ADVERTISEMENT

തലയുയർത്തി നിൽക്കുന്ന കുന്നിന് ആരോ അണിയിച്ച് നൽകിയ കിരീടം പോലെ തോന്നിക്കുന്ന ആ കോളജിന് മുന്നിൽ എത്തിയപ്പോഴേക്കും മഴ പെയ്ത് തുടങ്ങിയിരുന്നു. കെട്ടിടങ്ങളും മരങ്ങളും അധ്യാപകരും വിദ്യാർഥികളും എല്ലാം ചേർന്നുള്ള കോളജിന്റെ ഭീമാകാരമായ വലുപ്പത്തിലേക്ക് ഒരു മഴത്തുള്ളിയായി ഞാനും അലിഞ്ഞ് ചേർന്നു. ഇനിയുള്ള നാല് വർഷങ്ങളിൽ എന്റെ ജീവിതത്തിന് പശ്ചാത്തലമൊരുക്കുന്നത് ഈ കോളേജായിരിക്കും എന്നോർത്തപ്പോൾ മനസിൽ ഒരു തണുത്ത കാറ്റിൻ തലോടൽ അറിഞ്ഞു. ആദ്യ വർഷ വിദ്യാർഥികൾക്ക് ഇരിക്കാനുള്ള ഹാളിലേക്ക് സൈൻ ബോർഡ് ഉണ്ടായിരുന്നതിനാൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയില്ല. ഹാൾ ഒരുവിധം നിറഞ്ഞിരുന്നു. എല്ലാ ഹാളുകളിലെയും പതിവ് കാഴ്ച എന്നപോലെ മുൻ ഭാഗത്ത് ഒന്ന് രണ്ട് നിരകൾ ഇവിടെയും ഒഴിഞ്ഞ് കിടന്നു. അതിലൊന്നിൽ ഒരറ്റത്തായി ഞാനിരുന്നു. ചുറ്റുമൊന്നു കണ്ണോടിച്ചു. അപരിചിതരായ ആൺ പെൺ കൂട്ടം. തൊട്ടടുത്ത് ആരെങ്കിലും വന്നിരിക്കുമ്പോൾ അവരെ പരിചയപ്പെടാം എന്ന് കരുതി. പക്ഷേ പിന്നീട് വന്നവരിൽ ആരും തന്നെ അടുത്ത സീറ്റിൽ ഇരുന്നില്ല. ആ ശൂന്യത മനസിൽ വല്ലാത്തൊരു ഭാരം നിറച്ചു. ജീവിതത്തിൽ ഈ ഒരവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരു വികർഷണ ധ്രുവമാണ് ഞാനെന്ന് തോന്നാറുണ്ട്. വേദിയിൽ കോളജ് അധികാരികളെല്ലാം വന്നിരുന്നു. ആദ്യ വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങ് തുടങ്ങി. ആൾക്കൂട്ടത്തിൽ തനിയെ ഉള്ള ഇരിപ്പ് എന്റെ ഉള്ളിൽ അൽപം പരിഭ്രമം നിറച്ച് കൊണ്ടിരുന്നു. 

