ADVERTISEMENT

ഇറങ്ങിപ്പോകുന്നതിനു മുമ്പ്

നീ എനിക്കു വേണ്ടി മുറിച്ചു വെച്ച 

ആപ്പിളിന്റെ കഷണങ്ങൾ!

അവ നിറം കെട്ട് മങ്ങിയിരിക്കുന്നു.

നീ കത്തിച്ചു വെച്ച മെഴുകുതിരികൾ 

ആടിയുലഞ്ഞു അണഞ്ഞിരിക്കുന്നു

പുഷ്പഭാജനത്തിൽ നീ ഒരുക്കി

വെച്ചിരുന്ന റോസാപൂവുകളിൽ നിന്നും

ഇപ്പോൾ ഒരു കെടുമണം പൊങ്ങുന്നു.
 

മുറിയിൽ പ്രണയത്തിന്റെ

ബാക്കിപത്രം പോലെ

നീ ഉപേക്ഷിച്ചു പോയ മൗനം!

സാമിപ്യത്തിലെന്ന പോലെ

അകൽച്ചയിലും

കണ്ണ് നിറയുന്നു

ഒരേ സമയം നിന്നെ വെറുക്കാനും

സ്നേഹിക്കാനും തോന്നുന്നത്

എന്തു കൊണ്ടാണെന്ന് 

ഒട്ടും മനസ്സിലാവുന്നില്ല.
 

ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക്

നിമിഷങ്ങളെണ്ണുന്നു

നിന്നെയല്ലാതെ ഞാനാരെയും.....

നീയൊപ്പമുണ്ടെങ്കിൽ

ഞാനിങ്ങനെ ദുർബലനാകുമായിരുന്നില്ല.

ഇന്ന് ഞാൻ കണക്കറ്റ്

വിസ്കി കുടിച്ചിരിക്കുന്നു

എന്റെ ജീവിതത്തിൽ നിന്നും നീ 

ഇറങ്ങിപ്പോയതിന്റെ ആഘോഷം

പ്രണയം... ദുഃഖം... തമാശ..... 

ദുരന്തം... അടിപൊളി.....!
 

ഇരുളിൽ ഒരു മൂക്കുത്തി

തിളങ്ങുന്നു

അത് നിന്റേതായിരുന്നെങ്കിൽ

എന്ന് വെറുതെ ആശിച്ചു പോകുന്നു.

ചുട്ടു പൊള്ളുന്ന ഈ നെറ്റിയുടെ

ഏകാകിതയിലേക്കമരാൻ നിന്റെ 

അധരം ഒരു വിടർന്ന പൂവായി

പാറി വന്നിരുന്നെങ്കിൽ....

നീ പാടാറുള്ള ആനന്ദഭൈരവിയുടെ

രാഗതരംഗസ്മൃതികൾക്ക് ഇപ്പോൾ 

എന്നെ സ്വസ്ഥനാക്കുവാൻ കഴിയുന്നില്ല.
 

ഞാൻ ഒറ്റപ്പട്ടിരിക്കുന്നു

ചുളുചുളെ കുത്തുന്ന നോവിലെൻ 

കരൾ തേങ്ങുന്നു

ജീവന്റെ അഖണ്ഡപ്രവാഹത്തിൽ

സ്വയം നിമജ്ജനം ചെയ്യാൻ

ഭീരുവായ എനിക്ക് ധൈര്യമില്ല!

നഷ്ടപ്രണയത്തിന്റെ ഈണമായി

പകുതിക്ക് മുറിഞ്ഞു തെന്നുന്ന

നെടുനിശ്വാസങ്ങൾ ഏകാകിതയിൽ

എന്നെ വളയുകയാണ്.
 

2

നിന്റെ മനസ്സിന്റെ രസതന്ത്രം

എന്നെ പൊള്ളിക്കും

എന്റെ മനസ്സിന്റെ രസതന്ത്രം

നിന്നെ പൊള്ളിക്കും

അമ്ലതീക്ഷ്ണത

പ്രണയനിമിഷങ്ങളെ

സങ്കീർണ്ണവും

ആയാസകരവുമാക്കും
 

ആകയാൽ 

നമുക്കുപേക്ഷിക്കാം

തന്ത്രത്തെ

വരിക്കാം

ശുദ്ധവും നൈസർഗ്ഗികവുമായ 

രാസക്രീഡയുടെ

രസത്തെ!
 

3

നീ കൺവെട്ടത്തില്ലെങ്കിൽ

പകലും അന്ധകാരം

കണ്ണുണ്ടായിട്ടും ഞാൻ അന്ധൻ

നിന്റെ ഓടക്കുഴൽ ഗാനം മുഴങ്ങുന്നില്ലെങ്കിൽ

കാതുണ്ടായിട്ടും ഞാൻ ചെകിടൻ.
 

4

ഇടവഴി

നിന്റെ വീട്ടിനു മുന്നിലൂടെ

കടന്നു പോകുന്ന

ഹരിത ഇടനാഴി 

എന്നെ കണ്ടിട്ടും

കണ്ടതായി നടിക്കാതെ

കൺവെട്ടിച്ച് നീ പോയ് മറയുന്നത്

ഏതറയിലേക്കാണ്?

ക്രോധാഗാരത്തിലേക്കൊ!
 

5

പ്രതീക്ഷകളും

ഗണിതങ്ങളും

ഇംഗിതങ്ങളും

വിലപേശലുകളും

ഞാൻ ഉപേക്ഷിച്ചു.

ഇടവഴിയിലെ

ഉപേക്ഷിക്കപ്പെട്ട സർവ്വേക്കല്ലിലിരുന്ന്

നിന്നെ മാത്രം ധ്യാനിച്ചു.
 

എനിക്കായി മാത്രം

ഒരസ്തിത്വമില്ല

ഒരു കണക്കിനു ഞാനില്ല

എനിക്കു പകരം

ഓർക്കാപ്പുറത്ത് മുറിഞ്ഞു പോകുന്ന

പ്രണയാർദ്രമായ ഒരു 

ഉന്മാദസ്വപ്നം മാത്രം.
 

ശരിക്കും ഉള്ളത് നീയാണ്

നീ മാത്രം

ഞാൻ നിന്റെ നിഴൽ മാത്രം.

നീ എന്നോട് പൊറുക്കില്ലേ

സർവതും മറന്ന്

നീ എനിക്ക് മാപ്പ് തരില്ലേ?

സന്ധ്യക്ക്

നിന്റെ വാതിൽ

തുറക്കപ്പെട്ടു.
 

അഞ്ചു തിരിയിട്ട് കത്തിച്ച വിളക്കിന്റെ

പിറകിൽ 

സ്വർണ്ണപ്രഭയേറ്റ് തിളങ്ങുന്ന

നീൾമിഴികളുടെ ദർപ്പണം!

അനശ്വരപ്രണയത്തിന്റെ

അസ്തമിക്കാത്ത സൗന്ദര്യം!

എന്റെ വൈരൂപ്യം ദർശിച്ച്

ഞാൻ സായൂജ്യമടഞ്ഞു.

English Summary:

Malayalam Poem ' Pranayathinte Rasathanthram ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com