ADVERTISEMENT

സർക്കാരിന്റെ കേരളീയം വാരാഘോഷത്തിന്റെ ഭാഗമായ ചലച്ചിത്ര മേളയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ചിത്രങ്ങൾ ഇല്ലെന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ചില സംവിധായകരുടെ രണ്ടു ചിത്രങ്ങളും തിയറ്ററിൽ ഓടാത്ത ചിത്രങ്ങളും ഉള്ളപ്പോഴാണ് തന്റെ ഒരു ചിത്രം പോലും ഉൾപ്പെടുത്താത്തതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്റേതായ കാഴ്ചക്കാരുണ്ട് ആ പ്രേക്ഷകരോടുള്ള അവഹേളനമാണ് ഇത്.  ‘സമാന്തരങ്ങൾ’ എന്ന സിനിമയുടെ പത്ത് ഡിപ്പാർട്ട്മെന്റുകൾ താൻ ഒറ്റയ്ക്ക് ചെയ്തതും ആ സിനിമക്ക് ദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചതുമാണ്. ബാലചന്ദ്ര മേനോന്റെ സിനിമകൾ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ പ്രേക്ഷകരോടു നീതി പുലർത്തേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് ഇത് തുറന്നു പറയുന്നതെന്നും ബാലചന്ദ്രമേനോൻ പറയുന്നു. ഫെയ്സ്ബുക് വിഡിയോയിലൂടെയാണ് ബാലചന്ദ്രമേനോൻ അമർഷം രേഖപ്പെടുത്തിയത്.       

‘‘ഞാൻ ഏതാണ്ട് നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സിനിമയും കഥയും തിരക്കഥയും സംവിധാനവും ഒക്കെയായി ചെയ്തതാണ്. എനിക്ക് നിങ്ങൾ നല്ല അവസരങ്ങൾ തന്നു അതിൽ നന്ദിയുണ്ട്. ഇത്രയുമൊക്കെ ചെയ്തിട്ട് മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന ഒരു മേളയിൽ, മലയാള സിനിമയിൽ കഴിഞ്ഞുപോയ കാലത്ത് വന്ന സിനിമകളുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ എന്റെ ഒരു സിനിമയുടെ പോലും പ്രാതിനിധ്യം ഇല്ല. ചില സംവിധായകരുടെ രണ്ടു പടങ്ങൾ ഉണ്ട്. തിയറ്ററിൽ അധികം ഓടാത്ത പടങ്ങളുണ്ട് അതിൽ.  ഇത്രയും നാളുകൊണ്ട് മലയാളികളുടെ മനസ്സിൽ എന്റേതായ ഒരു സിനിമാ സംസ്കാരം പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് ആൾക്കാർ ഉൾക്കൊണ്ടിട്ടും ഉണ്ട്. അങ്ങനെയുള്ള എന്റെ ഒരു സിനിമ പോലും ഇല്ല എന്ന് കണ്ടപ്പോൾ മിണ്ടാതെ പോകാൻ തോന്നിയില്ല. 

balachandra-menon
ബാലചന്ദ്ര മേനോൻ

കാരണം ഇക്കാലത്ത് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് എല്ലാവർക്കും അറിയാം. കരഞ്ഞിട്ടും പാല് കിട്ടുന്നില്ല. അതാണ് ഇവിടുത്തെ അവസ്ഥ. കിട്ടുന്ന പാലിന്റെ പരിഗണന മറ്റു പലതുമാണ് എന്ന് എല്ലാവർക്കും അറിയാം. നമ്മൾ ഇതെല്ലാം അറിഞ്ഞിരിക്കണം. നമ്മൾ ജീവിച്ചിരിക്കെ ഇങ്ങനെ എല്ലാം സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. എന്റെ സിനിമകളിലൂടെ ഞാൻ ഉണ്ടാക്കിയ ഒരു പ്രേക്ഷക വൃന്ദമുണ്ട്. അവർക്ക് വേണ്ടിയാണ് ഈ വിഡിയോ. അവർ തിയറ്ററിൽ ഡാൻസ് ചെയ്യുന്നില്ല എന്നേയുള്ളൂ. വർഷങ്ങളായി എന്റെ പ്രേക്ഷകരാണ് അവർ.  

