ADVERTISEMENT

കുഞ്ഞിരാമായണം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഹ്യൂമർ പകർന്നു നൽകിയ സിനിമയായിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയില്‍ ഇന്നും ജീവിക്കുന്നുണ്ട്. ആ സിനിമയോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ കയറിക്കൂടിയ പേരാണ് ദീപു പ്രദീപ്. സംവിധാകരുടെയും അഭിനേതാക്കളുടെയും പേരു പോലെ തിരക്കഥാകൃത്തുക്കളെയും ചേര്‍ത്തുപിടിക്കാറുള്ള മലയാളികള്‍ക്കിടയിലേക്ക് പിന്നെയും കഥകളുമായി ദീപു എത്തി. പുതിയ ചിത്രം ഗുരുവായൂരമ്പലനടയില്‍. കേട്ടു രസിച്ച, പലവട്ടം പറയുന്ന ഡയലോഗുകള്‍ക്കു മുകളില്‍ മലയാളികള്‍ പുതിയ ചിരി വിടര്‍ത്തിയതിനു പിന്നില്‍ ദീപു ഒരുക്കിയ കഥാവഴിയാണ്. അതേപ്പറ്റി ദീപു പ്രദീപ് സംസാരിക്കുന്നു. 

അന്നൊരു കല്യാണം കൂടിയപ്പോള്‍

ഞാനും വിപിന്‍ ചേട്ടനും എത്രയോ വര്‍ഷങ്ങളായി കൂട്ടുകാരാണ്. എന്റെ എഴുത്തിന്റെ ഒരു തുടര്‍ച്ച എന്നൊക്കെ വിളിക്കാവുന്ന സൗഹൃദമാണത്. ഗുരുവായൂരില്‍ ഒരുപാട് കല്യാണങ്ങള്‍ കൂടിയിട്ടുണ്ട് ഞങ്ങളിരുവരും. അങ്ങനെയൊരിക്കല്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍, ഞങ്ങളുടെ കൂട്ടുകാരുടെ കല്യാണക്കാര്യമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഗുരുവായൂര്‍ കല്യാണങ്ങളും കയറിവന്നു. അന്ന് മനസ്സില്‍ വന്ന ചിന്തയാണ് ഗുരുവായൂര്‍ പശ്ചാത്തലമാക്കിയൊരു സിനിമ. അന്നു തുടങ്ങിയ ആലോചന ഇപ്പോഴാണ് യാഥാര്‍ഥ്യമായത് എന്നു മാത്രം. കഥാപാത്രങ്ങളൊന്നും പക്ഷേ, ഗുരുവായൂര്‍ നിന്നല്ല. അവരൊക്കെ പല വഴിക്ക് പല സമയത്ത് മനസ്സിലേക്ക് വന്നവരാണ്. പിന്നീട് അവരെല്ലാവരും കൂടി ഒന്നുചേര്‍ന്നെന്നു മാത്രം. വിപിന്‍ ചേട്ടന്റെ വിഷ്വലൈസേഷനില്‍ എല്ലാവരും നന്നായി വന്നിട്ടുണ്ട്.

ആദ്യം പൃഥ്വി ആയിരുന്നില്ല

സിനിമയിലേക്കുള്ള സീരിയസായ പണി തുടങ്ങുന്നത് കുറച്ചു വര്‍ഷം മുന്‍പാണ്. അന്ന് മനസ്സില്‍ ആനന്ദന്‍ എന്ന കഥാപാത്രത്തിനായി മനസ്സില്‍ കണ്ടിരുന്നത്. മലയാളത്തിലെ സീനിയര്‍ ആയ മറ്റൊരു നടനെയും വിനു ആയിട്ട് പൃഥ്വിരാജിനെയും ആയിരുന്നു. പക്ഷേ അതൊന്നും പിന്നീട് മുന്നോട്ട് പോയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ പ്രോജക്ട് പൊടിതട്ടിയെടുത്തപ്പോള്‍ ബേസിലായിരുന്നു വിനു എന്ന വേഷത്തിന് കൂടുതല്‍ യോജിക്കുന്നതെന്നു തോന്നി. കഥാപാത്രത്തിന്റെ പ്രായവും ബേസില്‍ അടുത്തിടെ ചെയ്ത കഥാപാത്രങ്ങളുടെ വൈബുമൊക്കെ വിനുവിനോട് കൂടുതല്‍ ചേരുന്നതായിരുന്നു. പൃഥ്വിരാജും അതിനോട് യോജിക്കുകയായിരുന്നു.

