ADVERTISEMENT

തട്ടിപ്പ് കേസിൽ അറസ്റ്റിലായി എന്ന വാർത്തയുടെ നിജസ്ഥിതി വിശദീകരിച്ച് നടൻ ബാബുരാജ്. താന്‍ തട്ടിപ്പുകേസിൽ അറസ്റ്റിലായി എന്ന വാർത്ത തെറ്റാണെന്നും അരുൺ എന്നയാളുടെ സ്വകാര്യ പരാതിയിൽ കോടതി എടുത്ത കേസ് ആണ് തന്റേതെന്നും ബാബുരാജ് പറയുന്നു. ‘‘പരാതിക്കാരൻ അരുൺ കൊടുത്ത സ്വകാര്യ കേസിൽ ജാമ്യം എടുക്കാൻ കോടതി നിർദേശിച്ചതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ പോയതാണ്. അത് നിയമപരമായ ഒരു നടപടി മാത്രമാണ്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമെടുത്ത് അന്ന് തന്നെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പട്ടയമില്ലാത്ത ഭൂമി പാട്ടത്തിനു കൊടുത്തു ചതിച്ചു എന്ന് പരാതിക്കാരൻ പറയുന്നത് വാസ്തവമല്ല.’’–ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

 

baburaj-case-3

‘‘2002 ൽ നാല് വ്യക്തികളുടെ കയ്യിൽ നിന്ന് വാങ്ങിയതാണ് മൂന്നാറിലെ എന്റെ റിസോർട് ഇരിക്കുന്ന നാല് ഏക്കർ സ്ഥലം. അതിനകത്തുള്ള 50 സെന്റ് സ്ഥലത്തിന് മാത്രമാണ് പട്ടയമില്ലാത്തത്. അത് എന്റെ ഭൂമിയിൽ പെട്ട ഒരു സ്ഥലമാണ്. ശരിക്കു പറഞ്ഞാൽ എന്റെ സ്ഥലത്തിന് ചുറ്റുമിരിക്കുന്ന പല പ്രോപ്പർട്ടിക്കും അവിടെ പട്ടയമില്ല. പണ്ട് നാൽപതുകളിലും അൻപതുകളിലും വന്നു താമസമായ ആൾക്കാരാണ്. ഞാൻ സ്ഥലം വാങ്ങിയപ്പോൾ നാലഞ്ച് വീടുകളുണ്ടായിരുന്നു.  എന്റെ പല സിനിമാ സുഹൃത്തുക്കളും ആ സ്ഥലത്ത് വന്ന് കഥ എഴുതാനിരുന്നിട്ടുണ്ട്. കാണാൻ മനോഹരമായ സ്ഥലമാണ്. അങ്ങനെയാണ് നാലഞ്ചു കെട്ിടടങ്ങൾ കൂടി പണിതിട്ട് ഞാൻ ആ സ്ഥലം റിസോർട്ടിനായി വാടകയ്ക്ക് കൊടുത്തത്. ആ സ്ഥലത്തിന് ലൈസൻസും പൊല്യൂഷനും മറ്റ് എല്ലാ രേഖകളും ഉണ്ട്.  2016, 17, 18  കാലഘട്ടങ്ങളിൽ പരാതിക്കാരനായ അരുണും അയാളുടെ പാർട്ട്ണറും ചേർന്ന് ഈ റിസോർട്ട് വാടകയ്ക്ക് എടുത്ത് നടത്തിയതാണ്.  അതിനു ശേഷം അവർ തമ്മിൽ തെറ്റി പിരിഞ്ഞ സമയത്ത് ഞാൻ ഇവരുടെ അഡ്വാൻസ് ആയ 70 ലക്ഷം രൂപ തിരിച്ചു കൊടുത്തു പറഞ്ഞുവിട്ടതുമാണ്. 

baburaj-document

 

