ADVERTISEMENT

ലുംബിനിതൻ രാജകുമാരനിതാ വിശ്വ-

നൊമ്പരമുൾക്കൊണ്ടിറങ്ങാൻ നേരമായ്,

ഉള്ളിലിരുതലഖഡ്ഗം വീശും പോലേതോ

പ്രഹേളികയിലുലാവുന്നു ചഞ്ചലചിത്തം.
 

ആത്മദുഃഖത്തിൻ തായ് വേരറുക്കുവാ-

നീ ക്ഷിതിയിലെ മാനവരാശിക്കാകെ

ദുരിതമോചനമേകാനിതളിടുന്നു നൂനം

രാജതരുണന്റെയുള്ളിലൊരഭിമതസൂനം.
 

രണ്ടു പ്രവചനങ്ങൾ! പണ്ടു കേട്ടതത്രെ:

ചെണ്ടിടും നാളെ സങ്കടനിവർത്തകനാ-

യല്ലെങ്കിലടക്കിവാഴും ലോകാധീശനായുണ്ണി,

നിസ്സംശയമെന്താകിലും സൽകീർത്തി മേവും.
 

ഇച്ഛയിലുള്ളതിന്നപ്പുറം കൽപിച്ചു തന്നു

സ്വച്ഛബാല്യത്തിനായ് താതനും ജനനിയും,

ദീനനൈരാശ്യങ്ങളൊന്നുമറിയാതെ വർഷവും

വേനലും ശൈത്യവുമോരോ സൗധങ്ങളിൽ.
 

അപ്സരസ്സുപോൽ നൃത്തമാടും കന്യകൾ

സൗരഭനിശ്വാസമുതിർത്തു പൂവിടും തോപ്പുകൾ

ചാരുസംഗീതം പൊഴിക്കും വാദ്യമേളങ്ങൾ

ഒരുവേള ചന്ദ്രനെയെത്തിക്കുമംഗപാലകർ.
 

നിനച്ചിരിക്കാതെ കണ്ടു നഗരകോണിലായ്

മനസ്സു മഥിക്കും കദനത്തിൻ നേർക്കാഴ്ച

ചിന്തകൾ കരിന്തേളുപോൽ കുത്തിയ 

രജനികളശാന്തം തീർത്തു മായാവടുക്കൾ.
 

വീഥി രണ്ടായിപ്പിരിയുന്നു തമ്മിലിവിടെ,

ശ്ലഥപാദങ്ങളേതു വഴി തിരയുന്നു? ശേഷം,

തനിച്ചാരാകുന്നു? പാരം നീളുമീഗമനത്തി -

ലനുപ്രയാണം തുടരണമവിരാമം.
 

ഒരു പാതയിൽ കൂർത്തകല്ലും കാരമുള്ളു -

മപരവ്യഥകൾതൻ കൂർത്ത കട്ടാരവും,

മറുസരണിയിൽ പട്ടുവിരിയും പൊൻകിരീടവും

നറുപൂക്കൾ, ചെങ്കോൽ, വെഞ്ചാമരവും.
 

ചന്ദനക്കട്ടിലിൽ നിദ്രപുൽകി പ്രിയകളത്രം,

ശാന്തമായ് നീന്തുകയാവാം സ്വപ്നമരാളങ്ങൾ?

ചാരത്തു വിരലുംനുണഞ്ഞാ രാഹുല-

നരുതെന്നു കുഞ്ഞിളംകൈയാൽ വിലക്കിയോ? 
 

ക്ഷണികം കടന്നുപോയ് പതിമൂന്നു വസന്തങ്ങൾ!

പ്രണയത്തിൽ നാമൊത്തുപൂത്തതിനാലോ?

ഉന്മത്തകൗമാരയൗവനതൃഷ്ണകൾ ബന്ധിച്ചു

പരിത്യജിക്കുന്നതതിലുമുദാത്തപ്രേമം, ദയിതേ!
 

എങ്കിലും പാതിമെയ്യാളും പ്രിയതനയനും

പങ്കുവെയ്ക്കും പളുങ്കോർമ്മകളും

ഈ രാത്രിയോ നീളമേറുന്നൂ ! കലുഷമാ-

മന്തരംഗത്തിൽ നിറപ്പൂ വികാരക്ഷോഭം.
 

മാനിനീ, നിന്നെക്കുറിച്ചത്രമേലാർദ്രമായ്

സ്പന്ദിച്ച ഹൃദയമാകുലം മിടിക്കുന്നതിനി -

യന്യദുഃഖങ്ങൾക്കും ശാന്തി പകരാനല്ലോ 

മറക്കാതെ, മറന്നേക്കുക നീയുണരുന്നനേരം!
 

യശോധരേ, യെൻപ്രതിച്ഛായയെടുത്തു കൊൾവൂ 

വേർപാടിൻ മുറിവിലവനഗദം പുരട്ടും, പക്ഷേ

അച്ഛനെയെങ്ങനെ യാത്രയാക്കും? ഞാനു-

മൊരാത്മജനല്ലേ ! ഉള്ളിൽത്തറച്ചത് കൂരമ്പല്ലേ?
 

ബന്ധങ്ങൾ വേട്ടയ്ക്കായ് വില്ലും കുലച്ചു

ബന്ധനബാണങ്ങൾ ലക്ഷ്യത്തിൽ വർഷിക്കേ,

അലൗകികമാമാത്മീയസായൂജ്യം മഹാ-

പുറപ്പാടിൻ കാഹളമൂതുന്നു നിർഘോഷം.
 

കലിയുഗത്തിനു നീയൊരാൾ മാർഗ്ഗദർശി

മൂല്യമേറും തോഷസമൃദ്ധി കൈവിട്ടു, ഹാ!

അഖിലാണ്ഡക്ലേശങ്ങൾ തീർത്തൊടുവിൽ

സുഖശൃംഗമേറുന്ന തീർഥായനം, മഹായാനം!
 

ലൗകികഭൗതികസുഖങ്ങൾക്കും മീതേ

വാർദ്ധക്യ,രോഗ,മരണങ്ങളിവിടെ തീർപ്പൂ

പൊള്ളും ജീവിതയാഥാർഥ്യങ്ങൾ,

കൊള്ളാം! തിരിച്ചറിയുന്നു, തിരികെ നടക്കാതെ.
 

സർവാർഥസിദ്ധനാം നൽകുമാരകാ

പൂർവപദങ്ങളിടറാതെ നടകൊൾവൂ

അകത്തിരുന്നാരോ പതുക്കെ മന്ത്രിപ്പൂ :

"സമയമിതാണിറങ്ങൂ - സുമുഹൂർത്തമായ്".
 

തഥാഗത, നിന്നന്തരശ്രുവിലേയ്ക്കൊരു

വ്യഥിതകണം കൂടിയർപ്പിച്ചു നിഷ്കാമകാലം,

ഒടുവിലാ നിമിഷബിന്ദുവിലെത്തി, യിനി

വിട, മൂകമാം പ്രിയസ്മൃതികളെ സാക്ഷി.
 

ചാരിയ വാതായനത്തിന്നപ്പുറം ഗൗതമൻ

തിരിഞ്ഞൊന്നു നോക്കി തൻശപഥം മുറുക്കി

ഹാ! മടക്കമില്ല, ബോധനിലാവു തെളിയുംവരെ

കിനാവുകാണുമശോകപ്പുലരി വിടരുംവരെ.

English Summary:

Malayalam Poem ' Marakkathe Marannekkuka ' Written by Suresh Kannamathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com