ADVERTISEMENT

ലൂക്കയ്ക്കു ശേഷം സംവിധായകൻ അരുൺ ബോസിന്റെ പുതിയ ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ മെയ് 10ന് തിയേറ്ററുകളിൽ എത്തുന്നു. സിനിമയെക്കുറിച്ചും സിനിമയിൽ എത്തപ്പെട്ടതിനെക്കുറിച്ചും അരുൺ ബോസ് സംസാരിക്കുന്നു.

മാരിവില്ലിൻ ഗോപുരങ്ങൾ

ലൂക്ക കഴിഞ്ഞ സമയത്ത് ഞാൻ ആഗ്രഹിച്ചത് ആ സിനിമ കണ്ടുകഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവർ അവരവരുടെ പങ്കാളിയെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കണം എന്നു മാത്രമാണ് അല്ലെങ്കിൽ അവരെ വാല്യൂ ചെയ്യണം എന്നു മാത്രമാണ്. എന്നെ സംബന്ധിച്ച് അത്തരം ഇമോഷനൽ സിനിമകൾ അല്ലെങ്കിൽ ദമ്പതികളുടെ അസ്വാഭാവികത നിറഞ്ഞ കഥകൾ ഒക്കെ വളരെ ഇഷ്ടമാണ്. സ്ത്രീയും പുരുഷനും ഏറ്റവും സങ്കീർണമായ രണ്ട് സ്പീഷിസ് ആണ്. അപ്പോൾ അവർ ഒരു വീടിനുള്ളിൽ ഒരുമിച്ചു കഴിയുന്നത് വളരെ കൗതുകം നിറഞ്ഞ ഒന്നാണ്. അങ്ങനത്തെ കഥകൾ എനിക്കു വളരെ ഇഷ്ടമാണ്. ലുക്കയും അങ്ങനെ ഒരു ജോണറിൽ ചെയ്ത സിനിമയാണ്. 

എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി, ആൾക്കാർ വളരെ ചിരിച്ച് ആഘോഷിച്ച് ആസ്വദിച്ച് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോകണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മാരിവില്ലിൻ ഗോപുരങ്ങളുടെ തുടക്കം. എനിക്കു പരിചയമുള്ള സഹോദരങ്ങളായ രണ്ട് ആർട്ടിസ്റ്റുകളുണ്ട്. അവരെ കണ്ടപ്പോഴാണ് സിനിമയുടെ ത്രഡ് ലഭിക്കുന്നത്. ഞാൻ ഈ കഥ ആദ്യം പറയുന്നത് സിജു വിൽസനോടാണ്. സിജു ആണ് എന്നെ ഇതിന്റെ തിരക്കഥാകൃത്തായ പ്രമോദ് മോഹനുമായി കണക്ട് ചെയ്തത്. കൊറോണയുടെ സമയത്ത് ഏകദേശം ഒരു വർഷത്തിനും മേലെ എടുത്ത് ഞങ്ങൾ രണ്ടുപേരും കൂടി ഒരുമിച്ചാണ് ഇതിൻറെ കഥ വികസിപ്പിച്ചത്. 

marivillin-gopurangal-1

ഞങ്ങളിത് പല കപ്പിൾസിനോടും പറഞ്ഞപ്പോഴും അവർക്കൊക്കെ ഇത് റിലേറ്റബിൾ ആയിരുന്നു. ഇന്ദ്രേട്ടനും ശ്രുതിയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇന്ദ്രേട്ടന്റെ കഥാപാത്രത്തിന് ഒരു വിഷൻ ഉണ്ട്. അദ്ദേഹം അതിലേക്കുള്ള യാത്രയിലാണ്. ശ്രുതി വളരെ പിന്തുണ നൽകുന്ന, സ്വീറ്റ് ആയ ഒരു പങ്കാളിയാണ്. അവർ കൊച്ചി പോലെ ഒരു നഗരത്തിൽ ഒരുമിച്ചു താമസിക്കുന്നു. ഇവർക്ക് ഒരു കാര്യത്തിൽ ഒരു ഉടമ്പടിയുണ്ട്. സാമ്പത്തികമായി സ്റ്റേബിൾ ആവാതെ കുട്ടികൾ വേണ്ട എന്ന്. എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു പെൺകുട്ടി (വിൻസി അലോഷ്യസ്) കഥാപാത്രത്തിന്റെ സഹോദരൻറെ കൂടെ വീട്ടിലേക്ക് വരികയും ഇവർ നാലുപേരും ആ വീട്ടിൽ ഒരുമിച്ച് താമസിക്കുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകളും തമാശകളും ഒക്കെയാണ് സിനിമയിൽ ഉള്ളത്. നാലു വ്യത്യസ്തരായ വ്യക്തികൾ ഒരു വീടിനുള്ളിൽ ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന പലതരം സംഭവങ്ങൾ സിനിമയിലുണ്ട്. ഇംഗ്ലിഷ് വെബ് സീരീസ് ആയ ഫ്രണ്ട്സിന്റെ ഒരു സ്വഭാവമാണ് സിനിമയ്ക്കുള്ളത്. വളരെ സ്വാഭാവികമായ തമാശകളാണ് സിനിമയെ മുന്നോട്ടുകൊണ്ടു പോകുന്നത്.

