ADVERTISEMENT

ടിഎന്‍ 18 Z 0202 എന്ന 2010 മോഡൽ റിറ്റ്സ് കാറില്‍നിന്ന് 2023 മോഡൽ കിയ സെൽറ്റോസിലേക്കുള്ള ദൂരം ഒന്നേമുക്കാല്‍ ലക്ഷം കിലോമീറ്ററാണ്. ഇതിലുമെത്രയോ ദൂരം അരുൺ വര്‍മയെന്ന ചെറുപ്പക്കാരൻ മനസ്സുകൊണ്ട് ഓടിക്കിതച്ചിട്ടുണ്ട്, സിനിമാ സംവിധായകനാകാൻ. സില്‍വര്‍ കളര്‍ റിറ്റ്സ് കാലപ്പഴക്കംകൊണ്ട് വഴിയിൽ കിടക്കുമോയെന്നു ഭയപ്പെട്ടപ്പോഴെല്ലാം പിടിച്ചുനിൽക്കാൻ മനസ്സിനു ബലം നൽകിയത് മാജിക് ഫ്രെയിംസ് എന്ന ഓഫിസായിരുന്നു. റിറ്റ്സിന്റെ വേഗക്കുറവ് പിന്നോട്ടുവലിച്ചപ്പോൾ മാജിക്കുപോലെ മനസ്സിനെ പിടിച്ചുനിർത്തിയത് രണ്ടാം വീടുപോലെ കണക്കാക്കുന്ന കൊച്ചിയിലെ ഈ ഓഫിസ്. ഒടുവിൽ ഈ റിറ്റ്സിനു പകരം കിയ സമ്മാനിക്കുന്നതും ഇതേ ഓഫിസുതന്നെ. അതിനു മുൻപു ഗരുഡനായി പറക്കാൻ തുണച്ചതും ഈ ഓഫിസ് അന്തരീക്ഷമായിരുന്നു. 

ഗരുഡൻ ഉയർന്നുയർന്ന് പറന്നപ്പോഴാണ് റോഡിലൂടെ പറക്കാൻ പച്ചനിറത്തിലുള്ള കിയ സമ്മാനമായി ലഭിക്കുന്നത്. ഇതൊരു സൗഹൃദത്തിന്റെ കാറോട്ടമാണ്. മലയാള സിനിമയിൽ അത്രയൊന്നും കേട്ടിട്ടില്ലാത്ത സൗഹൃദത്തിന്റെ കഥ. സിനിമാ പ്രൊഡ്യൂസറും നവാഗത സംവിധായകനും തമ്മിലുള്ള സൗഹൃദം.മാജിക് ഫ്രെയിംസ് എന്ന പ്രൊഡക് ഷന്‍ ഹൗസിന്റെ ഉടമയായ ലിസ്റ്റിൻ സ്റ്റീഫനും അരുൺ വർമയും തമ്മിലുള്ള വിജയക്കുതിപ്പിന്റെ കെമിസ്ട്രി.

കിയയെന്ന ഈ സമ്മാനം ഗരുഡൻ എന്ന സിനിമയുടെ നിർമാതാവ് ആ സിനിമയുടെ സംവിധായകനു നൽകിയ ഗിഫ്റ്റല്ല. അതിനുമപ്പുറം സഹോദരന്റെ ഇഷ്ടത്തോടെ കൈമാറിയ സമ്മാനമാണ്. അല്ലെങ്കിൽ കഥ കേൾപ്പിക്കാനെത്തിയ എത്രയോ പേരോട് തോന്നാത്തൊരു സൗഹൃദം അരുൺ വർമയെന്ന ചെറുപ്പക്കാരൻ സംവിധായകനോട് ലിസ്റ്റിന് തോന്നേണ്ട കാര്യമില്ലല്ലോ..? ഈ സൗഹൃദം ഉയര്‍ന്നുപറക്കുകയാണ്, ഗരുഡന്റെ ഇപ്പോഴും തുടരുന്ന തിയറ്റര്‍ വിജയങ്ങളില്‍. അരുണിനു ഇനിയുമേറെ ഉയരത്തില്‍ പറക്കാനുള്ള ഊര്‍ജത്തിനു നല്‍കുന്ന ഇന്ധനമാണീ കാര്‍. 

പകയോ നേര്‍ക്കുനേരോ അല്ല

പക, നേര്‍ക്കുനേര്‍..അങ്ങനെ ഒരുപാട് പേരുകള്‍ ഈ സിനിമയ്ക്കുവേണ്ടി ആലോചിച്ചതാണ് അണിയറ പ്രവര്‍ത്തകര്‍. പക്ഷേ പോരാ എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. അപ്പോഴാണ് ലിസ്റ്റിന്‍ ചോദിക്കുന്നത് ..എടാ ഗരുഡന്‍ മതിയില്ലേ..? രണ്ടാമതൊരു ചിന്തയ്ക്കു വക നല്‍കാതെ ഗരുഡനില്‍ തറച്ചുനിന്നു. ഈ സിനിമയുമായി ലിസ്റ്റിനുള്ള അഗാധമായ അടുപ്പം വ്യക്തമാക്കുന്ന ഇത്തരം എത്രയോ കാര്യങ്ങളുണ്ടെന്ന് അരുണ്‍ വര്‍മ പറയുന്നു. ലിസ്റ്റിന്‍ നിര്‍മിക്കുന്ന അടുത്ത ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മയാണെന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗംതന്നെ. 2019 മുതലാണ് ലിസ്റ്റിനുമായുള്ള അടുത്ത സൗഹൃദം തുടങ്ങുന്നത്. മാജിക് ഫ്രെയിമില്‍ പതിനഞ്ചോളം ഓഫിസ് ജീവനക്കാരാണുള്ളത്. എന്നാല്‍ ജീവനക്കാരനല്ലാത്ത പതിനാറാമത്തെ സ്ഥിരം സാന്നിധ്യമായിരുന്നു വര്‍ഷങ്ങളോളം അരുണ്‍. അവരിലൊരാളായി, അവിടെയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് അവരോട് എപ്പോഴും ഇടപഴകി എത്രയോ കാലം. ഈ കൂട്ടുകെട്ടാണ് ഗരുഡനിലെത്തിയത്. 

