ADVERTISEMENT

നെ​ഗറ്റിവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ഉബൈനി ഇബ്രാഹിം. ഉബൈനി സംവിധാനം ചെയ്ത ‘റാഹേൽ മകൻ കോര’ എന്ന സിനിമ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ നെഗറ്റിവ് റിവ്യു ചെയ്ത് സിനിമയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന പശ്ചാത്തലത്തിലാണ് ഉബൈനി കേസുമായി മുന്നോട്ട് പോയത്. സോഷ്യൽ മീഡിയയിലൂടെ സിനിമ മോശമാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒൻപത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. എൻവി ഫോക്കസ്, ട്രെൻഡ്സെറ്റർ 24*7, അശ്വന്ത് കോക്ക് തുടങ്ങിയവരുൾപ്പെട്ട കേസിൽ എട്ടും ഒൻപതും പ്രതിസ്ഥാനത്തുള്ളത് യൂട്യൂബും ഫെയ്സ്ബുക്കുമാണ്. തന്റെ പോരാട്ടം സ്വന്തം സിനിമയ്ക്കു വേണ്ടി മാത്രമല്ല വ്യക്തി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനുവേണ്ടിയും കൂടിയാണെന്ന് ഉബൈനി പറയുന്നു. ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഇന്ത്യൻ സിനിമയെ മാത്രമല്ല പൗരാവകാശം സംരക്ഷിക്കാൻ വേണ്ടിയുള്ള തന്റെ എളിയ ശ്രമമാണ് ഇതെന്നും ഉബൈനി  മനോരമ  ഓൺലൈനിനോട് പറഞ്ഞു. 

‘‘ഒരു പടം ഇറങ്ങിയ ഉടനെ അതിന് മോശം കമന്റ് ഇടുക, മോശമായി റിവ്യൂ ചെയ്യുക എന്നുള്ളത് എന്റെ പടത്തിന് മാത്രമല്ല വർഷങ്ങളായി മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയാണ്. ഈ യുദ്ധം ഞാൻ ഇന്നലെ തുടങ്ങിയതല്ല രണ്ടുവർഷമായി ഇതിന്റെ പിന്നാലെയാണ്.  ഇത് ചർച്ച ചെയ്യാൻ ഞാനൊരു പ്രസ് മീറ്റ് നടത്തിയിരുന്നു. അവിടെ വന്ന മാധ്യമങ്ങൾ പോലും ഇതിന് ഒരു പ്രാധാന്യവും കൊടുത്തില്ല.  അതുകൊണ്ട് തന്നെയാണ് ഞാൻ എനിക്ക് സമീപിക്കാൻ കഴിയുന്ന പരമോന്നത നീതിപീഠത്തിന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചത്. നമ്മുടെ നിയമ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് ഇനി പേടിക്കേണ്ട കാര്യമില്ല. 

എന്റെ പടം 25ാം തിയതി വരെ തിയറ്ററിൽ കാണുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ ഇപ്പോഴും തിയറ്ററിൽ പടം ഉണ്ട്. സിനിമ നല്ലതാണോ ചീത്തയാണോ എന്നത് പ്രേക്ഷകൻ തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ പ്രേക്ഷകന് മുന്നേ, ആദ്യം ഞാൻ, ആദ്യം ഞാൻ എന്നുപറഞ്ഞ് തോന്നിയത് പറയുകയാണ്. ഇവിടെ  റോസ്റ്റിങ് ആണ് നടക്കുന്നത്, റിവ്യു അല്ല.  വ്യക്തിഹത്യയെന്നു പറയേണ്ടി വരും. എത്ര മോശം റിവ്യു പറഞ്ഞാലും നല്ല സിനിമയാണെങ്കിൽ വിജയിക്കും എന്നാണ് ഇവർ പറയുന്നത്. വരുമാനം വരുന്ന ഒരു പ്ലാറ്റ്ഫോമിൽ ആണ് ഇവർ വ്യക്തിഹത്യ നടത്തി കണ്ടന്റ് ഇടുന്നത്. പക്ഷേ ഈ വ്യക്തിഹത്യ നേരിടുന്ന ആളിനും വ്യക്തിസ്വാതത്ര്യം ഉണ്ട്. സിനിമ ഒരുപാടു പേര്‍ കാണുന്ന കല ആയതുകൊണ്ട് അവർ അതിന്റെ പേരിൽ മുതലെടുക്കുകയാണ്.  