മറ്റു കഥാപാത്രങ്ങൾ

സിനിമയിൽ സമാന്തരമായി പോകുന്ന മറ്റൊരു ട്രാക്കുണ്ട്. മിന്നൽ മുരളിയിലെ വസിഷ്ടും ഇന്ദ്രേട്ടനുമായുള്ളത്. അവരുടെ ഒരു ബന്ധം വളരെ രസകരമായി സിനിമയിൽ കാണാൻ കഴിയും. എല്ലാത്തരം പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. വിൻസി ആണ് ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഒരു കാറ്റലിസ്റ്റ് പോലെ പെരുമാറുന്ന ഒരാൾ. 

തമാശയും ആഘോഷങ്ങളും

ഞാൻ ഒരിക്കലും ഒരു സ്കിറ്റ് ലെവൽ കോമഡി ആസ്വദിക്കുന്ന ഒരാളല്ല. അതിൽ ഒരു സിനിമാറ്റിക് ഇലമെൻ്റ് ഇല്ല. സിനിമയ്ക്ക് അതിന്റേതായ ഒരു ലോകമുണ്ട്. ലൂക്കയിൽ അത്തരം ഒരു ലോകം സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. എന്റെ കൂടെ ഷൈജിൽ പി.വി കൂടിയുണ്ട്. മുൻപ് ഡോക്യുമെന്ററികൾ ഒക്കെ ചെയ്തിരുന്നു. എന്നാൽ ഒരു ഫീച്ചർ ഫിലിം ആദ്യമായിട്ടാണ്. ഞാൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു അന്നത്തെ എന്റെ വിദ്യാർത്ഥിയായ ശ്യാം പ്രകാശാണ് സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത്. സിനിമയുടെ സാങ്കേതികത നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. 

ആർട് ഡയറക്ടർ അനീഷ് നാടോടിയുമായുള്ള എന്റെ മൂന്നാമത്തെ വർക്കാണ്. വി. എഫ്.എക്സിന് വളരെ പ്രാധാന്യമുള്ള ഒരു സിനിമ കൂടിയാണ് ഇത്. 

സംഗീതത്തിലെ വിദ്യാജി മാജിക്

സിയാദ് കോക്കറുടെ മകൾ ഷേർമിൻ കോക്കർ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.  എന്റർടെയ്ൻമെന്റിന് പ്രാധാന്യമുള്ള സിനിമകളെ പിന്തുണയ്ക്കുന്നവരാണ് കോക്കേഴ്സ് ഫിലിം. ഞാൻ ഒരു വിദ്യാസാഗർ ആരാധകനാണ്. പൊതുവേ ഒരു അർബൻ കഥ പറയുമ്പോൾ കേൾക്കുന്ന മ്യൂസിക് അല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിൽ നിന്നും വേറിട്ട് നിൽക്കണമെന്ന ആഗ്രഹം കൂടി വിദ്യാസാഗറിലേക്ക് എത്തിച്ചിരുന്നു. കൂടാതെ ഒരു സിനിമ ചെയ്യുമ്പോൾ അത് കുറേക്കാലത്തേക്ക് കൂടിയാണ് ചെയ്യുന്നത്. ഒന്ന് ഇടക്കാലത്ത് വന്നു പോകേണ്ട ഒന്നായിട്ട് ഞാൻ കാണുന്നില്ല. ലൂക്കയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെയാണ് ആഗ്രഹിച്ചത്. അത് ഒരിക്കലും മരിച്ച് പോകില്ല എന്ന് എനിക്ക് ഇപ്പോൾ ബോധ്യമുണ്ട്. ഇപ്പോഴും പല ആർട്ട് ഫോമുകൾ ആയി ലൂക്കയ്ക്ക് പ്രതികരണങ്ങൾ കിട്ടാറുണ്ട്. ഷോർട്ട് ലിവിങ് ആയിട്ടുള്ള ഒരു സംഗീതമല്ല എനിക്ക് വേണ്ടിയിരുന്നത്. വിദ്യാസാഗർ വരുമ്പോൾ തന്നെ അതിൽ മാറ്റം ഉണ്ടാകുമല്ലോ. പാട്ടുകൾ ഒരിക്കലും ഒരു പ്രമോഷൻ മെറ്റീരിയൽ അല്ല. ലൂക്കയുടെ പാട്ടുകൾ ഇന്നും ആൾക്കാൾ കേൾക്കുന്നുണ്ടല്ലോ. കേട്ടുകേട്ട് ഉള്ളിലേക്ക് നിറയുന്ന പാട്ടുകളാണ് സിനിമയിൽ ഉണ്ടാവേണ്ടത്.

