വിഷ്ണുരാജ് എഴുതിയ മൂന്ന് കവിതകൾ

Mail This Article
1. പശിക്കന്നം
ഏറെ രുചിയതുണ്ടു ഉണ്ണുന്നതാം
ഇറ്റന്നത്തിലും പശിയതാളുവതിൽ.
ഏറെ നോക്കിയിരുന്നുവതിലേക്കു
തന്നെയുമത്രയും കേമം തന്നെയതും.
കാണ്മതിലാകെയാകെ ഉള്ളിലൂറുന്നു,
നാവിലൂറുന്നു കണങ്ങൾ കൊതിയും.
കിണ്ണത്തിൽ കിട്ടാത്തന്നത്തിനിറ്റുകൾ
കിട്ടുന്ന നേരമതേകുന്നുണ്ട് നാകവും.
കണ്ണിന്നു മിഴിവേകുന്നു മനതിന്നേകുന്നു
നന്ദവും പശിക്കതേകുന്നു ശമനവും.
ഉണ്ണാത്ത വയറിന്നു ഉണ്ണേണ്ടതായ്
വേണ്ടതു രുചിയല്ല ശമനമേകുന്നന്നം.
ഉണ്മയിൽ രുചിയതുണ്ടത്രമേലതിന്നും
അതതിൽ തിരഞ്ഞീടുവതില്ലെന്നാലും.
ഈശനെയൂട്ടുവാൻ വരിയായ് പോകും
ഇങ്ങിലായ് കേഴും കൈകൾ മറന്നും.
ഈശനുണ്ണില്ലന്നമെങ്കിലും ഊട്ടുമതും
ഉണ്ണാത്ത ഉറവികൾ കൈനീട്ടി തന്നെയും.
2. ഉത്കർഷം
ഉത്കർഷകമായ് ഭൂവിലുഗ്രം
ഉദിക്കുമുണ്മയാമുണ്മ തെല്ലും
ഉടയാതെ ഉത്തുംഗദൃശിയാകും
ഉത്തമമാം ശോഭയേ ദ്യുതിയേ..
ഉണരുന്ന മനിതരിൻഹൃത്തിനു
ഉലയാത്തയതുല്യയത്യമൂല്യമാം
ഉലകത്തിലതിലായ് വിലസ്സുവാൻ
ഊർജ്ജമേകുന്നതാം ഉണർവ്വേ..
ഉരുകുന്ന ഉഷ്ണവും മായ്ക്കുവാൻ
ഉയിരിലേക്കു ശീതം നിറഞ്ഞതാം
ഊക്കുള്ള തെന്നലിനെ പടർത്തുന്ന
ഉണ്മയാമുണ്മേ പ്രകൃതീ മനോഹരീ..
ഉദിച്ചുദിച്ചതു അർക്കനും ചന്ദ്രികയും
ഉദിച്ചുദിച്ചതു താരകവും ശോഭയും
ഉള്ളത്തിൽ ചേർപ്പതുറ്റതാം ധന്യത
ഉടയാത്ത നാകതുല്യനൊടികളും.
ഉടയുവാൻ തുടങ്ങുന്ന പകലിലേക്ക്
ഉദിച്ചെത്തുന്ന ചന്ദ്രികയെപോലെ,
ഉദിച്ചെത്തുന്ന താരകയെ പോലെ
ഉദിക്കയുയിരേകെന്നിലെന്നും പ്രകൃതീ..
3. ആത്മാനന്ദം
ഇടറാതിരിക്കട്ടൊട്ടും ഉണ്മയാം
സന്തോഷത്തിന്നുത്തമമാകിയ
മുകുളങ്ങളേതു നൊടികളിലും.
ഇനിയുമുണ്ടാം വിടരാത്തതാം
മുകുളമസംഖ്യം വിടരട്ടെയതും
തുടരട്ടതു പിന്നെയനന്തമനന്തം.
ആരേകിലും നേടീടുകാനന്ദം
കെടുത്താതെ പോകേതേതു
മനതിന്റേയും ആത്മാനന്ദമൊട്ടും.
ആരാകിലും കൂട്ടവരിലവരിൻ
ആത്മാനന്ദവും പ്രത്യയവുമതു
ഉടച്ചിടാതാകണമന്യരിൻ നന്ദം.
ഇരുളേറ്റു പോയതാം ഭൂവതുതേടും
പകലിന്റെ പ്രഭയും പ്രകാശവും
അതുപോലെ മനവും തേടുമാനന്ദം.
ഇറ്റുന്നുണ്ടാം നോക്കടലിന്നംശം
മിഴികളിൽ നിന്നുമെന്നാകിലും
ഉടയാതിരിക്ക തുടരുക പ്രയാണം.
ഇറ്റുവതുണ്ടാം പുഞ്ചിരിനുര
ചുണ്ടുകളിൽ നിന്നുമെന്നാകിലും
മഥിക്കാതിരിക്ക തുടരുക പ്രയാണം.