ADVERTISEMENT

സംഭാഷണത്തിലും കഥാപാത്ര പരിചരണത്തിലും എന്തിനു കഥാപാത്രങ്ങളുടെ പേരുകളിൽ പോലും കൗതുകവും വ്യത്യസ്തയും പരീക്ഷിച്ച സംവിധായകരാണ് സിദ്ദിഖ്-ലാൽ. സിദ്ദിഖ് ലാൽ സിനിമകളിലെ പല സംഭാഷണ ശകലങ്ങളും പിന്നീട് കൾട്ടായി മാറിയിട്ടുണ്ട്. ട്രോളുകളുടെയും മീമുകളുടെയും സോഷ്യൽ മീഡിയ കാലത്ത് അത്തരം സംഭാഷണങ്ങൾ വീണ്ടും വീണ്ടും ആഘോഷിക്കപ്പെടുകയും ചെയ്തു. മലയാളിയുടെ മനസ്സിൽ എന്നും ചിരിയും ചിന്തയും പടർത്തുന്ന അത്തരം ചില സംഭാഷണങ്ങളിലൂടെ.

 

 

ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)
ലാലും സിദ്ദിഖും (ഫയൽ ചിത്രം: മനോരമ)

ഹിന്ദി അറിയാതെ പോയി സൽമാനെവച്ച് 250 കോടി വാരിയ സിദ്ദിഖ്

 

സിദ്ദീഖ്–ലാൽ
സിദ്ദീഖ്–ലാൽ

റാംജി റാവു സ്പീക്കിങ്ങിലും മാന്നാർ മത്തായി സ്പീക്കിങ്ങിലും ടെലിഫോൺ ഒരു പ്രധാന കഥാപാത്രമാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ലാൻഡ് ഫോൺ. സ്മാർട് ഫോണുകളുടെ കാലത്ത് അഭിരമിക്കുന്ന പുതിയ കാലത്ത് ചിന്തിക്കാൻ കഴിയാത്ത കോമഡി സാധ്യതകളാണ് ലാൻഡ് ഫോണിനുണ്ടായിരുന്നത്. ഉർവ്വശി തിയറ്റേഴ്സിന്റെയും ഉറുമീസ് തമ്പാന്റെയും നമ്പറുകളിലേക്ക് തെറ്റി വന്ന ഫോൺ കോളുകളായിരുന്നു റാംജി റാവു സ്പീക്കിങ് എന്ന സിനിമയുടെ തന്നെ പ്രധാന പ്ലോട്ട്. കൽക്കട്ടയിൽ നിന്ന് വരുമ്പോൾ കമ്പിളി പുതപ്പ് വാങ്ങി കൊണ്ടുവരണം എന്നു പറയുന്ന മേറ്റ്റൻ ചേച്ചിയിൽ നിന്ന് രക്ഷപ്പെടാൻ ‘കേൾക്കുന്നില്ല കേൾക്കുന്നില്ല’ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുന്ന മുകേഷിന്റെ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ആർക്കാണ് മറക്കാൻ കഴിയുക? പിൽക്കാലത്ത് സൗഹൃദസദസ്സുകളിലും നിത്യജീവിതത്തിലും ട്രെൻഡായി മാറിയിരുന്നു കമ്പിളി പുതപ്പ് പ്രയോഗം. ചെവികൊടുക്കാൻ താൽപ്പര്യമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ കമ്പിളി പുതപ്പ് കമ്പിളി പുതപ്പെന്നു പറഞ്ഞ് തടി തപ്പുന്ന വിരുതൻമാർ നമ്മുക്കിടയിൽ തന്നെയുണ്ട്. 

 

ലാലും സിദ്ദിഖും (ഫയൽ ചിത്രം:)
ലാലും സിദ്ദിഖും (ഫയൽ ചിത്രം:)

ഉത്സവ കമ്മിറ്റി ഓഫിസിൽ നിന്ന് നാടക സംഘം പുറപ്പെട്ടോ എന്നറിയാൻ വിളിക്കുന്ന മാന്നാർ മത്തായി സ്പീക്കീങ്ങിലെ ഫോൺകോളിനും ആരാധകർ ഏറെയാണ്. 

