ADVERTISEMENT

സെറീനയുമായി വൈകാരികമായ അടുപ്പമുണ്ടെന്നും അതൊരിക്കലും ഗെയിം സ്ട്രാറ്റജി അല്ലായിരുന്നുവെന്നും വെളിപ്പെടുത്തി സാഗർ സൂര്യ.  ബിഗ് ബോസിലെ സഹ മത്സരാർഥിയായ സെറീനയുമായി സാഗറിനുണ്ടായിരുന്ന അടുപ്പം ഏറെ ചർച്ച ആയിരുന്നു.  പക്ഷേ ബിഗ് ബോസ് പത്ത് ആഴ്ച പിന്നിടുമ്പോൾ വളരെ അപ്രതീക്ഷിതമായിട്ടാണ് സാഗർ പുറത്തു പോയത്. ഒരു യഥാർഥ മനുഷ്യനായി നിൽക്കാനാണ് താൻ ശ്രമിച്ചതെന്നും സെറീനയുമായുണ്ടായിരുന്ന വൈകാരിക ബന്ധം ഗെയിം പ്ലാൻ ആയി കാണരുതെന്നും പുറത്തു വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സാഗർ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെത്തിയ സാഗര്‍ ഏറെ വൈകാരികമായാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചത്. സാഗറും സെറീനയും തമ്മിലുള്ള ബന്ധം ഗെയിമിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്നും ഇനി അവർ തമ്മിൽ യഥാർഥത്തിൽ ബന്ധമുണ്ടെങ്കിൽ ഭാവികാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും  സാഗറിന്റെ അച്ഛനും പ്രതികരിച്ചു.

 

‘‘ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന ഷോ ആണ് ബിഗ് ബോസ്. ഇപ്പോൾ ഞാൻ പുറത്താകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.  ഈ ഷോയിൽ പങ്കെടുത്തതിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് ഈ ഷോ ഭയങ്കര ഇഷ്ടമായിരുന്നു. അൻപതു ദിവസം അവിടെ നിന്നതോടെ ഞാൻ കപ്പടിച്ചതായാണ് ഞാൻ വിശ്വസിക്കുന്നത്. ഗെയിം അടിപൊളി ആയി കളിച്ചു വരികയായിരുന്നു. ഇനിയും ഞാൻ അവിടെ നിൽക്കേണ്ട ഒരാളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ പുറത്തായതെന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ മനസ്സിൽ എന്നെക്കുറിച്ച് ഒരു വിലയുണ്ട്. ഇനിയും പോകെ പോകെ കൂടുതൽ വെറുപ്പ് സമ്പാദിക്കുന്നതിനേക്കാൾ നല്ലതാണ് ഇപ്പോൾ പുറത്തായതാണെന്ന് തോന്നുന്നു. ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  

 

എന്റെ ശരികളാണ് ഞാൻ അവിടെ കാണിച്ചത്. ആ ശരികൾ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടുകാണില്ല. പക്ഷേ സേഫ് ആയി കളിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു.  എനിക്ക് എന്നെത്തന്നെ ഒരുപാട് ഇഷ്ടം തോന്നുന്നു. മുൻപുള്ള കളികൾ കണ്ട് എന്റേതായ രീതിയിൽ ഒരു പഠനം നടത്തിയിട്ടുണ്ടായിരുന്നു, അതിന്റെ പിൻബലത്തിലാണ് ഞാൻ കളിച്ചുകൊണ്ടിരുന്നത്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല.  പക്ഷേ ഞാൻ ഇപ്പോൾ സംസാരിക്കുന്നതും അവിടെ  സംസാരിക്കുന്നതും ഒരുപാടു മാറ്റമുണ്ട്. ഒരു ഷോ ആകുമ്പോൾ നമ്മള്‍ തന്നെ ചാർജ് ചെയ്തു നിൽക്കണം, ആ രീതിയിൽ ആണ് ഞാൻ നിന്നത്.  

