ADVERTISEMENT

മുതലാളിക്കുവേണ്ടി പണിയെടുക്കാനും പണിയെടുപ്പിക്കാനും കൊല്ലാനും ചാകാനും തയാറായ ബേബി. ഒരുഘട്ടത്തിൽ, സ്വന്തം ചോരയെത്തന്നെ തീർക്കാൻ മുതലാളി ആവശ്യപ്പെടുമ്പോൾ, ഒറ്റയ്ക്കു പ്രതിരോധിക്കുന്ന ബേബി. സ്നേഹവും സൗഹൃദവും  കരുത്തും വീറും നിറഞ്ഞ തോട്ടംതൊഴിലാളിയായി ബേബി പ്രേക്ഷകനെ അയാളുടെ പക്ഷത്തുനിർത്തുന്നു. അനുഭവങ്ങളുടെ, അടിച്ചമർത്തലിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ രൂപമാണ് ബേബി. ബേബിയെന്ന സങ്കീർണതയെ ആഴത്തിൽ ഉൾക്കൊണ്ട് അതി​ഗംഭീര കാഴ്ചാനുഭവമാണ് ദിലീഷ് പോത്തൻ പ്രേക്ഷകനു ‘ഒ.ബേബി’യിലൂടെ സമ്മാനിക്കുന്നത്. ബേബിയെന്ന കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ദിലീഷ് പോത്തൻ.

 

ഒ. ബേബി

 

എന്നെ വളരെ ആകർഷിച്ച കഥയാണ് ഒ.ബേബിയുടേത്. ഒരുപാട് അടരുകളുള്ള, ആഴമുള്ള കഥാപാത്രം. നിലവിലെ സമൂഹത്തിൽ ഈ കഥയ്ക്കുള്ള സാധ്യത എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. യാത്രകളിലും പല സാഹചര്യങ്ങളിലും ബേബിയെ പോലുള്ള കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. എങ്കിലും രഞ്ജൻ പ്രമോദിന്റെ കഥാപാത്രസൃഷ്ടിയെ പിന്തുടർന്നാണ് ബേബിയെ അവതരിപ്പിച്ചത്. ഇടുക്കിയിലെ തോട്ടം നടത്തിപ്പുകാരുടെ സംസാരശൈലിയും ശരീര ഭാഷയും കൊണ്ടുവരാൻ ചെറിയതോതിൽ ശ്രമിച്ചിരുന്നു. കഥാപാത്രം, കഥ നടക്കുന്ന പ്രദേശം, കഥയുടെ രാഷ്ട്രീയം ഇതിനെക്കുറിച്ചൊക്കെ രഞ്ജൻ പ്രമോദുമായി സംസാരിച്ചിരുന്നു. ബേബിയുടെ കാഴ്ചപ്പാടും വിശ്വാസങ്ങളുമൊക്കെ മനസ്സിലാക്കി, അതു മനസ്സിൽ ഉറപ്പിച്ച് അഭിനയിക്കാനാണു ശ്രമിച്ചത്. ഫിറ്റായ ശരീരമുള്ള കഥാപാത്രമാണ് ബേബി. മലയും കാടുമൊക്കെ കയറിയിറങ്ങി നടക്കുന്ന പണിയെടുക്കുന്ന ഒരാൾ. അഞ്ചെട്ടു മാസം വർക്കൗട്ട് നടത്തി ശരീരം ഫിറ്റാക്കാൻ ശ്രമിച്ചിരുന്നു.

 

പത്തു പടം ചെയ്ത എഫക്ട്

 

പല വൈകാരിക സന്ദർഭങ്ങളെയും ബേബി അഭിമുഖീകരിക്കുന്നുണ്ട്. സിനിമ അവസാനിക്കുമ്പോഴും ബേബിക്ക് തന്റെ വിധേയത്വം വേരോടെ പിഴുതെറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പുതിയ തിരിച്ചറിവുകൾ അയാൾക്കൊരു ചെറിയ വെളിച്ചം നൽകുന്നു. അത് അയാളെ മുന്നോട്ടു നയിക്കുന്നു. അത്തരം ഒരു ഗ്രാഫിലാണ് ആ കഥാപാത്രമുള്ളത്. ഒരുപാട് പ്രതിസന്ധികളിലൂടെയും വൈകാരിക അവസ്ഥയിലൂടെയുമാണ് ബേബി കടന്നുപോകുന്നത്. പത്തു പടം ചെയ്ത എഫ്ക്ടാണ് ബേബിയിലൂടെ കിട്ടിയത്. പത്തു സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്നിടത്തോളം അഭിനയ മുഹൂർത്തങ്ങളും സാഹചര്യങ്ങളൊക്കെ ബേബി തന്നു. ഓരോ സീനിനോടും ഏറ്റവും നീതി പുലർത്താനും ആ സീനിലെ ബേബിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുക‍യും ചെയ്തിരുന്നു.

