ADVERTISEMENT

മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി സുചിത്രയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കയിൽ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സുചിത്രയുടെ ഭർത്താവിനെയും മകളെയും ചിത്രങ്ങളിൽ കാണാം. ആരാധകരും നടിക്ക് ആശംസകൾ പറഞ്ഞ് രംഗത്തെത്തി. 

 

വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര വർഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസമാക്കിയിട്ടുള്ളത്. സിനിമയിൽ അഭിനയിച്ചിരുന്നെന്ന് ചിന്തിക്കുമ്പോൾ കഴിഞ്ഞ ജന്മത്തിൽ സംഭവിച്ച കാര്യം പോലെയാണ് തോന്നുന്നതെന്ന് സുചിത്ര മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.  തന്റെ സംസ്കാരത്തിലും ജീവിതരീതിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചെന്നാണ് താരം പറയുന്നത്.

 

‘‘സംഭവിച്ച കാര്യങ്ങൾ ഓർത്ത് വിഷമിക്കാൻ എനിക്ക് താത്പര്യമില്ല. എല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ ഞാനൊരു സ്റ്റാറായിരുന്നെങ്കിൽ എന്റെ ജീവിതം വേറെ രീതിയിലായിരിക്കും. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്’’. –താരം പറഞ്ഞു. മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കേണ്ടി പ്രാധാന്യം തനിക്ക് ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു. അതിൽ താൻ ആരെയും കുറ്റം പറയുന്നില്ലെന്നും, എല്ലാം വിധിയായി കാണാനാണ് തനിക്ക് ഇഷ്ടമെന്നും സുചിത്ര പറഞ്ഞു.

 

സുചിത്രയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

 

മിമിക്സ് പരേഡ് പോലുള്ള ഹാസ്യ ചിത്രങ്ങൾ വേണ്ടെന്നു വച്ച സമയത്തും ഇത്തരം ചിത്രങ്ങളുടെ വിജയം തന്നെ അവിടെ നിൽക്കുവാൻ പ്രേരിപ്പിച്ചെന്നും താരം പറയുന്നു. ബാലചന്ദ്രൻ മേനോൻ ചിത്രത്തിലൂടെയായിരിക്കണം സുചിത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റമെന്നാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത്. നായികയായില്ലെങ്കിലും മോനോൻ സാറിന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും സുചിത്ര പറഞ്ഞു.

 

പ്രിയദർശൻ സിനിമയിലൂടെയാണ് സുചിത്ര തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്ക്രീൻ ടെസ്റ്റിനിടയിൽ സംഭവിച്ച രസകരമായ സംഭവവും സുചിത്ര ഓർത്തെടുക്കുന്നുണ്ട്. ‘‘പി.സി. ശ്രീറാമായിരുന്നു അന്നത്തെ ക്യാമറാമാൻ. ഞാൻ അന്ന് നല്ല മേക്കപ്പൊക്കെയിട്ടാണ് ചെന്നത്. എന്നോട് മേക്കപ്പ് തുടച്ച ശേഷം വരാൻ പറഞ്ഞു. മുഴുവൻ മേക്കപ്പും പോകാൻ വേണ്ടി കുറച്ച് എണ്ണയും തന്നു. ഒരു പഴയ ഷർട്ടാണ് അണിയാൻ തന്നത്. വളരെ കാഷ്വലായിട്ടാണ് ഷോർട്ടുകളെല്ലാമെടുത്തത്. ഒടുവിൽ അത് എന്റെ ആദ്യ തമിഴ് സിനിമയായി മാറി. കാർത്തികായിരുന്നു ആ ചിത്രത്തിലെ നായകൻ.’’–സുചിത്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com