ഹേ റാം ഹേ റാം – നന്ദകുമാര്‍ ചൂരക്കാട് എഴുതിയ കവിത
Mail This Article
ഹൃദയം പിളര്‍ക്കുന്നൊരാര്‍ത്തനാദം
നെഞ്ചിലിന്നും മുഴങ്ങുന്നു തപ്തം
പ്രാര്‍ഥനാ വേളയിലൊരുനാള്‍
ശാന്തിതീരത്തു മുഴങ്ങിയ ദീനാര്‍ത്തനാദം
ഒരു നീറലായ് നിറയുന്നു ഹൃത്തില്‍
ദൈവത്തിന്‍ നേരെപോല്‍
കൈകള്‍കൂപ്പി ഗോഡ്സെ
കാട്ടാളവേഷത്തില്‍ വെടിഉതിര്‍ത്തു
നെറികെട്ട് വിളറിപൂണ്ടു ഭ്രാന്തചിത്തം
നിറയൊഴിച്ചന്നേരമുയര്‍ന്നതല്ലോ
മതേതരത്വത്തിന്‍ നെഞ്ചില്‍ തുളച്ചതാം
വെടിയുണ്ടതന്‍ രൗദ്ര ബീഭത്സനാദം
ഹേറാം ഹേ റാം
അഖണ്ഡതതന്‍ നെഞ്ചു പിളര്‍ന്ന പോലെ
ഭാരതാംബതന്‍ നെഞ്ചില്‍ തുളച്ചപോലെ
ഒരു സൂര്യാസ്തമനവേളയില്‍ നാടിന്‍
സൂര്യതേജസ് പൊട്ടി പിളര്‍ന്നപോലെ
ഓരോ ഭാരതപൗരന്റെയും നെഞ്ചിലിന്നും
ഉയരുന്നുണ്ടീ ദീനാര്‍ത്ത തപ്തനാദം
അതല്ലോ മഹാത്മാവിന്‍ അവസാന നാദം
ഹേറാം ഹേ റാം
ഒരു നാടിന്‍ മോചന ഗാഥ ശമിച്ചു
പഞ്ചശീല തത്വങ്ങള്‍ ശയിച്ചു
സഹനവും സമരവും നെഞ്ചോടു
ചേര്‍ത്തതാം ചൈതന്യ ഭാവം നിലച്ചു
നൂറ്റാണ്ടിലൊരിക്കല്‍ മാത്രം
പിറവികൊള്ളുന്നൊരീ
മഹാത്മാവല്ലയോ മണ്‍ മറഞ്ഞു
എന്തിനായെന്തിനായ് ഗോഡ്സെ
എന്തിനീ കാപാലിക ക്രൗര്യകൃത്യം
എന്തു നിന്‍ പൈശാചിക തത്വശാസ്ത്രം
ഭാരത നാടിന്റെ സ്പന്ദനമല്ലയോ
നിലച്ചതീ മണ്ണില്‍ കൊടിയ പാതകത്താല്‍
മതഭ്രാന്തുപൂണ്ടതാം ക്രൗര്യത്തിനാല്‍
ഉതിര്‍ത്തതാം വെടിയുണ്ട തറച്ച നേരം
ഉയര്‍ന്നല്ലോ അഖണ്ഡത പിളര്‍ന്ന നാദം
ഹേറാം ഹേ റാം
ഇനി എത്ര നൂറ്റാണ്ടു കഴിഞ്ഞെന്നാലും
ഭാരതാംബതന്‍ നെഞ്ചിലെ മുറിപ്പാടിനാല്‍
ഉയര്‍ന്നുപൊന്തിടും എന്നുമീ നാദം
ഹൃദയം പിളര്‍ക്കുമാ ആര്‍ത്തനാദം
ഹേ റാം ഹേറാം