ADVERTISEMENT

‘അഞ്ചക്കള്ളകോക്കാൻ.’ ഇതെന്തു പേര്?  സിനിമയുടെ പേരു കേട്ട മാത്രയിൽ അന്തംവിട്ടവരേറെ. പക്ഷേ, ഭക്ഷണം കഴിക്കാൻ മടിക്കുന്ന കുഞ്ഞുമക്കളെ മയത്തിലൊന്നു പേടിപ്പിക്കാൻ ‘കോക്കാച്ചി’ പിടിച്ചുകൊണ്ടു പോകുമെന്നു പറഞ്ഞിട്ടുള്ള എല്ലാ അമ്മമാർക്കും ആ കഥകൾ കേട്ടു കേട്ടു വളർന്നു വലുതായ എല്ലാ കുട്ടികൾക്കും ഈ പേരു ‘കണക്ട്’ ആയിട്ടുണ്ടെന്ന് ഉല്ലാസ് പറയുന്നു. കോക്കാച്ചി, കോക്കാൻ, മാക്കാൻ ഇങ്ങനെയെല്ലാം പ്രാദേശിക ഭാഷാഭേദങ്ങളിൽ അറിയപ്പെടുന്ന ആ ‘ഭീകരന്റെ’ ഫുൾ നെയിം ആണത്രേ അഞ്ചക്കള്ളകോക്കാൻ! ഉല്ലാസ് മുൻപ് ഒരു ഷോർട്ട്ഫിലിം ചെയ്തിട്ടുണ്ട്. പേര് ‘പാമ്പിച്ചി!’. സംഗതി പാമ്പ് തന്നെ. പാമ്പു പേടിയുടെ ഗ്രേഡ് അൽപമൊന്നു കുറയ്ക്കാൻ ആണത്രേ ‘ച്ചി’ കൂട്ടിച്ചേർത്ത് ഒന്നു മയപ്പെടുത്തിയത്. പേരുകളുടെ കൗതുകം ഉല്ലാസിന്റെ വാക്കുകളിൽ.  

‘കുട്ടിക്കാലത്തു ഭക്ഷണം തരുമ്പോഴോ കിടത്തി ഉറക്കുമ്പോഴോ അഞ്ചക്കള്ളകോക്കാന്റെ കഥ അമ്മ പറയുന്നതു മങ്ങിപ്പോയ ഓർമകളിലെവിടെയോ കിടപ്പുണ്ട്. ഭക്ഷണം കഴിക്കാൻ മടി കാട്ടുമ്പോൾ അമ്മ അകലേക്കു നോക്കി ഉച്ചത്തിൽ വിളിക്കും, ‘അഞ്ചക്കള്ളക്കോക്കാനേ..!’ എന്നിട്ടു തല അൽപം ചരിച്ചു പിടിച്ച് ‘ഊ....യ്’ എന്നു നീട്ടിയൊന്നു കൂവും. ആ കൂവൽ കോക്കാന്റെ മറുപടിയാണെന്നാണു വയ്പ്. ഇത്തരമൊരു ബാല്യം ഓർമിച്ചെടുക്കാനില്ലാത്ത ഏതെങ്കിലും ഒരു കുട്ടിയുണ്ടാകുമോ? ഈ ചിത്രത്തിന്റെ മ്യൂസിക് ട്രാക്കിൽ അഞ്ചക്കള്ളക്കോക്കാൻ എന്ന വോയിസ് നൽകിയത് എന്റെ അമ്മ തന്നെയാണ്. റിക്കോർഡിങ്ങിനിടെ അതു കേട്ട മൂന്നു വയസ്സുള്ള ഒരു കുട്ടി സിംപിൾ ആയി ആ പേര് ആവർത്തിക്കുന്നതു കേട്ടു. അതിനാൽ പേരു ക്ലിക്ക് ആകുമെന്ന് അന്നേ കണക്കുകൂട്ടിയിരുന്നു. ഞാ‍ൻ പേരു തീരുമാനിച്ചു കഴിഞ്ഞപ്പോൾ അക്കാര്യം ചേട്ടൻ ചെമ്പൻ വിനോദിനോടു പറഞ്ഞു. ആദ്യം ഒന്നും മിണ്ടിയില്ല. പക്ഷേ, ഒരാഴ്ച കഴിഞ്ഞു തിരിച്ചു വിളിച്ചു പറഞ്ഞു– ടാ, അതു മതി, പേരു ഗംഭീരം! ’

∙ അഞ്ചക്കള്ളക്കോക്കാൻ എന്താണ്?

ഒരുപാട് അടരുകളുള്ള ഒരു ചിത്രമാണ്. ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉറഞ്ഞുകിടക്കുന്ന ഭയമുണ്ട്. അതു കൊണ്ടാണു പലകാര്യങ്ങളിലും പ്രതികരിക്കാൻ മടിക്കുന്നത്. പക്ഷേ സഹിച്ചു മടുത്തു കഴിയുമ്പോൾ ആ പേടിയെ മറികടന്നു പ്രതികരിക്കുന്ന ഒരു ഘട്ടം എല്ലാവരുടെയും ജീവിതത്തിൽ ഉറപ്പായും ഉണ്ടാകും. അപ്പോൾ ഉള്ളിലുള്ള വയലൻസ് കൂടി പുറത്തുവരും. ഈ ഭയവും പ്രതികരണവും ഒക്കെയാണീ സിനിമ.

ullas-chemban-33

∙ അനിയൻ സംവിധായകൻ, ചേട്ടൻ നടൻ?

