ADVERTISEMENT

സിനിമാ റിവ്യു ബോംബിങ് തടയാന്‍ നടപടി കടുപ്പിച്ച് നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും ഇരു സംഘടനകളും തീരുമാനിച്ചു. റിവ്യൂ ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നട‌പടി. 

റിവ്യുവിന്റെ പേരില്‍ ചിലര്‍ സിനിമകളെ മനപ്പൂർവം ഡീഗ്രേഡ് ചെയ്ത് പരാജയപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെയാണ് നിര്‍മാതാക്കളുടെ നീക്കം.  ഇതുപ്രകാരം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെയും ഒാണ്‍ലൈനില്‍ സിനിമ പ്രമോട്ട് ചെയ്യുന്നവരെയും നിര്‍മാതാക്കളുടെ സംഘടന ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും ഇത്. അക്രഡിറ്റ‍േഷന്‍ ഉള്ളവരെ മാത്രമേ സിനിമാ പ്രമോഷനില്‍ സഹകരിപ്പിക്കൂ. വാര്‍ത്താ സമ്മേളനങ്ങളിലടക്കം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങുകാരെ നിയന്ത്രിക്കും. 

മാധ്യമപ്രവർത്തകർ എന്ന പേരിൽ എന്ന പേരിൽ ഒരു മൊബൈല്‍ ഫോണുമായി ഇത്തരം പരിപാടികളിലെത്തുന്നവർക്കും ചിത്രങ്ങളും വിഡിയോയും പകർത്തുന്നവർക്കും നിയന്ത്രണം കൊണ്ടുവരാനാണ് കൊച്ചിയില്‍ ചേർന്ന യോഗത്തില്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഇക്കാര്യം മുന്‍നിര്‍ത്തി സിനിമയിലെ പിആര്‍ഒമാരുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരുടെയും യോഗം നിര്‍‌മാതാക്കള്‍ വിളിച്ചിരുന്നു. അതിന് പിന്നാലെ, ഇന്നു ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഉള്‍പ്പടെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കി.

ഫെഫ്ക നേതൃത്വവും അംഗസംഘടനകളായ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്‌‍ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ, ഫെഫ്ക പിആർഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ, ഫെഫ്കയിൽ അംഗത്വമില്ലാത്ത ഡിജിറ്റല്‍ മാർക്കറ്റിങ് കോഓഡിനേറ്റേഴ്സും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും പങ്കെത്തു. ഓൺലൈൻ – ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ തെളിവു സഹിതം ചർച്ചയിൽ ബോധ്യപ്പെടുത്തി. 

സിനിമയുടെ പ്രമോഷനുവേണ്ടി നിർമാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ് ഏജൻസികളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പട്ടിക തയാറാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. ആ പട്ടികയിൽ ഉള്ളവർക്കു മാത്രം അവസരം എന്ന  അസോസിയേഷന്റെ നിർദേശം ഫെഫ്കയും, അംഗസംഘടനകളും അംഗീകരിച്ചു. ആദ്യ പ്രദർശനം കഴിഞ്ഞുള്ള തിയറ്റർ റിവ്യൂകളിൽ നടക്കുന്ന തട്ടിപ്പുകൾ ഡിജിറ്റൽ– ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത്തരം തിയറ്റർ പ്രതികരണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുവാൻ തിയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീരുമാനമെടുത്തു.

സിനിമ റിവ്യൂകൾക്ക് വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ– സംവാദവിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയ്മിങ് നടത്തുക, ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നൽകി സിനിമയെയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് വയ്ക്കാൻ ഇനി സാധിക്കില്ലെന്നും, അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകുവാനും കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്ത സമിതി രൂപീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഫ്കയ്ക്കുള്ള നിലപാടും ഐക്യദാർഡ്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

English Summary:

FEFKA general secretary B Unnikrishnan said the association would cooperate with the producers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com