ADVERTISEMENT

സിനിമാ നിരൂപണങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വരുന്നത് അഭിപ്രായങ്ങളല്ല മറിച്ച് അഭിപ്രായ പ്രകടനങ്ങളാണെന്ന് സംവിധായകൻ അരുൺ ഗോപി. റിവ്യൂ എന്ന പേരിൽ കാണിക്കുന്ന പ്രഹസനങ്ങൾ വളരെ മോശമാണെന്നും ഇതിൽ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ട് കാര്യമില്ലെന്നും അരുൺ ഗോപി പറയുന്നു. പണം മുടക്കിയ പ്രൊഡ്യൂസറുടെ കണ്ടന്റിനെ വിമർശിച്ച് അതു വഴി വരുമാനം ഉണ്ടാക്കുന്ന രീതിയോടു യോജിപ്പില്ലെന്ന് നിർമാതാവ് സന്ദീപ് സേനൻ തുറന്നടിച്ചു. അഭിപ്രായം പറയലാണ് ലക്ഷ്യമെങ്കിൽ മോണിട്ടൈസ് ചെയ്യാതെ വിമർശിക്കാമല്ലോ എന്ന് സന്ദീപ് സേനൻ ചോദിക്കുന്നു. ചില സിനിമകൾ നല്ലതാവും ചില സിനിമകൾ മോശമാകും. അതിന്റെ പേരിൽ പലരെയും വികലമായി ചിത്രീകരിക്കുന്നത് വളരെ മോശം പ്രവണതയാണെന്ന് തിരക്കഥാകൃത്ത് മനോജ് റാംസിങ് വ്യക്തമാക്കി. റിവ്യൂ ബോംബിങ്ങിനെക്കുറിച്ച് മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു ഇവർ.

ഈയടുത്ത കാലത്ത് മലയാളികളുടെ ചർച്ചവട്ടങ്ങളിൽ സജീവമായ വാക്കാണ് 'റിവ്യൂ ബോംബിങ്'. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ പങ്കുവച്ച് സിനിമയെ തകർക്കുന്നതിനെ 'റിവ്യൂ ബോംബിങ്' എന്നു വാക്കു കൊണ്ടാണ് കോടതി പോലും അടയാളപ്പെടുത്തിയത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ടെങ്കിലും മനഃപൂർവം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരൂപണമോ നെഗറ്റീവ് റിവ്യൂ സംബന്ധിച്ച ബ്ലാക്ക് മെയിലിങ് പോലെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഇടപെടലോ നടന്നാൽ പരാതിപ്പെടാമെന്ന് പൊലീസ് പറയുന്നു. ദീപാവലി റിലീസുകൾ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ റിവ്യൂ ബോംബിങ് വീണ്ടും ചർച്ചയാവുകയാണ്. റിലീസ് ദിവസം വരുന്ന നെഗറ്റീവ് റിപ്പോർട്ടുകൾ ഒരു സിനിമയുടെ പിന്നീടുള്ള പ്രദർ‌ശനങ്ങളെ വരെ ബാധിക്കുന്നുണ്ട്. ഒരാഴ്ച പോലും തികയ്ക്കാതെ ചില സിനിമകൾ തിയറ്റർ വിട്ടു പോകുന്നതിനും ലഭിച്ച ഷോകളുടെ എണ്ണം വെട്ടികുറയ്ക്കുന്നതിലേക്കും വരെ ഇത്തരം റിപ്പോർട്ടുകൾ സിനിമകളെ കൊണ്ടെത്തിക്കാറുണ്ട്. ഓണ്‍ലൈൻ നിരൂപണങ്ങൾ സിനിമയുടെ കച്ചവടത്തെ നിർണയിക്കുമോ? നിരൂപണത്തിനും വേണോ പ്രോട്ടോക്കോൾ? പ്രതികരണങ്ങളിലേക്ക്.

