ADVERTISEMENT

ജൂൺ മൂന്നിന് സംവിധായകൻ അഖിൽ സത്യൻ സമൂഹമാധ്യമത്തിൽ ഒരു ഓഡിഷൻ ക്ലിപ് പങ്കുവച്ചിരുന്നു. പാച്ചുവും അദ്ഭുതവിളക്കും എന്ന തന്റെ ആദ്യ സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന ജയപ്രകാശിന്റെ ഒരു ഓഡിഷൻ വിഡിയോ. ആ സിനിമയെക്കുറിച്ചോ, ആ കഥാപാത്രത്തിന്റെ വൈകാരികനിലയെക്കുറിച്ചോ യാതൊരു സൂചനകൾ ലഭിക്കാതെ പോലും സിനിമയുടെ ആത്മാവെന്നു പറയാൻ കഴിയുന്ന ഒരു രംഗം അതിഗംഭീരമായി അവതരിപ്പിച്ച അഞ്ജനയെ കണ്ട് പ്രേക്ഷകർ കയ്യടിച്ചു. സിനിമ കണ്ട് അഞ്ജനയോടു 'ക്രഷ്' തോന്നിയ ആരാധകർക്ക്, ഈ വിഡിയോ കൂടി കണ്ടതോടെ ആ ഇഷ്ടം ഇരട്ടിയായി. പാച്ചുവിന്റെ മാത്രമല്ല, ഇപ്പോൾ പ്രേക്ഷകരുടെയും പ്രിയതാരമാണ് അഞ്ജന ജയപ്രകാശ് എന്ന 'ഹംസ'! മലയാളത്തിൽ അഞ്ജനയുടെ ആദ്യചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും. എന്നാൽ, അഭിനയത്തിൽ പുതുമുഖമല്ല അഞ്ജന. തമിഴിൽ ധ്രുവങ്കൾ 16 എന്ന സിനിമയ്ക്കും ക്വീൻ എന്ന വെബ്സീരീസിനും ശേഷമാണ് മലയാളത്തിലേക്ക് അഞ്ജന എത്തിയത്. അതും ഫഹദ് ഫാസിലിന്റെ നായികയായി, ഗംഭീരമായി എഴുതപ്പെട്ട ഒരു കഥാപാത്രം! ഏറെ കാത്തിരുന്നു കിട്ടിയ ആദ്യ മലയാള സിനിമയുടെ അനുഭവങ്ങളും സിനിമയുടെ വിജയം നൽകിയ സന്തോഷങ്ങളും പങ്കുവച്ച് അഞ്ജന മനോരമ ഓൺലൈനിൽ. 

 

സ്പെഷലായ ജന്മദിനാശംസ

akhil-anjana

 

ജൂൺ 3ന് എന്റെ ജന്മദിനമായിരുന്നു. അന്നാണ് അഖിൽ ആ ഓഡിഷൻ വിഡിയോ പുറത്തു വിട്ടത്. ഏറെ സ്പെഷൽ ആയിരുന്നു അഖിലിന്റെ ആ വിഡിയോയും ആ കുറിപ്പും. 2019 ലാണ് ഞാൻ പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയ്ക്കു വേണ്ടി ഓഡിഷൻ കൊടുത്തത്. വാട്ട്സാപ്പിൽ അയച്ചു കിട്ടിയ സ്ക്രിപ്റ്റിന്റെ പിഡിഎഫിൽ നിന്നു കിട്ടിയ ഡയലോഗുകൾ എന്റേതായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു. ഗംഭീരമായി എഴുതപ്പെട്ട രംഗമായിരുന്നു. അത്. വലിയ സങ്കടങ്ങൾ വളരെ സാധാരണ സംഭവം പോലെ പറയുന്നത് എനിക്ക് നേരിട്ട് അനുഭവമുണ്ട്. അതായിരുന്നു എനിക്ക് കണക്ട് ആയത്. എന്റെ കഥാപാത്രത്തെ പ്രേക്ഷകർക്കും ഇഷ്ടമായതിൽ സന്തോഷം. ക്വീൻ എന്ന വെബ്സീരിസ് ചെയ്തപ്പോൾ ഒരുപാടു പേർ എന്റെ കഥാപാത്രത്തെ കുറിച്ചു സംസാരിച്ചിരുന്നു. ജയലളിതയോടുള്ള ആദരവായിരുന്നു അതിൽ കൂടുതലും പ്രതിഫലിച്ചത്. പക്ഷേ, ഹംസധ്വനിയോട് പ്രേക്ഷകർക്ക് വേറൊരു ഇഷ്ടമാണുള്ളത്. അത് നന്നായി ഞാൻ ആസ്വദിക്കുന്നുണ്ട്. 

