ADVERTISEMENT

ബെംഗളൂരുവിൽ താമസിക്കുന്ന ഏഴ് ബാച്ചിലർമാരുടെ ധർമസങ്കടങ്ങളും സൗഹൃദത്തിന്റെ ഊഷ്മളതയും പ്രമേയമാക്കിയ ‘രോമാഞ്ചം’ എന്ന ചിത്രം പ്രേക്ഷകർക്കു രോമാഞ്ചമായി മാറുകയാണ്. ചിരിച്ച് അടപ്പിളകിയെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. സംവിധായകൻ ജോൺ പോളിന്റെ അസിസ്റ്റന്റായിരുന്ന ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ജിത്തുവിന്റെ ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ്. ബെംഗളൂരുവിലെ ഹോസ്റ്റലിൽ താമസിക്കുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഒരു തമാശയ്ക്കു വേണ്ടി ഓജോ ബോർഡ് കളിച്ചതും തുടർന്നുണ്ടായ ഭീതിദമായ സംഭവങ്ങളും സിനിമയാക്കിയപ്പോൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നുണ്ടങ്കിലും അന്ന് നടന്ന സംഭവങ്ങൾക്ക് ഇന്നും അർഥം കണ്ടെത്താൻ ജിത്തുവിനും കൂട്ടുകാർക്കും കഴിഞ്ഞിട്ടില്ല. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും തിരമാല പോലെ ആർത്തലച്ചു വരുന്ന പ്രേക്ഷക പ്രതികരണങ്ങൾ തന്നെ ഞെട്ടിക്കുന്നുവെന്ന് ജിത്തു മനോരമ ഓൺലൈനിനോട് പറയുന്നു...

സിനിമയിലേക്കുള്ള വഴി

ചെറുപ്പം മുതൽ സിനിമ ഇഷ്ടമാണ്. പക്ഷേ എങ്ങനെയാണ് ചെയ്യുന്നതെന്നോ സംവിധായകൻ എന്താണ് ചെയ്യുന്നതെന്നോ ഒരു ധാരണയും ഇല്ലായിരുന്നു. കോളജ് പഠനം കഴിഞ്ഞപ്പോൾ സിനിമയിലേക്കു വരണം എന്ന് അതിയായ താൽപര്യം തോന്നി. എഴുത്തിലേക്ക് കടക്കുകയും സിനിമ ചെയ്യണം എന്ന് തോന്നുകയും ചെയ്‌തു. അങ്ങനെയാണ് സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. അന്നുതൊട്ട് മനസ്സിൽ ഒരു സിനിമ എങ്ങനെ ചെയ്യണമെന്നുള്ള തയാറെടുപ്പായിരുന്നു. ഞാൻ കമൽ സാറിനെ അസിസ്റ്റ് ചെയ്താണ് തുടങ്ങിയത്. പിന്നെ ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളിൽ ജോൺ പോളിനെ അസിസ്റ്റ് ചെയ്തു. മറഡോണയിലും പ്രവർത്തിച്ചു. ഒരു സിനിമ തനിയെ ചെയ്യണം എന്ന് തോന്നിത്തുടങ്ങിയപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നി ഈ കഥ ചെയ്യാം എന്ന്. അങ്ങനെയാണ് രോമാഞ്ചം സംഭവിക്കുന്നത്.

romancham-director-1

ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത കഥ

രോമാഞ്ചത്തിന്റെ കഥ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. അതിലെ കഥാപാത്രങ്ങൾ മുഴുവൻ എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ സിനിമയോടും അതിലെ കഥാപാത്രങ്ങളോടും വ്യക്തിപരമായ അടുപ്പമുണ്ട്. 2006 - 2007 കാലഘട്ടത്തിൽ ബെംഗളൂരുവിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇതുപോലെ ഒരു വീട്ടിലാണ് ഞാനും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഈ സിനിമയിൽ കാണിക്കുന്ന പല സംഭവങ്ങളും ഞങ്ങൾക്കിടയിൽ സംഭവിച്ചതാണ്. അന്ന് തമാശയ്ക്കു ഓജോ ബോർഡ് വച്ച് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ചിരുന്നു. പിന്നെ ഞങ്ങൾ തന്നെ പേടിച്ച് അത് നിർത്തി. ഞങ്ങൾക്കു പോലും വിവരിക്കാൻ കഴിയാത്ത എന്തൊക്കെയോ സംഭവങ്ങൾ അന്ന് ഉണ്ടായി. അന്നത്തെ പ്രായത്തിൽ അത് പ്രേതമാണെന്നൊക്കെ തോന്നി പേടിച്ചു വിറച്ചു. ഇന്ന് പ്രേതമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അതെല്ലാം ഓരോ തോന്നലാണ്.