 

സെറീനയുമായി എനിക്ക് വൈകാരികയായി അടുപ്പമുണ്ട്. ആ കുട്ടിയുടെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ എനിക്കറിയാം, എന്റെ കാര്യങ്ങൾ ആ കുട്ടിക്കും അറിയാം. ആ കുട്ടിക്ക് അമ്മയോട് ഒരുപാട് അടുപ്പമുള്ള കുട്ടിയാണ്. ഞങ്ങളുടെ ബന്ധത്തെ പലരും വേറെ രീതിയിൽ ചിത്രീകരിക്കുന്നതായി അറിഞ്ഞു. ശരിക്കും എനിക്ക് സെറീനയോട് വൈകാരികമായി അടുപ്പമുണ്ട്, ഇല്ല എന്ന് പറയുന്നില്ല. അതിനെ ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞതും അറിഞ്ഞു. പക്ഷേ എനിക്ക് അങ്ങനെ കളിക്കേണ്ട കാര്യമില്ല. എന്റെ അമ്മയുടെ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ് ഞാൻ ബിഗ് ബോസിൽ പോയത്. അത് ഞാൻ നിറവേറ്റി.  എന്റെ സൗഹൃദം മറ്റുള്ളവർ മനസിലാക്കാത്തതിൽ വിഷമമുണ്ട്, പക്ഷേ എന്നോടൊപ്പം കട്ടക്ക് നിക്കുന്ന ഒരുപാട് കൂട്ടുകാർ ഇപ്പോഴുമുണ്ട്. ’’–സാഗർ സൂര്യ പറയുന്നു.

 

സെറീനയും സാഗറും തമ്മിലുള്ള പ്രണയം ഗെയിമിന്റെ ഭാഗമാണ് എന്നാണ് വിശ്വസിക്കുന്നതെന്ന് സാഗറിന്റെ അച്ഛൻ.  കഴിഞ്ഞ സീസണിൽ ആളുകൾ പ്രണയിച്ചു വിവാഹം കഴിച്ചു എന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണം എന്നില്ല.  ഇനിയിപ്പോൾ സാഗറും സെറീനയും ശരിക്കും പ്രണയത്തിൽ ആണെങ്കിൽ ഞങ്ങൾ അവരോടൊപ്പം എന്തിനും തയാറായി കൂടെ ഉണ്ടാകുമെന്നും സാഗറിന്റെ അച്ഛൻ പറഞ്ഞു. 

 

‘‘ഒരു ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ചു എന്ന് കരുതി അത് പ്രണയം ആണെന്ന് പറയാൻ പറ്റില്ലല്ലോ.  സാഗറിനെ ചേർത്ത് നാദിറ–സെറീന എന്നൊക്കെ പറയുന്നുണ്ട്.  അങ്ങനെ ഒന്നും ഇല്ല എന്നാണു എനിക്ക് തോന്നുന്നത്.  ഐ ലവ് യു എന്ന വാക്കിന് ഒരുപാട് അർഥങ്ങളുണ്ട്. അത് ജീവിത പങ്കാളിയോട് മാത്രം പറയുന്നതല്ല.  പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നതാണ്.  ദുബായിൽ കാണാം എന്ന് പറഞ്ഞത് ഷൂട്ടിന് പോകുമ്പോൾ പറ്റിയാൽ കാണാം എന്നായിരിക്കും. ദുബായിൽ സുഹൃത്തുക്കളും കസിൻസും ഒക്കെ ഉണ്ട് ആ കൂട്ടത്തിൽ സെറീനയെയും കാണാം എന്നെ അർഥമുള്ളൂ.  ഗെയിം ആണ് അവിടെ എന്തും സംഭവിക്കാം. ഫിസിക്കൽ ടാസ്ക് ഒക്കെ വളരെ ബുദ്ധിമുട്ട് ആയി വരികയാണ്.  അവനു അത്ര ആരോഗ്യം ഒന്നും ഇല്ലാത്ത ആളാണ്. കുഴപ്പമൊന്നും കൂടാതെ പുറത്തുവരണം എന്നായിരുന്നു ഞാൻ വിചാരിച്ചത്. സാഗർ സത്യസന്ധമായിട്ടാണ് കളിച്ചത് അത് മറ്റുള്ളവർ എങ്ങനെ എടുത്തു എന്ന് അറിയില്ല.  അവിടെ നടന്നത് ഗെയിം ആണ് അതിന്റെ പിന്നാലെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അവസരം വന്നപ്പോൾ അവർ തമ്മിൽ പലതും തുറന്നു പറഞ്ഞതായിരിക്കും. പഴയ കാലം പോലെ അല്ലല്ലോ.  ഇനിയിപ്പോൾ അവർ അങ്ങനെ തീരുമാനിക്കുന്നെങ്കിൽ ഞങ്ങൾ എന്തിനും തയാറാണ്.’’– സാഗറിന്റെ അച്ഛൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com