വ്ലോഗമാര് ചെയ്യുന്നത് റിവ്യൂ ബോംബിങ്; റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി
Mail This Article
റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെ കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ വിശദീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റീവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബ് എന്ന് പറയുന്നത്.
നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഓരോ സിനിമയും എന്ന വസ്തുത വിസ്മരിക്കാനാവില്ല, ന്യായമായ വിമര്‍ശനവും ബ്ലാക്ക്മെയില്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനവും ഒരുപോലെയല്ല. സിനിമ കാണാതെയുള്ള റിവ്യു ചിത്രത്തിനെ മോശമായി ബാധിക്കുമെന്നും മറ്റ് പ്രേക്ഷകര്‍ കൂടി സിനിമ കാണാതിരിക്കാന്‍ ഇത്തരം റിവ്യുകള്‍ കാരണമാകുമെന്നും കോടതി വിലയിരുത്തി. ഇത്തരം കാര്യവുമായി ബന്ധപ്പെട്ട് സിനിമാക്കാരുടെ എന്തെങ്കിലും പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചു. ഇതേത്തുടർന്ന് ഡിജിപിയെ കേസിൽ ഹൈക്കോടതി കക്ഷി ചേർത്തു.
വ്ലോഗർമാർ ഇത്തരം നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉൾപ്പടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുബീൻ ഹർജി കോടതിയിൽ ഹർജി നൽകിയത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.