ADVERTISEMENT

മരണമില്ലാത്തൊരു ജന്മമാണെനി 

ക്കെന്നഹങ്കരിച്ചതിനീശ്വരനേകിയ    

ശിക്ഷയാണിതെന്നു നിനയ്ക്കുന്നില്ല ഞാനമ്മേ.

എല്ലാം വിധിയെന്നോർത്താശ്വസിക്കുന്നു.

അമ്മ തൻ മക്കൾക്കു വാസസ്ഥലമൊരുക്കി,

എത്രയോ തീരങ്ങളെ സമ്പത് സമൃദ്ധമാക്കി. 

കാലികൾക്കും കിടാങ്ങൾക്കും കുടിനീരും 

കുളിർമയുമേകി നൂറ്റാണ്ടുകളായി ഞാനലയുന്നു.

നിനച്ചിരുന്നില്ലപ്പോഴൊന്നുമെനിക്കുമൊരുനാള്

മരണമുണ്ടെന്ന്, മരണമൊന്നുണ്ടെന്ന്.
 

എത്രയോ കൊച്ചു പുൽക്കൊടികൾക്കു

മെത്രയോ മാമരങ്ങൾക്കുമുയിരേകിയോരെന്‍

സുദീർഘമാം ജീവിതത്തിന്നു വിരാമം

കുറിക്കുവാനിന്നു നേരമായി, കാലമായി.

ദാഹനീരിന്നായി വായ പിളർന്നു 

മുന്നില്‍ നിൽക്കുന്നോരെന്നാശ്രിതർക്കു

ദാഹമകറ്റാനൊരുതുള്ളി വെള്ളം പോലും

കൊടുക്കാനെനിക്കാവതില്ലല്ലോ.
 

എന്‍മുന്നിലെത്രയോ ജീവിതം തളിർത്തു.

എത്രയോ ജീവിതം പൊലിഞ്ഞു.

നിനച്ചിരുന്നില്ലപ്പോഴൊന്നുമെനിക്കു

മൊരുനാള് മരണമൊന്നുണ്ടെന്ന്.

മക്കൾ തൻ മരണം മുന്നിൽകണ്ടിട്ടെൻ 

ജീവിതം നീട്ടിത്തരണമെന്നീശ്വരനോട  

പേക്ഷിക്കാനെനിക്കാവതില്ലമ്മേ.
 

വറ്റിവരണ്ട വരണ്ട നാവുകൾക്കുയിരേകാനായ്

ദാഹനീരേകിയെന്നഹങ്കരിച്ചതിന്നീശ്വരനേകിയ

ശിക്ഷയാണിതെന്നു നിനയ്ക്കുന്നില്ല ഞാനമ്മേ.

കരയിലെ മാലിന്യമെല്ലാം കടലിലൊളിപ്പിച്ചതിനു

കടലമ്മതന്‍ കോപമാണെന്നും കരുതുന്നില്ല,

ഞാനൊട്ടും കരുതുന്നില്ലമ്മേ.

മാനവമക്കൾതന്നത്യാർത്തിയാണിതിന്നു

നിദാനമെന്നു ഞാനറിയുന്നു ഞാനറിയുന്നൂ.
 

നൂറ്റാണ്ടുകളായി ഞാന്‍ കരുതിവച്ചതെല്ലാ 

മൊറ്റ രാത്രികൊണ്ടു കവർന്നതവരല്ലോ.

അമ്മ തൻ മക്കൾക്കായി കാത്തുവെച്ച

ജീവരക്തമെല്ലാമെന്നമ്മതന്‍ മാറു തുരന്നൂറ്റി

യൂറ്റിയെടുത്തവ കുപ്പികളിലാക്കി, വിറ്റു

മുതലാക്കി മാറ്റിയതുമവരല്ലോ, അവരല്ലോ.

മാലിന്യമെല്ലാമെന്‍ മാറിലെറിഞ്ഞെന്നെ

മലിനമാക്കിയതുമവരല്ലോ അവരല്ലോ. 
 

കാടും പടലും വെട്ടിയൊതുക്കി,

കാവുകളും കണ്ടൽക്കാടുകളും

വെട്ടി, വെട്ടിത്തെളിച്ച്

മാമരങ്ങളറുത്തു മുറിച്ചുനീക്കി,

മാമലയും മൊട്ടക്കുന്നുമിടിച്ചുനിരത്തി

മണിമാളികകള്‍ പടുത്തുയർത്തിയതവരല്ലോ.

എന്‍ ചങ്ങാതികളെയവിടെയുമിവിടെയും

തടഞ്ഞുനിർത്തി തടയണയുമണക്കെട്ടും

കെട്ടിപ്പൊക്കിയതവരല്ലോ, അവരല്ലോ.

പാറകളൊക്കെ പൊട്ടിച്ചടുക്കിയവിടെ

പാലം പണിതുയർത്തിയതുമവരല്ലോ.
 

പാടവും തോടും കുളവും മണ്ണിട്ടു നികത്തിയവിടെ

പലവക കൃഷികള്‍ നടത്തിയതും

പോരാഞ്ഞിട്ടവിടെ പാതയും പാളവും      

താവളവും തീർത്തതും കോൺക്രീറ്റു    

കെട്ടിടവും പുകക്കുഴലുമുയർത്തിയതുമവരല്ലോ.

മാമലനാടിന് ശോഭയകറ്റി, ഹരിതാഭയകറ്റി

താങ്ങും തണലും തണുപ്പുമകറ്റി,

മഞ്ഞും മുകിലും മഴയും മഴവില്ലുമകറ്റി,

ചൂടും പൊടിയും കാറ്റുമേറ്റിയെന്നെ    

തളർത്തിയുറക്കിയതുമവരല്ലോ.
 

പൊറുക്കണമവരുടെ തെറ്റുകളും കുറ്റങ്ങളു

മെന്നുമാത്രമപേക്ഷിക്കുന്നു ഞാനമ്മേ.

വേണ്ടായെനിക്കിനിയുമൊരു പുനർജന്മം

കാണാനെനിക്കാവില്ലവരുടെ കൊടും ക്രൂരതകള്‍,

കേൾക്കേണ്ടെനിക്കവരുടെ കൊടും പാതകങ്ങള്‍.

താങ്ങാനെനിക്കാവതില്ലവരുടെ കുടിലതകള്‍.

വിട പറയാനെനിക്കാരുമില്ലെന്നമ്മയല്ലാതെ.   

എന്നേ വിടചൊല്ലിപ്പിരിഞ്ഞെല്ലാരുമെന്നോട്.

English Summary:

Malayalam Poem ' Yathramozhi ' Written by Rosamma Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com