ADVERTISEMENT

ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവതാരങ്ങൾക്കൊപ്പം സഹകരിക്കില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാടിനെ വിമർശിച്ച് സാന്ദ്ര തോമസ്. ഇതിലും വലിയ പ്രശ്നങ്ങൾ വന്നിട്ട് വിലക്കിലേക്ക് പോയിട്ടില്ല. ഷെയ്നിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മ സംസാരിക്കുന്നത് മോശം രീതിയിൽ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. അസോസിയേഷനിൽ പറയുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു പകരം, നാട്ടുകാരുടെ മുമ്പിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും തീരുമാനങ്ങൾ നീതിപൂർവമാകണമെന്നും സാന്ദ്ര തോമസ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 

ആരാണ് എഡിറ്റ് കാണാത്തത്?

 

ഷെയ്ൻ നിഗം എന്ന താരത്തെ സഹകരിപ്പിക്കില്ലാ, എന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ചതാണല്ലോ ഇപ്പോൾ ചർച്ചാവിഷയം. ഷെയ്ൻ അഭിനയിക്കുന്ന സിനിമാ സെറ്റിൽ എന്താണ് ശരിക്കും നടന്നത് എന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ വരുന്ന കാര്യം  മാത്രമേ എനിക്കും അറിയൂ. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞത് സെറ്റിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, എഡിറ്റ് കാണണം എന്നു ഷെയ്‌നും അമ്മയും പറഞ്ഞു, എന്നൊക്കെയാണ്. എന്റെ അറിവിൽ ഒരുമാതിരി എല്ലാ പ്രധാന താരങ്ങളും എഡിറ്റ് കാണണം എന്നു പറയാറുണ്ട്.  ചിലപ്പോഴൊക്കെ സ്പോട്ട് എഡിറ്റ് നടക്കുമ്പോൾ ഞങ്ങൾ തന്നെ അങ്ങോട്ട് പറയും, ഒന്നു കണ്ടു നോക്കൂ എന്ന്. പണ്ടൊക്കെ സിനിമ തിയറ്ററിൽ വന്നാൽ മാത്രമല്ലെ നമ്മൾ എങ്ങനെയാണ് ചെയ്തത് എന്ന് അറിയാൻ കഴിയൂ. പക്ഷേ, ഇപ്പോൾ അങ്ങനെ അല്ലല്ലോ... അപ്പോൾ തന്നെ കണ്ട് അറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ പറ്റും. അതുകൊണ്ട്, പ്രൊഡ്യൂസർ തന്നെ ചിലപ്പോൾ പറയാറുണ്ട്, എഡിറ്റ് കണ്ടു നോക്കാൻ. എഡിറ്റ് കാണണം എന്ന് ആവശ്യപ്പെട്ടതിന് വിലക്കുക എന്നതിനോട് എനിക്ക് യോജിപ്പില്ല. 

 

അതിനെ എന്തിന് മോശമായി ചിത്രീകരിക്കണം?

 

ഷെയ്നിന്റെ അമ്മ കാണണം എന്നു പറഞ്ഞതിന്, അമ്മയെ ആണ് എല്ലാവരും ആരോപണവിധേയ ആക്കുന്നത്. സാധാരണ താരങ്ങളുടെ മാനേജർ എഡിറ്റ് കാണാറുണ്ട്. ഇവിടെ ഷെയ്‌നിന്റെ അമ്മയാണ് മാനേജർ. അമ്മ എഡിറ്റ് കാണണം എന്ന് പറഞ്ഞതാണോ ഇവിടെ പ്രശ്നം? മുൻപ് ഷൂട്ടിങ്ങിൽ എന്തോ പ്രശ്നം ഉണ്ടായതിൽ പിന്നെ ആണ് ഷെയ്‌നിന്റെ കാര്യങ്ങൾ അമ്മ ഏറ്റെടുത്തത്. വേറെ സുഹൃത്തുക്കളോ മാനേജരോ ഇല്ലാത്തതുകൊണ്ടായിരിക്കാം ഷെയ്‌നിനു വേണ്ടി അമ്മ വന്നു സംസാരിക്കുന്നത്. അതിനെ മോശം രീതിയിൽ പറഞ്ഞു ഫലിപ്പിച്ച്, പേടിപ്പിച്ചു വിടുന്നതിനോട് എനിക്ക് അഭിപ്രായമില്ല.  

