വിവാഹം ജയ്പൂർ കൊട്ടാരത്തിൽ; രക്ഷിതയെ ജീവിതസഖിയാക്കി നടൻ ശർവാനന്ദ്
Mail This Article
തെലുങ്ക് യുവതാരം ശർവാനന്ദ് വിവാഹിതനായി. രക്ഷിതയെയാണ് മുപ്പത്തിയൊൻപതുകാരനായ ശർവാനന്ദ് ജീവിത സഖിയാക്കിയാത്. ജയ്പൂരിലെ ലീല പാലസിൽ വച്ച് പ്രൗഢ ഗംഭീരമായാണ് വിവാഹചടങ്ങുകൾ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ രാം ചരണും കുടുംബവും വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ജൂൺ 9 ന് ഹൈദരാബാദിൽ വച്ച് റിസപ്ഷനും നടൻ ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിൽ ഐടി മേഖലയിലാണ് രക്ഷിത ജോലി ചെയ്യുന്നത്. സിനിമാ മേഖലയുമായി രക്ഷിതയ്ക്ക് ബന്ധമൊന്നുമില്ല. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദൻ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്.
രാഷ്ട്രീയ പ്രവർത്തകനായ ബോജ്ജല ഗോപാല കൃഷ്ണ റെഡ്ഡിയുടെ ചെറുമകൾ കൂടിയാണ് രക്ഷിത. കഴിഞ്ഞ ജനുവരി 26 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ശർവാനന്ദ് തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള തയാറെടുപ്പുകളിലാണിപ്പോൾ.
‘ശർവ 35’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം ആദിത്യയാണ്. ‘ഓക്കെ ഒക്ക ജീവിതം’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ‘ഐദോ തരീഖ്’ എന്ന ചിത്രത്തിലൂടെയാണ് ശർവാനന്ദ് സിനിമയിലെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന ചിത്രം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.