അരുൺ ഗോപി: ഞങ്ങളുടെ മനസ്സിൽ ചെയ്യാൻ വിചാരിച്ചിരുന്ന സിനിമയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ആ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. സിനിമ കണ്ടിട്ട് അത് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ് ഒരുപാട് പേർ ഇപ്പോൾ വിളിക്കുന്നുണ്ട്. അതോടൊപ്പം തന്നെ  സിനിമയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞവരും ഉണ്ട്. പലർക്കും പലതരം അഭിരുചികൾ ആണല്ലോ. അവവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ആണ് എല്ലാവരും സിനിമ കാണുന്നത്. അപ്പോൾ അതിൽ അഭിപ്രായവ്യത്യാസങ്ങൾ കാണുന്നത് സ്വാഭാവികം. ഒരുപാട് ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ അഭിപ്രായവും ഞങ്ങളിലേക്ക് എത്തുന്നു. ഇഷ്ടപ്പെടാത്തവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാം. അത് അവരുടെ സ്വാതന്ത്ര്യം ആണ്. അതിന് എല്ലാവർക്കും അവകാശവുമുണ്ട്. 

പക്ഷേ അഭിപ്രായങ്ങൾ എന്ന തരത്തിൽ പലതരം കോപ്രായങ്ങൾ കാണിക്കുന്ന ആളുകളെയും നാം കാണുന്നുണ്ട്. എന്തോ വലിയ ആളുകളാണ് എന്ന തരത്തിലാണ് അവർ അഭിപ്രായങ്ങൾ പറയുന്നത്. ചിലതൊക്കെ സർക്കാസ്റ്റിക് ആയിട്ടുള്ള റിവ്യൂസ് ആണ്. അത് കാണുമ്പോഴാണ് മറ്റുള്ളവരും മനുഷ്യരാെണന്ന് തോന്നൽ അവർക്കില്ല എന്ന് തോന്നുന്നത്. റിവ്യൂ എന്ന പേരിൽ കാണിക്കുന്ന പ്രഹസനങ്ങൾ വളരെ മോശമാണ്. അത് ഓരോരുത്തരുടെയും സംസ്കാരമാണ്. നമ്മൾ ഒരു അഭിപ്രായപ്രകടനം നടത്തുന്നതുപോലെയല്ലല്ലോ ഈ പ്രഹസനങ്ങൾ. അവ പലതും അടിമുടി സർക്കാസമാണ്. പലരും റിവ്യൂ എന്ന പേരിൽ ആളുകളെ പുച്ഛിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ ചിന്തകൾക്കനുസരിച്ചും നിലവാരത്തിനനുസരിച്ചുമാണ് പ്രതികരിക്കുന്നത്. അത് ഓരോരുത്തരുടെയും സംസ്കാരത്തിന്റെ ഭാഗമാണ്. അതിൽ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണ് എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. 

arun-gopi
അരുൺ ഗോപി

ഇന്നിപ്പോൾ പലരുടെയും ജീവിതമാർഗമാണ് റിവ്യു പറയുന്നത്. അവരെല്ലാം കാശിനു വേണ്ടിയിട്ടാണ് അത് ചെയ്യുന്നതും. എല്ലാ പ്രേക്ഷകർക്കും കാണാൻ വേണ്ടി ഒരുക്കുന്ന സിനിമയെക്കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങൾ പറഞ്ഞ് അത് ജനറലൈസ് ചെയ്യുന്നു. മാത്രമല്ല അത് അവർ ആളുകളിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. വളരെ മഹത്തരമായ സൃഷ്ടികൾ കാലക്രമേണ ചെയ്യാൻ പ്രാപ്തിയുള്ളവരായിരിക്കും അവർ എന്നാണ് ഞാൻ കരുതുന്നത്. അത്തരം സൃഷ്ടികൾ അവരിൽ നിന്നും ഉണ്ടാകട്ടെ എന്നും ഞാൻ പ്രത്യാശിക്കുന്നു. അതല്ലാതെ ഞാനിപ്പോൾ എന്ത് പറയും. അഭിപ്രായപ്രകടനങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അഭിപ്രായങ്ങളെക്കുറിച്ച് അല്ല പറയുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കാനും ആഗ്രഹിക്കുന്നു. സിനിമാ അസോസിയേഷനിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ നടപടികൾ എടുത്തു തുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

