ADVERTISEMENT

മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ സിനിമയിലും സജീവമാവുകയാണ് താരം. മമിത ബൈജുവും നസ്‌ലിനും പ്രധാനവേഷങ്ങളിലെത്തിയ ‘പ്രേമലു’ ആണ് മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. സ്വതന്ത്രയായി പാറിപ്പറന്നു നടക്കുന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ മീനാക്ഷിയുടേത്. ‘പ്രേമലു’വിന്റെ വിശേഷങ്ങൾക്കൊപ്പം നിലപാടുകളും തുറന്നുപറഞ്ഞ് മീനാക്ഷി മനോരമ ഓൺലൈനിൽ...

വേഷത്തിന്റെ നീളമല്ല നോക്കുന്നത്
 

ഒരു സിനിമയിലേക്ക് അവസരം ലഭിക്കുമ്പോൾ ഞാൻ നോക്കുന്നത് മുഴുനീള കഥാപാത്രമാണോ എന്നല്ല, കിട്ടിയ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടോ എന്നുമാത്രമാണ്. നസ്‌ലിൻ, മമിത, അഖില, അൽത്താഫ് തുടങ്ങിയവരാണ് എന്റെയൊപ്പം ഉണ്ടായിരുന്നത്. ഹൈദരാബാദിൽ ആയിരുന്നു കുറെ ലൊക്കേഷൻ. അവിടെ ചെന്നപ്പോൾ മലയാളികൾ അധികം ഇല്ല, ഞങ്ങൾ എല്ലാവരും കൂടി അടിച്ചുപൊളിച്ചു നടന്നു. നമ്മളെ ആർക്കും അവിടെ അറിയില്ലലോ. അപ്പോൾ ഫ്രീ ആയി റോഡിൽ ഇറങ്ങി നടക്കാം. ഞങ്ങൾക്ക് തന്നത് ഒരു 3 റൂം ഉള്ള അപാർട്മെന്റ് ആയിരുന്നു. ഞാനും മമിതയും അഖിലയും ഒരുമിച്ച്, നസ്‌ലിനും സംഗീതും ശ്യാം ഏട്ടനും ഒരുമിച്ച്. ഷൂട്ട് കഴിഞ്ഞു വരുമ്പോൾ ഒരുമിച്ചു കൂടി അന്നത്തെ വിശേഷങ്ങൾ പറയും, ഫുഡ് കഴിക്കും, അന്താക്ഷരിയോ മറ്റോ കളിക്കും. അങ്ങനെ വളരെ അടിപൊളി ആയിട്ടായിരുന്നു കഴിഞ്ഞത്. എല്ലാവരും തമ്മിൽ ഒരു ബോണ്ട് ഉണ്ടായി വന്നത് സിനിമയിലും പ്രയോജനം ചെയ്തു.

ക്യാമറയ്ക്കു പിന്നിലെ സുഹൃദ്ബന്ധം 

നസ്‌ലിൻ, മമിത എന്നിവരാണ് പ്രേമലുവിലെ പ്രധാന താരങ്ങൾ. ഈ സിനിമയിൽ ഏറ്റവും ഒടുവിലാണ് എന്നെ കാസ്റ്റ് ചെയ്തത്. എനിക്ക് ഇവരെയൊന്നും പരിചയമില്ല. ഞാൻ ചെല്ലുമ്പോൾ എല്ലാവരും എങ്ങനെ പെരുമാറും എന്ന പേടി ഉണ്ടായിരുന്നു. പക്ഷേ എല്ലാവരും നല്ല പെരുമാറ്റം ആയിരുന്നു. അവരിൽ ഒരാളായി എന്നെ സ്വീകരിച്ചു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. നമുക്ക് ക്യാമറയ്ക്കു പിന്നിൽ നല്ലൊരു ബന്ധം ഉള്ളതുകൊണ്ടുതന്നെ ക്യാമറയ്ക്കു മുന്നിലും ആ ബോണ്ട് ഉണ്ടായിട്ടുണ്ട്. അതാണ് ഈ സിനിമയുടെ വിജയത്തിന് കാരണമായതും. എല്ലാവരും തിയറ്ററിൽ പോയി സിനിമ കണ്ട് അഭിപ്രായം പറയണം . 

