സംഗീതത്തിൽ ഉപരിപഠനത്തിനു വേണ്ടി വിദേശത്തേക്കു യാത്ര തിരിച്ച് ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന. ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിലിയാണ് പ്രാർഥന ബിരുദത്തിനു ചേർന്നത്. വളരെ വൈകാരികമായ ഒരു യാത്രയയപ്പാണ് പൂർണിമയും ഇന്ദ്രജിത്തും മകൾക്കായി ഒരുക്കിയത്. ‘ഇതാ, രാപ്പാടി ഞങ്ങളുടെ കൂട്ടിൽനിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’ – മകളെ വിമാനത്താവളത്തിൽ യാത്രയാക്കുന്ന വിഡിയോ പങ്കുവച്ച് പൂർണിമ കുറിച്ചു.
മോഹന്‍ലാൽ ചിത്രം റാം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലുള്ള ഇന്ദ്രജിത്ത് മകളെ വരവേൽക്കാൻ യുകെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ‘‘പാത്തു, ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’’ - മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു.
രണ്ടുമക്കളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും– പ്രാർഥനയും നക്ഷത്രയും. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാർഥന പാടിയിട്ടുണ്ട്. ഹിന്ദിയിലും ഗായികയായി പ്രാർഥന അരങ്ങേറ്റം കുറിച്ചിരുന്നു. ഹെലൻ സിനിമയിലെ ‘താരാപഥമാകേ’ എന്ന ഗാനത്തിന് സൈമ അവാർഡിൽ മലയാളത്തിൽനിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം പ്രാർഥന സ്വന്തമാക്കിയിരുന്നു.