ADVERTISEMENT

ഒരു ചെറിയ പരിപാടിയുണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയെ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിലൊരാളായ സൗബിൻ ഷാഹിർ വിളിക്കുന്നത്. ലൊക്കേഷൻ കാണാൻ കൊടൈക്കനാലിൽ അവർക്കൊപ്പം യാത്ര തിരിച്ച അജയൻ പതിയെ മനസിലാക്കി, സംഭവം അത്ര ചെറുതല്ല. ഏറെ അപകടം നിറഞ്ഞ ഗുണ കേവ്സും ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന അതിലെ കുഴിയും സിനിമയ്ക്കായി ഒരുക്കണം. മഹേഷിന്റെ പ്രതികാരത്തിൽ ഒറിജിനലിനെ വെല്ലുന്ന ആയിരക്കണക്കിന് അപ്പൂപ്പൻതാടി നിർമിച്ച് കയ്യടി വാങ്ങിയിട്ടുണ്ട് അജയൻ ചാലിശേരി. ട്രാൻസിന്റെ ചിത്രീകരണസമയത്ത് ആംസ്റ്റർഡാം കൊച്ചിയിൽ സെറ്റിട്ട് പിന്നെയും വിസ്മയിപ്പിച്ചു. പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിൽ 1800കളിലെ കേരളത്തെ പുനഃസൃഷ്ടിച്ച ബ്രഹ്മാണ്ഡ സെറ്റുകൾക്കു പിന്നിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനും അജയനായിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരിയെന്ന 'മൂത്താശാരിയെ' ഏൽപ്പിക്കാൻ ധൈര്യം പകർന്നത് ഇവയെല്ലാമായിരുന്നു. അവർക്കു തെറ്റിയില്ല. ഒറിജിനലിനെ വെല്ലുന്ന റിയലിസ്റ്റിക് സെറ്റ് ഒരുക്കി അജയൻ ചാലിശേരി വീണ്ടും മലയാള സിനിമയെ ഞെട്ടിച്ചു. മലയാളം പോലെ പരിമിതമായ ബജറ്റിൽ സിനിമയൊരുക്കുന്ന ഇൻഡസ്ട്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രൊഡക്ഷൻ ഡിസൈനാണ് അജയൻ മഞ്ഞുമ്മൽ ബോയ്സിനായി തയാറാക്കിയത്. "ദൈവമേ... ഇത് സെറ്റ് ഇട്ടതായിരുന്നോ" എന്നാണ് സിനിമ കണ്ടവർ അത്ഭുതത്തോടെ പരസ്പരം ചോദിച്ചത്. ആ അദ്ഭുതത്തിനു പിന്നിലുള്ള രഹസ്യങ്ങൾ വെളിപ്പെടുത്ത് അജയൻ ചാലിശേരി മനോരമ ഓൺലൈനിൽ. 

