ADVERTISEMENT

തുറമുഖം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഫോർട്ടുകൊച്ചിക്കാരനായ ജേക്കബ് ജോജു അക്കാര്യം അധികമാരോടും പറഞ്ഞില്ല. 'സിനിമ വരട്ടെ... അതിലൂടെ അറിയട്ടെ' എന്നു കണക്കുക്കൂട്ടിയിരുന്ന ജേക്കബിന് ഒടുവിൽ നിരാശനാകേണ്ടി വന്നു. കാരണം, സിനിമയിൽ ആരും ജേക്കബിനെ കണ്ടില്ല... കണ്ടതും അനുഭവിച്ചതും പിപ്പ്ലി പൊലീസ് എന്ന കഥാപാത്രത്തെയായിരുന്നു. എന്തായാലും സിനിമയ്ക്കു വേണ്ടി എടുത്ത പ്രയത്നങ്ങൾ ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ജേക്കബ് ജോജു എന്ന പുതുമുഖ നടൻ. 

 

jacob-joju-2

"എന്നെ പിപ്പ്ലി പൊലീസ് ആക്കി മാറ്റിയെടുക്കാമെന്ന് വിശ്വസിച്ചത് നാലേ നാലു പേരാണ്. രാജീവ് രവി, കാസ്റ്റിങ് ഡയറക്ടർ സുനിത, എഡിറ്റർ ബി. അജിത് കുമാർ, പിന്നെ തിരക്കഥാകൃത്ത് ഗോപൻ ചിദംബരം. ഈ നാലുപേരുടെ വിശ്വാസമാണ് എന്നെ ആ കഥാപാത്രമാക്കിയത്. പിന്നെ, റോണക്സ് സേവ്യറുടെ മേക്കപ്പും," ജേക്കബ് ജോജു പറയുന്നു. 

 

ഓഡിഷൻ വഴിയാണ് സിനിമയിൽ അവസരം ലഭിച്ചത്. അതിനു മുമ്പ് രാജീവ് രവി ചെയ്ത പല സിനിമകളുടെയും ഓഡിഷനിൽ ഞാൻ പോയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു പൊലീസ് കഥാപാത്രമുണ്ടെന്നു പറഞ്ഞെങ്കിലും ഇത്ര വലിയ വേഷമാണെന്ന് അറിഞ്ഞിരുന്നില്ല, ജേക്കബ് തുറമുഖത്തിലേക്കുള്ള തന്റെ വഴികൾ ഓർത്തെടുത്തു.  

 

ഞാൻ‌ സ്ഥിരമായി ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഈ കഥാപാത്രത്തിനു വേണ്ടി അതു നിറുത്തി. പൊതുവെ തടിക്കുന്ന ശരീരമാണ് എന്റേത്. വർക്കൗട്ട് നിറുത്തിയപ്പോൾ തടി നന്നായി വയ്ക്കാൻ തുടങ്ങി. ഈ കഥാപാത്രത്തിന് കുടവയറൊക്കെ വേണമെന്ന് തിരക്കഥാകൃത്ത് ഗോപേട്ടൻ (ഗോപൻ ചിദംബരം) പറഞ്ഞിരുന്നു. അന്നത്തെ കാലത്ത് ആഡംബര ജീവിതത്തിന്റെ അടയാളമായിരുന്നു കുട വയർ. കഞ്ഞി കുടിക്കാൻ പോലും വകയില്ലാത്ത പട്ടിണിപാവങ്ങളാണല്ലോ ചുറ്റിലും. അതുകൊണ്ട് ഫിറ്റായ ഒരു ശരീരം ഈ കഥാപാത്രത്തിനു വേണ്ടെന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് 22 കിലോ ശരീരഭാരം കൂട്ടിയത്, ജേക്കബ് പറഞ്ഞു. 

 

നല്ലപോലെ ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്ന വ്യക്തി പെട്ടെന്ന് തടി വയ്ക്കാൻ തുടങ്ങുമ്പോൾ ആളുകൾ അതിനെക്കുറിച്ച് ചോദിക്കുന്നത് സ്വാഭാവികം. ഒന്നര വർഷത്തോളം ഷൂട്ട് നീണ്ടപ്പോൾ അത്രയും കാലം ഈ തടിയും നിലനിറുത്തേണ്ടി വന്നു. കോളജിലൊക്കെ പോകുമ്പോൾ കുട്ടികൾ ചോദിക്കും, 'മാഷെ തടി കൂടുന്നുണ്ടല്ലോ... വർക്കൗട്ട് ഒന്നും ചെയ്യുന്നില്ലേ' എന്ന്. ഞാൻ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയും. കാരണം, ഈ സിനിമയെക്കുറിച്ചോ വേഷത്തെക്കുറിച്ചോ പറയാൻ കഴിയുമായിരുന്നില്ലല്ലോ. എഡിറ്റിങ് ടേബിളിൽ എന്റെ കഥാപാത്രം ഒഴിവാക്കപ്പെട്ടാലോ എന്നൊരു ആശങ്കയും ഉണ്ടായിരുന്നു. അതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. സിനിമ ഇറങ്ങിയപ്പോൾ പലർക്കും ഞാനാണ് ആ കഥാപാത്രം ചെയ്തതെന്ന് മനസിലാകുന്നതു പോലുമുണ്ടായിരുന്നില്ല, ജേക്കബിന്റെ മുഖത്ത് പുഞ്ചിരി. 

 

സാധാരണക്കാർ തിരിച്ചറിയുന്നില്ലെങ്കിലും സിനിമാക്കാർ അന്വേഷിച്ചു വരുന്നുണ്ടെന്ന് ജേക്കബ് പറയുന്നു. എന്നാൽ,  നേരിൽ കാണുമ്പോൾ അവരും ഒന്നു സംശയിക്കും. കാരണം, സിനിമയിലെ ലുക്കും യഥാർഥ രൂപവും തമ്മിൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല. ജേക്കബിന്റെ കഥാപാത്രത്തിന്റെ വിജയം ശരിക്കും ആഘോഷിക്കുന്നത് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ്. ചങ്ങനാശേരി എസ്.ബി കോളജിലും പാലക്കാട് ലീഡ് കോളജ് ഓഫ് മാനേജ്മെന്റിലും അധ്യാപകനായിരുന്ന ജേക്കബിന് വലിയൊരു ശിഷ്യസമ്പത്തുണ്ട്. അവരുടെ സമൂഹമാധ്യമപേജുകളിൽ താരമാണ് ഇപ്പോൾ ജേക്കബ് ജോജു. കുസാറ്റിൽ ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി പ്രവർത്തിക്കുന്ന ജേക്കബിന് സിനിമയിൽ ഇനിയും വലിയ സ്വപ്നങ്ങളുണ്ട്. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ വൈവിധ്യമുള്ള വേഷങ്ങളിലൂടെ അറിയപ്പെടാനാണ് ജേക്കബിന്റെ ആഗ്രഹവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com