ആദ്യ തീരുമാനം ‘അവിടെ’ നിന്നു വരണം: ദുൽഖർ സൽമാൻ അഭിമുഖം
Mail This Article
‘കാണുന്ന സകല പരസ്യത്തിലും അഭിനയിക്കയാണല്ലോ, കാശില്ലാഞ്ഞിട്ടാണോ?’ ആരാധകരുടെ ഈ വിമർശനം കുറച്ചു കാലമായി ദുൽഖർ സൽമാൻ കേൾക്കാൻ തുടങ്ങിയിട്ട്. കിങ് ഓഫ് കൊത്ത എന്ന തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായെത്തുമ്പോൾ ഈ വിമർശനത്തിൽ അൽപം കഴമ്പുണ്ടെന്നാണു ആരാധകരുടെ പ്രിയപ്പെട്ട ‘ഡി ക്യു’ പറയുന്നത്. ‘കൊത്തയുടെ രാജാവ്’ സിനിമയ്ക്കു പിന്നിലെ പ്രയത്നത്തെപ്പറ്റിയും പ്രതീക്ഷകളെപ്പറ്റിയും മലയാള മനോരമയോട്.
‘വലിയൊരു ചലഞ്ച് തന്നെയായിരുന്നു, അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും. അത്ര വലിയൊരു പ്രോജക്ടാണു കിങ് ഓഫ് കൊത്ത. ഏറെ ചർച്ചകൾക്കൊടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് ഈ സിനിമ വളർന്നത്. ഇതിനു മുൻപു ചെയ്ത കുറെയേറെ പ്രോജക്ടുകളിൽ നിന്നാണ് ഇത്ര വലിയ ബജറ്റിലേക്ക് ഈ ചിത്രത്തെ കൊണ്ടു വരാനുള്ള ആത്മവിശ്വാസം കിട്ടിയത്. പരസ്യത്തിൽനിന്നു മാത്രമല്ല, മറ്റു സിനിമകളിൽ നിന്നുള്ള വരുമാനവും നീക്കിവച്ചു. സാമ്പത്തികമായി വലിയ മുന്നൊരുക്കം വേണ്ടി വന്നു. വേ ഫെയറർ ഫിലിംസിനൊപ്പം സീ സ്റ്റുഡിയോസ് കൂടി കൈകോർത്തതോടെ കൂടുതൽ ധൈര്യമായി. ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടതു മുതൽ വലിയ തോതിൽ പ്രേക്ഷകതാൽപര്യം ചിത്രത്തിനു ലഭിച്ചിരുന്നു. പിന്നീടും ആ ഹൈപ്പ് നിലനിർത്താനും വർധിപ്പിക്കാനും സാധിക്കുകയും ചെയ്തു. വലിയ കാൻവാസിലുള്ള ചിത്രത്തെ മികച്ച തിയറ്റർ അനുഭവമാക്കി മാറ്റാൻ പരമാവധി പ്രയത്നിച്ചിട്ടുണ്ട്. നല്ല സമയത്താണു ചിത്രം തിയറ്ററുകളിലെത്തുന്നതും. മികച്ചൊരു ഗാങ്സ്റ്റർ ഡ്രാമയാണു കൊത്ത.
∙ കിങ് ഓഫ് കൊത്ത?
സാങ്കൽപികമായി സൃഷ്ടിച്ചെടുത്ത ഗ്രാമമാണു കൊത്ത. നിയമമില്ലായ്മയും അക്രമവും കുറ്റകൃത്യങ്ങളുമെല്ലാം തീമാകുമ്പോൾ അതു വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ അത്തരമൊരു സ്ഥലത്തിന്റെ ആവശ്യമുണ്ടായിരുന്നു. ചിത്രത്തിൽ അതു നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുമുണ്ട്. ഒരുപാട് കഥാപാത്രങ്ങളുള്ള ചിത്രമാണ്. എല്ലാവർക്കും മികച്ച റോളുകളുമാണ്. കൊത്ത എന്ന നാടും ചിത്രത്തിലെ ഒരു കഥാപാത്രം തന്നെയായി മാറുന്നു.
∙ സംവിധായകൻ അഭിലാഷ് ജോഷി ബാല്യകാല സുഹൃത്താണ്?
