ADVERTISEMENT

ഹിമക്കെട്ടിനുള്ളിലെത്ര കാതം താഴെയാകിലും

പുറന്തോട് ഭേദിച്ച് വെളിച്ചം കൊണ്ട്, നീറി

ഒരുനാളൊരു കണം കത്തിത്തീർന്നെങ്കിലേ

കദനങ്ങൾ തിരികെ വരാതെ കാലാവശേഷമാകൂ

സജീവമാമൊരഗ്നി പർവ്വതമായ് ഉള്ളുരുകവേ

ആധിയാറാതെ കാത്തുവച്ചതൊക്കെയും, പൊട്ടി

ലാവയായ് നിന്റെ സമതലങ്ങളിലൊഴുക്കയിൽ

നിന്നെ വാട്ടുകയെന്നതല്ല,യെൻ നോവിനെ

തീണ്ടാപ്പാടകലേക്ക് ആട്ടുകയെന്നത് മാത്രമാണു
 

ആണ്ട വെയിലൊക്കെയുമൂറ്റി വച്ചിട്ടുണ്ട് ഭദ്രം

കൊണ്ട കണ്ണീരാകെയളന്നിട്ടിട്ടുണ്ട് നിശ്ചയം

ഉണ്ട വേദനയൊട്ടും ചോരാതെ ചേർത്തിട്ടുണ്ട്

കണ്ട കരിങ്കടലാകെ കരളിലൊട്ടിച്ച് കാത്തിട്ടുണ്ട്

കാലമെത്തയിലവ കവിതയായ് കുരലുപൊട്ടിക്കും

പുളിവിറകെരിച്ച കനൽപ്പുറമേറ്റിയ ലോഹമൊന്ത

പുഴുക്കളരിച്ചും കെട്ടിവയ്ക്കാതെയിട്ട വിശ്വാസപ്പുണ്ണു

ഒറ്റ നാഴികയിലൊമ്പത് പേരുമായൊറ്റുപോയ മേനി

പോറ്റുവാൻ പലരെയും പലകാല ഹിതം നോറ്റ ജീവിതം

ഇല്ല, കെട്ടിയാടിയ വേഷങ്ങളിൽ പാതി പോലും
 

കുരുത്തിട്ടില്ല, കവിതയായൊട്ട് കൺ തുറന്നിട്ടുമില്ല

എങ്കിലും, ഇല്ലാതെയില്ല ബീജസങ്കലനമാകുവാൻ

സാധ്യതയും സമയവു,മാകയാൽ സ്നേഹിതാ അരുതായ്ക

നരക ജീവിതം കൊണ്ട് വെന്ത് തീർന്ന ഹൃത്തിനെ വീണ്ടും

ചുടുകാടിനു കാവലായ് എരിതീ പക്കമാക്കുമെന്ന് വെറുതെ

വെറും വാക്ക് പറഞ്ഞ് പ്രകോപിപ്പിക്കരുത്, വിരട്ടരുത്

വേദനയൊക്കെയും നസ്യം ചെയ്ത് ദുരിതം ധാര കൊണ്ട്

പിന്നിട്ട വഴിത്താരകളെന്നിലൊടുങ്ങട്ടെ, പിന്നെയും പൂക്കട്ടെ

പുതു കവിതകൾ പിറക്കട്ടെ,യെല്ലാമൊരു കഥയായിരിക്കട്ടെ

English Summary:

Malayalam Poem ' Karalil Ninnu Kathakalozhukave Kavithayakunnu ' Written by Mambadan Mujeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com