vidyasagar-2

നമ്മുടെ പ്ലേ ലിസ്റ്റിൽ അത് എന്നും ഉണ്ടാകണം. അദ്ദേഹത്തിന്റെ ഗംഭീരമായ പാട്ടുകൾ സിനിമയിൽ ഉണ്ട്. കുട്ടികൾക്ക് ഇഷ്ടമാവാൻ സാധ്യതയുള്ള പാട്ടുകൾ ഉണ്ട്. അദ്ദേഹവുമായുള്ള കംപോസിങ് സെഷൻ തന്നെ വളരെ മനോഹരമായിരുന്നു. ഇന്നും ഹാർമോണിയം വെച്ച് കംപോസിങ്ങിന് ഇരിക്കുന്ന മറ്റാരുണ്ട്? അതും ഒരു ഗ്രൂപ്പ് ആക്ടിവിറ്റി ആയിട്ടാണ് അദ്ദേഹം ചെയ്യുന്നത്. സംവിധായകനും നിർമാതാക്കളും തിരക്കഥാകൃത്തും ലിറിസിസ്റ്റും (വിനായക് ശശികുമാർ) കൂടി ഒരുമിച്ചിരിക്കുന്ന ഒരു കംപോസിങ് ആണ് വിദ്യാജി പിന്തുടരുന്നത്. 

നാലു ദിവസം കൊണ്ട് അദ്ദേഹം നാലു പാട്ടുകൾ പൂർത്തിയാക്കിയിരുന്നു. ഒരു പാട്ടിൽ ഘടം, ഷഹനായി ഒക്കെ ഉപയോഗിച്ചിരുന്നു. ഒരു അർബൻ ഡ്രാമയിൽ നമ്മളത് പ്രതീക്ഷിക്കുന്നില്ലല്ലോ. ഇന്നും എന്റെ അലാറം 'ആരോ വിരൽ മീട്ടി'യാണ്. അദ്ദേഹത്തിൻറെ ഒരുപാട് പാട്ടുകൾ ഇഷ്ടമാണ് പ്രണയവർണങ്ങൾ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, അങ്ങനെ നിരവധി പാട്ടുകൾ. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ കോംബോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിൽ നിറയെ കവിതയാണ്. പുത്തഞ്ചേരി എഴുതിയ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ഒറിജിനൽ പാട്ട് നമ്മുടെ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

ടൈറ്റിലിലെ സമ്മർ ഇൻ ബത്‍ലഹം റഫറൻസ്

സിനിമയ്ക്ക് സമ്മർ ഇൻ ബത്‍ലഹവുമായി യാതൊരു ബന്ധവുമില്ല. കോക്കേഴ്സ് പ്രൊഡ്യൂസർ ആയി വന്നതുകൊണ്ടും വിദ്യാജി വന്നതുകൊണ്ടും സിനിമയ്ക്ക് ഒരു ആഘോഷത്തിന്റെ സ്വഭാവമുണ്ട്. അങ്ങനെയാണ് ഈ ഒരു ടൈറ്റിലിൽ എത്തുന്നത്. മഴവില്ലിന്റെ നിറങ്ങൾ പോലെയുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്.