dileesh-pothan-44

 

ടൈറ്റിൽ റോൾ

 

സിനിമയിലെ ഹീറോ സങ്കൽപമനുസരിച്ചുള്ള ഒരു കഥാപാത്രം ആദ്യമായാണ് ചെയ്യുന്നത്. അത്തരം കഥാപാത്രം ചെയ്യാൻ കുറച്ചുപേടിയുള്ള ആളാണ് ഞാൻ. യുക്തിസഹമായ കഥാപാത്രം എന്നതും സംവിധായകൻ രഞ്ജനാണ് എന്നുള്ളതുകൊണ്ടുമാണ് ചെയ്യാൻ തീരുമാനിച്ചത്. പട, പ്രകാശം പരക്കട്ടെ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട  കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ടൈറ്റിൽ റോളിൽ വരുകയും ഒറ്റയ്ക്കു സിനിമയെ ചുമക്കുകയും ചെയ്യുന്നത് ആദ്യമായാണ്. കഥ കേൾക്കു‍മ്പോഴും ‌അഭിനയിക്കുമ്പോഴും ചെറിയ ഉത്തരവാദിത്തക്കൂടുതല്‍ തോന്നിയിരുന്നു. ചെറിയ പേടി തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ രഞ്ജൻ പ്രമോദ് എന്ന സംവിധായകനിൽ വിശ്വാസം ഉണ്ടായിരുന്നു.

dileesh-pothan-4

 

അഭിനയിക്കുമ്പോൾ നടൻ മാത്രം

 

അഭിനയിക്കുമ്പോൾ സംവിധായകനായിട്ടല്ല, നടനായിട്ടാണ് ആ സിനിമയെ സമീപിക്കാറ്. ഒരു സിനിമയിൽ സംവിധായകൻ എത്രമാത്രം വർക്ക് ചെയ്യുന്നുണ്ടെന്ന് കൃത്യമായി അറിയാം. ബേബി എന്ന കഥാപാത്രത്തിനു വേണ്ടി ഞാൻ പ്രയത്നിച്ചതിന്റെ എത്രയോ മടങ്ങ് വർക്ക് ചെയ്തിട്ടുള്ള ആളാണ് രഞ്ജൻ പ്രമോദ്. ബേബി എന്ന കഥാപാത്രത്തെ എന്നെക്കാളും ആഴത്തിൽ അറിയാവുന്നത് രഞ്ജൻ പ്രമോദിനാണ്. അഭിനയിക്കുമ്പോൾ ഞാനെടുക്കുന്ന രീതി സംവിധായകനെ വിശ്വസിക്കുക, ഫോളോ ചെയ്യുക എന്നതാണ്. നടനെന്ന രീതിയിൽ, എന്തെങ്കിലും നിർദേശങ്ങളോ അഭിപ്രായങ്ങളോ തോന്നിയാൽ സൂചിപ്പിക്കും. ചിലപ്പോൾ സ്വീകാര്യമായിരിക്കും, ചിലപ്പോൾ സ്വീകാര്യമല്ലായിരിക്കാം.  സംവിധായകന്റെ വിഷനാണ് സിനിമ, അതിനെ പിന്തുടരുകയാണ്.

o-baby-review

 

രഞ്ജൻ പ്രമോദ്

 

രഞ്ജൻ പ്രമോദിനെപ്പോലെ അത്ര ‘ഡീറ്റെയ്ൽഡ്’ ആയി സ്ക്രിപ്റ്റ് ചെയ്യുന്ന എഴുത്തുകാർ മലയാളത്തിൽ വളരെ കുറവാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് നല്ല ക്ലാരിറ്റിയാണ്, ഭയങ്കര ആഴമാണ്. ചെറിയ കഥാപാത്രത്തിനുവേണ്ടി പോലും വളരെയധികം ആലോചിക്കും. കഥാപാത്രത്തിന്റെ അടരുകളെക്കുറിച്ചും മാനസികാവസ്ഥകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ ഒരുപാട് ആലോചിക്കുന്നയാളാണ്. അതിന്റെയൊരു ക്ലാരിറ്റി സിനിമയിലുണ്ടാവും. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ വ്യക്തിത്വമുള്ളവരാണ്. കഥ നടക്കുന്ന പ്രദേശം, ആ പ്രദേശത്തെ അടയാളപ്പെടുത്തുന്നതിലൊക്കെ ഐഡന്റിറ്റിയുണ്ട്.

