ടിരിക്കുന്നു". മന്ത്രി തന്നെ ഒപ്പിട്ട അസാധാരണമായ അംഗീകാര പുരസ്‌കാരപത്രങ്ങൾ സമ്മാനിച്ചുകൊണ്ട് അവർ രണ്ടുപേരോടും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. "നോക്കൂ, ഈ പദ്ധതി പൂർത്തിയായി വിജയിച്ചാൽ ഇതുപോലുള്ള ഒരുപാട് പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്, ഒരുപക്ഷേ ആ പദ്ധതികളുടെയെല്ലാം ചുക്കാൻ പിടിക്കുക നിങ്ങളായിരിക്കും. അത് നിങ്ങളുടെ കഴിവിനുള്ള ഒരു അംഗീകാരവും, കാടിന്റെ മക്കളായ രണ്ടുപേരുടെ ജീവിത വിജയവുമായിരിക്കും".
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, ഈ പദ്ധതിയെ വളരെ രഹസ്യമായി മറ്റൊരു വിഭാഗം ആർക്കുമറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിൽ ചിലരെല്ലാം ആരുമറിയാതെ ആ പദ്ധതിയിലെ ജോലിക്കാരുടെ ഇടയിലേക്ക് ചേക്കേറിയിരുന്നു. സർവ്വസ്വതന്ത്രമായാണ് കുന്ദൻ എല്ലാവരുമായി ഇടപെട്ടുകൊണ്ടിരുന്നത്. ആർക്കും എപ്പോഴും എന്തിന് വേണ്ടിയും കുന്ദനെ സമീപിക്കാം. അതിനാൽ തന്നെ ഒരുപാടുപേർ കുന്ദന്റെ കാര്യാലയത്തിൽ കയറിയിറങ്ങിയിരുന്നു. ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് കുന്ദൻ തന്റെ മേശപ്പുറം ശ്രദ്ധിച്ചത്. വിടർന്ന ഒരു ചുവന്ന പൂവ്, അതിലെ കുറച്ചു ഇതളുകൾ പറിച്ചു മാറ്റിയിരിക്കുന്നു, ബാക്കി മൂന്ന് ഇതളുകൾ മാത്രം.