സന്ദീപ് സേനൻ: സിനിമ കാണുന്ന പ്രേക്ഷകന് അയാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് പോസിറ്റീവോ നെഗറ്റീവോ ആകാം. പക്ഷേ ഇന്ന് പലരും അതൊരു വരുമാന മാർഗമാക്കി പലരും മാറ്റിയിരിക്കുകയാണ്. പലപ്പോഴും സിനിമ റിവ്യൂ ചെയ്യുന്ന റിവ്യൂവർക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. പല പ്രൊഡ്യൂസർക്കും നഷ്ടമുണ്ടാക്കിയിട്ടാണത് അവർ ചെയ്യുന്നത്. അങ്ങനെ പണം മുടക്കിയ നിർമാതാവിന്റെ കണ്ടന്റിനെ റിവ്യൂവറുടെ വരുമാനമാക്കി മാറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഉദാഹരണത്തിന് എന്റെ ഒരു സിനിമ കണ്ടിട്ട് അത് മോശമാണെന്ന് പറഞ്ഞ് മോണിറ്റൈസ് ചെയ്യുന്നതിനോടാണ് എന്റെ വിയോജിപ്പ്. അതുമൂലം ഒരു നിർമാതാവിന് പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കുറെയധികം ആളുകളുടെ ശ്രമഫലമായാണ് ഒരു സിനിമ ഉണ്ടാകുന്നത്. എന്നാൽ അതിനെ ഒന്നും കണക്കാക്കാതെ മിക്ക സിനിമകളും മോശമാണ് എന്ന രീതിയിൽ പലരും അഭിപ്രായം പറയുന്നുണ്ട്. പ്രൊഡ്യൂസറോട് പൈസ ചോദിച്ചും ചോദിക്കാതെയും ഒക്കെ റിവ്യൂ ചെയ്യുന്നവർ ഇപ്പോൾ ഉണ്ട്. പക്ഷേ ആത്യന്തികമായി, ഇത് രണ്ടും ഒരേയിടത്താണ് എത്തുന്നത്. ഫലമോ, നിർമാതാവിന് സാമ്പത്തിക നഷ്ടം. അതുമൂലം, ഭൂരിഭാഗം സിനിമയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.

sandip
സന്ദീപ് സേനൻ

കൂടാതെ റിവ്യൂ ചെയ്യുന്നതിന്റെ പേരിൽ പലർക്കും യൂട്യൂബിൽ രണ്ടു മൂന്നു ലക്ഷം വ്യൂസ് ലഭിക്കുന്നുണ്ട്. അതവർ മോണിറ്റൈസ് ചെയ്യുന്നു. ചിലരുടെ അഭിപ്രായത്തെ ഭൂരിപക്ഷം പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് അതുവഴി നടക്കുന്നത്.  റിവ്യൂ പറയുന്ന ആൾക്ക് രണ്ടു ലക്ഷം മൂന്നു ലക്ഷം വരുമാനം ലഭിക്കുമ്പോൾ, ചില നല്ല സിനിമകൾക്ക് ഒരു ലക്ഷം രൂപ പോലും തിയറ്ററിൽ നിന്നു തിരിച്ചു കിട്ടാത്ത അവസ്ഥ ഇവിടെ ഉണ്ടാവുന്നുണ്ട്. ഒരു റിവ്യൂവർ എന്നാൽ അയാളുടെ അഭിപ്രായം പറയുന്ന ഒരാളാണ് എന്ന് ചിന്തിക്കാതെ, ഒരു കൂട്ടം ആളുകളുടെ 'ശബ്ദം' ആണ് അത് എന്നു പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. ഇത്തരം പ്രതികരണങ്ങൾ മൂലം ഇന്നിപ്പോൾ ഒരു ശരാശരി സിനിമയ്ക്ക് പോലും ഇവിടെ സ്പേസ് ലഭിക്കുന്നില്ല. റിവ്യൂവേഴ്സിന് മോണിറ്റൈസ് ചെയ്യാതെ അഭിപ്രായം പറയാമല്ലോ. അതിലൂടെ കാശുണ്ടാക്കുന്ന രീതി യഥാർത്ഥത്തിൽ മോശമല്ലേ?

ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല കണ്ടൻറ്റുകൾ കൊണ്ടുവരുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളം. എല്ലാവരും മലയാളത്തെ നോക്കി കാണുന്ന അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഇത്തരം മോശം റിവ്യൂ കൊണ്ട് ആവറേജ് സിനിമ മാത്രം ഇവിടെ കാണിച്ചാൽ മതി എന്ന തരത്തിൽ തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഒരിക്കൽ ഒരു റിവ്യൂവർ പറഞ്ഞതാണ്, ഒരു സിനിമ കണ്ട് അതിൻറെ റിവ്യൂ പറയുമ്പോൾ അതിന് ഒരു ത്രില്ലുണ്ട് എന്ന്. അത് പറഞ്ഞോട്ടെ പക്ഷേ അതിനെ കാശ് ആക്കാതിരുന്നാൽ മതി എന്നാണ് എനിക്ക് പറയാൻ ഉള്ളത്. പ്രേക്ഷകരുടെ പ്രതിനിധി ആയിട്ട് നിന്ന് അവരുടെ അഭിപ്രായം പറഞ്ഞു അതിനെ പണം ആക്കി മാറ്റുമ്പോൾ അത്തരം മോശം പ്രവണതകളെ പുതിയ കണ്ടന്റ് ക്രീയേറ്റേഴ്സ്‌ അവരുടെ ഊർജ്ജമാക്കി മാറ്റുകയാണ്.

റിവ്യൂ ബോംബിങ് മാത്രമല്ല വോട്ട് ഡിഗേഡിങ്ങും നടക്കുന്നുണ്ട്. ബുക്ക് മൈ ഷോ പോലെയുള്ള ആപ്പുകളിലൂടെ വോട്ട് ചെയ്ത് ചില സിനിമകൾക്ക് പോസിറ്റീവും മറ്റു ചിലതിന് നെഗറ്റീവും കൊടുക്കുന്ന ഒരു പ്രവണത ഇന്നിപ്പോൾ കൂടിയിട്ടുണ്ട്. രാഷ്ട്രീയം പോലെയുള്ള കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂലം പലരുടെയും സിനിമകളെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയും നിലനിൽക്കുന്നുണ്ടല്ലോ. 

എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു കൂട്ടം ആളുകൾ അവരുടെ വിയർപ്പിനെ കണ്ടന്റ് ആക്കി മാറ്റുമ്പോൾ അതിൽനിന്നും റിവ്യൂ തയ്യാറാക്കി, അതൊരു മോശം വർക്കാണ് എന്ന് പറയാൻ കാണിക്കുന്ന ആർജവം വളരെ മോശം പ്രവണതയാണ്. അതിലൂടെ കണ്ടന്റിന് യഥാർത്ഥത്തിൽ ലഭിക്കേണ്ട വരുമാനം കുറയുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ ഒരു തീയറ്റർ മുറ്റത്താണ് പലരുടെയും കിടപ്പ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറെയധികം ആളുകളുടെ വിയർപ്പിന്റെ ഫലത്തിന്റെ മുകളിൽ നിന്നുകൊണ്ട്, ഒന്നര മിനിറ്റ് റിവ്യൂ പറഞ്ഞു പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടാക്കിയാണ് ഇവർ കടന്നുപോകുന്നത് എന്ന് ആരും ചിന്തിക്കുന്നുമില്ല. ഇതിൽ നിന്നു നിയമപരിരക്ഷ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഒരു കൂട്ടം നിർമാതാക്കൾ.

മനോജ് റാംസിങ്: ഒരു കലാസൃഷ്ടി നിലനിൽക്കുന്നത് അതിന് അഭിപ്രായങ്ങൾ ഉണ്ടാകുമ്പോഴാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാ കലാസൃഷ്ടിയും ഒരു പ്രോഡക്റ്റാണ്. ആ ഉത്പന്നത്തെപ്പറ്റി എല്ലാവർക്കും അഭിപ്രായങ്ങൾ ഉണ്ടാവുമല്ലോ. ക്രിയേറ്റീവ് സൈഡിൽ നിൽക്കുന്ന എല്ലാവരും തന്നെ റിവ്യൂവിനെ സ്വീകരിക്കാറുമുണ്ട്. മറ്റൊരു കലാസൃഷ്ടിയിലും കാണാത്ത ഒരു പ്രവണത ഇന്നിപ്പോൾ സിനിമാ റിവ്യൂവിൽ നടക്കുന്നുണ്ട്. റിവ്യൂവേഴ്സ് സിനിമയെ ഒരു കോ-കണ്ടന്റ് അല്ലെങ്കിൽ ഒരു സബ് കണ്ടന്റ് ആക്കി മാറ്റുകയാണ്. ഒരു അഭിപ്രായം പോലെ അല്ല അത്. ഒരു സിനിമയെ വികലമാക്കി ചിത്രീകരിക്കുന്നതിനായി പലരും കോമാളി വേഷം ഒക്കെ ധരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തിച്ച എല്ലാവരും അല്ലെങ്കിൽ സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും തന്നെ അതിനെ ഉറപ്പായും വിലയിരുത്തുന്നുണ്ട്. ചിലരാകട്ടെ മറ്റുള്ളവരെ പുച്ഛിക്കുന്നതിനു വേണ്ടി മാത്രമാണ് ഇത്തരം കണ്ടൻറുകൾ ഒരുക്കുന്നത്. മറ്റുചിലരാകട്ടെ സിനിമയുടെ കണ്ടൻറ്റുകൾ മുഴുവനും റിവ്യൂ എന്ന രീതിയിൽ പറയുന്നു. അത് ചിലപ്പോൾ അവരുടെ കണ്ടന്റിന് വ്യൂ കിട്ടുന്നതിന് വേണ്ടിയാകും. 