14 വർഷമായി അടഞ്ഞു കിടന്ന ഗുണ കേവ്സിൽ എത്തിയപ്പോൾ
 

ഗുണ കേവ്സിനോടു സാദൃശ്യമുള്ള മറ്റേതെങ്കിലും സ്ഥലത്ത് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, പല സിനിമകളിലൂടെയും അല്ലാതെയും ഈ സ്ഥലം ഒരുപാടു പേർക്ക് പരിചിതമാണ്. കൊടൈക്കനാലിൽ പോയിട്ടുള്ള മലയാളികൾ ഉറപ്പായും ആ സ്ഥലം കണ്ടിരിക്കും. അങ്ങനെയുള്ള പ്രേക്ഷകരെ പറ്റിക്കാൻ പറ്റില്ല. ഡെവിൾസ് കിച്ചൻ എന്നു വിളിക്കുന്ന ഗുണ കേവ്സ് ദുരൂഹമായ ഒരു സ്ഥലമാണ്. അവിടെ പ്രേതമുണ്ടെന്നു പോലും സമീപവാസികൾ വിശ്വസിക്കുന്നു. അവിടേക്ക് പോകുന്നതിനു മുൻപ് ഞങ്ങളുടെ കയ്യിൽ ചെറുനാരങ്ങ പോലും വച്ചു തന്നു! 80 അടി താഴ്ചയിലാണ് ഗുണ കേവ്സ് നിൽക്കുന്നതു തന്നെ. അത്രയും താഴ്ചയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുള്ള 900 അടിയുള്ള കുഴിയുള്ളത്. സഞ്ചാരികൾക്ക് ഇവിടേക്ക് പൂർണമായും പ്രവേശനം നിഷേധിച്ചിട്ട് 14 വർഷത്തോളമായി. ഇപ്പോൾ അവിടേക്ക് ചെല്ലുമ്പോൾ 'ഗുണ കേവ്സ്' എന്നെഴുതി വച്ചിട്ടുള്ള ചെറിയൊരു ബോർഡ് കാണാം. ആ സ്ഥലം നേരിൽ കാണാതെ അതു റിക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. ഒരുപാട് ബുദ്ധിമുട്ടിയാണ് അവിടം പോയി കാണാൻ അനുമതി കിട്ടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഞങ്ങൾ അവിടം സന്ദർശിച്ചത്. അതിന്റെ ഉള്ളിലേക്ക് ഇറങ്ങിയപ്പോഴുള്ള കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ല. ഇത്ര വർഷമായി അടഞ്ഞു കിടന്നിരുന്നതിനാൽ കരിയിലകളും ചെളിയും മണ്ണും ഒക്കെ വീണ് കുഴിയുടെ മുകൾ ഭാഗം മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. അഞ്ചടി പൊക്കത്തിലാണ് ഈ ചളി! അവിടെ ഷൂട്ട് ചെയ്യുക എന്നു പറയുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. അധികസമയം പോലും അവിടെ നിൽക്കാൻ കഴിയില്ല. കാരണം, വവ്വാലുകളുടെയും കുരങ്ങുകളുടെയും സങ്കേതമായതിനാൽ വല്ലാത്തൊരു നാറ്റം അവിടമാകെ നിറഞ്ഞിരുന്നു. നമ്മൾ വിഡിയോയിലും സിനിമയിലും കണ്ടിട്ടുള്ള സ്ഥലത്തിൽ നിന്ന് ഒരുപാട് മാറ്റം വന്നിരുന്നു. അവിടെ ചെലവഴിച്ച ആ കുറച്ചു സമയത്തിനുള്ളിൽ ആ സ്ഥലത്തിന്റെയും അവിടെയുള്ള കല്ലിന്റെയും മണ്ണിന്റെയും ചെടികളുടെയുമൊക്കെ ഏകദേശ രൂപം മനസിലാക്കി. അവിടെ നിന്നു ശേഖരിക്കാവുന്ന വിവരങ്ങളെല്ലാം എടുത്തു. കുറച്ചു ഫോട്ടോസ് എടുത്തു. അളവുകൾ മാർക്ക് ചെയ്തു. സ്കെച്ച് എടുത്തു. എന്നിട്ടാണ് ബജറ്റ് ഇട്ടത്. 

manjummal-boys-001

Read More: ' ജ്യേഷ്ഠനെ നഷ്ടപ്പെട്ടത് ഇതുപോലൊരു യാത്രയിൽ': 'മഞ്ഞുമ്മൽ' കണ്ട് കണ്ണുനിറഞ്ഞ് ഷാജി കൈലാസ്

നാലഞ്ച് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ല

ഗുണ കേവ്സ് നേരിൽ കണ്ടപ്പോൾ മനസിലായി, വലിയൊരു ചലഞ്ച് ആണ് ഈ പണിയെന്ന്! എനിക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. കണ്ണടച്ചാൽ കാണുന്നത് ഈ പാറക്കെട്ടുകളാണ്. ഞാനെവിടെയോ ഒരു കുഴിയിൽപ്പെട്ടു കിടക്കുന്ന പോലത്തെ അനുഭവം. സിനിമയിൽ ആ കുഴിയിൽ വീഴുന്ന സുഭാഷിനുണ്ടായ അതേ അനുഭവമാണ് എനിക്കുമുണ്ടായത്. ഈ കാര്യം, ഒറിജിനൽ സുഭാഷിനോടു ഞാൻ പറയുകയുണ്ടായി. ഒന്നും സംസാരിക്കാൻ പറ്റാതെ, ഒരു വലിയ കുഴിയിൽ അകപ്പെട്ട അവസ്ഥ! 

