ADVERTISEMENT

മലയാള ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇംഗ്ലിഷിൽ വരുന്നു. 1984 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം കാലത്തിനൊത്ത മാറ്റങ്ങളുമായി പുതുതായി കൂട്ടിച്ചേർത്ത രണ്ടു രംഗങ്ങൾക്കൊപ്പമാണ് റീറിലീസിനു തയാറെടുക്കുന്നത്. ‘ഛോട്ടാ ചേതൻ 3D’ എന്ന പേരിലാണ് ചിത്രം വീണ്ടും ഒരുങ്ങുക. ഷെർലിൻ റഫീഖ് സംഭാഷണങ്ങൾ രചിക്കുന്നു. ലിഡിയൻ നാഗസ്വരം സംഗീതം നൽകിയ ചിത്രത്തിൽ രംഗനാഥ് രവി ആണ് സൗണ്ട് ഡിസൈൻ ചെയ്യുന്നത്. മലയാളത്തിന്റെ അഭിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ ഇംഗ്ലിഷ് പതിപ്പ് കാൻ ചലച്ചിത്ര മേളയിൽ വേൾഡ് പ്രിമിയർ ചെയ്യും.

ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ 1984 ലാണ് റിലീസ് ചെയ്തത്. ഒരു കൂട്ടം കുട്ടികളുടെ കൂട്ടുകാരനായി ഒരു കുട്ടിച്ചാത്തൻ എത്തുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഇതിവൃത്തം. ഒരു നിഗൂഢമായ നിധിയുടെയും അത് കാക്കുന്ന ഭൂതത്തിന്റെയും ക ഥപറയുന്ന ചിത്രമാണ് ഇത്. 1997 ൽ ഈ ചിത്രം പുനരാവിഷ്കരിച്ച് റീറിലീസ് ചെയ്തിരുന്നു. ഇതിൽ നടൻ കലാഭവൻ മണിയും ഉണ്ടായിരുന്നു. രണ്ടാമത്തെ റിലീസിൽ മലയാളത്തിലെ ആദ്യ ഡിടിഎസ് ചിത്രം എന്ന ക്രെഡിറ്റും ചിത്രം സ്വന്തമാക്കി.

ഛോട്ടാ ചേതൻ 3D എന്നപേരിൽ ഇറങ്ങുന്ന ഇംഗ്ലിഷ് പതിപ്പിൽ ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ നടക്കുന്ന ഒരു രംഗവും ബ്രിട്ടിഷ് ബംഗ്ലാവിൽ നടക്കുന്ന മറ്റൊരു ദൃശ്യവും പുതിയതായി ചേർത്തിട്ടുണ്ട്. ഇംഗ്ലിഷ് പതിപ്പിനുവേണ്ടി തെയ്യം ഷൂട്ട് ചെയ്യുന്ന ജിജോ പുന്നൂസിന്റെ വിഡിയോ കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഹ്മദ് ഗോൾച്ചിങ് (ഫാർസ് ഫിലിംസ്), നവോദയ അപ്പച്ചൻ എന്നിവർക്കായാണ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്.

ടെസ് ജോസഫും സംഘവുമാണ് ഇംഗ്ലിഷ് ഡബ്ബിങ് കൈകാര്യം ചെയ്യുന്നത്. ഗാനങ്ങൾക്ക് പിന്നിൽ രവിന്ദ് സംഘ, സയനോര, അൽഫോൺസ് എന്നിവരുമുണ്ട്. ഡ്രൂയിഡ് സീക്വൻസുകൾ (druid sequence & credit titles) അൽത്താഫ് ഹുസൈൻ, സെബിൻ തോമസ്, സ്റ്റെഫി സേവിയർ, അനീഷ് ചന്ദ്രൻ, പട്ടണം റഷീദ്, ജൈനുൽ ആബ്ദീൻ, സുരഭി, ആശിഷ് മിത്തൽ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. ജി. ബാലാജിയാണ് കളറിസ്റ്റ്.

ക്ലാസിക് സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ പുതിയ കാലത്തെ സാങ്കേതിക മികവോടെ വീണ്ടും കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹമാണ് ഇത്തരമൊരു ഉദ്യമത്തിന് കാരണം. എം. നജീബ്, സി.വി. സാരഥി, സുരേഷ് കാന്തൻ, എൻ.ജി. ജോൺ എന്നിവരാണ് ഈ ഉദ്യമത്തിന് പ്രചോദനമായത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ രണ്ടര കോടി കലക്‌ഷൻ നേടിയിരുന്നു. ഹിന്ദിയിലും തമിഴിലും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആണ് ഈ ചിത്രം നിർമിച്ചത്. കുട്ടിക്കൂട്ടുകാരും അവരുടെ പ്രിയപ്പെട്ട കുട്ടിച്ചാത്തനും സായിപ്പിന്റെ ഭാഷയിൽ അരങ്ങു തകർക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com