“എന്റെ ദൈവമേ നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ…” എന്ന കമ്മിറ്റിക്കാരന്റെ ആകുലതയോട് നാടകസമിതിയുടെ അമരക്കാരനായ മത്തായി ചേട്ടൻ നൽകുന്ന മറുപടി ഇന്നും ക്ലാസിക്കാണ്. “പുറപ്പെട്ടു പുറപ്പെട്ടു പുറപ്പെട്ടിട്ട് അരമണിക്കൂർ ആയി. കുറച്ചു കൂടി നേരത്തെ പുറപ്പെടാണോ.” ഈ സംഭാഷണ ശകലവും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴും ഫ്രണ്ട്സിനെയെല്ലാം പോസ്റ്റാക്കുന്ന സുഹൃത്തിനെ വിളിച്ച് ‘നീ ഇതുവരെ പുറപ്പെട്ടില്ലേ’ എന്ന് ചോദിച്ചാൽ ഉത്തരം ‘പുറപ്പെട്ടു പുറപ്പെട്ടു അരമണിക്കൂർ മുമ്പേ പുറപ്പെട്ടു’ എന്നാകും. 

 

ഇൻ ഹരിഹർ നഗറിലെ ‘തോമസ്കുട്ടി വിട്ടോടാ’ എന്ന സംഭാഷണം എങ്ങനെ മറക്കാൻ കഴിയും. അക്കിടി പറ്റിയാൽ രക്ഷപ്പെടാനുള്ള അപായ സൂചനയാണ് തോമസ്കുട്ടി വിട്ടോടാ എന്ന പ്രയോഗം. പണി പാളിയെന്നു മനസ്സിലായാൽ ഇപ്പോഴും ചങ്ങാതിമാർ ഉറക്കെ വിളിച്ചു പറയും തോമസ്കുട്ടി വിട്ടോടാ എന്ന്. 

 

സൂപ്പർഫാസ്റ്റ് വേഗതയിൽ പടികളിൽ നിന്ന് തെഞ്ഞി താഴെയ്ക്കു വീണ വിയറ്റ്നാം കോളനിയിലെ കെ.കെ.ജോസഫിനെ ഓർമയില്ലേ. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വയം സമാധാനിപ്പിക്കാനെങ്കിലും ‘ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കെ.കെ.ജോസഫ്’ എന്ന ആത്മഗതം നടത്താത്ത മലയാളികൾ ചുരുക്കമായിരിക്കും. 

 

കൂട്ടത്തിൽ അൽപം പരിഷ്കാരിയായ കൂട്ടുകാരനെ സമൂഹം പണ്ടേ അംഗീകരിക്കില്ലല്ലോ. ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടനെ പോലെ കൂട്ടുകാർക്കിടയിൽ നിരന്തരം വസ്ത്രധാരണത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ സംഭാഷണം നിങ്ങൾ കടമെടുത്തിട്ടുണ്ടാകും. 

“എന്തേ പെൺകുട്ടികൾക്ക് ഇങ്ങനെ സിംപിൾ ഡ്രസ് ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമല്ലേ? “Don’t they like’’? 

 

‘എടാ എൽദോ നിന്നെ സിനിമയിലെടുത്തു’, ‘ഇതാണ് ആ രേഖ”, “പനിനീർ തളി ആനേ”എന്നു തുടങ്ങി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ എത്രയോ സംഭാഷണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സിദ്ദിഖ്-ലാൽ സിനിമകളിൽ. ചിലപ്പോഴൊക്കെ ചിരിപ്പിച്ചും മറ്റു ചിലപ്പോൾ ചിന്തിപ്പിച്ചും ചിലപ്പോഴെങ്കിലും നനവ് പടർത്തിയും ആ സംഭാഷണങ്ങൾ അവിടെ തന്നെയുണ്ടാകും, സിദ്ദിഖെന്ന മനുഷ്യ സ്നേഹിയായ സംവിധായകന്റെ ഓർമകൾക്കൊപ്പം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com