 

ഇത് സ്ഥിരമുള്ള പ്രശ്നങ്ങൾ

 

ഞാൻ പറയുന്നത് സിനിമാക്കാരായ സുഹൃത്തുക്കൾക്ക് മനസ്സിലാകും. നമ്മൾ ഒരു സിനിമയുടെ കഥയുമായി ഒരു താരത്തിനടുത്തു ചെല്ലുമ്പോൾ ആ താരത്തിന് പ്രാധാന്യം നൽകി കൊണ്ടായിരിക്കും കഥ പറയുക. അവർ കേൾക്കുമ്പോൾ അവർ ആയിരിക്കും ഹീറോ.  അതുകൊണ്ടാണ് ഇവർ സ്ക്രിപ്റ്റ് വായിക്കണം എന്ന് പറയുന്നത്. ഇവിടെയും ഷെയ്‌നിനോട് അങ്ങനെയായിരിക്കും പറഞ്ഞിട്ടുണ്ടാവുക. പക്ഷേ, ലൊക്കേഷനിൽ വന്നപ്പോൾ അങ്ങനെ അല്ലായെന്നു തോന്നിയതുകൊണ്ടാകും ഷെയ്ൻ പ്രകോപിതനായത്. ഒരാൾ പറഞ്ഞ വാക്കു പാലിക്കാതെ വരുമ്പോൾ ആരായാലും ചോദ്യം ചെയ്യും. അതു പലരും ചെയ്യുന്ന കാര്യമാണ്. പക്ഷേ, ഇവിടെ അത് ഔദ്യോഗികമായി മെയിൽ ആയി ഷെയ്ൻ അയച്ചതുകൊണ്ടാണ് അയാൾക്ക് എതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധം കിട്ടിയത്. അങ്ങനെ അല്ല സാധാരണ സെറ്റിൽ നടക്കുന്നത്. എല്ലാ സിനിമ സെറ്റിലും ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അവരൊക്കെ പ്രശ്‌നം അവിടെ ഉന്നയിക്കുകയും അത് പരിഹരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആരും മെയിൽ അയയ്ക്കാറില്ല. ഇതു സിനിമയിൽ വളരെ നോർമൽ ആയി നടക്കുന്ന കാര്യമായിട്ടാണ് എന്റെ അറിവ്. 

 

നൽകിയത് വൃത്തിഹീനമായ കാരവാൻ; അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി: ഷെയ്ൻ നിഗം

 

വിലക്ക് അനാവശ്യമായിപ്പോയി

 

ഞാൻ ഷെയ്‌നിനെ ന്യായീകരിക്കുകയല്ല. മൾട്ടിസ്റ്റാർ സിനിമ ചെയ്യുമ്പോൾ ആർക്കാണ് കൂടുതൽ പ്രാധാന്യം കിട്ടുന്നത്, ഞാനാണോ നീയാണോ വലുത് എന്നൊക്കെയുള്ള പ്രശ്നങ്ങൾ വരുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള തർക്കങ്ങൾ വരുന്നത് നല്ലതായിട്ടാണ് ഞാൻ കാണുന്നത്. ഒരാൾ നന്നായി അഭിനയിക്കുമ്പോൾ, സ്വന്തം അഭിനയം അതിലും മികച്ചതാക്കാൻ അടുത്തയാൾ ശ്രമിക്കും. അതു സിനിമയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളൂ. പക്ഷേ, അതൊക്കെ രമ്യതയിൽ പരിഹരിച്ചു പോകുന്നതാണ് നല്ലത്. അല്ലാതെ ഇത്തരം പ്രശ്നങ്ങൾ ഒരു വിലക്കിലേക്കൊക്കെ പോകേണ്ടതുണ്ടോ എന്നു കൂടി ചിന്തിക്കണം. ചിലപ്പോൾ ഈ പ്രശ്നങ്ങൾ ഷെയ്ൻ ഉന്നയിച്ചിട്ട്, അതിൽ നടപടി ഒന്നും എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ആയിരിക്കും, അത് ഒഫിഷ്യൽ ആയി മെയിൽ അയയ്ക്കുന്നതിലേക്ക് ഒക്കെ പോയിട്ടുണ്ടാവുക. ഞാൻ എന്റെ ഊഹം ആണ് പറയുന്നത്. എന്റെ മുൻ അനുഭവങ്ങൾ വച്ചാണ് ഞാൻ പറയുന്നത്.  