സിനിമയിലേക്കുള്ള എൻട്രി

എനിക്ക് ശരിക്കും സിനിമയുമായി അധികം ബന്ധമില്ലായിരുന്നു. ഡിഗ്രിക്ക് ശേഷം ഹൈദരാബാദിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ആണ് ചെയ്തത്. അതിനുശേഷം ചെന്നൈയിൽ മാസ് കമ്മ്യൂണിക്കേഷൻ ചെയ്തു. 2005ൽ ഇവിടെയെത്തി മൂന്ന് പരസ്യങ്ങളിൽ അസിസ്റ്റ് ചെയ്തു. പിന്നീട് ഞാൻ തിരിച്ചു പോവുകയും ചെന്നൈയിൽ പിആറിലും ഐടി കമ്പനികളിലും ഒക്കെയായി വർക്ക് ചെയ്യുകയും ചെയ്തു. ആ സമയത്താണ് ക്യാമറ ഒക്കെ കടമെടുത്തു സ്വന്തമായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത് സിനിമ ഉണ്ടാക്കി പഠിക്കുന്നത്. അത് വളരെ ടിപ്പിക്കൽ ആയ ഗോറില്ല ഫിലിം മേക്കിങ് ആണ്. അതുകൊണ്ട് തന്നെ ഇന്നും പൈസ ഇല്ലാതെ സിനിമ ചെയ്യാൻ കഴിയും എന്നൊരു കോൺഫിഡൻസ് ഉണ്ട്. അന്ന് ചെയ്ത കുറെ ഷോർട്ട് ഫിലിമുകൾ ഉണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഷോർട്ട് ഫിലിം മത്സരത്തിൽ ഞാൻ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം അയയ്ക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കോപ്പൻ ഹേഗനിൽ നടന്ന ഒരു സമ്മിറ്റുമായി ആ മൽസരത്തിന് ബന്ധം ഉണ്ടായിരുന്നു. കോപ്പൻ ഹേഗൻ തടാകത്തിന് ചുറ്റുമുള്ള നാലു സ്ക്രീനുകളിൽ അത് പ്രോജക്ട് ചെയ്തിരുന്നു. 'മൈ പേപ്പർ ബോട്ട്' എന്നാണ് സിനിമയുടെ പേര്. ഇതുവരെ ചെയ്തതിൽ എന്റെ സിഗ്നേച്ചർ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നത് ആ സിനിമയിലാണ്. അത് യൂട്യൂബിൽ ലഭ്യമാണ്. 

ലൂക്കയുടെ തുടക്കം

ഞാൻ യുകെയിൽ ഫിലിം സ്റ്റഡീസ് ചെയ്യുന്ന കാലത്ത് രണ്ടു ആർട്ടിസ്റ്റുകളെ പരിചയപ്പെടുകയും അവർക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. സിനിമ ഒരു കലാരൂപം എന്ന നിലയിൽ ആളുകളുടെ മാനസിക ആരോഗ്യത്തിന് സഹായിക്കുന്ന വിധമുള്ള പ്രവർത്തനങ്ങൾ ആയിരുന്നു അവരുടേത്. അതിൽ ഓട്ടിസ്റ്റിക് ആയ കുട്ടികൾ ഉണ്ടായിരുന്നു. കോളജിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്തായവർ ഉണ്ടായിരുന്നു. അവരെയൊക്കെ സിനിമയിലൂടെ മറ്റൊരു വഴിയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു അവർ ചെയ്തിരുന്നത്. ലൂക്കയിൽ അത്തരം എലമെന്റുകൾ ഉണ്ട്. കലംകാരി അടിസ്ഥാനമാക്കി ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ഒരു സിനിമ മുഴുവനായി ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. ലൂക്കയിലെ പോലീസുകാരനെ അവതരിപ്പിച്ച നിതിൻ ജോർജും ഞാനും മാത്രമായിരുന്നു ആ സിനിമയ്ക്ക് പിന്നിൽ. ചെന്നൈയിൽ പലപ്പോഴും ഷൂട്ട് ചെയ്ത, ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയാണത്. ഒരു ട്രാവൽ മൂവി ആയിരുന്നു അത്. അതു പുറംലോകം കണ്ടിട്ടില്ല. ഒന്നു രണ്ടു ഫെസ്റ്റിവലിന് പോയിട്ടുണ്ട്. ചിലപ്പോൾ അത് യൂട്യൂബിൽ റിലീസ് ചെയ്തേക്കും. 