ഗുരുവായൂരമ്പലനടയിൽ സിനിമയിൽ നിന്നും
ഗുരുവായൂരമ്പലനടയിൽ സിനിമയിൽ നിന്നും

ബേസിലും രാജുവേട്ടനും നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തികളാണ്. രണ്ടും രസകരമായ കഥാപാത്രങ്ങളുമാണ്. അളിയന്‍-അളിയന്‍ കോംബോ നമ്മള്‍ അധികം കേട്ടിട്ടുമില്ലല്ലോ. ഇത്രയധികം സൗഹാര്‍ദ്ദപരമായി. വിപിന്‍ ചേട്ടന്‍ അവരെ വിഷ്വലൈസ് ചെയ്തതും നല്ല രീതിക്കാണ്. അത് അദ്ദേഹം മനസ്സില്‍ കണ്ടതിനേക്കാളും പിന്നീട് ഞങ്ങള്‍ പറഞ്ഞതിനേക്കാളും ഭംഗിയായി സ്‌ക്രീനില്‍ അവര്‍ അവതരിപ്പിക്കാനായി എന്നാണ് കരുതുന്നത്. 

കഥ വരുന്ന വരവ്

എന്റെ കഥാപാത്രങ്ങളും അവരുടെ ഡയലോഗുമെല്ലാം യഥാര്‍ഥ ജീവിതത്തില്‍ നിന്നു കിട്ടുന്നതാണ്. സാധാരണക്കാരുടെ അതിലും സാധാരണമായ ജീവിതമാണ് എന്നും ആകര്‍ഷിച്ചിട്ടുള്ളത്. അവര്‍ക്കു ചുറ്റും എണ്ണിയാലൊടുങ്ങാത്ത കഥകളുമുണ്ട്. ആദ്യ കാലത്ത് അങ്ങനെ രസകരമായി തോന്നുന്ന ഡയലോഗുകള്‍, പേരുകള്‍, സന്ദര്‍ഭങ്ങളൊക്കെ മനസ്സില്‍ കയറിക്കൂടും. അത് അവിടെ ഭദ്രമായിരിക്കും. പക്ഷേ പിന്നീട് എഴുത്ത് കൂടുതല്‍ സീരിയസായി എടുത്ത‌ു തുടങ്ങിയ കാലത്ത് അതൊക്കെ എഴുതി വയ്ക്കാന്‍ തുടങ്ങി. അതു പിന്നീട് പല സിനിമകളിലും ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ എല്ലാ കഥാപാത്രങ്ങളും അവരുടെ പേരും ഡയലോഗുമെല്ലാം എനിക്ക് ചുറ്റും വരുന്ന മനുഷ്യരില്‍ നിന്ന് കിട്ടുന്നതാണ്. സിനിമയുടെ ഭാഷയിലേക്ക് അത് മാറ്റുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നു മാത്രം.

writer-deep-pradeep
ദീപു പ്രദീപ് (Photo: Special Arrangement)

പേപ്പറില്‍ എഴുതാനെളുപ്പം

ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ ക്ലൈമാക്‌സ് തന്നെയാണ് അതിന്റെ ഹൈലൈറ്റ്. സെറ്റില്‍ 22 ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് പൂര്‍ത്തീകരിച്ചത്. മൊത്തം പ്രൊഡക്ഷന്‍ യൂണിറ്റിന്റെ മികവാണത്. പേപ്പറില്‍ എഴുതി വയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ അതു പ്രാവര്‍ത്തികമാക്കാന്‍ നല്ല ടീം വര്‍ക്ക് വേണം. കയ്യില്‍ നിന്നു പോകാതെ ചെയ്തില്ലെങ്കില്‍ അയ്യേ എന്നു തോന്നും. ഇത്രയും ദിവസം ഇതിനു പിറകേ ആയിരുന്നോണ്ട് കുറേ ഡയലോഗുകളൊക്കെ ഷൂട്ടിങിനിടയില്‍ വന്നതാണ്. കല്യാണം മുടക്കാന്‍ വരുന്ന ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ കൃത്യവും രസകരവുമായിരിക്കണം. അതുപോലെ എഴുതി വച്ചിരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഷൂട്ടിങ്. ഒത്തിരി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വേണ്ടി വന്നു. പ്രൊഡക്ഷന്‍ യൂണിറ്റ് നന്നായി പണിയെടുത്തു ക്ലൈമാക്‌സില്‍. സെറ്റിനൊക്കെ അത്രമാത്രം ഒറിജിനാലിറ്റി തോന്നുന്നത് അത്രയും പ്ലാനിങില്‍ ചെയ്തിട്ടാണ്.