പക്ഷേ അന്നു നടന്ന ചില കാര്യങ്ങൾക്ക് ഇന്നും വിശദീകരണമില്ല. എന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഇപ്പോൾ പല സ്ഥലത്താണ്. സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ ഞാൻ എല്ലാവരെയും ബന്ധപ്പെട്ടിരുന്നു അവരും ത്രില്ലിലായിരുന്നു. പഴയ ചില ചിത്രങ്ങൾ അവർ അയച്ചു തന്നു. സിനിമയിലെ പേരുകൾ പോലും ഒറിജിനൽ ആണ്. എന്റെ കഥാപാത്രം ചെയ്തത് സൗബിൻ ആണ്. ആ പേര് മാത്രമേ മാറ്റിയിട്ടുള്ളൂ. സിനിമ റിലീസ് ആയപ്പോൾ വിദേശത്തുനിന്നു പോലും അവർ എത്തി ഞങ്ങൾ ഒരുമിച്ചു സിനിമ കണ്ടു. അവർക്ക് വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. പിന്നെ അവർക്കും പറയാനും ചിരിക്കാനും വേറെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ സംഭവങ്ങൾ കുറച്ചുകൂടി സിനിമാറ്റിക് ആയിട്ടാണ് സിനിമയിൽ ഉപയോഗിച്ചത്.

romancham-review

വെബ് സീരീസിലെ പ്രതിഭകൾ

ലോക്ഡൗൺ സമയത്ത് റീൽസും വെബ് സീരീസും യൂട്യൂബ് വിഡിയോകളും ഒരുപാട് പ്രചാരത്തിലായല്ലോ. ആ സമയത്ത് കണ്ട് ഇഷ്ടപ്പെട്ടതൊക്കെ ഞാൻ സേവ് ചെയ്തു വച്ചിരുന്നു. അങ്ങനെ വലിയൊരു ഡേറ്റാബേസ് എന്റെ കയ്യിലുണ്ട്. സിനിമ ചെയ്യാനുള്ള തയാറെടുപ്പ് തുടങ്ങിയപ്പോൾ ഞാൻ ആ ഡേറ്റാബേസ് എടുത്തുനോക്കി. അതിൽനിന്നു തന്നെ ആവശ്യമുള്ള താരങ്ങളെ കിട്ടി. അതുകൊണ്ടു കാസ്റ്റിങ് കോൾ വിളിച്ചിട്ടില്ല. അബിൻ, ബിനോയ്, ജഗദീഷ് എന്നിവരെ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിൽ നിന്നാണ് കിട്ടിയത്. അവരെല്ലാം നല്ല ആർട്ടിസ്റ്റുകളാണ്. പിന്നെ സൗബിൻ വേണം എന്നു തോന്നിയതുകൊണ്ട് അദ്ദേഹത്തോടു കഥ പറഞ്ഞു. സൗബിൻ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ രണ്ടു മണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കാം എന്നുപറഞ്ഞാണ് പോയത്. പക്ഷേ രാവിലെ ഏഴു മണി വരെ കഥ പറച്ചിലും ചർച്ചയും നീണ്ടു. എനിക്കുണ്ടായതുപോലെ ഓജോ ബോർഡുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സൗബിനും ഉണ്ടായിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തു. വളരെ നല്ല ചർച്ചയായിരുന്നു അത്. അർജുൻ അശോകന്റെ കഥാപാത്രം ആദ്യം തീരുമാനിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി സിനുവിന്റെ കഥാപാത്രം ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് ആ കഥാപാത്രത്തിനു വേണ്ടി അർജുൻ അശോകനെ എടുക്കാം എന്ന് തീരുമാനിച്ചത്. കഥപറഞ്ഞപ്പോൾ അർജുനും ഇഷ്ടമായി.