എന്റെ ആദ്യ സുഹൃത്തുക്കളിലൊരാളാണ് അഭി. കുട്ടിക്കാലത്തു തന്നെ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറുണ്ട്. കോളജ് നാളുകളിൽ വീട്ടിൽത്തന്നെ ചെറിയ ക്യാമറയൊക്കെ സെറ്റ് ചെയ്തു പല കഥകളും പറയാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് എനിക്കും സംവിധാനത്തോടായിരുന്നു കമ്പം. അന്നത്തെ ആ ‘പരിശീലനം’ ഞങ്ങൾ ഇരുവരുടെയും സിനിമയോടുള്ള ഇഷ്ടം വർധിപ്പിക്കാൻ ഉപകരിച്ചിട്ടുണ്ടെന്നുറപ്പാണ്. മറ്റു ജോലികളിൽ നിന്നു വ്യത്യസ്തമായി സിനിമയെ കാണാനും ഇതു സഹായിച്ചിട്ടുണ്ട്. പിന്നീട് അഭി സംവിധായകൻ വി.കെ.പ്രകാശിനൊപ്പം ഒപ്പം അസിസ്റ്റന്റായി തുടങ്ങി, ഒട്ടേറെ പരസ്യചിത്രങ്ങൾ ചെയ്തു. സിനിമയിൽ അസിസ്റ്റന്റായി. പക്ഷേ, സ്വതന്ത്ര സംവിധാനത്തിനുള്ള ധൈര്യം വരാനും തയാറെടുപ്പിനും അൽപം സമയമെടുത്തു.
∙ ദുൽഖറിനെ വച്ചു നോക്കുമ്പോൾ കുറച്ചു കൂടുതൽ സമയം എടുത്തോ അഭിലാഷിന്റെ ആദ്യ വരവിന്?
ഒരു സംവിധായകൻ എന്ന നിലയിൽ അഭിക്ക് ആദ്യ സിനിമ വളരെ പ്രധാനമായിരുന്നു. കിങ് ഓഫ് കൊത്തയിലേക്ക് ഞങ്ങൾ എത്താൻ തന്നെ മൂന്നു നാലു കൊല്ലം വേണ്ടി വന്നു. ഒട്ടേറെ കഥകളുമായി അവൻ വന്നെങ്കിലും എനിക്കു തൃപ്തിയായില്ല. പല കഥകളും കേട്ടപ്പോൾ ഇതു വർക്ക് ഔട്ട് ആവില്ല എന്നെനിക്കു തോന്നി. ഇതിനേക്കാൾ നല്ലതു വേണം എന്നു പറഞ്ഞ് അവനെ മടക്കും. ഇങ്ങനെ കുറെയായപ്പോൾ അവനു മടുത്തും തുടങ്ങി. ‘നീ എന്നെ കളിപ്പിക്കുന്നതാണോ. നീ ഇതു ചെയ്യുമോ. എന്റെ കഴിവിൽ നിനക്കു വിശ്വാസമില്ലാഞ്ഞിട്ടാണോ?’ ഇങ്ങനെയൊക്കെയായി അവന്റെ ചോദ്യങ്ങൾ. പക്ഷേ, പിന്നീട് കൊത്തയുടെ കഥാതന്തു വന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.
∙ ദുൽഖറും അഭിലാഷ് ജോഷിയും ഉൾപ്പെടെ സിനിമയിലെ രണ്ടാം തലമുറക്കാരായ 4 പേരുടെ സാന്നിധ്യമുണ്ട് കൊത്തയിൽ ?
അതെ, ഞങ്ങൾക്കു പുറമെ ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. എന്നാൽ, രണ്ടാം തലമുറയെ അണിനിരത്താൻ വേണ്ടി മനപൂർവം ചെയ്തതല്ല. എല്ലാവരും സ്വന്തം നിലയിൽ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച, കഴിവു തെളിയിച്ചിട്ടുള്ള കലാകാരൻമാരാണ്. പേരിന്റെ വാലറ്റത്ത് നമുക്ക് പരിചിതരും പ്രിയപ്പെട്ടവരുമായ കലാകാരൻമാരുടെ സാന്നിധ്യം ഉണ്ടെന്നു മാത്രമേയുള്ളൂ. അവരെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. വളരെ മികച്ച പ്രകടനം അവർ കാഴ്ചവയ്ക്കുകയും ചെയ്തു.