1980 ൽ ഇറങ്ങിയ ഒരു പടത്തെപ്പറ്റി  ഇപ്പോൾ പോലും ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാൽ ‘എനിക്കറിയാം’ എന്നു പറയുന്ന ഒരു പ്രേക്ഷക വൃന്ദം. അവരെ അവഹേളിക്കുന്ന കാര്യമാണ് ഇത്. അല്ലാതെ ബാലചന്ദ്ര മേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്ര മേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നീതി പുലർത്തണമായിരുന്നു. അല്ലെങ്കിൽ അതിൽ ഉള്ള പടങ്ങൾ എല്ലാം നമുക്ക് മീതെ ഉള്ളതായിരിക്കണം. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഈ തീരുമാനം എടുത്തിട്ടുള്ള ചലച്ചിത്ര ഗ്രമേറിയൻ ആരാണെങ്കിലും അത് നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വേറെ വാക്കുകൾ ഉണ്ട്, ഞാൻ സഭ്യമായി പറയുന്നു എന്നെ ഉള്ളൂ. എന്റെ പ്രേക്ഷകരെ അങ്ങനെ അടിച്ചാക്ഷേപിക്കാൻ പാടില്ലായിരുന്നു. 

നവംബർ ഒന്നാം തീയതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. പക്ഷേ പൊങ്ങച്ചം പറയാൻ ബാധ്യസ്ഥനാകുകയാണ്.  "സമാന്തരങ്ങൾ" മാത്രം എടുത്തു നോക്കൂ, സഖാവ് നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ എനിക്ക് അതിന് അവാർഡ് തന്നത് വിവിധ മേഖലകളിൽ പുലർത്തിയ മികവിനാണ്. കേന്ദ്രത്തിൽ വന്നപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. സമാന്തരങ്ങളിൽ പത്ത് ഡിപ്പാർട്ട്മെന്റ് ആണ് ഒറ്റയ്ക്ക് ചെയ്തത്. അങ്ങനെ ഒരു റെക്കോർഡ് വേറെ ആർക്കും ഇല്ല.  ഇതൊക്കെ എനിക്ക് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. അത്രയൊക്കെ വന്ന ഒരു സിനിമയ്ക്ക് ഇവരുടെ കൂട്ടത്തിൽ ഇരിക്കാൻ അർഹത ഇല്ല എന്ന പറഞ്ഞ മാന്യന് ഒരു ഉത്തരം തരാൻ ജനാധിപത്യപരമായി ബാധ്യതയുണ്ട്.  

സ്ത്രീപക്ഷ സിനിമയായി ‘അച്ചുവേട്ടന്റെ വീട്’, തമാശ പറയുകയാണെങ്കിൽ ‘ചിരിയോ ചിരി’ എന്നിവയൊക്കെ ട്രെൻഡ് സെറ്റർ ആയിരുന്നു.  അതിനു ശേഷമാണ് നാടോടിക്കാറ്റ് ഒക്കെ വരുന്നത്. ഏപ്രിൽ മാസം എന്നു പറഞ്ഞാൽ സിനിമ ഇഷ്ടപ്പെടുന്നവർ അറിയാതെ ‘ഏപ്രിൽ 18’ എന്ന് പറഞ്ഞുപോകും. അപ്പൊ ഇതൊന്നും ജനപ്രീതി ഉള്ള സിനിമയല്ലേ? എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.  ഈ തീരുമാനം എടുത്തിട്ടുള്ള ചലച്ചിത്ര ഗ്രമേറിയൻ ആരാണെങ്കിലും അത് നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വേറെ വാക്കുകൾ ഉണ്ട്, ഞാൻ സഭ്യമായി പറയുന്നു എന്നെ ഉള്ളൂ. എന്റെ പ്രേക്ഷകരെ അങ്ങനെ അടിച്ചാക്ഷേപിക്കാൻ പാടില്ലായിരുന്നു. 

അതെല്ലാം ഒരുപാട് ഓടിയ ചിത്രങ്ങളാണ്. എന്തുമാത്രം റെവന്യൂ ആണ് എന്റെ ചിത്രങ്ങളിലൂടെ ചിത്രാഞ്ജലിക്ക് കൊടുത്തത്. കണക്കുകൾ എടുത്തു നോക്കട്ടെ. ആ രീതിയിൽ സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകർന്ന ചലച്ചിത്രകാരനാണ് ഞാൻ.