baburaj-case-6
ഭൂമി പുറമ്പോക്ക് അല്ല എന്നുള്ള ഉത്തരവ്

അതിനു ശേഷം പരാതിക്കാരൻ, ‘‘റിസോർട് ഞാൻ ഒറ്റക്ക് നടത്തിക്കോട്ടെ’’ എന്ന് ചോദിച്ച് എന്റെ അടുത്തെത്തി. 35 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ഞാൻ അയാൾക്ക് വീണ്ടും റിസോർട്ട് വാടകയ്ക്ക് കൊടുത്തു. പക്ഷേ കൊറോണ വന്ന സമയത്ത് പതിനൊന്ന് മാസം റിസോർട് പൂട്ടി ഇട്ടു. ഞാൻ ചെന്നപ്പോൾ വാതിലടക്കം പലതും പൊളിഞ്ഞു വീണ അവസ്ഥയിലാണ്. അത്രയും നാശനഷ്ടങ്ങൾ ഇയാൾ അവിടെ ഉണ്ടാക്കി.  ഈ പതിനൊന്ന് മാസത്തെ വാടകയും ഇയാൾ എനിക്ക് തന്നിട്ടില്ല. ഞാൻ തൊടുപുഴ കൊമേഴ്‌സ്യൽ കോടതിയിൽ പോയി ഓർഡർ എടുത്ത് ഇയാളെ അവിടെ നിന്ന് പുറത്താക്കി. അതിനു ശേഷം ഇയാൾ 35 ലക്ഷം രൂപ തിരിച്ചുവേണം എന്നുപറഞ്ഞ് പല പ്രാവശ്യം എന്റെ അടുത്ത് വന്നു. ഞാൻ പറഞ്ഞു, ‘‘മറ്റൊരാൾ റിസോർട് വാടകയ്ക്ക് എടുക്കുമ്പോൾ ഞാൻ പകുതി പണം നിങ്ങൾക്ക് തരാം. കാരണം നിങ്ങൾ റിസോർട് എടുത്തിട്ട് വാടകയും തരാതെ പോയിട്ട് അതിന്റെ നഷ്ടം മുഴുവൻ ഞാൻ സഹിക്കേണ്ടല്ലോ , പകുതി നഷ്ടം നിങ്ങളും സഹിക്കണം’’. ഇതാണ് തർക്കത്തിന്റെ തുടക്കം. ഇയാൾ ഈ പണം കിട്ടാൻ ഒരു സ്വകാര്യ പരാതി മജിസ്‌ട്രേറ്റിനു കൊടുത്തു.  

 

പട്ടയം ഇല്ലാത്ത സ്ഥലം കൊടുത്തു കബളിപ്പിച്ചു എന്നാണു അയാൾ പരാതി കൊടുത്തത്. മുഴുവൻ സ്ഥലത്തും കൂടിയാണ് റിസോർട് ഇരിക്കുന്നത്. പട്ടയം ഇല്ലാത്ത ഭൂമി അവിടെ ഉണ്ടെന്നേ ഉള്ളൂ. അയാൾ പരാതി കൊടുത്തത് പട്ടയം ഇല്ലാത്തതുകൊണ്ട് ജിഎസ്ടി എടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല എന്നാണ്. പക്ഷേ അത് നുണയാണ്, കാരണം ഈ സ്ഥലത്തു തന്നെ രണ്ടു വർഷം അയാൾ റിസോർട് നടത്തിയതാണ്. ഞാൻ ഒരു സിനിമാ നടൻ ആയതുകൊണ്ട് ഇയാൾ കുറേപ്പേരെ കൂട്ടി എന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ തുടങ്ങി.  2016 മുതൽ ഇയാൾ റിസോർട് നടത്തിയപ്പോൾ ടാക്സ് അടച്ചിട്ടില്ല. ഇയാൾ അടക്കാത്ത സെയ്ൽ ടാക്സിന് ഫൈൻ ആയി 50 ലക്ഷം രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടീസ് പതിച്ചത് എന്റെ വീട്ടിലാണ്.  ഇയാളുടെ കോതമംഗലത്തുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് ഒന്നര കോടിയുടെ കച്ചവടം നടന്നിരിക്കുന്നത്. അതിന്റെ ടാക്സ് ആണ് 50 ലക്ഷം അടക്കാനുള്ളത്.  രണ്ടുപ്രാവശ്യം വീട് ജപ്തി ചെയ്യാൻ ആള് വന്നു.  ഈ രണ്ടു കേസും നില നിൽക്കുമ്പോൾ ഹൈക്കോടതിയിൽ ഇയാളെ ഒരു നെഗോസിയേഷന് വിളിച്ചു.  ഞാൻ പറഞ്ഞു നിങ്ങൾ ആ ടാക്സ് അടച്ച് എന്റെ വീട് ജപ്തിയിൽ നിന്ന് ഒഴിവാക്ക് നിങ്ങളുടെ പണം ഞാൻ തിരികെ തരാം. അപ്പോൾ അയാൾ അടക്കില്ല എന്ന് പറഞ്ഞു. അയാളുടെ വിചാരം ഞാൻ ഒരു സിനിമാ നടൻ ആയതുകൊണ്ട് നാണക്കേട് പേടിച്ച് മുഴുവൻ തുകയും അടയ്ക്കും എന്നാണ്. പക്ഷേ ഈ റിസോർട് എനിക്ക് വെറുതെ കിട്ടിയതല്ല.  ഞാൻ പണ്ട് മുതലേ കഷ്ടപ്പെട്ട് ഇടി കൊണ്ട് അഭിനയിച്ച് കിട്ടുന്ന പതിനായിരവും ഇരുപത്തിനായിരവും ചേർത്ത് വച്ച് വാങ്ങിയതാണ്. എന്നെ സംബന്ധിച്ച് 90 ലക്ഷം രൂപ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് ഇയാൾ കൊടുത്ത കള്ളക്കേസിന് ഞാൻ വഴങ്ങാൻ പോകുന്നില്ല. ഈ കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.  

