ADVERTISEMENT

അച്ഛനെ വൃദ്ധസദനത്തിൽ തള്ളിയതല്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിഗ്നേച്ചർ എന്ന കെയർ സെന്ററിൽ എല്ലാ സൗകര്യങ്ങളോടും കൂടി പാർപ്പിച്ചിരുന്നതാണെന്നും കെ.ജി. ജോർജിന്റെ മകൾ താര ജോർജ്.  അച്ഛന്റെ സിനിമകൾ പോലെ അദ്ദേഹവും പുതിയ ചിന്താഗതിയുള്ള ആളായിരുന്നെന്നും വയസ്സാകുമ്പോൾ കുടുബത്തിന് ഭാരമാകില്ല എന്ന് പറയുമായിരുന്നെന്നും മകൾ ഓർത്തെടുക്കുന്നു.  സിഗ്നേച്ചർ ഒരു ചാരിറ്റി സ്ഥാപനമല്ല പണം വാങ്ങി അന്തേവാസികൾക്ക് വിദഗ്ധ ശുശ്രൂഷ നൽകുന്ന റീഹാബിലിറ്റേഷൻ സെന്ററാണ്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങൾ വരുന്നതിനു മുൻപ് തന്നെ അച്ഛന്റെ അന്ത്യശുശ്രൂഷയ്ക്കുള്ള എല്ലാ നടപടികളും ബി. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിലുള്ളവർ ചെയ്തിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിനിമാപ്രവർത്തകരും എല്ലാം വിളിക്കുകയും എല്ലാ സഹായങ്ങളും ചെയ്തു തന്നുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും താര പറയുന്നു. ടോക്സ് ലെറ്റ്മി ടോക് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് താര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

kg-george-1

 

സംവിധായകൻ കെ.ജി. ജോർജിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി എറണാകുളം ടൗൺഹാളിൽ വച്ചപ്പോൾ. ജോർജിന്റെ പത്നി സൽമ, മക്കളായ താര,  അരുൺ എന്നിവർ സമീപം. ചിത്രം: മനോരമ.
സംവിധായകൻ കെ.ജി. ജോർജിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി എറണാകുളം ടൗൺഹാളിൽ വച്ചപ്പോൾ. ജോർജിന്റെ പത്നി സൽമ, മക്കളായ താര, അരുൺ എന്നിവർ സമീപം. ചിത്രം: മനോരമ.

‘‘ഞാൻ താര, കെ.ജി. ജോർജിന്റെ മകൾ ആണ്. ഖത്തറിൽ നിന്നും വിവരമറിഞ്ഞ ഉടൻ എത്തുകയായിരുന്നു. എന്റെ മമ്മിയും സഹോദരനും ഭാര്യയും കുട്ടിയും ഗോവയിൽ നിന്നാണ് വന്നത്.  ഗണേശ ചതുർഥി ആയതുകൊണ്ട് ഫ്‌ളൈറ്റ് ഒക്കെ ഫുൾ ആയിരുന്നു. അതുകൊണ്ടാണ് വേഗത്തിൽ അവർക്ക് എത്താൻ കഴിയാതിരുന്നത്.  എന്റെ ഡാഡിയുടെ സിനിമകൾ നോക്കിയാൽ നിങ്ങൾക്ക് അറിയാം ഡാഡി ഒരുപാട് പുതിയ ചിന്താഗതിയുള്ള ആളാണ്.  അദ്ദേഹം പണ്ടേ ഞങ്ങളോട് പറയുമായിരുന്നു, ‘‘വയസ്സാകുമ്പോൾ ഞാൻ ഒരിക്കലും കുടുംബത്തിന് ഒരു ഭാരമാകില്ല .ഞാൻ ഇതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കുമെന്ന്’’.  അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു.  അങ്ങനെയാണ് സിഗ്നേച്ചർ എന്ന സെന്ററിൽ അദ്ദേഹം എത്തിയത്.  

 

ഇതൊരു വൃദ്ധസദനം ഒന്നും അല്ല.  ഇത് എല്ലാ സൗകര്യങ്ങളുമുള്ള അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ സെന്റർ ആണ് (ആശ്വാസഭവനം).  ഇവിടെ ആരും ചാരിറ്റി അല്ല ചെയ്യുന്നത്.  ഇത് പണം വാങ്ങി വളരെ നല്ല ശുശ്രൂഷ കൊടുത്ത് നന്നായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനമാണ്.  ഇവിടുത്തെ ഉടമസ്ഥൻ അലക്‌സും അദ്ദേഹത്തിന്റെ ഭാര്യയും ഒരു കുടുംബാംഗത്തെ പോലെയാണ് ഡാഡിയെ നോക്കിയിരുന്നത്.  ഞങ്ങൾ ഡാഡിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുപോകും. പക്ഷേ ഡാഡി ഇങ്ങോട്ട് തന്നെ വരണമെന്നു പറയുമായിരുന്നു.  ഡാഡി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, ‘‘ഞാൻ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാർ എല്ലാം എന്നെ കാണാൻ വരുമായിരുന്നു. പക്ഷേ ഞാൻ സിനിമ ചെയ്യൽ നിർത്തിയപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ഫോൺകോൾ ചെയ്യുകയോ വന്നുകാണുകയോ ചെയ്തിട്ടില്ല’’.  