സിനിമാതാരങ്ങൾ മരിച്ചു എന്ന് പറഞ്ഞ് ‘വ്യാജ’ ആദരാഞ്ജലി പോസ്റ്റ് ഇടുന്നവരെ കണ്ടിട്ടില്ലേ. അവർ വീട്ടിൽ സുഖമായി ഇരിക്കുമ്പോഴായിരിക്കും മരിച്ചു എന്നുപറഞ്ഞ് ആദരാഞ്ജലി ഇടുന്നത്.  ഒരു മതനേതാവിനെയോ രാഷ്ട്രീയകാരനെയോ അങ്ങനെ ചെയ്യാൻ ധൈര്യമുണ്ടോ.  അങ്ങനെ ഇട്ടാൽ അവന്റെ കയ്യും തലയും പോകും. സിനിമ ആർക്കും കൊട്ടാവുന്ന ചെണ്ട ആയി മാറുകയാണ്. ഇതൊരു മാനസിക വൈകല്യം ആണ്. പ്രേക്ഷകരുടെ ഉള്ളിലേക്ക് മലയാള സിനിമ നാശത്തിലേക്ക് എന്ന ചിന്ത ഇവർ കയറ്റി വിടുകയാണ്.  ഇതിന്റെ പിന്നിൽ ഒരു മാഫിയ തന്നെയുണ്ട്. സിനിമയുടെ പ്രമോഷൻ എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്ന ഒരു ടീം തന്നെയുണ്ട്. ചില ഗ്രൂപുകളിൽ  സിനിമാക്കാർക്ക് പോലും അറിയാത്ത ചില ഫേക്ക്  ഐഡികൾ ഉണ്ട്. സാധാരണക്കാർക്ക് അത് ഫേക്ക് ഐഡി ആണെന്ന് അറിയില്ല.  

കൊറോണ സമയത്താണ് ഇങ്ങനെയുള്ളവർ പൊട്ടിമുളച്ചത്. അന്ന് പല ട്രാവൽ വ്‌ളോഗുകളും മറ്റും ചെയ്തു വീട്ടിൽ ഇരിക്കുന്നവരെ എന്റെർടെയ്്ൻ ചെയ്യിച്ചിട്ടുണ്ട്.  പക്ഷേ ഇന്ന് മെനക്കെടാതെ കണ്ടന്റ് ഉണ്ടാക്കാൻ ആണ് അവർ ശ്രമിക്കുന്നത്. സെൻസർ ബോർഡ് വച്ചിരിക്കുന്ന ലിമിറ്റിനു ഉള്ളിൽ നിന്നാണ് സിനിമ പ്രവർത്തിക്കുന്നത്. അവിടെയും സിനിമയെ നിയന്ത്രിക്കാൻ ഒരു ബോർഡ് ഉണ്ട്.  പക്ഷേ ഇത്തരക്കാരെ അഴിച്ചു വിട്ട അവസ്ഥയാണ്. നെഗറ്റീവ് റിവ്യു ആദ്യമേ തന്നെ വരുമ്പോൾ പടം വാഷ് ഔട്ട് ആകും.  അപ്പോൾ പ്രൊഡ്യൂസറും ഡയറക്ടറും തമ്മിൽ അടി ആകും.  വൈറസും ആന്റിവൈറസും നിർമിക്കപ്പെടുന്നത് പോലെ ആണ്. ഇവർ നെഗറ്റീവ് റിവ്യു ഇട്ടു പടം പൊട്ടുമ്പോൾ ഇവർ സമീപിച്ചിട്ട് ഞങ്ങളുടെ കയ്യിൽ ഇങ്ങനെ ഒരു പ്ലാൻ ഉണ്ട്, ഇങ്ങനെ ഒക്കെ ചെയ്താൽ സിനിമ രക്ഷപെടും എന്ന് പറയും.  

എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു അടിയിൽ ഒക്കെ തെറിവിളി ആണ് വരുന്നത്. എന്നെ സംബന്ധിച്ച് ഞാൻ ഇതിനൊന്നും മറുപടി പറയാൻ പോകുന്നില്ല.  നമ്മുടെ നിയമ വ്യവസ്ഥയായ പൊലീസും കോടതിയുമാണ് ഇനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ നില നിൽക്കുന്ന തൊഴിൽ മേഖലയും നമ്മുടെ രാജ്യവും സമൂഹവും ഫേക്ക് ഐഡികൾക്ക് എതിരെ പ്രതികരിച്ചെ മതിയാകൂ. ഇവർക്കെതിരെ പ്രതികരിക്കാൻ കഴിയില്ല എന്ന് വച്ചാൽ എനിക്ക് അടങ്ങിയിരിക്കാൻ പറ്റില്ല. റിവ്യു അല്ല ഇപ്പോള്‍ നടക്കുന്നത് റോസ്റ്റിങ് ആണ്.  ഞാൻ എപ്പോഴും ശരിയുടെ ഭാഗത്തു സഞ്ചരിക്കുന്ന ആളാണ്. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തുന്ന ആളാണ് ഞാൻ.    

ഈ റിവ്യൂ കാരണം ആദ്യം നശിക്കുന്നത് സിനിമയുടെ പ്രീ ബിസിനസ്സ് ആണ്. പ്രീ ബിസിനസ്സ് എന്ന് പറയുന്നത് മ്യൂസിക്–ട്രെയിലർ–ടീസർ കണ്ടന്റ് ആണ്. ഒരു സിനിമ റിലീസ് ആകുമ്പോൾ അതിന്റെ കണ്ടന്റിന്റെ അവകാശം യൂട്യൂബിൽ ഒരു ചാനലില്‍ മാത്രമേ കൊടുക്കാൻ പറ്റൂ. എന്റെ സിനിമയുടെ കോണ്ടന്റ് 29 ാം തീയതിയാണ് ഒരു യൂട്യൂബ് ചാനൽ വാങ്ങിയത്.  വെറും പതിമൂന്ന് ദിവസം കഴിഞ്ഞപ്പോൾ മറ്റു റിവ്യൂ കണ്ടെന്റുകൾ വന്നു. പിന്നെ റാഹേൽ മകൻ കോര എന്ന് സെർച്ച് ചെയ്താൽ അവരുടെ കണ്ടന്റ് ആണ് വരുന്നത്.  നമ്മൾ കണ്ടന്റ് വിറ്റ ചാനലിന് വരുമാനം കിട്ടാത്ത അവസ്ഥയാണ്.  സേർച്ച് എൻജിനിൽ നമ്മുടെ സിനിമയുടെ പേര് കൊടുക്കുമ്പോൾ അവർക്കാണ് സെർച്ച് പോകുന്നത്.  അങ്ങനെ ആകുമ്പോൾ ഒരു കമ്പനിയും സിനിമയുടെ കണ്ടന്റ് വാങ്ങാതെ വരും.  

അടുത്ത ബിസിനസ് തിയറ്ററിൽ ആണ്. തിയറ്ററിൽ സിനിമ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ നെഗറ്റീവ് റിവ്യൂ വരുമ്പോൾ പിന്നെ ആളുകൾ തിയറ്ററിൽ വരാൻ മടിക്കും.  അങ്ങനെ തിയറ്ററുകാർക്കും നഷ്ടം വരും.  ഇവർ ഒരു മാഫിയ ആണ്.  ഫാൻ ഫൈറ്റ് ക്ലബ് എന്ന ഒരു ഗ്രൂപ്പ് ആണ് ഈ ആൾക്കാരെ വളർത്തുന്നത്.  മമ്മൂക്ക–ലാലേട്ടൻ–വിജയ് ഫാൻസ്‌ എന്ന പേരിൽ തമ്മിൽ തമ്മിൽ തെറി വിളി ആണ്.  ശരിക്കുമുള്ള ഫാൻസ്‌ അസോസിയേഷൻ ആയി ഇവർക്ക് ഒരു ബന്ധവും കാണില്ല.  പിന്നീട് ഇവർ അവിടെ നിന്ന് വളർന്ന ഇന്റർനെറ്റ് മുഴുവൻ കിടക്കുകയാണ്.  ഒരു സിനിമ കണ്ടു റിവ്യു ഇട്ട ഐഡി തന്നെ അതെ സമയത്ത് വേറെ ഒരു സിനിമയും കണ്ടു റിവ്യു ഇടുകയാണ്.  അതെങ്ങനെയാണ് ഒരാൾക്ക് ഒരേ സമയം രണ്ടു സിനിമ കാണാൻ കഴിയുക.  ഇത് റിവ്യു ബോംബിങ് ആണ്. തിയറ്റർ ബിസിനസ്സ് ആണ് അവിടെ നശിക്കുന്നത്.  ഇത് കഴിയുമ്പോ പിന്നെ ഒടിടി സാറ്റലെറ്റ് ഒന്നും സിനിമ എടുക്കാതെ വരും.  