ഇഷ്ടമുള്ള സംവിധായകർ, സിനിമകൾ

ജിം കാരിയുടെ സിനിമകൾ ഇഷ്ടമാണ്. എല്ലാത്തരം സിനിമകളും ഇഷ്ടമാണ്. ചാർലി ചാപ്ലിൻ, അടൂർ ഗോപാലകൃഷ്ണൻ, സിദ്ദീഖ് ലാൽ സിനിമകളൊക്കെ ഇഷ്ടമാണ്. എല്ലാം കലയായി തന്നെ കാണുന്നു. സിനിമാമേഖല ഒരുപാടു പേർക്ക് തൊഴിൽ നൽകുന്ന ഒന്നാണ്. എനിക്ക് എല്ലാ തരത്തിലും ഉള്ള സിനിമ ചെയ്യാനും ഇഷ്ടമാണ്. ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ പോലും ഇവിടെ ഉണ്ടാവണം. പൂർണ്ണമായും ആനിമേഷനിൽ ചിത്രീകരിക്കുന്ന സിനിമകൾ ചെയ്യാനും ആഗ്രഹമുണ്ട്. ഞാൻ എന്നെ തന്നെ ആവർത്തിച്ചു കൊണ്ടിരുന്നാൽ വളരെ ബോറിങ് ആയിരിക്കും. ഗറില്ല ഫിലിം മേക്കിങ് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. റിമ ദാസിന്റെ സിനിമകൾ കാണുമ്പോൾ അതൊരു ഡയറി പോലെയാണ് തോന്നിപ്പിക്കുക. അത്തരം സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

സിനിമയും രാഷ്ട്രീയവും

സിനിമ രാഷ്ട്രീയം പറയാനുള്ള ഒരു ടൂൾ മാത്രമല്ല. എന്നാൽ സിനിമയിൽ രാഷ്ട്രീയം ഉണ്ടാവുകയും ചെയ്യണം. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സിനിമയുടെ തുടക്കം മുതലേ നിരൂപകരും ഉണ്ട്. നിരൂപകർ പിന്നീട് ചലച്ചിത്രപ്രവർത്തകരായി മാറിയവരുമുണ്ട്. സിനിമയുടെ മുഖം തന്നെ മാറ്റിയ നിരൂപകർ നമുക്ക് ചുറ്റുമുണ്ട്. ആർട്ട് ഫോം ഒരിക്കലും നമുക്ക് കൺക്ലൂഡ് ചെയ്യാൻ കഴിയില്ല. നിരന്തരമായ സംവാദങ്ങളിലൂടെ അതിങ്ങനെ മുൻപോട്ടു പോകും. നെഗറ്റീവ് ആയിട്ടുള്ള റിവ്യൂകൾ നമുക്ക് തടയാൻ കഴിയില്ല. എന്നാൽ നമുക്ക് പ്രേക്ഷകരെ സിനിമയെക്കുറിച്ച് സാക്ഷരരാക്കാൻ കഴിയും. അതു മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഞാനത്ര ആക്ടീവ് അല്ലാത്തതു കൊണ്ട് ഇത്തരം കാര്യങ്ങളിൽ അധികം ശ്രദ്ധ ചെലുത്താറില്ല.

ക്ലാസിക് സിനിമ ഫാൻ

ചാർലി ചാപ്ലിൻ ഫാൻ ആണ് ഞാൻ. ഹിച്ച് കോക്ക്, ഗോദാർദ്, സെർജിയോ ലിയോൺ, കുറസോവ അങ്ങനെ എല്ലാവരെയും ഇഷ്ടമാണ്. ഫിലിമിൽ ചിത്രീകരിച്ച സിനിമകൾക്ക് ഒരു ഭംഗിയും അച്ചടക്കവുമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയകാല സിനിമകളിൽ ആട്ടം കണ്ടിരുന്നു അത് വളരെ ഇഷ്ടപ്പെട്ടിരുന്നു. നിലവിൽ കണ്ടതിൽ മഞ്ഞുമ്മൽ ബോയ്സ് ആണ് ഏറ്റവും ഇഷ്ടമായത് . പ്രേമലു, ആവേശം പോലെയുള്ള സിനിമകൾ തിയറ്ററിന്റെ ഒരു ആവശ്യകതയാണ്. തിയറ്ററിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ അല്ലെങ്കിൽ തിയറ്റർ ആഘോഷമാക്കാൻ അത്തരം സിനിമകൾ വേണമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

English Summary:

Director Arun Bose on his latest release Marivillin Gopurangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com