anjana-fahadh

 

വേഷം നഷ്ടപ്പെട്ടേക്കുമോ എന്നു തോന്നി

fahash-anjana

 

സിനിമയിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെടുന്നത് 2019 ലാണെങ്കിലും കോവിഡും ലോക്ഡൗണും മൂലം സിനിമ തുടങ്ങാൻ വൈകി. ഓഡിഷൻ ക്ലിപ് കാണുമ്പോൾ മനസിലാകും, ആ സമയത്ത് ഞാൻ അൽപം കൂടി മെലിഞ്ഞ പ്രകൃതമായിരുന്നു. എന്നാൽ രണ്ടു വർഷത്തിനിടയിൽ എന്റെ ശരീരഭാരം അൽപം വർധിച്ചു. ഫഹദ് ഫാസിലിന്റെ നായികയുടെ വേഷത്തിലേക്ക് ഇനി പരിഗണിക്കുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു. കാരണം, കാഴ്ചയിൽ ചിലർക്കെങ്കിലും 'ചേർച്ചക്കുറവ്' തോന്നിച്ചാലോ! കൂടാതെ, കോവിഡാനന്തരം സിനിമയുടെ സമവാക്യങ്ങൾ തന്നെ മാറിയല്ലോ. അതുകൊണ്ട്, ആ വേഷത്തിൽ നിന്ന് എന്നെ മാറ്റുമോ എന്നൊരു ചിന്ത എനിക്കുണ്ടായി. പക്ഷേ, അഖിൽ എന്നെ മാറ്റിയില്ല. അങ്ങനെയാണ് ഞാൻ ഹംസധ്വനിയായത്. പ്രേക്ഷകർക്ക് പാച്ചുവിന്റെയും ഹംസധ്വനിയുടെയും കെമിസ്ട്രി വർക്ക് ആയെന്ന് അറിയുമ്പോൾ എന്റെ സന്തോഷം ഇരട്ടിയാണ്. 

anjana-jayaprakash-342

 

ആക്‌ഷൻ പറഞ്ഞാൽ പിന്നെ ഫഹദ് ഇല്ല

anjana-jayaprakash-6
ധ്രുവങ്കൾ 16 എന്ന ചിത്രത്തിൽ അഞ്ജന

 

anjana-queen
ക്വീൻ വെബ് സീരിസിൽ നിന്നും

അഖിൽ സത്യനും ഫഹദ് ഫാസിലും വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. അവരോട് സംസാരിച്ചിരിക്കുന്നതു തന്നെ രസമാണ്. കാരണം, അവർ ഒരുപാട് കഥകൾ പറയും. അഖിലും ഫഹദും സെറ്റിൽ ധാരാളം കഥകൾ പറയാറുണ്ട്. എനിക്ക് അതൊക്കെ പുതുമയേറിയ അനുഭവമാണ്. സഹഅഭിനേതാക്കളെ കംഫർട്ടബിൾ ആക്കുന്ന അഭിനേതാവാണ് ഫഹദ്. ആക്‌ഷൻ പറഞ്ഞാൽ പിന്നെ അവിടെ ഫഹദ് ഇല്ല. പാച്ചു മാത്രം! സിനിമയിലെ ഞങ്ങളുടെ സീനുകൾ ഏകദേശം അതേ ഓർഡറിലാണ് ഷൂട്ട് ചെയ്തത്. അത് ഏറെ സഹായകരമായി. ഫഹദിന്റെയും വിനീതിന്റെയും കഥാപാത്രങ്ങൾ ഉമ്മച്ചിയെ തേടി എന്റെ വീട്ടിൽ വരുമ്പോൾ ഞാൻ വാതിൽ തുറക്കുന്ന ഒരു രംഗമുണ്ട്. അതാണ് സിനിമയിലെ എന്റെ ആദ്യ ഷോട്ട്. പാച്ചുവും ഹംസധ്വനിയും പതിയെ സുഹൃത്തുക്കൾ ആകുന്നതുപോലെ പതിയെ ആണ് ഞാനും ഫഹദും തമ്മിലുള്ള പരിചയവും സൗഹൃദവും പരുവപ്പെട്ടത്. 