സംവിധായകൻ മോഹന്റെയും ഒരു പടവും കണ്ടില്ല അതിൽ.  മോഹൻ നല്ല പടങ്ങൾ എടുത്തിട്ടുള്ള ആളല്ലേ. അനീതിയല്ലേ ആ കാണിക്കുന്നത്. മികച്ച ഫിലിം എന്നൊന്നും പറയേണ്ട, പ്രാതിനിധ്യം ആണ് ഉദേശിച്ചത്. കൂട്ടത്തിൽ ഞങ്ങളെയും ഒന്ന് ഇരുത്തേണ്ടേ. ഏമാന്മാർ അങ്ങ് തീരുമാനിച്ചാൽ എങ്ങനെയാ. ഏമാന്മാർ അങ്ങനെ പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കുമോ.  ഇത് എന്തുകൊണ്ട് എന്നു ചോദിക്കാൻ ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ജനാധിപത്യമായി അവകാശമുണ്ട്.  ഇത് ചെയ്തവർ ആരായാലും  ഉത്തരവാദികൾ തന്നെയാണ്.  കെഎസ്എഫ്ഡിസി, ചിത്രാഞ്ജലി, ചലച്ചിത്ര അക്കാദമി ഇവിടെ എല്ലാം ഇരിക്കുന്നവർ എന്റെ സുഹൃത്തുക്കളാണ്. എനിക്ക് അവരുമായി ഒരു പ്രശ്നവും ഇല്ല. 

ഞാൻ സിനിമ ചെയ്യുന്ന കാലത്ത് കെഎസ്എഫ്ഡിസിയുടെ അവസ്ഥ എന്താണെന്ന് ഇപ്പോൾ ഇരിക്കുന്നവരിൽ പലർക്കും അറിയില്ല. അവർ ബുദ്ധിമുട്ടുന്ന സമയത്താണ് എന്റെ സിനിമകൾ വരുന്നത്. അതെല്ലാം ഒരുപാട് ഓടിയ ചിത്രങ്ങളാണ്. എന്തുമാത്രം റെവന്യൂ ആണ് എന്റെ ചിത്രങ്ങളിലൂടെ ചിത്രാഞ്ജലിക്ക് കൊടുത്തത്. കണക്കുകൾ എടുത്തു നോക്കട്ടെ. ആ രീതിയിൽ സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകർന്ന ചലച്ചിത്രകാരനാണ് ഞാൻ. അവിടെത്തന്നെയാണ് സമാന്തരങ്ങൾ എടുത്തത്. ചിത്രാഞ്ജലിയിൽനിന്നു പോയിട്ടാണ് അത് ദേശീയ അവാർഡ് വാങ്ങിയത്. അപ്പോൾ ചിത്രാഞ്ജലിയുടെ പ്രസ്റ്റീജ് ഫിലിം അല്ലെ അത്. എന്തുകൊണ്ട് അതിനെ ഉൾപ്പെടുത്തിയില്ല.  

നിലവാരം ഇല്ലാത്ത പടമാണോ അത്, ഉത്തരം തരണം. തെറ്റാണ്, അധർമമാണ് ആ കാണിച്ചത് അല്ലെങ്കിൽ ജനങ്ങൾ പറയട്ടെ. അതിൽ പറഞ്ഞ വിഷയം എന്താണ്? റയിൽവേ എന്ന, രാജ്യത്തിന്റെ ഞരമ്പുകളിൽ രക്തയോട്ടം നിലയ്ക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞതാണോ തെറ്റ് ? കുടുംബം ആണ് എല്ലാത്തിന്റെയും ആധാരം. അതിനെ സംരക്ഷിക്കണം എന്ന് ഞാൻ പ്രചരിപ്പിച്ചതാണോ തെറ്റ് ? എനിക്ക് അറിയില്ല. എനിക്ക് മാനസികമായ വിഷമം ഉണ്ട്. ആര് എന്നെ വിമർശിച്ചാലും ഈ ദുഃഖം എനിക്ക് പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. ഈ നവംബർ ഒന്നാം തീയതി വന്നിരുന്ന് ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ലജ്ജയുണ്ട്. ആ ലജ്ജക്ക് കാരണക്കാർ ആരായാലും അവരും ലജ്ജ കൊണ്ട് തല താഴ്ത്തേണ്ടി വരും.’’ ബാലചന്ദ്രമേനോൻ പറയുന്നു.

English Summary:

Balachandra Menon Against Keraleeyam Film Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com