നായികയെ കാണിക്കാത്ത സിനിമയുടെ റിസ്ക്

സിനിമയിലുടനീളം ഒരു നായികയുണ്ട്. കാണിക്കുന്നില്ല എന്നേയുള്ളൂ. സിനിമയുടെ കഥ പറയുമ്പോൾ മുതൽ ഈ കഥ വർക്ക് ഔട്ട് ആകും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. പിന്നെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നത് നമുക്ക് പ്രവചിക്കാൻ പറ്റാത്ത കാര്യമാണ്. എങ്കിലും സിനിമ മോശമാകില്ല എന്ന് ആദ്യം മുതൽ തോന്നിയിരുന്നു. എന്റെ ജീവിതത്തിൽ നടന്ന കുറെ സംഭവങ്ങൾ എന്റെ ഗേൾ ഫ്രണ്ടിനോടാണ് ആദ്യം പറയുന്നത്. അതുകേട്ട് അവൾ ഭയങ്കര ചിരിയായിരുന്നു. എന്നിട്ട് ഇത് സിനിമയാക്കാൻ കൊള്ളാമല്ലോ, ഇത് കേട്ടാൽ ആർക്കായാലും ഇഷ്ടപ്പെടും, നീ ഇതൊന്നു എഴുതി നോക്ക് എന്നുപറഞ്ഞു. അങ്ങനെയാണ് ഇതൊരു പ്രോജക്ട് ആക്കാൻ തീരുമാനിക്കുന്നത്. ഞാൻ ആ സമയത്ത് ജോണ് പോളിന്റെ അസിസ്റ്റന്റായിരുന്നു. കഥ എഴുതി ഞാൻ അദ്ദേഹത്തോടുതന്നെ പറഞ്ഞു. അദ്ദേഹം പറഞ്ഞു ‘‘എടാ ഇത് വേറെ എവിടെയും കൊണ്ട് പോകണ്ട. ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യാം’’. അങ്ങനെയാണ് പ്രോജക്ട് തുടങ്ങുന്നത്.

സുഷിൻ ശ്യാം സിനിമയ്ക്ക് ജീവൻ പകർന്നു

സുഷിൻ ശ്യാമിന്റെ സംഗീതമാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. സുഷിന്റെ സംഭാവന വളരെ പ്രധാനമായിരുന്നു. പല സീനുകളും ഷൂട്ട് ചെയ്തപ്പോഴുണ്ടായതിനേക്കാൾ കൂടുതൽ ഫീൽ കിട്ടിയത് സംഗീതം കൂടി വന്നപ്പോഴാണ്. ഞാൻ സുഷിനോട് എനിക്ക് ഇങ്ങനെ വേണമെന്നൊന്നും പറഞ്ഞില്ല. സുഷിനോടു കഥ പറഞ്ഞ്, സംഗീതം ചെയ്യാൻ സുഷിന്റെ സ്വാതന്ത്ര്യത്തിനു വിടുകയായിരുന്നു, സംഗീതത്തിന്റെ കാര്യം എന്നേക്കാൾ നന്നായി സുഷിന് അറിയാം. അതിന്റെ ഗുണം കാണാനുണ്ട്. എന്റെ കഥയ്ക്ക് വേണ്ടതരത്തിലുള്ള ഫീൽ കൊടുത്ത സംഗീതം സിനിമയുടെ മൊത്തത്തിലുള്ള ഫീൽ മികച്ചതാക്കി. സിനിമയിൽ അഞ്ചു പാട്ടുകളാണ് ഉള്ളത് അതിൽ നാലെണ്ണവും ആൽബമായി റിലീസ് ചെയ്തിട്ടുണ്ട്. നിർമാണത്തിലും സുഷിൻ ശ്യാമിന്റെ പങ്കുണ്ട്. ജോൺ ചേട്ടൻ സുഷിനോടു സംസാരിച്ചപ്പോൾ സുഷിനും താൽപര്യമായി അങ്ങനെ അവരെല്ലാവരും കൂടി സിനിമ നിർമിക്കുകയായിരുന്നു.