sangeeth-naslin

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ് 

വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ. നാടിന്റെ സംസ്കാരം ഒക്കെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന എന്തെല്ലാം കാര്യങ്ങൾ പരിണമിച്ചു വന്നിട്ടുണ്ട്. പക്ഷേ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മാത്രം സദാചാരവുമായി വരും. ചില ആളുകളുടെ ചിന്താരീതിയുടെ കുഴപ്പമാണ്. ഞാൻ ടിവിയിൽ വരുന്നതിനു മുൻപുതന്നെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്ന ആളാണ്. അന്നൊന്നും ആരും അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ എന്നെ കൂടുതൽ ആളുകൾ അറിയുന്നതുകൊണ്ട് അവർ കൂടുതൽ ചർച്ച ചെയ്യുന്നു അത്രയേ ഉള്ളൂ. 

meenakshi-raveendran

എന്നെ ഞാൻ ആയി ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടുക 

ഞാൻ പ്രമോഷനുംമറ്റും പോകുമ്പോൾ ആളുകൾ എടുക്കുന്ന വിഡിയോകളുടെ പേരിൽ ഒരുപാട് സമൂഹ മാധ്യമ ആക്രമണങ്ങൾ വരാറുണ്ട്. എന്റെ ചില സുഹൃത്തുക്കളോട് ഞാൻ ഇതിനെപ്പറ്റി ചർച്ച ചെയ്യാറുണ്ട്. ആളുകളുടെ ഇഷ്ടം നേടിയെടുക്കാൻ അവർക്കു ശരി എന്നു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കാം. പക്ഷേ എനിക്ക് എന്നെ ഞാനായി കാണാനാണ് ഇഷ്ടം. എനിക്ക് പൊയ്മുഖമില്ല. എന്നെ ഞാനായി സ്വീകരിക്കുന്നവർ ഇഷ്ടപ്പെട്ടാൽ മതി. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാൻ അതിൽ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാൻ വേണ്ടി അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ എനിക്ക് താൽപര്യമില്ല.

meenakshi-raveendran-2

പഴ്സനൽ സ്പേസിലേക്ക് കടന്നുകയറാതിരിക്കുക 

ഒരു പരിപാടിക്കു പോകുമ്പോൾ നമ്മളെ മോശമാക്കി കാണിക്കുന്ന വിധത്തിൽ പിന്നാലെ നടന്ന് ചില ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്നവർ ഉണ്ട്. അത് നമ്മുടെ കുഴപ്പമല്ല, ചിലരുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ്. എനിക്ക് പറയാനുള്ളത് വസ്ത്രധാരണം മറ്റെന്തിനോ ഉള്ള 'യെസ്' അല്ല. നമ്മൾ എങ്ങനെ വസ്ത്രമിട്ടാലും നമ്മളെ അത് വച്ച് ജഡ്ജ് ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല. നമ്മുടെ വ്യക്തിപരമായ ഇടത്തേക്ക് കടന്നുകയറാൻ ആരെയും അനുവദിച്ചിട്ടില്ല. ഒരാൾ ധരിക്കുന്ന വസ്ത്രത്തിന്റെ ഉള്ളിലേക്ക് കയറി നോക്കുന്നതെന്തിനാണ്. അത് പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ, അവരുടെ പഴ്സനൽ സ്‌പേസിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ല. ആരെയും ഒന്നും കാണിക്കാനല്ല വസ്ത്രം ധരിക്കുന്നത്. ഏതു വസ്ത്രം ധരിച്ചാൽ നമ്മളെ നമുക്കുതന്നെ ഇഷ്ടപ്പെടുന്നോ അത്തരം വസ്ത്രമാണ് ധരിക്കേണ്ടത്.