സെറ്റിട്ടത് പെരുമ്പാവൂരിൽ

khalid-rahman-manjummel-boys

സെറ്റിന് സ്ഥലം തപ്പി രണ്ടു മാസത്തോളം നടന്നു. 50 അടി ഉയരമുള്ള സ്റ്റുഡിയോ വേണം. അവിടെ 50 അടി താഴ്ചയിൽ കുഴിക്കുകയും വേണം. അതൊന്നും അങ്ങനെ ആരും സമ്മതിക്കുന്ന കാര്യമല്ല. ക്യാമറ വച്ച്, വിചാരിക്കുന്ന പോലെ ഷൂട്ട് ചെയ്യാൻ ഇത്രയും സൗകര്യം ഒരുക്കിയേ പറ്റൂ. അങ്ങനെ, അന്വേഷിച്ച് നടന്ന് പെരുമ്പാവൂർ ഒരു ഗോഡൗൺ കണ്ടെത്തി. കോവിഡിനു ശേഷം ഉപയോഗിക്കാതെ കിടന്ന ഗോഡൗണായിരുന്നു അത്. അവിടെയാണ് സെറ്റ് ഇട്ടത്. പക്ഷേ, അവിടെ എട്ടടി കുഴിച്ചപ്പോഴേക്കും വെള്ളമായി. പിന്നെ റിങ് ഇട്ട് അതൊരു കിണറാക്കിയെടുത്തു. അതിനു മുകളിൽ പൈപ്പടിച്ച് ലെവലാക്കി. പക്ഷേ, ആ കിണറിൽ വെള്ളം എപ്പോഴും നിറഞ്ഞുകൊണ്ടിരിക്കും. അതൊരു മോട്ടോർ വച്ച് പമ്പ് ചെയ്താണ് മാനേജ് ചെയ്തത്. ആ കുഴിയിലേക്ക് വരാൻ വേറെ ഒരു വഴി കൂടി ഉണ്ടാക്കിയെടുത്തു. 

കൊടൈക്കനാലിലെ മഞ്ഞ് സെറ്റിൽ

manjummal-boys-audience-review2

കൊടൈക്കനാലിലെ പല സ്ഥലങ്ങളിലുള്ള പാറക്കെട്ടുകളുടെ മോൾഡ് എടുത്തിരുന്നു. അതുകൊണ്ടാണ്, ആ സ്ഥലം റിക്രിയേറ്റ് ചെയ്തപ്പോൾ പാറകൾക്ക് അതേ ഫീലും ഘടനയും കിട്ടിയത്. പല ഷീറ്റുകളായി ഒട്ടിച്ച്, കളർ ചെയ്ത്, പൂപ്പലുകളും ചെടിയും പൂക്കളുമൊക്കെ പിടിപ്പിച്ചാണ് അത് തയാറാക്കിയത്. വളരെ സൂക്ഷ്മമായ വർക്കുകളാണ് അത്. സെറ്റിൽ ഒറിജിനൽ പാറക്കല്ലുകളും ഡ്യൂപ്ലിക്കേറ്റ് പാറകളും ഉണ്ടായിരുന്നു. പെട്ടെന്നു നോക്കിയാൽ പക്ഷേ, മനസിലാകില്ല. കൊടൈക്കനാലിലെ മഴയും മഞ്ഞും തണുപ്പും ആ ഫ്ലോറിൽ ഞങ്ങൾ ഒരുക്കി. അവിടത്തെ അത്രയും തണുത്ത വെള്ളമാണ് ഫ്ലോറിലും ഉപയോഗിച്ചത്. ഓരോ ദിവസവും സാമാന്യം വലുപ്പമുള്ള ഏകദേശം 125 ഐസ് കട്ടകൾ വാങ്ങി. ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന വെള്ളത്തിൽ ഈ ഐസ്കട്ടകൾ ഇടും. അത്രയും തണുത്ത വെള്ളമാണ് മഴയ്ക്കായി ഉപയോഗിച്ചത്. മൊത്തം ഫ്ലോർ എസിയായിരുന്നു. ഇത്രയും കാര്യം ചെയ്തുവെങ്കിലും ഷൈജു ഖാലിദ് അതു ലൈറ്റപ്പ് ചെയ്തെടുത്തപ്പോൾ വേറെ ഒരു ഫീലായി. മഴയ്ക്കു മുൻപുള്ള കാലാവസ്ഥ, മഴയുടെ സമയത്തെ ലൈറ്റപ്പ്, രാത്രിയിലെ കാഴ്ച... അങ്ങനെ ഒരോ സീനിനും അനുസരിച്ച് ഷൈജു ആ സ്ഥലത്തെ ലൈറ്റ് ചെയ്തെടുത്തു. മലയാളത്തിലെ പല പ്രമുഖ സാങ്കേതികപ്രവർത്തകരും സെറ്റ് കാണാൻ വന്നു. എല്ലാവരും വർക്കിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് പങ്കുവച്ചത്.  

മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ നിന്ന്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ നിന്ന്.