ആദ്യത്തെ സിനിമയ്ക്ക് ‘ആദരാഞ്ജലി’

‘ആദരാഞ്ജലി നേരട്ടെ’ എന്ന വാക്ക് വിനായകൻ (വിനായക് ശശികുമാർ) പറഞ്ഞു കഴിഞ്ഞപ്പോൾ ഞങ്ങൾ എക്സൈറ്റഡ് ആയെങ്കിലും പരസ്പരം നോക്കി. ആദ്യത്തെ സിനിമയാണ്, പൊട്ടിയാൽ ഈ ആദരാഞ്ജലി ഞങ്ങളുടെ നെഞ്ചത്തുതന്നെ വച്ചു തരുമല്ലോ എന്നുള്ള ചിന്തകളും ടെൻഷനും ഉണ്ടായി. ഇന്നത്തെ കാലം സോഷ്യൽമീഡിയയുടേത് ആണല്ലോ. പിന്നെ ഞങ്ങൾ ധൈര്യപൂർവം മുന്നോട്ടു പോയി. ആദരാഞ്ജലി ട്രോൾ ചെയ്യാനുള്ള ഒരു മെറ്റീരിയൽ ആകുമെന്നൊരു ഫീൽ ഉണ്ടായിരുന്നു. ആ ട്രോൾ സിനിമയുടെ ഏറ്റവും നല്ല പ്രമോഷൻ ആയി മാറുമെന്ന് ഞങ്ങൾ പോസിറ്റീവ് ആയി എടുത്തു. എങ്കിലും ആ ആദരാഞ്ജലി ഇത്തരത്തിൽ ഹിറ്റ് ആകുമെന്ന് കരുതിയില്ല. എനിക്ക് തോന്നുന്നു ആദരാഞ്ജലി ഞങ്ങളുടെ സിനിമയുടെ ഏറ്റവും വലിയ പ്രൊമോഷൻ മെറ്റീരിയൽ ആയി മാറി എന്നാണ്.

പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ

ഇത്രയും വലിയ പ്രതികരണങ്ങൾ കാണുമ്പോൾ ഭയങ്കര സന്തോഷമുണ്ട്. ഒക്ടോബർ 14 നു ആയിരുന്നു ആദ്യത്തെ റിലീസ് ഡേറ്റ്. അത് മാറ്റേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. റിലീസിനു കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും ആ ടെൻഷൻ ഒക്കെ മറികടക്കാൻ കഴിയുന്ന പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. അതിൽ സന്തോഷമുണ്ട്. പ്രതികരണങ്ങൾ വായിച്ചും കേട്ടും ഞെട്ടിയിരിക്കുകയാണ്. അത്രത്തോളം ആണ് കിട്ടുന്നത്. സിനിമ മോശമാകില്ല എന്നുറപ്പുണ്ടായിരുന്നു പക്ഷെ ഇത്തരത്തിൽ പ്രതികരണങ്ങൾ കിട്ടുമെന്ന് കരുതിയില്ല. ആദ്യ ദിവസം ഫസ്റ്റ് ഷോ മുതൽ തിയറ്ററിൽ ഹൌസ് ഫുൾ ആയിരുന്നു. സിനിമ കണ്ടു വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഒരുപാട് നന്ദി.

രോമാഞ്ചം 2

കഥ എഴുതിയപ്പോൾത്തന്നെ രണ്ടാം ഭാഗം ചെയ്യാനുള്ള എലമെന്റ് കൈയിൽ ഉണ്ടായിരുന്നു. അത് എങ്ങനെ ഒരു രണ്ടാം ഭാഗത്തേക്ക് എത്തിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. സെക്കൻഡ് പാർട്ട് എങ്ങനെ അവസാനിക്കുമെന്ന് ഐഡിയ ഉണ്ട്. അതിൽ അനാമിക ഉണ്ടാകുമോ സിനു ഉണ്ടാകുമോ എന്നൊന്നും പറയുന്നില്ല അത് സസ്പെൻസ് ആയിരിക്കട്ടെ. കഥ എഴുതിക്കഴിഞ്ഞ് അത് രോമാഞ്ചത്തിന് ഒപ്പമോ അതിനു മുകളിലോ വരുന്ന സ്ക്രിപ്റ്റ് ആകുമ്പോൾ രണ്ടാം ഭാഗം ചെയ്യണമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com