അൽപ നേരം കഴിഞ്ഞപ്പോൾ ഹാളിലേക്ക് ഒരു പെൺകുട്ടി കടന്ന് വന്നു. മടക്കി വെച്ച അവളുടെ കുടയിൽ നിന്നും, നനഞ്ഞ വസ്ത്രങ്ങളിൽ നിന്നും മഴ വെള്ളം ഇറ്റി വീഴുന്നുണ്ടായിരുന്നു. വിഷാദം ചാലിച്ച് വരച്ചൊരു ചിത്രം പോലെയുള്ള മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ഒതുക്കി അവൾ എനിക്കരികിലുള്ള സീറ്റിലേക്ക് വന്നിരുന്നു. എന്റെ മനസ്സിൽ ആശ്വാസവും അവിടമാകെ ചന്ദന സുഗന്ധവും നിറഞ്ഞു. ചില ഗന്ധങ്ങൾ ഓർമ്മകളിലേക്ക് തുറക്കുന്ന വാതിലുകളാണ്. എന്നും കാലത്ത് മുത്തശ്ശിയുടെ കൈ പിടിച്ച് അമ്പലത്തിലേക്ക് പോകാറുള്ളൊരു അഞ്ച് വയസ്സുകാരൻ ആ വാതിലുകൾ തുറന്ന് മനസിലേക്ക് ഓടിയെത്തി. ഓർമ്മകളിൽ നിന്നും തിരികെ എത്തുമ്പോഴേക്കും ചടങ്ങ് കഴിഞ്ഞിരുന്നു. തൊട്ടടുത്ത് ഇരുന്നിട്ടും ആ ചടങ്ങ് കഴിയുന്നത് വരെ അവൾ എന്നെ ഗൗനിച്ചതേയില്ല, ഞാൻ ചടങ്ങും! അവൾ വേറെ ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു. എന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന അവളുടെ ക്ലാസിലെ ബിനീഷ് പറഞ്ഞാണ് അവളെ പറ്റി കൂടുതൽ അറിയുന്നത്. "വിദ്യ ഒരു പാവം. ക്ലാസിൽ ആരുമായും അങ്ങനെ സംസാരിക്കാറൊന്നുമില്ല. എപ്പോഴും ഏതെങ്കിലും പുസ്തകത്തിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് കാണാം." അവളുടെ ഇഷ്ടം പുസ്തകങ്ങളോടാണെന്ന് അറിഞ്ഞതോടെ മനസ്സിലെ ഇഷ്ടം ഇരട്ടിച്ചു. എന്നെ ഏറെ മോഹിപ്പിക്കുന്ന, ഞാൻ വായിക്കാനേറെ കൊതിക്കുന്ന പുസ്തകമായി അക്കാലയളവിൽ അവൾ മാറിക്കഴിഞ്ഞിരുന്നു. എന്നാൽ വായിക്കാനുള്ള ശ്രമം പുസ്തകത്തെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിക്കളയുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞ് നിന്നു. എന്നെങ്കിലും സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ഞാൻ ആ പുസ്തകം ഷെൽഫിൽ കണ്ടാസ്വദിച്ചു. 

അവളുടെ വീട് ആ നാട്ടിൽ തന്നെയാണ് എന്നറിഞ്ഞ ദിവസമാണ് വൈകിട്ട് അവൾ കയറിയ ബസ്സിൽ ഞാനും കയറിയത്. മൂന്ന് സ്റ്റോപ്പ് അപ്പുറത്തായി അവൾ ഇറങ്ങി. പിന്നാലെ ഞാനും. നാട്ടിട വഴിയിലൂടെ അവൾ കാണാതെ പിന്നിലായി ഞാൻ നടന്നു. പാടത്തെ നെൽച്ചെടികളും വിഷാദത്താൽ എന്നപോലെ തല കുനിച്ചിരുന്നു. തഴുകി കടന്ന് പോകുന്ന തെന്നൽ അവയെ ഉണർത്താനായി ഒരു വിഫല ശ്രമം നടത്തുന്നുണ്ടായിരുന്നു. വിശാലമായ പാടത്തിന്റെ നടുവിലെ ഓട് മേഞ്ഞൊരു വീട്. അവൾ വീടിനുള്ളിലേക്ക് നടന്ന് മറഞ്ഞു. ഇനിയും വൈകിക്കൂടാ. നാളെ തന്നെ പ്രണയം അവളോട് തുറന്ന് പറയണം. നഷ്ടമായാലും അവളത് അറിയാതെ പോകരുത്. മനസിൽ തീരുമാനിച്ചുറപ്പിച്ച ശേഷം തിരികെ നടന്നു. ഹോസ്റ്റലിലെത്തിയ ശേഷം നാളെ അവൾക്ക് നൽകാനായി പ്രണയം ഒരു കത്തിൽ നിറച്ചു. ഭദ്രമായി മടക്കി ഷർട്ടിന്റെ കീശയിലേക്ക് വെച്ചു. ഹൃദയതാളം അക്ഷരങ്ങളിൽ ലയിക്കുമ്പോൾ ഞാൻ സ്വപ്നത്തിലേക്ക് മയങ്ങി വീണു. വാതിലിൽ ശക്തമായി ആരോ മുട്ടുന്നത് കേട്ടാണ് പിറ്റേ ദിവസം ഉറക്കമുണർന്നത്. ബിനീഷായിരുന്നു. "വിദ്യ ആത്മഹത്യ ചെയ്തു" വാക്കുകൾ കൊണ്ട് മനസ്സിന് പ്രഹരമേറ്റപ്പോൾ അൽപ നേരം സ്തബ്ധനായി നിന്ന് പോയി. കേട്ടത് യഥാർഥ്യമാകരുതേ എന്ന് പ്രാർഥിച്ച് ഞങ്ങൾ അവളുടെ വീട്ടിലേക്ക് കുതിച്ചു. വീടിന്റെ വരാന്തയിൽ ശാന്തയായി അവൾ ഉറങ്ങുകയായിരുന്നു. അവൾ പകർന്ന ദുഃഖം ഏറ്റുവാങ്ങിയൊരാൾക്കൂട്ടം ചുറ്റുമുണ്ടായിരുന്നു. ദുഃഖം തളം കെട്ടിയിരിക്കാറുള്ള അവളുടെ മുഖത്ത് അന്നാദ്യമായി ഒരു പുഞ്ചിരി മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. 

