വൈശാഖ് ചിത്രം ‘ബ്രൂസ് ലി’ ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ
Mail This Article
ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ ഉപേക്ഷിച്ചു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രൂസ് ലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതേ ടീമിൽ നിന്നും മറ്റൊരു ചിത്രത്തിനുള്ള തയാറെടുപ്പിലാണ് താനെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ബ്രൂസ് ലി സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായിരുന്നു ഉണ്ണിയുടെ വെളിപ്പെടുത്തൽ.
‘‘അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്‌ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു. അടുത്ത വർഷം തന്നിൽ നിന്നും തീർച്ചയായും ഒരു ആക്‌ഷൻ ചിത്രം പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു.
2022 ലെ ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബ്രൂസ് ലീയുടെ പ്രഖ്യാപനം. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കേണ്ടിയിരുന്നത്. നേരത്തെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് എന്ന ചിത്രം ബോക്സ് ഓഫിസില്‍ വിജയം നേടിയ ചിത്രമാണ്.
രഞ്ജിത് ശങ്കറിന്റെ ജയ് ഗണേഷ്, ഫിക്‌ഷൻ ചിത്രമായ ഗന്ധര്‍വ ജൂനിയർ എന്നിവയാണ് ഉണ്ണി മുകുന്ദന്‍റെ പുതിയ പ്രോജക്ടുകൾ. ഒപ്പം തമിഴില്‍ കരുടന്‍ എന്ന ചിത്രവും. വെട്രിമാരൻ തിരക്കഥ എഴുതുന്ന സിനിമയിൽ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്നു.