ADVERTISEMENT

സിനിമാതാരവും മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നത്. കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു ജീവിതം തുടങ്ങുന്ന വേളയിലാണ് താരത്തിന്റെ മരണവും എന്നതാണ് ഏറെ വേദനാജനകം.

 

വേദിയിൽ ചിരിയുടെ പൂരമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് പ്രേക്ഷകർ കേട്ടത്. 2020ൽ ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ ജീവിതത്തിൽ താൻ അനുഭവിച്ച വിഷമങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയുണ്ടായി.

 

‘‘ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.

 

രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.

 

രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

 

ചിരിക്ക് പിന്നിൽ വേദനകളുടെ ആ കാലം: അന്ന് സുധി പറഞ്ഞത്

 

എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.

 

ഞാൻ ജനിച്ചത് കൊച്ചിയിലായിരുന്നു. അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീട് ഞങ്ങൾ കൊല്ലത്ത് വന്നു. എനിക്ക് ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ്. അനിയൻ സുഭാഷ് മരിച്ചു.മിമിക്രിയിലേക്ക് വന്നിട്ട് 30 വർഷമായി. 16 –17 വയസ്സു മുതല്‍ തുടങ്ങിയതാണ്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിതിരിച്ചത്. അമ്മയ്ക്ക് ഞാൻ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് മുണ്ടയ്ക്കൽ വിനോദ്, ഷോബി തിലകൻ, രാജാ സാഹിബ്, ഷമ്മി തിലകൻ തുടങ്ങിയവരുടെയൊക്കെ ടീമിലാണ്. തുടക്കകാലത്ത് ഞാൻ കൂടുതൽ അനുകരിച്ചിരുന്നത് സുരേഷ് ഗോപി ചേട്ടനെയാണ്. പിന്നീട് ജഗദീഷേട്ടനെയും.

 

പിരിയുന്നതിനു മുൻപ് സുധി പറഞ്ഞു, ഒരുമിച്ചൊരു ഫോട്ടോ എടുക്കണം: വേദനയോടെ ടിനി ടോം

 

കോമഡി സ്റ്റാർസിൽ പങ്കെടുത്തെങ്കിലും എനിക്ക് വലിയ ശ്രദ്ധ നേടിത്തന്നത് മഴവില്‍ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’ ആണ്. അതിലെ സ്കിറ്റുകളെല്ലാം ഹിറ്റായിരുന്നു. ഞങ്ങൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചതും.ഇതിനോടകം 40 സിനിമ ചെയ്തു. പ്രദീപേട്ടന്റെ ‘ചെന്നൈക്കൂട്ട’മാണ് ആദ്യ സിനിമ. പിന്നീട് സ്റ്റാർ മാജിക്കിലൂടെയാണ് വീണ്ടും ചാനലിൽ സജീവമായത്. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു, പരിചയപ്പെടുന്നു, സെൽഫിയെടുക്കുന്നു...എല്ലാം വലിയ സന്തോഷം.’’–സുധി പറഞ്ഞു.

 

വനിതയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

 

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ സുധി എത്തിയിട്ടുണ്ട്.

 

English Summary: Kollam Sudhi about his personal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com