 

വീട്ടിൽ ഇരിക്കുമ്പോൾ ഡാഡി ഡിപ്രസ്സ്ഡ് ആകുന്നുണ്ടായിരുന്നു.  ഇവിടെ സിഗ്നേച്ചറിൽ എത്തിയതിനു ശേഷം വളരെ ഉന്മേഷവാനായിരുന്നു.  ഒരു സ്ട്രോക്ക് വന്നിരുന്നെങ്കിലും അദ്ദേഹം അതിൽ നിന്നൊക്കെ രക്ഷപെട്ട് വന്നതാണ്.  സ്ഥിരമായി ഫിസിയോതെറാപ്പി ഒക്കെ ചെയ്ത് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടത് തന്നെ ഇവിടെ വന്നിട്ടാണ്.  ഹോം നഴ്സിനെ ഒക്കെ വയ്ക്കാൻ നോക്കിയിരുന്നു. പക്ഷേ അതൊന്നും ശരിയായില്ല.  ഇവിടെ വന്നതിനു ശേഷം ആശുപത്രിയിൽ ആകുമ്പോൾ തിരിച്ച് എവിടെ പോകണം എന്ന് ചോദിച്ചാൽ ഇവിടെ തന്നെ വരണം എന്ന് ഡാഡി തന്നെയാണ് പറയുന്നത്. ഇവിടെ വന്നു താമസിക്കുക എന്നുള്ളത് ഡാഡിയുടെ തീരുമാനം ആയിരുന്നു. അദ്ദേഹം എന്ത് തീരുമാനിക്കുന്നോ അതിനെ ബഹുമാനിക്കുകയാണ് ഞങ്ങൾ ചെയ്തത്. ഇവിടെ വരണം എന്ന് പറഞ്ഞു ഇവിടെ വന്നു, ക്രിസ്ത്യൻ ആയിട്ടുപോലും ശരീരം ദഹിപ്പിക്കണം എന്ന് പറഞ്ഞു അതും ഞങ്ങൾ അനുസരിച്ചു. എല്ലാം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആണ് നടക്കുന്നത്. 

Read more at : ഗോവയിൽ സുഖവാസത്തിനു പോയതല്ല; അദ്ദേഹത്തെ നന്നായി നോക്കി: ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ജി. ജോർജിന്റെ ഭാര്യ

ഡാഡിയുടെ മരണവാർത്ത അറിഞ്ഞ് എന്റെ ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും മെസ്സേജ് അയച്ച് എല്ലാവരും വിവരങ്ങൾ ചോദിക്കുന്നുണ്ട്.  പിണറായി വിജയൻ സാറും നമ്മുടെ മന്ത്രിമാരും എല്ലാം വിളിച്ചു. മലയാള സിനിമാതാരങ്ങൾ ഒക്കെ ഇപ്പോൾ വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഫെഫ്കയിലെ ബി. ഉണ്ണികൃഷ്ണൻ സാറാണ് എല്ലാം ഏറ്റെടുത്ത് ചെയ്തത്.  ഞാനും എന്റെ കുടുംബവും ഒന്നും അറിഞ്ഞില്ല എല്ലാ കാര്യങ്ങളും ഇവിടെ ഭംഗിയായി ചെയ്യാൻ ഏർപ്പാട് ചെയ്തിരുന്നു.  എന്നും ആ നന്ദി ഉണ്ടാകും.  എന്റെ ഡാഡി ഇവരുടെയെല്ലാം ബഹുമാനം നേടിയിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ കാണുന്നത്.  സിനിമാ പ്രവർത്തകരും മന്ത്രിമാരും എല്ലാം ചേർന്ന് എല്ലാകാര്യങ്ങളും കൃത്യമായി ക്രമീകരിച്ചിരുന്നു. ഞങ്ങൾക്ക് ഒന്നും അറിയേണ്ടി വന്നില്ല.  എല്ലാവരോടും നന്ദിയുണ്ട്.’’– താര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com