രണ്ടാള്‍ക്കും ഉളളതുണ്ട്

എഴുതാനിരിക്കുമ്പോള്‍ ഒരിക്കലും മുന്‍ധാരണകളോടെ ഇരുന്നിട്ടില്ല. അങ്ങനെ ചെയ്യാനാകില്ലല്ലോ. ഇതിലെ രണ്ടു നായികമാര്‍ക്കും കഥ ആവശ്യപ്പെടുന്ന ഡയലോഗുകള്‍ ഉണ്ട്. അവരുടെ നോട്ടങ്ങളും ആക്ഷനുകൾ പോലും സിനിമയില്‍ പ്രാധാന്യമുള്ളതാണല്ലോ. രണ്ടു പേര്‍ക്കും ഒരേ സ്‌പേസാണ് സിനിമയിലുള്ളത്. ഇതിനു മുന്‍പ് തിരക്കഥയെഴുതിയ പദ്മിനിയില്‍ നായകന് ഡയലോഗ് കുറവായിരുന്നു. ഒരു ത്രഡ് കിട്ടി കഥയിലേക്കും തിരക്കഥയിലേക്കും കടന്നാല്‍ പിന്നീട് പ്രാധാന്യം സിനിമയ്ക്കാണ്. ആര്‍ക്കു ഡയലോഗ് കൂട്ടണം, ആർക്കു കുറയ്ക്കണം അങ്ങനെ ചിന്തിച്ചെഴുതാനാകില്ല.

കോമഡികളും മലയാളികളും വേറെ ലെവല്‍

മലയാളികള്‍ക്കിടയില്‍ ഹാസ്യ ചിത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും പ്രത്യേക സ്ഥാനമാണുള്ളത്. വേറെ ക്ലാസ് എന്നു പറയാവുന്ന ഒരു കൂട്ടം കാഴ്ചക്കാര്‍ തന്നെ മലയാളികള്‍ക്കിടയിലുണ്ട്. ജഗദീഷേട്ടനും ബൈജു ചേട്ടനുമൊക്കെ അവരുടെ മനസ്സില്‍ പതിഞ്ഞ അഭിനേതാക്കളാണ്. പക്ഷേ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്, പുതിയ ഡയലോഗുകള്‍ ആണെങ്കിലും നമ്മള്‍ നിത്യേന കേള്‍ക്കുന്നതാണെങ്കിലും അത് എപ്പോള്‍ എവിടെ എങ്ങനെയാണ് സിനിമയില്‍ പ്ലേസ് ചെയ്യുന്നത് എന്നതിന് വലിയ പ്രാധാന്യമുണ്ട്. അതില്‍ വിജയിച്ചാല്‍ പൊതുവെ ചിരിപ്പിക്കാന്‍ പാടുള്ള മലയാളികളൊക്കെ അതില്‍ വീഴും. ക്ലീഷേ ആണോ ഇല്ലയോ എന്നതൊന്നുമില്ല ഡയലോഗുകള്‍ക്കിടയില്‍. ഒരു സിനിമയില്‍ മലയാള പ്രേക്ഷകര്‍ ചിരിച്ചു തുടങ്ങിയാല്‍ പിന്നെ കുഴപ്പമില്ല. കണ്ടു ശീലിച്ചതും കേട്ടു പഴകിയതുമൊക്കെ കുറച്ചൂടി മിനുക്കിയെടുത്ത് പുതിയ രീതിയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്നു കാണാന്‍ എനിക്കും കൗതുകമുണ്ട്. അത്യാവശ്യം നിലവാരം എല്ലാത്തിനും വേണമെന്നു മാത്രം. 'ഞാനേ കണ്ടുള്ളൂ ഞാന്‍ മാത്രമേ കണ്ടുള്ളൂ' എന്ന ഡയലോഗൊക്കെ നിത്യ ജീവിതത്തില്‍ നമ്മള്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അതു വേറൊരു സാഹചര്യത്തില്‍ വന്നപ്പോള്‍ എല്ലാവരും ചിരിച്ചുവെന്നു മാത്രം.

അങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷം

പ്രിയദര്‍ശന്‍ സര്‍ കോമഡി സിനിമകളുടെ രാജാവാണ്. ഈ സിനിമയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ട്രോളുകള്‍ വരുന്നതും ആളുകള്‍ എഴുതുന്നതും കാണുമ്പോള്‍ സന്തോഷമാണ്. അമ്പരപ്പിച്ച ഡയറക്ടറാണ് പ്രിയദര്‍ശന്‍ സര്‍. അദ്ദേഹത്തിന്റെ സിനിമകള്‍ എക്കാലവും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഈ സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ഒരു പ്രിയദര്‍ശന്‍ സിനിമയായി തോന്നണം എന്നൊന്നും കരുതിയിരുന്നില്ല.