അതിന്റെ സൗകര്യവും ബുദ്ധിമുട്ടുമുണ്ട്. ഞങ്ങൾ തമ്മിൽ 11 വയസ്സു വ്യത്യാസമുണ്ട്. ചേട്ടൻ ആണെങ്കിലും അച്ഛന്റെ സ്ഥാനത്താണ്. അത്ര ഈസിയൊന്നുമല്ല ആളെ മാനേജ് ചെയ്യൽ. ആദ്യം ഞാൻ ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങളെ ചേട്ടനു മുന്നിലേക്കു വച്ചുകൊടുത്തു. എന്നിട്ട് ഇതിൽ ഏതു ചെയ്യും എന്നു ചോദിച്ചു. പുള്ളി തിരഞ്ഞെടുത്തതു നടവരമ്പൻ പീറ്ററിനെയാണ്. പിന്നീടാണു മറ്റുള്ളവരെ തീരുമാനിച്ചത്. പുതിയൊരു സംവിധായകൻ എന്ന നിലയ്ക്ക് അത്ര ഈസിയല്ല നമുക്ക് അഭിനേതാക്കളെ ലഭിക്കുക എന്നത്. ലുക്മാനോടു കഥ പറയുന്നതു കാറിലിരുന്നു ഡ്രൈവിനിടെയാണ്. കഥ കണക്ടായി, സമ്മതിക്കുകയും ചെയ്തു. ഷൂട്ടിങ്ങിനിടെ ചേട്ടനു ചില കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടണം. സംശയം ചോദിക്കും. പിന്നെ എനിക്കു മാത്രമല്ല, എന്റെ ടീമിനു മുഴുവൻ ഈ സിനിമയെപ്പറ്റി ആഴത്തിൽ അറിയാമായിരുന്നു എന്നതിനാൽ ആ സംശയങ്ങൾക്കെല്ലാമുള്ള മറുപടി റെഡി ആയിരുന്നു.  

∙ ചിത്രത്തിലെ കന്നഡ സംഭാഷണങ്ങൾ സബ് ടൈറ്റിലില്ലാതെ?

ഒരിക്കലും അത് ഇതര സംസ്ഥാന മാർക്കറ്റിങ്ങാനായി ചെയ്തതല്ല. അപ്പച്ചനു മൈസുരുവിലായിരുന്നു ജോലി. എന്റെ വീട്ടിൽ ചേട്ടൻ ഉൾപ്പെടെ എല്ലാവരും നന്നായി കന്നഡ സംസാരിക്കും. ചേട്ടൻ നഴ്സറിയിലും പ്രൈമറിയിലും ഒക്കെ അവിടെയാണു പഠിച്ചത്. ഞാൻ പഠിച്ചതും ബെംഗളൂരുവിലാണ്. ചിത്രത്തിന് കന്നഡ ആവശ്യമായിരുന്നു. ഉപയോഗിച്ചപ്പോൾ അപരിചിതത്വം ഒട്ടുമുണ്ടായിരുന്നില്ല. 

ചെമ്പൻ വിനോദിനൊപ്പം ഉല്ലാസ് ചെമ്പൻ
ചെമ്പൻ വിനോദിനൊപ്പം ഉല്ലാസ് ചെമ്പൻ

∙ ജോലി ഓസ്ട്രേലിയയിൽ മാനേജ്മെന്റ് മേഖലയിൽ?

ഞാൻ മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷനും മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ബിസിനസും കഴിഞ്ഞതാണ്. പഠനത്തിനായി ഓസ്ട്രേലിയയിൽ പോയി. അവിടെ ജോലി ലഭിച്ചു. റിസൈൻ ചെയ്താണു സിനിമയെടുക്കാൻ വന്നത്. അവിടേക്കു തന്നെ തിരിച്ചു പോയി ജോലി ചെയ്യാനാണു പദ്ധതി. മറ്റൊരു സിനിമയുടെ വിത്ത് മനസ്സിൽ ഏറെക്കാലമായുണ്ട്. സിനിമയിൽ ഉറച്ചു നിൽക്കാറാകുമ്പോൾ അതു മാത്രം നോക്കാം. അതു വരെ ഇങ്ങനെ പോകട്ടെ. ഏതായാലും ഇനി ആരോടു കഥ പറയാൻ പോയാലും അതിന് അവസരം ലഭിക്കുമെന്ന ഗ്യാരന്റി ‘അഞ്ചക്കള്ളക്കോക്കാൻ’ തന്നിട്ടുണ്ട്.

English Summary:

Chat with Ullas Chemban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com