 

അഞ്ജന ജയപ്രകാശ്
അഞ്ജന ജയപ്രകാശ്

കോയമ്പത്തൂർ വഴി സിനിമയിലേക്ക്

 

കോട്ടയം കടുത്തുരുത്തിയിലാണ് വീടെങ്കിലും ഞാൻ പഠിച്ചതും വളർന്നതും ഷാർജയിലായിരുന്നു. കോയമ്പത്തൂരിലാണ് ഡിഗ്രി ചെയ്തത്. ബി.ടെക് ഇൻ ഫാഷൻ ടെക്നോളജി. എന്റെ ജൂനിയറായിരുന്നു സംവിധായകൻ കാർത്തിക് നരേൻ. ഫാഷൻ ഡിസൈനിങ്ങും പഠനത്തിന്റെ ഭാഗമായതിനാൽ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ആരെങ്കിലുമൊക്കെ ഇട്ട് ഫോട്ടോ എടുക്കേണ്ടി വരുമല്ലോ. അങ്ങനെ ഞാൻ മോഡലായി. അതുവരെ ക്യാമറയ്ക്ക് മുമ്പിലേക്ക് ഞാൻ വന്നിട്ടില്ല. ചെറുപ്പം മുതലെ വേദിയിൽ കയറാനോ ക്യാമറയ്ക്ക് മുമ്പിൽ വരാനോ ഒക്കെ അൽപം സങ്കോചമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. എന്നാൽ കോയമ്പത്തൂരിലെ പഠനകാലം എല്ലാം മാറ്റി മറിച്ചു. അന്ന് ധാരാളം ഹ്രസ്വചിത്രങ്ങൾ വരുന്ന കാലമായിരുന്നു. കൂട്ടുകാർ ചെയ്ത 'മ്യൂസ്' എന്ന ഹ്രസ്വചിത്രത്തിൽ ഞാൻ നായികയായി. ആ ചിത്രത്തിന്റെ ഒരു രംഗം ഷൂട്ട് ചെയ്തത് കാർത്തിക് നരേന്റെ വീട്ടിലായിരുന്നു. അങ്ങനെയാണ് അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നത്. കാർത്തിക് ആദ്യമായി സംവിധാനം ചെയ്ത ധ്രുവങ്കൾ 16 എന്ന സിനിമയിൽ എനിക്ക് നല്ലൊരു വേഷവും ലഭിച്ചു. അങ്ങനെ അപ്രതീക്ഷിതമായി സിനിമയിലെത്തി. 

 

ജീവിതം ഇതു വരെ

 

ക്രിയേറ്റീവ് ആയി ചെയ്യാൻ പറ്റുന്ന ഒന്നാകണം കരിയർ എന്നൊരു ചിന്ത എനിക്ക് ഉണ്ടായിരുന്നു. അതാണ് ഫാഷൻ ടെക്നോളജി തിരഞ്ഞെടുത്തതിനു പിന്നിൽ. അതിനിടയിൽ അഭിനയം തുടങ്ങിയപ്പോൾ കൊള്ളാമെന്നു തോന്നി. ധ്രുവങ്കൾ 16 കൂടി കഴിഞ്ഞതോടെ ആത്മവിശ്വാസമായി. അഭിനയം കരിയർ ആക്കാമെന്നു തോന്നിയപ്പോൾ ചെന്നൈയിലേക്ക് മാറി. എന്റെ സുഹൃത്തുക്കളും പരിചയക്കാരും കൂടുതലും അവിടെ ആയിരുന്നു. കൊച്ചിയേക്കാൾ ഒരു 'വർക്കിങ് ആക്ടർ' എന്ന നിലയിൽ അവസരങ്ങൾ കൂടുതലുള്ളത് ചെന്നൈയിലാണെന്നാണ് എന്റെ അനുഭവം. 

