നിന്നെ അറിയാവുന്ന നാട്ടുകാരും ഇത് കാണുന്നുണ്ട്: വിമര്‍ശകര്‍ക്ക് മറുപടിയുമായി അനുമോള്‍
Mail This Article
വിവാഹവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകളെ വിമർശിക്കാൻ എത്തിയവർക്ക് തക്ക മറുപടിയുമായി നടി അനുമോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിന്റെ വിഡിയോയ്ക്ക് വന്ന വിമർശന കമന്റുകൾക്കാണ് അനു മോളുടെ മറുപടി. ‘‘ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്ത് പോകണമെന്നു പറഞ്ഞാൽ, കല്യാണം കഴിച്ചിട്ട് ഭർത്താവ് കൊണ്ടുപോകുമെങ്കിൽ പൊയ്ക്കോളൂ, ഒരു കുഞ്ഞ് വസ്ത്രം ഇടണമെങ്കിൽ കല്യാണം കഴിഞ്ഞ് ഭർത്താവ് സമ്മതിച്ചാൽ ഇട്ടോളൂ. എല്ലാം അങ്ങനെയാണ്. പഠിക്കണം, ജോലിക്കു പോകണം എന്ന് പറഞ്ഞാലും ഇങ്ങനെയാണ് പറയുന്നത്. ഭർത്താവാകുമ്പോൾ രണ്ടു തല്ലിയാലും കുഴപ്പമില്ല. ഇങ്ങനെയാണ് നമ്മൾ കേട്ടു വളരുന്നത്. നാട്ടിൻപുറത്ത് മാത്രമേ ഇങ്ങനെ ഉള്ളൂ എന്നാണ് കരുതിയത്. പക്ഷേ എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി.’’ –ഇതാണ് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ അനുമോൾ പറഞ്ഞത്.
ഈ വിഡിയോയ്ക്ക് വിമർശനവുമായി നിരവധി പേരാണ് എത്തിയത്. ‘‘കല്യാണം കഴിഞ്ഞ് ഭർത്താവിന്‍റെ ഗൃഹത്തിൽ ദുഷ്പേര് കേൾപ്പിക്കാതെ അന്തസ്സായി ജീവിക്കണമെങ്കിൽ നല്ല കഴിവും പ്രാപ്തിയും വേണം. ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവർ ഇതുപോലെ പല ഞൊട്ടി ന്യായങ്ങളും പറയും’’ എന്നായിരുന്നു ഒരു കമന്‍റ്.
‘‘അതു മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല’’ എന്ന മറുപടി നല്‍കിയാണ് അനുമോള്‍ വിമർശകരുടെ വാ അടപ്പിച്ചത്.
‘‘കല്യാണമൊക്കെ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ, നീ അതൊന്നും നോക്കേണ്ട’’ എന്ന അഭിപ്രായത്തിന് ‘‘നല്ല കുടുംബിനിയോ, അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്?’’ എന്നായിരുന്നു അനുമോള്‍ നല്‍കിയ മറുപടി. ‘‘അവസാനം നീ വീട്ടില്‍ തന്നെ ഇരിക്കും’’ എന്ന കമന്റിന്, ‘‘അത് നല്ലതല്ലേ, സന്തോഷം എവിടെയാണുള്ളത് അവിടെ നില്‍ക്കണം’’ എന്നും അനുമോൾ പറഞ്ഞു.
സ്വന്തം നാട്ടുകാരിൽ ഒരാളും അനുമോളെ വിമർശിച്ച് എത്തുകയുണ്ടായി.‘‘ഞാനറിഞ്ഞ മനോഹരേട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ. അച്ഛനെ മറന്ന് കളവു പറയരുത്. അനുമോളെ എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ് വളർത്തിയത്. നിന്നെ അറിയാവുന്ന നാട്ടുകാരും ഇത് കാണുന്നുണ്ട്,’’
ഈ കമന്റിന് അനുമോള്‍ പറഞ്ഞതിങ്ങനെ: ‘‘അച്ഛൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ പോയി സുഹൃത്തേ, അമ്മയാണ് എന്നെ വളർത്തിയത്. എന്റെ അമ്മ എനിക്ക് സ്വാതന്ത്ര്യം തന്നു എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാക്കാതെ കുറ്റം ആരോപിക്കുന്നതും അത്ര നല്ലതല്ല. നടുവട്ടത്തും ഇത്ര ബോധം ഇല്ലാത്തവർ ഉണ്ടോ? ഇല്ല എന്നായിരുന്നു എന്റെ ധാരണ. നിങ്ങൾ ഞാൻ പറഞ്ഞ കളവൊന്നു തെളിയിക്കൂ. ചുമ്മ ആരോപിക്കാതെ.’’
ചായില്യം, റോക്‌സ്‌റ്റാർ, വെടിവഴിപാട്, അകം, ഉടലാഴം, ഞാൻ, പദ്മിനി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോൾ. തന്‍റെ നിലപാടുകള്‍ എന്നും താരം വ്യക്തമായി പ്രകടിപ്പിക്കാറുണ്ട്. യാത്രപ്രേമിയായ അനുമോൾ യാത്രയ്ക്കിടയിലുള്ള സംഭവങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.