 

ചെകുത്താൻമല

 

ഒരേസമയം ബുദ്ധിമുട്ടു നിറഞ്ഞതും അതേസമയം ആസ്വദിക്കാൻ പറ്റുന്നതുമായിരുന്നു ചെകുത്താൻമലയിലെ ഷൂട്ടിങ്. അത്തരം ഭൂപ്രകൃതിയൊക്കെ ഇഷ്ടമുള്ള ആളാണ്. അങ്ങനൊരു സ്ഥലത്ത് ഒരുപാട് സമയം ചെലവഴിക്കാൻ പറ്റി. മഴയും കാടുമൊക്കെയായി ജീവിക്കുന്നതും ജോലി ചെയ്യുന്നതും ആസ്വദിച്ചിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ അതിന്റേതായ പ്രായോഗിക തടസങ്ങളും ഉണ്ടായിരുന്നു. ഒരുപാട് ഉള്ളിലേക്കുള്ള സ്ഥലങ്ങളാണ്. കുറെ സമയം ജീപ്പിൽ സഞ്ചരിച്ച് അവിടെനിന്ന് ഒന്നുരണ്ടു മണിക്കൂറൊക്കെ നടന്ന് എത്തേണ്ട ലൊക്കേഷനുണ്ടായിരുന്നു. ചെറിയ പരുക്കുകൾ, വീഴ്ചകൾ, അട്ടകടി തുടങ്ങിയ പ്രായോഗിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. അതിനിടയിൽ വേണം ഷൂട്ട് കൊണ്ടുപോകാൻ. എന്നാൽ കാടിനെയൊക്കെ ആസ്വദിക്കാനും പറ്റി.

 

സംഘട്ടനം

 

ഹീറോയിക്കായിട്ടുള്ള ഒരു കഥാപാത്രം എന്ന നിലയിലുള്ള ഫൈറ്റുകളൊന്നും അധികം ചെയ്തിട്ടില്ല. ഫിസിക്കലി ആ ടൈമിൽ ഫിറ്റായി. കുറച്ച് പരിശ്രമിക്കേണ്ടതുണ്ടായിരുന്നു. കുറച്ച് റിസ്ക്കിയായിരുന്നു.  ഇടയ്ക്ക് ചെറിയ പരുക്കുകളുണ്ടായി. ഫൈറ്റിനിടയിൽ കാലൊടിഞ്ഞു. എങ്കിലും നല്ലതായിരുന്നു.

 

പുതുമുഖങ്ങൾ

 

എല്ലാവരും നല്ല അഭിനയശേഷിയുള്ള ആളുകളാണ്. ഡെഡിക്കേറ്റഡ് ആയ ആളുകള്‍. ഒരുപാട് സമയം എടുത്താണ് രഞ്ജൻ പ്രമോദ് കാസ്റ്റിങ് പൂർത്തിയാക്കിയത്.  

 

നാടകം

 

നടൻ എന്ന നിലയിലുള്ള അടിസ്ഥാനമുറച്ചു കിട്ടുന്നത് തിയറ്ററിൽ നിന്നാണ്. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാനും അതിനുവേണ്ടി ചിന്തിക്കാനും മനസ്സ് കഥാപാത്രത്തിന്റേതാക്കി മാറ്റിയെടുക്കാനും പരിശീലിനം ലഭിച്ചത് തിയറ്ററിൽ നിന്നാണ്. അഭിനയിക്കാൻ ആദ്യ അവസരം കിട്ടിയപ്പോൾ, തിയറ്ററിൽ പ്രവർത്തിച്ചതിന്റെ ധൈര്യത്തിലാണ് ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റിയത്. തിയറ്റർ പരിചയം അഭിനയത്തിൽ ഒത്തിരി സഹായിച്ചിട്ടുണ്ട്. 

 

പാഷൻ സംവിധാനം

 

ഏറ്റവും ആസ്വദിച്ചു ചെയ്യുന്നത് സംവിധാനമാണ്. അതാണു പാഷൻ. സംവിധാനം ചെയ്യുമ്പോൾ കിട്ടുന്ന ‘കിക്ക്’ വേറെന്ത് ചെയ്താലും കിട്ടില്ല.  ആദ്യ കാലത്തൊന്നും അഭിനയം ആസ്വദിക്കാൻ പറ്റിയിരുന്നില്ല. രക്ഷാധികാരി ബൈജു ചെയ്തശേഷമാണ് അഭിനയത്തെ ഗൗരവത്തോടെ കാണാനും ആസ്വദിക്കാനും തുടങ്ങിയത്. ഇപ്പോൾ അഭിനയം നന്നായിട്ട് ആസ്വദിക്കുന്നുണ്ട്. പക്ഷേ പ്രൊഡക്‌ഷൻ അത്ര ആസ്വാദ്യമായിട്ടുള്ള ജോലിയല്ല.

 

English Summary: Interview with Dileesh Pothan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com