manoj
മനോജ് റാംസിങ്

ചില സിനിമകൾ നല്ലതാവും ചില സിനിമകൾ മോശമാകും. അതിന്റെ പേരിൽ പലരെയും വികലമായി ചിത്രീകരിക്കുന്നത് വളരെ മോശം പ്രവണത തന്നെയാണ്. റിവ്യൂ എന്നാൽ ഒരു പ്രോഡക്റ്റിനെ പറ്റി നല്ലതോ ചീത്തയോ എന്ന അഭിപ്രായം പറയുക എന്നതാണ്. അതിന്റെ പേരിൽ അത് ഉണ്ടാക്കിയ ആൾക്കാരെ അല്ലെങ്കിൽ അതിന് അഭിനയിച്ച ആൾക്കാരെ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആവുന്ന തരത്തിൽ കണ്ടന്റുകൾ ഉണ്ടാക്കുന്നത് തീർച്ചയായും നിയമപ്രകാരം തെറ്റ് തന്നെയാണ്. പലപ്പോഴും പല സിനിമകളും ആരും കാണരുത് എന്ന് രീതിയിൽ റിവ്യൂകൾ വരുന്നുണ്ട്. ഇനി അവരുടെ റീച്ചിനു വേണ്ടിയാണ് സിനിമകൾ അവർ ഇങ്ങനെ അവതരിപ്പിക്കുന്നത് എങ്കിൽ ആ സിനിമയുടെ നിർമാതാവിന്റെ റൈറ്റ് വാങ്ങണം. കാരണം ആ പ്രോഡക്റ്റ് അയാളുടെ മാത്രമാണ്. 

സിനിമ എന്ന പ്രോഡക്റ്റിന്റെ ബൈ പ്രോഡക്ടുകൾ ആണ് ഈ പറയുന്ന റിവ്യൂകൾ എല്ലാം തന്നെ. അതിന്റെ മേലുള്ള പൂർണ അവകാശം ആ നിർമാതാവിനാണ്. അത് അയാളുടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ആണ്. റിവ്യൂ പറയാൻ എല്ലാവർക്കും അവകാശമുണ്ട്. പല സിനിമകളും ഹിറ്റ് ആവാനും ഫ്ലോപ്പ് ആവാനും സാധ്യതയുണ്ട്. അതിൻറെ നഷ്ടവും ലാഭവും പ്രൊഡ്യൂസർക്കാണ്. പക്ഷേ യൂട്യൂബിലൂടെ വരുന്ന ഈ സബ് കണ്ടന്റിൻറെ ലാഭം കിട്ടുന്നത് ആകട്ടെ ഈ പറയുന്ന റിവ്യൂവർക്കും. ഇവയെല്ലാം പൈറസി വിഭാഗത്തിൽപ്പെടുന്നതാണ്. നിയമപ്രകാരം ഇവയൊന്നും അനുവദനീയവും അല്ല. ഇൻഡലക്ചർ പ്രോപ്പർട്ടി റൈറ്റ് പ്രകാരവും പൈറസി നിയമമനുസരിച്ച് ഇവ രണ്ടും തെറ്റ് തന്നെയാണ്. ഒരു പ്രൊഡ്യൂസറുടെ കണ്ടന്റ് എടുത്തിട്ട് അവർക്ക് നഷ്ടമുണ്ടാകുന്ന തരത്തിൽ മറ്റൊരു സബ് കണ്ടന്റ് ഉണ്ടാക്കുന്നതിനോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്.

English Summary:

Review Bombing: Arun Gopy, Sandip Senan express their opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com