ഇത്തരത്തിൽ പല ലെവലിൽ ആണ് പ്രൊഡ്യൂസറിനു നഷ്ടം വരുന്നത്. എന്റെ സിനിമയുടെ നെഗറ്റീവ് റിവ്യു കണ്ടു ഞാൻ ഞെട്ടിപ്പോയി.  ആനിമേഷൻ ഒക്കെ ചെയ്തു ഭയങ്കര ക്രിയേറ്റീവ് ആയിട്ടാണ് ഇവർ ഇട്ടിരിക്കുന്നത്.  പിന്നെ നോക്കുമ്പോൾ എന്റെ പടത്തിന്റെ കൂടെ  ഇറങ്ങിയ ലിറ്റിൽ റാവുത്തർ എന്ന സിനിമയുടെ റിവ്യുവും എന്റെ സിനിമയുടെ റിവ്യുവും പോലെ ഇരിക്കുന്നു.  ഒരേ സമയം റിലീസ് ചെയ്ത രണ്ടു സിനിമ ഒരേ ആൾ തന്നെ റിവ്യു ഇട്ടിരിക്കുകയാണ്.  ഒരേ സ്ഥലത്ത് നിന്ന് ഒരേ ഡ്രസ്സിൽ ആണ് രണ്ടു സിനിമയുടെ റിവ്യു പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്ന് മനസ്സിലാകുന്നത് ഇതൊരു മാഫിയ ആണെന്നാണ്. ‘ബോസ് ആൻഡ് കോ’ എന്ന സിനിമക്കും ഇതേ പ്രശ്നം നേരിട്ടിരുന്നു. 

എന്റെ സിനിമ നൂറ്റിയൊന്ന് തിയറ്ററിൽ റിലീസ് ആയി.  തിയറ്ററുകളിൽ ഇപ്പോഴും സിനിമ ഓടുന്നുണ്ട്.  തിയറ്ററുകാർ എന്റെ സിനിമ കണ്ടിട്ടാണ് പടം എടുത്തത്.  അന്യഭാഷാ ചിത്രങ്ങളും മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങൾ തന്നെയാണ് തിയറ്ററുകൾ നിലനിർത്തുന്നത്.  ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ യുവ തലമുറയെ വഴിതെറ്റിക്കുകയാണ്.  ഇങ്ങനെ ജീവിക്കാം എന്നൊരു മെസ്സേജ് അവർക്കുകൂടി നൽകുകയാണ്.  ഇപ്പോൾ ഇറങ്ങിയ ‘ലിയോ’ സിനിമയെയും ഇത്തരത്തിൽ നെഗറ്റീവ് റിവ്യൂ ചെയ്തു, വിജയ് എന്ന താരത്തെ പച്ച തെറി ആണ് വിളിക്കുന്നത്.  എന്റെ സിനിമയ്ക്ക് വേണ്ടി മാത്രമല്ല മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും കൂടിയാണ് എന്റെ നീക്കം.  എന്റെ പരാതി കോടതിക്കും നമ്മുടെ നിയമവ്യവസ്ഥക്കും മനസ്സിലായിട്ടുണ്ട്.  ഇത് ഇനിയിപ്പോൾ കോടതിക്കു മുന്നിലാണ്.  ഇത് എന്റെ വിജയമല്ല ഓരോ പൗരന്റെയും വിജയമാണ്.’’

English Summary:

Ubaini Ebrahim about online review bombing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com