prithviraj-3

ഞാന്‍ എന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍

സിനിമയെ ക്ലംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ആയി മാത്രമാണ് ഞാന്‍ കാണുന്നത്. അതില്‍ ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ ആസ്വദിക്കാനുണ്ടാകണം. ആളുകളുടെ മനസ്സ് മാറ്റുന്ന സന്ദേശം അതില്‍ വേണമെന്നുള്ള നിര്‍ബന്ധമൊന്നും എനിക്കില്ല. കാണുന്ന പ്രേക്ഷകരെയെല്ലാം സ്വാധീനിക്കുന്ന സിനിമ എന്നൊന്നുണ്ടാകില്ലല്ലോ. ഓരോ മനുഷ്യരും സിനിമയെ സമീപിക്കുന്നതു തന്നെ ഓരോ രീതിയിലാണ്. മനുഷ്യരെ സന്ദേശം കൊടുത്ത് സിനിമ മാറ്റുന്നതിനേക്കാള്‍ നന്നായിട്ട് അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്കോ പുസ്തകങ്ങള്‍ക്കോ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. സന്ദേശം എന്നതിലൂന്നി സിനിമയെടുക്കുന്നത് ഒരു ബോറാണ്. സിനിമയ്ക്ക് എത്രയോ മനോഹരമായ സ്‌പേസ് വേറെയുണ്ട്. 

മലയാളത്തില്‍ എല്ലാക്കാലത്തും തിരക്കഥാകൃത്തുക്കള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. നല്ല കാമ്പുള്ള എഴുത്തിന് സിനിമയിലും സാഹിത്യത്തിലും വായനക്കാരുണ്ട്. പക്ഷേ, സിനിമയില്‍ എഴുത്തുകാര്‍ക്ക് ഒരുപാടു നാള്‍ കാത്തിരിക്കേണ്ടി വരും അതൊന്ന് സ്‌ക്രീനിലെത്തി കാണാന്‍. എഴുത്ത് സിനിമയാക്കുക വലിയ കടമ്പയാണ്. 

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നത്. ഓരോ പ്രേക്ഷകരുടെയും വ്യക്തിപരമായ താല്‍പര്യമാണ് സിനിമയെ ഇഷ്ടപ്പെടുന്നതും അല്ലാതിരിക്കുന്നതും. ഈ സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ. ചിലര്‍ക്ക് ആദ്യ പകുതിയാണ് ഇഷ്ടപ്പെടുന്നത്. മറ്റു ചിലര്‍ക്ക് രണ്ടാം പകുതി. ചിലര്‍ക്ക് ലാഗ് ആയി തോന്നും. അതൊക്കെ കാണുന്ന പ്രേക്ഷകരുടെ അഭിപ്രായമാണ്. പൊതുവില്‍ ഒരു അഭിപ്രായം ഇക്കാര്യത്തില്‍ പറയാനാകുന്നില്ല.

prithviraj-33

എന്നെ എഴുത്തുകാരനാക്കിയത്

കഥകളോട് എന്നും ഇഷ്ടമായിരുന്നു. എഴുതാനൊരു കഴിവുണ്ടെന്ന് ചെറുപ്പത്തിലേ മനസ്സിലായിരുന്നു. 2007ല്‍ ആണ് ബ്ലോഗ് തുടങ്ങുന്നത്. ബ്ലോഗില്‍ എഴുതുമ്പോള്‍ വായിക്കുന്നവരുടെ പ്രതികരണം അപ്പോള്‍ തന്നെ അറിയാനാകുമല്ലോ. അങ്ങനെ വായിച്ചവര്‍ പറഞ്ഞ അഭിപ്രായങ്ങളും പങ്കിട്ട ഇഷ്ടങ്ങളും അഭിപ്രായങ്ങളുമാണ് എഴുത്തിന് ഊര്‍ജ്ജമായതും. അവരുടെ വായന പിന്നെയും എഴുതാന്‍ പ്രേരിപ്പിച്ചു. സോഷ്യല്‍ മീഡിയ കൂടി വന്നതോടെ അത് കുറച്ചു കൂടി വലിയൊരു കൂട്ടത്തിലേക്കെത്തി. അങ്ങനെയൊക്കെ എഴുതിയ ഒരു കൂട്ടം കഥകളാണ് പേരില്ലൂര്‍ എന്ന സീരീസ് ആയതും. എനിക്ക് കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും രസകരം എന്നു തോന്നുന്നതാണ് പിന്നീട് എഴുതുന്നതും.

English Summary:

Behind the scenes with Deepu Pradeep: How real-life weddings inspired the hilarious narrative of the hit Malayalam film Guruvayoorambalanadail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com