ആരൊക്കെയോ കൈമാറി അവളുടെ അവസാന കുറിപ്പ് എന്നിലേക്കെത്തിച്ചേർന്നു. മനോഹരമായ കൈപ്പടയിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു. "ജനിച്ചത് മുതൽ എനിക്കൊപ്പം കൂടിയതാണ് ഈ നശിച്ച ഏകാന്തത. ജനിച്ച് വീണയുടൻ തനിച്ചാക്കി അമ്മ പോയി. സ്നേഹമെന്തെന്ന് അറിഞ്ഞ് തുടങ്ങുമ്പോഴേക്കും അച്ഛനും. പിന്നീട് ഏതെല്ലാമോ ബന്ധു വീടുകൾ. എല്ലായിടത്തും ഏകാന്തത മാത്രം കൂട്ടായി വന്നു. ഏകാന്തതയുടെ വേലിക്കെട്ടുകൾ തകർത്ത് എനിക്കടുക്കൽ എത്തുവാൻ സൗഹൃദങ്ങളും ഉണ്ടായില്ല. ഒറ്റപ്പെടലിന്റെ കൈപ്പിടിയിൽ ഞാൻ വീർപ്പ് മുട്ടി. സ്വയം തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത മനോഹരമായ അനുഭൂതിയാണ്, എന്നാൽ കാലം നമുക്കായി തിരഞ്ഞെടുത്ത് നൽകുമ്പോൾ അത് ഏറ്റവും വലിയ വേദനയാകുന്നു. ഇനിയും ഈ വേദന സഹിക്കാൻ എനിക്ക് കഴിയില്ല. ജീവിതം കൊണ്ട് പൊള്ളിയൊരെന്നെ സ്നേഹം കൊണ്ട് തണുപ്പിക്കാൻ ഒരു മനുഷ്യൻ ഇനി വരില്ലെന്ന തിരിച്ചറിവിൽ എന്നെന്നേക്കുമായി ഞാൻ മരണത്തിനെ കൂട്ട് പിടിക്കുന്നു." കൈകൾ അതിവേഗം കീശയിൽ തിരഞ്ഞു. ഇന്നലെ രാത്രി ഞാൻ എഴുതിയ കത്ത്. അത് ഒരിക്കൽ കൂടെ വായിച്ചു. "സ്വയം തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഏറ്റവും മനോഹരമായ ഒരനുഭൂതിയാണ്. മറ്റുള്ളവരാൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏറ്റവും വലിയ വേദനയും. സ്വയം തിരഞ്ഞെടുത്തതല്ലെങ്കിൽ നിന്റെ ഏകാന്തത അവസാനിപ്പിക്കുവാൻ എന്നെ അനുവദിക്കുക. ഈ ജന്മം മുഴുവൻ നമുക്ക് പരസ്പരം കൂട്ടായിരിക്കാം" കണ്ണുനീരിൽ കുതിർന്ന അക്ഷരങ്ങൾ അവളുടെ ചിതക്കൊപ്പം എരിഞ്ഞടങ്ങി.

English Summary:

Malayalam Short Story ' Ekam ' Written by Rahul Raj S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com