ഞാൻ ഗാസയിലെ കുഞ്ഞാണ് – രൂപലേഖ എഴുതിയ കവിത

Mail This Article
എനിക്കുചുറ്റും
ചൂടേറ്റ മണ്ണിൻ ഗന്ധമാണ്
എന്നിളം ചുണ്ടിൽ
അമ്മിഞ്ഞപ്പാലിൻ മധുരമോ
ചൂടേകാൻ സ്നേഹത്തിൻ
ആവരണമോ
കേട്ടുറങ്ങാൻ അമ്മ നെഞ്ചിൻ
താളമോ ഇല്ല
ഇവിടെയീ മണ്ണിനടിയിൽ
ഞാനെൻ സത്ത തേടുകയാണ്
ഞാൻ ഗാസയിലെ കുഞ്ഞാണ്
കൊഞ്ചിച്ചിരിച്ചും
വിതുമ്പിക്കരഞ്ഞും
അമ്മയുടെ മാറിടത്തിൻ
ചൂടിൽ മയങ്ങിയും
കഴിഞ്ഞുപോകേണ്ട ദിനങ്ങൾ
വെടിയൊച്ചയും
രാസവസ്തുക്കളുടെ രൂക്ഷഗന്ധവും
മിസൈലുകൾ പായുന്ന ശീൽക്കാരവും
ബോംബിന്റെ നടുക്കുന്ന വെളിച്ചവും
കവർന്നെടുത്തിരിക്കുന്നു
ഞാൻ ഗാസയിലെ കുഞ്ഞാണ്
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ
പിടിവിടാത്ത എൻ പൈതൃകമാണ്
അടഞ്ഞ കണ്ണുകളിൽ മാതാവ് നൽകിയ
ചുംബനത്തിൻ കുളിരാണ്
മൃത്യുവിൻ തണുവാൽ മരവിച്ചോരെൻ
പിഞ്ചുകൈവെള്ളകൾ
തുറന്നുമ്മ വയ്ക്കാൻ ഇനിയാരുമില്ലെന്ന,
മണ്ണിൻ ഭാരത്തിനടിയിൽ
പൂണ്ടുപോയോരെൻ മേനിയിലിനി
അമ്മ സ്നേഹത്തിൻ കമ്പിളിയുടുപ്പു
മൃദുവായ് പൊതിയില്ലെന്ന തിരിച്ചറിവിൽ,
ഇനിയൊരു ജന്മത്തിനായ് കൊതിക്കാതെ
പിറവിയിൽ ലഭിച്ച ശക്തികൾ
എൻ മാതൃഭൂമിക്കായ് സമർപ്പിച്ചു
എന്നാത്മാവ് വിടപറയുകയാണ്
ഞാൻ ഗാസയിലെ കുഞ്ഞാണ്