 

സിനിമ ഇല്ലെങ്കിലും പരസ്യം, ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, മോഡലിങ് അങ്ങനെ ഒരുപാട് സാധ്യതകളുണ്ട്. സിനിമയിൽ ഇടവേളകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ വർഷങ്ങളിലൊക്കെ ധാരാളം മറ്റു വർക്കുകൾ ഞാൻ ചെയ്തുകൊണ്ടിരുന്നു. ചെന്നൈയിൽ ഇവയ്ക്കെല്ലാം കുറച്ചൂടെ ബജറ്റ് ഉണ്ട്. അതിനിടെ Barely Breathing എന്നൊരു ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തു. അങ്ങനെ പല കാര്യങ്ങളിൽ തിരക്കിലായിരുന്നു ഞാൻ. ലോക്ഡൗൺ കാലം മറ്റുള്ളവരെ പോലെ എനിക്കും ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. ആ സമയത്താണ് ഞാൻ കണ്ടന്റ് റൈറ്റിങ് തുടങ്ങിയത്. 2023 തുടക്കത്തിൽ അതൊരു ജോലിയായി തന്നെ ചെയ്തു തുടങ്ങി. ഇപ്പോഴും വർക്ക് ഫ്രം ഹോം ആയി അതു ഞാൻ ചെയ്യുന്നുണ്ട്. 

 

നഷ്ടപ്പെട്ട 'പ്രേമം'

 

കരിയറിന്റെ തുടക്കത്തിലാണ് ‘പ്രേമം; എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തത്. സെലിൻ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ ഓഡിഷൻ കൊടുത്തത്. കൊച്ചിയിൽ രണ്ടു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. അതു കഴിഞ്ഞാണ് ആ കഥാപാത്രത്തിന് ഞാൻ യോജിക്കില്ലെന്ന് അവർക്കു തോന്നി എന്നെ മാറ്റുന്നത്. സിനിമയിൽ അതൊക്കെ സാധാരണമല്ലേ.  

 

പ്രതീക്ഷകളുമായി കൊച്ചിയിലേക്ക്

 

വീട്ടിൽ എന്നെപ്പോലെ സിനിമയോട് ഇഷ്ടം സൂക്ഷിക്കുന്നത് ചേട്ടൻ അർജുൻ ആണ്. സിനിമ കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കുമെല്ലാം വലിയ ഫീലായിരുന്നു. സിനിമയിൽ ഹംസധ്വനിക്ക് സഹോദരൻ നഷ്ടപ്പെടുകയാണല്ലോ. അർജുന് ഏറ്റവും ഇഷ്ടമുള്ള രംഗവും ഹംസധ്വനി അപ്പുവിനെക്കുറിച്ചു പറയുന്ന സീൻ ആണ്. ചെറുപ്പത്തിൽ ഞാനും അവനുമായിരുന്നു സിനിമാക്കമ്പനി. ഞങ്ങളുടെ പ്രധാന ചർച്ചാവിഷയം എപ്പോഴും സിനിമ ആയിരുന്നു. ഇപ്പോഴും അതു തന്നെ. ധാരാളം സിനിമകൾ ഞങ്ങൾ കാണാറുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമുള്ള ഒന്നാണ് അഭിമുഖങ്ങൾ. 

‘ഹംസധ്വനി’യുടെ ഓഡിഷൻ വിഡിയോ പങ്കുവച്ച് അഖിൽ സത്യൻ; അതിലും ഒരു കഥ

സംവിധായകർ, സാങ്കേതികപ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ അഭിമുഖങ്ങൾ ഞാൻ കാണാറുണ്ട്. അവർ സിനിമയെ കാണുന്ന രീതി, അവർ നേരിട്ട വെല്ലുവിളികൾ, ഒരു കഥാപാത്രമാകാൻ ഉപയോഗിക്കുന്ന രീതികൾ, അതിലെ ആശങ്കകൾ... ഇവയെല്ലാം കേൾക്കുമ്പോൾ, അതിൽ നിന്നും പലതും പഠിക്കാനും ഉൾക്കൊള്ളാനും കഴിയാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ രീതികളെ നവീകരിക്കാൻ ഇവ സഹായിക്കാറുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയ്ക്കു ശേഷം മലയാളത്തിൽ നിന്ന് ചില പ്രൊജക്ടുകൾ വരുന്നുണ്ട്. ചർച്ചകൾ നടക്കുന്നു. കുറച്ചു കാലം കൊച്ചിയിൽ താമസിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പക്ഷേ, ചെന്നൈ പൂർണമായും ഉപേക്ഷിക്കില്ല.

 

English Summary: Anjana Jayaprakash about Pachuvum Athbutha Vilakkum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com