 

ഏതു സെറ്റിലാണ് പ്രശ്നങ്ങൾ ഇല്ലാത്തത്

 

ഇതിലും വലിയ പ്രശ്നങ്ങൾ വന്നിട്ട് ഇത്തരത്തിൽ വിലക്കിലേക്കൊന്നും പോയിട്ടില്ല. ഈ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയാണ് വേണ്ടത് അല്ലാതെ ഒരു ചെറുപ്പക്കാരനെ വിലക്കുകയും അയാളെയും കുടുംബത്തെ സമൂഹമാധ്യമത്തിൽ എല്ലാവർക്കും പരിഹസിക്കാനായി ഇട്ടുകൊടുക്കുകയുമല്ല വേണ്ടത്. ഒരു ഇരുപത്തിയാറു വയസ്സുള്ള പയ്യനെ 'നീ മോശക്കാരനാണ്', 'കഞ്ചാവ് വലിക്കുന്നവനാണ്', 'നീയുമായി ഇനി സഹകരിക്കില്ല' എന്നൊക്കെ വിളിച്ചു പറയുന്നത് ശരിയല്ല. ആ രീതിയോടാണ് എനിക്ക് എതിർപ്പ്. നമ്മുടെ വീട്ടിലെ കുട്ടികൾ കുഴപ്പങ്ങൾ ഉണ്ടാക്കാറില്ലേ? ആ പ്രശ്‌നം നമ്മൾ വീട്ടിൽ തന്നെ പറഞ്ഞു തീർക്കുകയല്ലേ പതിവ്.  ഇപ്പോൾ മയക്കുമരുന്നിന്റെ ഉപയോഗം കേരളത്തിൽ വളരെ കൂടുതലാണ്. ഷെയ്നിന്റെ അമ്മ അദ്ദേഹത്തിന്റെ കാര്യങ്ങൾ മാനേജ് ചെയ്തു തുടങ്ങിയതിനു ശേഷം ഷെയ്‌നിന് അത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും ഇല്ല എന്നാണു ഞാൻ അറിഞ്ഞത്.  ഇവരുടെയൊക്കെ മകന്റെ പ്രായമല്ലേ ഉള്ളൂ ആ ചെറുപ്പക്കാരന്! അവനെ ഗുണദോഷിച്ച് ഒപ്പം നിർത്തുകയായിരുന്നു വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

 

ഭാസിക്ക് വീണ്ടുവിചാരം ഉണ്ടായെന്നാണ് തോന്നുന്നത്: ബാബുരാജ്

 

തീരുമാനങ്ങൾ നീതിപൂർവമാകണം

 

പേരെടുത്തു പറയാൻ ആണെങ്കിൽ ഒരുപാടുപേര് ഉണ്ടാകും. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉള്ളവർക്ക് അറിയില്ലേ? ഏതു സെറ്റിലാണ് പ്രശ്നം ഉണ്ടാകാത്തത്? താരങ്ങൾ ആണെങ്കിലും പ്രൊഡ്യൂസർ ആണെങ്കിലും പ്രശ്നങ്ങൾ വരും. അതൊക്കെ തീർക്കാൻ ആണ് അസോസിയേഷൻ. അല്ലാതെ അതെല്ലാം നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുകയല്ല വേണ്ടത്. അസോസിയേഷനെ ആശ്രയിക്കുന്നത് അത് അവിടെ തന്നെ പറഞ്ഞു തീർക്കാനാണ്. ഞാൻ താരങ്ങളെ ന്യായീകരിക്കുകയോ അസോസിയേഷനെ എതിർക്കുകയോ അല്ല. എല്ലാ കാര്യങ്ങളിലും നീതിപൂർവമായിരിക്കണം തീരുമാനം എടുക്കേണ്ടത്. 

 

ചെളി വാരിയെറിയൽ നിർത്തൂ

 

ശ്രീനാഥ്‌ ഭാസിയുടെ കാര്യം ഞാൻ അറിഞ്ഞതു ഒരേ സമയം പലർക്ക് ഡേറ്റ് കൊടുക്കുന്നു എന്നാണു. അതിപ്പോൾ ഭാസി മാത്രമല്ല പലരും ചെയ്യുന്നുണ്ട്. എനിക്കും അനുഭവമുണ്ട്. എന്നോട് തന്നെ വരാം എന്ന് പറഞ്ഞിട്ട് ഞാൻ ഡേറ്റ് തന്നിരുന്നോ എന്ന് ചോദിച്ചവരുണ്ട്. അവർക്ക് അത് ഓർമയില്ലാത്തതാണ്. പക്ഷേ, പണവും സമയവും ഉൾപ്പെടുന്ന ഈ ജോലി വളരെ ഉത്തരവാദിത്തപൂർവം നിറവേറ്റേണ്ടത് അത്യാവശ്യമാണ്. സിനിമ ഒരു കൂട്ടായ പ്രവർത്തനമാണ്. അതിൽ നിർമാതാക്കളും അഭിനേതാക്കളും ടെക്നീഷ്യൻസും എല്ലാം വേണം. അവരെല്ലാം ഒരുമയോടെ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കണം. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടത്. ഇത്തരം പ്രവണതകൾ സിനിമ എന്ന വ്യവസായത്തിന് ഗുണം ചെയ്യില്ല എന്നാണു എനിക്ക് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com