ADVERTISEMENT

1. മൃണാളിനിയുടെ മഹസ്സർ

വെളിച്ചമകത്തേക്ക് കടക്കുമ്പോൾ

മഹസ്സറിന്റെ അതിസൂക്ഷ്മ നേത്രങ്ങൾ 

മുറിയാകെയൊന്നോടി ചികഞ്ഞ്..

ബിക്കിനി നിറഞ്ഞാടി

വ്യാളികൾ വിഹരിക്കുന്ന

അവളിലേക്ക് ചാഞ്ഞു.
 

മൃദുവായ താമരയിതളുകൾ 

ചിതറി കിടക്കുമ്പോലെയവൾ! 

നീണ്ടു മെലിഞ്ഞ കൈവിരലുകൾ

മുൻ വാതിലിനു നേരെ അളപത്മവും 

കടകാമുഖവും പിടിച്ചങ്ങനെ...
 

അവളുടെ നെയിൽ ആർട്ടിലെ 

നൂതന സ്റ്റൈൽ ഡിസൈനിൽ കണ്ട

രഹസ്യ കോഡിൽ 

ഒരു തുമ്പും പിടികിട്ടാതെ

മഹസ്സർ നിന്നു വിയർത്തു..
 

എഡ് ഷീരണും മൈക്കൽ ജാക്സണും, 

മെസ്സിയുമൊക്കെ 

അവളുടെ ഭ്രാന്തൻ ചുബനങ്ങളുടെ വശ്യതയിൽ 

ആ ചുവരുകൾക്കുള്ളിലിരുന്നു

നെറ്റി ചുളിക്കുന്നുണ്ട്...
 

സത്യം ശിവം സുന്ദരമെന്ന്

പാടിയാടി തീപിടിച്ചു നിൽക്കുന്ന 

സീനത്ത് അമനെ കൈയ്യടക്കിയ 

പുത്തൻ ചുമരിന്റെ മാനറിസമറിയാതെ 

മഹസ്സർ നിമിഷങ്ങളുടെ

നിശ്ചലതയിൽ പിറകോട്ട് പോയി.
 

തൊട്ടടുത്ത നിമിഷം മഹസ്സറിന്റെ സന്ദേഹം

മേശപ്പുറത്ത് നീർത്തിവച്ചിരുന്ന 

ഹാം ബർഗറിന്റെ സ്റ്റിക്കർ കണ്ണുകളിലും 

പാതിപോലും കഴിച്ചു മുഴുമിപ്പിച്ചിട്ടില്ലാത്ത 

പിസ്സയിലും ഉരുണ്ടിറങ്ങുമ്പോൾ

മോഷണവും റേപ്പും പൂർണ്ണമായും അവളുടെ

വരികളിൽ നിന്നും ഭയന്നോടി..
 

അവളവസാനമായി ആസ്വദിച്ചാഴ്ന്ന 

റാംപ് വോക്ക് മ്യൂസിക്കിൽ മഹസ്സർ 

സ്ക്രീൻ പ്ലേയിൽ ചുഴിഞ്ഞിറങ്ങുമ്പോൾ

ശലഭങ്ങളെ കൊണ്ട് കവിതകളെഴുതിയ 

ടീഷർട്ടിൽ വിടർന്ന്

മെഡിക്കൽ എത്തിക്സ്കളെ കാറ്റിൽപറത്തി,

അവളൊരു പോസ്റ്റ്മോർട്ടം കാത്ത് സെഡേഷൻ കില്ലറിൽ

മന്ദസ്മിതം പൊഴിച്ച് മയങ്ങുകയായിരുന്നു.
 

2. മല്ലികയുടെ ചില പ്രത്യേക പതിവുകൾ 

മല്ലികയുടെ സ്റ്റോപ്പ്

കണ്ടക്ടർക്ക് കാണാപാഠം..

ഓരോ ദിവസവും ടിക്കറ്റിനൊപ്പം ഒളിച്ചും പാത്തും,

അയാളുടെ ഒരസഭ്യം അംഗചേഷ്ടകളിലൂടെ 

അവളുടെ നേർക്ക് പ്രാവർത്തികമാകും...

പല്ലുകൾ കടിച്ചു പൊട്ടിച്ചും

കണ്ണുകളിൽ തീപ്പൊരി ചിതറിച്ചുമവളുടെ 

മറുപടി തുടരും...
 

സമയം തെറ്റിച്ചടുത്ത ബസ്സിൽ കയറാം...

ഒന്നു വാതുറന്നാലോടിയെത്തു

മൊരായിരം പേർ...

എങ്കിലുമവളുടെ ചിന്തകളിൽ 

ഏറ്റവുമൊടുവിലവളൊറ്റയ്ക്കാകും..

അവളോടെന്നുമൊപ്പമുള്ളയാൾ മാത്രം

അവിശ്വാസത്തിന്റെ പടവാളുയർത്തി നിൽക്കും.

ഓരോനിമിഷവുമവളെ ക്രൂശിൽ തറയ്ക്കും.
 

മല്ലികയുടെ പറ്റ്സാധനങ്ങൾ കവലയിലെ 

പലവ്യഞ്ജനകടക്കാരന് കാണാപാഠം...

എങ്കിലുമയാളവളോടൊരു ചോദ്യമെറിയും?

എന്തെങ്കിലുമധികം വേണേൽ 

പറയാൻ മടിക്കേണ്ടെന്ന്.
 

അന്നേരമയാളുടെ ബീഡിക്കറചുണ്ടുകളിൽ 

തേൻ വഴിയും

അവളുടെ വിങ്ങുന്ന മാറിടങ്ങളിൽ 

കൊത്തിവലിച്ചയാളുടെ നോട്ടം 

അർഥം വച്ചാർത്തിമൂക്കും ...
 

അവൾക്കുവേണേലാ കടമാറാം..

മുഖത്തുനോക്കിരണ്ടാട്ടാട്ടാം..

അപ്പോഴുമവളുടെ ചിന്തകളിൽ ഒരേകാന്തതീരം 

കണ്ണെത്താതങ്ങനെ നീളും..

അവളോടെന്നുമൊപ്പമുള്ള

യാളൊരു പ്രേതം കണക്കെ വളരും..
 

മല്ലികയുടെ പച്ചക്കറി ഉപയോഗം 

മൂന്നും കൂടിയമുക്കിലെ പച്ചക്കറികടക്കാരനൊരു 

നീണ്ട മുറുക്കിത്തുപ്പ്...

ഓരോതവണയും എന്തെങ്കിലുമൊരുകൂട്ടം

അധികമിട്ടയാളവളെ തന്റെ കോശങ്ങളിൽ

ഇറക്കിവയ്ക്കും.

അവൾക്കതു വേണേലൊരു തവണയെങ്കിലും 

തിരികെ മടക്കാം..

അവളുടെ മാനാഭിമാനത്തിന് മാറ്റുരയ്ക്കാം...
 

അപ്പോഴുമവൾ ജീവിത

സാഹചര്യങ്ങളിൽ വശംവദയാണ്...

എങ്കിലോ! ആർക്കുമവൾ

രംഭയല്ല, തിലോത്തമയല്ല മേനകയുമല്ല..

അരതളർന്നൊരു കെട്ടിയോന്റെ 

രതി മണം മാറാത്ത പെണ്ണ്.

വെറും രതി ?.

English Summary:

Malayalam Poem Written by Jasiya Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com