‘പഠാൻ’ ആയിരം കോടി ക്ലബ്ബിൽ; കിരീടം തിരിച്ചുപിടിച്ച് കിങ് ഖാൻ
Mail This Article
റിലീസ് ചെയ്ത് 27ാം ദിവസം ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഷാറുഖ് ഖാൻ ചിത്രം പഠാൻ. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെജിഎഎഫ് ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍, ആമിർ ഖാന്റെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ. ഇന്ത്യയിൽ നിന്നു മാത്രം പഠാൻ വാരിയത് 620 കോടിയാണ്. ഓവർസീസ് കലക്‌ഷൻ 380 കോടിയും.
ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം 106 കോടിയോളമാണ് നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 57 കോടിയായിരുന്നു കലക്‌ഷൻ. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കലക്‌ഷൻ കൂടിയായിരുന്നു ഇത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടിയത്.
പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാൻ’ മാറി. ആമിർ ഖാൻ ചിത്രം ‘ദങ്കലി’ന്റെ റെക്കോർഡ് ആണ് പഠാൻ തകർത്തത്. ചിത്രം ഇതുവരെ 15.85 കോടിയാണ് കേരളത്തിൽ നിന്നും വാരിക്കൂട്ടിയത്. മലബാർ മേഖലയിൽ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.