∙ഗൺസ് ആൻഡ് ഗുലാബ്സ് നെറ്റ് ഫ്ലിക്സിൽ ട്രെൻഡിങ്. പല മുൻനിര അഭിനേതാക്കളും ഡേറ്റ് പ്രശ്നം പറഞ്ഞു വെബ് സീരീസ് ഒഴിവാക്കുമ്പോൾ ദുൽഖർ വ്യത്യസ്തൻ ?
വെബ്സീരീസ് ഫോർമാറ്റ് എനിക്കിഷ്ടമാണ്. സ്കാം 1992, ഡൽഹി ക്രൈം തുടങ്ങി ഒട്ടേറെയെണ്ണം ഇഷ്ടമായിരുന്നു. അഭിനേതാവ് എന്ന നിലയിൽ എല്ലാ അവസരങ്ങളെപ്പറ്റിയും നമുക്കൊരു ധാരണ വേണമല്ലോ. വെബ് സീരീസുകളെപ്പറ്റി പഠിക്കാനുള്ള അവസരമായാണു ‘ഗൺസ് ആൻഡ് ഗുലാബ്സിനെ’ കണ്ടത്. ഓരോ അഭിനേതാക്കളുടെയും ഭാഗം ഷൂട്ട് ചെയ്തു പോകുന്നതാണ് വെബ്സീരീസുകളുടെ രീതി. ഒരു മൂന്നു മാസമൊക്കെ വേണ്ടി വരും. പക്ഷേ എല്ലാ ദിവസവും നമുക്കു ഷൂട്ടിങ് ഉണ്ടാകില്ല. സത്യത്തിൽ ഇതിലും കൂടുതൽ സമയമെടുത്തു ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ തിരക്കഥയുടെ പത്തോ പതിനഞ്ചോ പേജു വരെ സീരീസുകൾക്കായി ഷൂട്ട് ചെയ്യും. പല ക്യാമറകൾ വച്ചുള്ള ലെംഗ്തി ഷോട്ട്സ്. അപ്പോൾ നാം കഥാപാത്രമായി ജീവിക്കുന്ന സമയവും കൂടും. ഇതെനിക്കിഷ്ടമാണ്. ഹിന്ദി ഡയലോഗുകളുടെ കാര്യത്തിൽ മാത്രമാണ് അൽപം പരിശ്രമം വേണ്ടി വന്നത്. ഹിന്ദിയിൽ ഫ്ലുവന്റ് ആണെങ്കിലും ഭാഷയിൽ ജെൻഡറിന്റെ ആധിക്യമുള്ളതിനാൽ എന്റെ ഡയലോഗുകൾ നന്നായി പഠിച്ചു തന്നെയാണു പ്രസന്റ് ചെയ്തത്. വളരെ നല്ല അനുഭവമായിരുന്നു. പുതിയ സീരീസുകൾ ഒന്നും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല.
∙ ഒടിടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാൻ ഇന്ത്യൻ ഇമേജ് ലക്ഷ്യമിട്ടാണോ?
നല്ല പ്രോജക്ടുകൾ വരുമ്പോൾ സ്വീകരിക്കുന്നെന്നേയുള്ളൂ. ഓരോ പ്രോജക്ടിൽ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകണം. ഓരോ സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും നാം പഠിക്കുന്നുണ്ട്. വേ ഫെയററിന്റെ വളർച്ചയ്ക്ക് അങ്ങനെ ലഭിക്കുന്ന അറിവുകൾ മുതൽക്കൂട്ടാകുന്നുണ്ട്.
∙ മമ്മൂക്കയുമൊത്തൊരു ചിത്രത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായി?
ആഗ്രഹമുണ്ട്. എന്നെങ്കിലും വരുമായിരിക്കും! രണ്ടു പേരും അവരവരുടെ തിരക്കുകളുമായി പോകുകയല്ലേ. പക്ഷേ അങ്ങനെയൊരു സിനിമ വെറുതെ ചെയ്തിട്ടു കാര്യമില്ല. അത്ര നല്ലൊരു പ്രോജക്ട് തേടി വരട്ടെ. പക്ഷേ, ആദ്യ തീരുമാനം ‘അവിടെ’ നിന്നു വരണം.