 

ഇപ്പോൾ ഇയാൾ കൊടുത്ത സ്വകാര്യ കേസിൽ ജാമ്യം എടുക്കാൻ ഞാൻ ഹൈക്കോടതിയിൽ പോയതാണ്.  ഈ കേസിന്റെ എഫ്ഐആർ ക്വാഷ് ചെയ്യാനുള്ള നടപടി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യമേ കേസ്കൊടുത്ത് ഇയാളെ പുറത്താക്കിയതാണ്, അതുകൊണ്ടു ഈ എഫ്ഐആർ നിലനിൽക്കില്ല.  കോടതിയിൽ ജാമ്യം എടുക്കാൻ പോയപ്പോൾ കോടതി നിർദേശിച്ചത് പൊലീസ് സ്റ്റേഷനിൽ പോയി അവർക്ക് അറസ്റ്റ് ചെയ്യണമെങ്കിൽ മാത്രം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം എടുക്കുക.  ഇതായിരുന്നു ഹൈക്കോടതിയുടെ ഓർഡർ. അതിനാണ് ഞാൻ അറസ്റ്റ് രേഖപ്പെടുത്താൻ  പോയത്. അല്ലാതെ സിനിമയിൽ കാണുന്നതുപോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തു പോവുകയല്ല ഉണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമെടുത്ത് ഞാൻ ഉച്ചക്ക് ശേഷം തന്നെ വീട്ടിൽ പോയി. അതിനാണ് ബാബുരാജ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ എന്നൊക്കെ മാധ്യമങ്ങൾ വാർത്ത കൊടുത്തത്.  

 

ഇതൊരു സ്വകാര്യ പരാതിയാണ്, പൊലീസ് എടുത്ത കേസ് അല്ല. അത് ഹൈക്കോടതിയുടെ ഓർഡറിലും ഉണ്ട്. ഇയാൾ എന്റെ മുഴുവൻ സ്ഥലത്തിനും പട്ടയം ഇല്ല എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്റെ ഭൂമിയിൽ 50 സെന്റിന് മാത്രമേ പട്ടയം ഇല്ലാതുള്ളൂ. അയാൾ ടാക്സ് അടക്കാത്തതിന് എന്റെ വീട്ടിൽ ഒട്ടിച്ച ജപ്തി നോട്ടീസ്, കോടതിയുടെ ഓർഡർ, ഞാൻ തൊടുപുഴ കോടതിയിൽ നിന്ന് ഇയാളെ പുറത്താക്കാൻ വാങ്ങിയ ഓർഡർ എല്ലാം പൊതുജനങ്ങളെ കാണിക്കുകയാണ്. എന്റെ സ്ഥലം പുറമ്പോക്ക് അല്ല എന്ന കോടതിയുടെ വിധി ന്യായവും ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്. ഇതിൽ കാണിച്ചിരിക്കുന്ന ലൂമിനോ വൈറ്റ് മിസ്റ്റ് എന്നതാണ് അയാളുടെ സ്ഥാപനം. ജപ്തി നോട്ടീസിൽ അത് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പരിശോധിക്കാവുന്നതാണ്. എന്റെ ആകെ ഉള്ള സമ്പാദ്യം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല. 90 ലക്ഷം രൂപ ഉണ്ടാക്കാൻ ഞാൻ പെട്ടപാട് എനിക്കറിയാം. അത് ആർക്കും വെറുതെ വിട്ടുകൊടുക്കാൻ കഴിയില്ല. സത്യം എന്റെ ഭാഗത്തായതുകൊണ്ടു വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’–ബാബുരാജ് പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com