ഷൈജു ഖാലിദിന്റെ ക്യാമറയെ കബളിപ്പിച്ച മരം

മരത്തിന്റെ ഐഡിയ കിട്ടിയത് ഒറിജിനൽ ബോയ്സിന്റെ കൊടൈക്കനാൽ ഫോട്ടോകളിൽ നിന്നാണ്. അതിൽ, അവരെല്ലാവരും പ്രേക്ഷകർ ട്രെയിലറിൽ കാണുന്ന തരത്തിലുള്ള മരത്തിൽ കയറി നിൽക്കുന്ന ഒരു ചിത്രമുണ്ട്. ആ മരം ഇപ്പോൾ കൊടൈക്കനാലിൽ ഇല്ല. മാത്രമല്ല, 11 പേർ കയറി നിന്നാലും ഒടിയാത്ത മരം കൂടി വേണമല്ലോ. അങ്ങനെയാണ് ആ മരം റിക്രിയേറ്റ് ചെയ്യാമെന്നുറച്ചത്. ആ ഫോട്ടോയിൽ കാണുന്ന സ്ഥലം ഇപ്പോൾ ടൈൽസ് ഇട്ട് വേറെ ഒരു രൂപത്തിലാണ്. അതുകൊണ്ട്, ഏകദേശം സാമ്യമുള്ള മറ്റൊരു സ്ഥലം കൊടൈക്കനാലിൽ തന്നെ കണ്ടെത്തി. അവിടെയാകെ ഉണ്ടായിരുന്നത് ചെറിയൊരു മരമായിരുന്നു. അതിൽ നമ്മൾ രണ്ടു മരങ്ങൾ കൊണ്ടു വന്ന് വെൽഡ് ചെയ്തു ചേർത്തു. പത്തു പേർക്ക് ഇരിക്കാൻ പറ്റുന്ന തരത്തിൽ ഇരുമ്പിന്റെ പൈപ്പ് ഉപയോഗിച്ച് ഉറപ്പുള്ള ചില്ലകളുണ്ടാക്കി. മരത്തൊലിയുടെ മോൾഡെടുത്താണ് ആ കമ്പികൾ പൊതിഞ്ഞെടുത്തത്. പിടിക്കുമ്പോൾ ശരിക്കുമൊരു മരമാണെന്നു തോന്നും. തിരിച്ചറിയാൻ പറ്റില്ല. പക്ഷേ, ശരിക്കും അതൊരു ഫൈബർ മരമാണ്. ക്യാമറമാൻ ഷൈജു ഖാലിദിന് വരെ അതു തിരിച്ചറിയാൻ പറ്റിയില്ല. സെറ്റായി തോന്നിയാൽ അദ്ദേഹം ഷൂട്ട് ചെയ്യില്ല. റിയൽ സ്ഥലത്ത് ഷൂട്ട് ചെയ്യാമെന്നാണ് അദ്ദേഹം എപ്പോഴും പറയുക. പക്ഷേ, അദ്ദേഹം വരെ എനിക്ക് കൈ തന്നു. 

ഹാപ്പിയായി പൂർത്തിയാക്കിയ വർക്ക്
 

സെറ്റിൽ 18 അടിയോളം താഴ്ചയുള്ള ഒരു കുഴിയാണ് ആദ്യം ചെയ്തത്. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്നു കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളഉം പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്നു തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്. ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. വലിയ റിസ്ക് തന്നെയായിരുന്നു ഷൂട്ട്. പക്ഷേ, ഇത്രയും അപകടകരമായ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തിട്ടും ആർക്കും ഒരു അപകടവും സംഭവിച്ചില്ല. എല്ലാവരും വളരെ ഹാപ്പി ആയാണ് വർക്ക് ചെയ്തത്. ആദ്യമൊക്കെ സിനിമയിൽ തിരിച്ചറിയുന്നതായിരുന്നു ആർട്. ഇപ്പോൾ, ഒട്ടും തിരിച്ചറിപ്പെടാതിരിക്കുന്നതാണ് ആർട് വർക്ക്. ഏതാണ് സെറ്റ്, ഏതാണ് ആർട് എന്ന് മനസിലാകാൻ പാടില്ല. അവിടെയാണ് കലാസംവിധായകന്റെ വിജയം. മഞ്ഞുമ്മൽ ബോയ്സ് റിലീസ് ആയതിനുശേഷം എനിക്കു പരിചയമില്ലാത്തവർ പോലും നമ്പർ തപ്പിയെടുത്തു വിളിക്കുന്നു, അഭിനന്ദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതാണ് വലിയ അംഗീകാരം. കാരണം, വിശദവും സൂക്ഷ്മവുമായി സിനിമ കാണുന്ന കാണികളുള്ള കാലമാണ്. അവരുടെ അംഗീകാരം മതി. ബാക്കിയൊന്നിനും പ്രസക്തിയില്ല.

English Summary:

Chat with Ajayan Chalissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com