മീനാക്ഷി രവീന്ദ്രൻ,  Image Credits: Instagram/meenakshi.raveendran
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

14 സെക്കൻഡിൽ കൂടുതൽ നോക്കുന്നത് കുഴപ്പം തന്നെയാണ് 

സംസ്കാരത്തിനു ചേർന്നത് ചുരിദാർ ആണെങ്കിൽ അത് ഇട്ടു വന്നാൽ കാണാൻ ഭംഗി ഉണ്ടെങ്കിൽ നോക്കും. നോക്കാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്. പണ്ട് ഋഷിരാജ് സിങ് സർ പറഞ്ഞതുപോലെ 14 സെക്കൻഡ് നോക്കി നിൽക്കാൻ അവകാശമില്ല. നോട്ടം ഏൽക്കുന്ന ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കിൽ അത് തെറ്റു തന്നെയാണ്. നോക്കുന്നതാണ് കുഴപ്പം. ആ നോട്ടം പരിധി മറികടക്കരുത്. ഞാൻ ഒരു വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് നിങ്ങൾക്ക് ഷൂട്ട് ചെയ്തു നിങ്ങളുടെ ചാനലിൽ ഇട്ടു വ്യൂ കൂട്ടാൻ വേണ്ടിയല്ല.

meenakshi-raveendran-on-fashion-policing

എന്തിന് മാറിടത്തിലേക്ക് സൂം ചെയ്യുന്നു ?

ഞാൻ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വിഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലർ അതിലൂടെ എന്റെ പ്രൈവറ്റ് പാർട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോൾ പോലും മുകളിൽനിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനിൽ എഡിറ്റ് ചെയ്ത് ഇടുകയാണ്. വിഡിയോയിൽ കാണുമ്പോൾ ഭയങ്കര വൃത്തികേടാണ്. അതിലേക്ക് സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവർ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ മുഖത്ത് നോക്കി മുന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്? എന്തിനാണ് ആവശ്യമില്ലാതെ സൈഡിൽ കൂടിയും താഴെക്കൂടിയും മുകളിൽ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷൻ ആക്കി ഇടുന്നത്. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പഴ്സനൽ അറ്റാക്കിലേക്ക് കടക്കുകയാണ്. ഞാൻ ഒരിടത്ത് പ്രതികരിച്ചപ്പോൾ അവർ പറഞ്ഞത് കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താൽ എന്നൊക്കെയാണ്. ഇവർക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല, അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കൽ ഞാൻ നിർത്തി. എനിക്ക് അവരോട് ഒന്നും പറയാനില്ല.

meenakshi-raveendran

അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയും അരുത് 

ഞാൻ നല്ല കാലം വരുമ്പോൾ കൂടുതൽ ആവേശഭരിതയാകാറില്ല. അതുപോലെ തന്നെ മോശം അനുഭവം ഉണ്ടാകുമ്പോൾ വിഷമിക്കാറുമില്ല. ഞാൻ ചിന്തിക്കുന്നത് ഇന്നു നല്ലതു പറഞ്ഞവർ നാളെ മോശം പറഞ്ഞേക്കാം. ഇന്ന് മോശം പറഞ്ഞവർ നാളെ നല്ലതും പറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒന്നിനും ചെവികൊടുക്കാതെ നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കാൻ ശ്രമിക്കുക. ഇതാണ് എന്റെ പോളിസി.

meenakshi-raveendran

പുതിയ ചിത്രങ്ങൾ 

കടകൻ എന്ന ഒരു സിനിമ റിലീസിന് തയാറെടുക്കുന്നു. സജിൽ മാമ്പാട് ആണ് സംവിധായകൻ. ഹക്കിം ഷാജഹാനും സോനാ ഒലിക്കലും ആണ് നായികാനായകന്മാർ. അതിൽ ഒരു ചെറിയ കഥാപാത്രം ചെയ്യുന്നുണ്ട്. മമ്മൂക്കയുടെ ബസൂക്ക എന്ന ചിത്രത്തിലും ഒരു ചെറിയ കഥാപാത്രം ചെയ്യുന്നുണ്ട്. നല്ല നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു.

English Summary:

Chat with Meenakshi Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com