ADVERTISEMENT

അഞ്ചുമണി കഴിഞ്ഞ്

ആഭരണങ്ങളഴിച്ച്

ധ്വജമേന്തിയ പെണ്ണവൾ

നിരത്തിലേക്ക്

കണ്ണും നട്ടിരിക്കുന്നു,

ഓരോരുത്തരായി

മടങ്ങാനുള്ള നേരമായി,

ജേണലുകളോടും

ഫിനാക്കിളിനോടും

ക്ലോസ് ബട്ടനമർത്തി

നാളെയെത്താമെന്ന്

വാക്ക് നൽകുന്നു,
 

എന്നിലെയെന്നെയുറപ്പിച്ച

ബയോമെട്രിക്

അന്തിയുറക്കത്തിനായ്

കണ്ണുചിമ്മിയടയ്ക്കുന്നു,

സമവാക്യങ്ങൾ

സാരസ്യപ്പെടുമ്പോൾ

വരവുചെലവുകളെ

തുല്യമാക്കി കുറിച്ച്

ക്യാഷർ അരുണിമയും

ആവലാതിപ്പെട്ടിയടച്ച് കണ്ണടയൂരി

കൗണ്ടറിലെ മീനയും,‌
 

പാസ്ബുക്ക് പ്രിന്ററിന്റെയും

സി ടി എസ് മെഷീന്റെയും

കരകരപ്പിന് തൽക്കാലം

പക്കാല പാടി

സഖാവ് ഷുക്കൂറും,

ആരുടെയൊക്കെയോ

ജീവിത സ്വപ്നങ്ങളെ

വിലയിട്ടതിൽ

സ്റ്റാമ്പ് ചെയ്ത്

കവിതകളെന്നപ്പോൽ

ആധാരത്തിനൊപ്പം

ഭദ്രമാക്കി ബാങ്കിലെ

എഴുത്തുകാരിയും,
 

രഹസ്യങ്ങൾ പുറത്തു പറയാൻ

മടിക്കുന്ന സ്റ്റോറൂമുകൾക്ക്

ഭദ്രപൂട്ടിട്ട് സുമി ചേച്ചിയും,

താക്കോൽ ഭദ്രമാക്കി

അസ്തമയത്തിനു മുൻപു

"ഡെയെന്റ്" നൽകി

ഓഫീസർമാരും

മടങ്ങുമ്പോൾ,
 

ചിലർ ചിലർക്കായ്

ഡെസ്ക്ക്ടോപ്പുകൾക്കുള്ളിലോ 

ക്യാബിനുകൾക്കിടയിലോ

പുഞ്ചിരികൾ ബാക്കി

വയ്ക്കുന്നു,

ചിലരാവട്ടെ പരാതികളും

അപേക്ഷകളും

ക്ലിപ്പിട്ട് നാളേക്കെന്ന്

സൂചികപ്പെടുത്തി വയ്ക്കുന്നു,

റിമൈൻഡറുകൾ കുറയ്ക്കുന്നു,
 

വർത്തമാന രുചികളും

സൊറപറച്ചിലും നിറഞ്ഞ

ഊണുമുറിയിലും

മൂങ്ങ മൂളാൻ തുടങ്ങുമ്പോൾ

ഓരോന്നായി മടങ്ങുകയാണ്

ബൈക്കുകൾ, കാറുകൾ, ബസ്സുകൾ

അങ്ങനെയങ്ങനെ...
 

നിശാവിളക്കുകൾ തെളിയുമ്പോൾ

രാത്രിനഗരം ഉണരുമ്പോൾ

നീലിമയുടെ നീലവെളിച്ചത്തിൽ

നക്ഷത്രശോഭയോട്

"രാജ്യത്തിന്റെ ബാങ്ക്" എന്ന്

രാഷ്ട്രഭാഷയിലും

മലയാളത്തിലുമായി

ധവളനിറത്തിൽ

തിളങ്ങുന്നു,
 

അഞ്ചു ഭൂഖണ്ഡങ്ങളിലും

തലയുയർത്തി

സിംഹ അകമ്പടിയോടെ

അഞ്ചുമണി കഴിഞ്ഞ്

ആഭരണങ്ങളഴിച്ച്

ധ്വജമേന്തിയ പെണ്ണവൾ

നിരത്തിലേക്ക്

കണ്ണും നട്ടിരിക്കുന്നു

English Summary:

Malayalam Poem ' Anchumani Kazhinju Bank ' Written by T. Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com