മേജര്‍ രവിയുടെ അസിസ്റ്റന്റ്

പാലക്കാട്ടാണ് അരുണ്‍ വര്‍മയുടെ കുടുംബവേരെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. സ്കൂള്‍കാലം മുതല്‍ അഭിനയത്തില്‍ താല്‍പര്യം. ലയോള കോളജില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം. പഠനം കഴിയും മുന്‍പേ മേജര്‍ രവിയുടെ അസിസ്റ്റന്റായത് വളരെ യാദൃച്ഛികം. കോളജ് പഠനത്തിന്റെ ഭാഗമായി മിന്നല്‍ ടെലിവിഷനില്‍ അരുണ്‍ ഇന്റേണ്‍ഷിപ് ചെയ്തിരുന്നു. കീര്‍ത്തിചക്രയ്ക്ക് അസിസ്റ്റന്റിനെ വേണമെന്ന് മിന്നലിലെ സുഹൃത്തുക്കളോട് രവി പറഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് ഓര്‍ത്തെടുത്തത് മലയാളിയായ അരുണിനെ. ഡിപ്ലോമ ഫിലിമിന്റെ ഷൂട്ടിനുശേഷം ടേപ്പുമായി എഡിറ്റിങ്ങിനു പോകുമ്പോഴാണ് മേജര്‍ രവിയെ കാണുന്നതും സംസാരിക്കുന്നതും. പഠനം കഴിഞ്ഞ് അസിസ്റ്റന്റായി കൂടെച്ചേരാന്‍ സംവിധയകരെ തേടുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു അവസരം വീണുകിട്ടിയത്. കീര്‍ത്തിചക്ര മുതലുള്ള മേജറിന്റ ചിത്രങ്ങളില്‍ സഹായിയായി.

listinjoseph-arunvarma

അഭിനയത്തേക്കാള്‍ നല്ലത് ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതല്ലേയെന്നു ചോദിച്ചത് അച്ഛന്‍ തന്നെയാണ്. സിനിമാ പ്രാന്തുമായി ഓടിനടക്കുമ്പോഴും അരുണിനെ അച്ഛന്‍ ഒരു കാര്യം ഓര്‍മിപ്പിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ ക്ലച്ച് പിടിച്ചില്ലെങ്കില്‍ മറ്റുവല്ല ജോലിയുമെടുത്ത് ജീവിക്കണം. വരുമാനം പ്രശ്നമാകാന്‍ തുടങ്ങിയപ്പോള്‍ 2010 മുതല്‍ പരസ്യചിത്രങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു.അപ്പോഴും ഒരു മികച്ച സിനിമയെങ്കിലും ചെയ്യുകയെന്ന ആഗ്രഹം ഉള്ളില്‍ കിടന്നു തിളച്ചു. അതിനുള്ള ഓട്ടമായിരുന്നു പിന്നീട് ഈ റിറ്റ്സ് കാറില്‍. റോഡ് യാത്ര ഇഷ്ടപ്പെടുന്ന അരുണിന് വീടുപോലെയാണ് ഈ കാര്‍. എത്രയോ തവണ ഈ കാറില്‍ അന്തിയുറക്കം. ഫ്രിജും വാഷിങ് മെഷീനും കൂടി കാറില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതില്‍നിന്ന് ഇറങ്ങേണ്ടിവരുമായിരുന്നില്ലെന്ന അവസ്ഥ. ചെന്നൈ - കൊച്ചി ഷട്ടില്‍ സര്‍വീസായിരുന്നു ഈ കാറില്‍. ഒന്നേമുക്കാല്‍ ലക്ഷം കിലോമീറ്ററില്‍ ഭൂരിപക്ഷവും ഓടിയത് അവസാന 4 വര്‍ഷം,ഗരുഡനുവേണ്ടി. 

ജിനേഷുമായുള്ള കൂട്ട്

ഗരുഡന്‍ എന്ന സിനിമയുടെ വണ്‍ലൈന്‍ മനസ്സില്‍ ആദ്യമായി വന്നത് 2015ലാണ്, സിനിമയ്ക്കു കഥയൊരുക്കിയ എം.ജിനേഷുമായുള്ള സൗഹൃദത്തില്‍നിന്ന്. സമൂഹമാധ്യമത്തിലെ ഒരു പൊതുസുഹൃത്തുവഴിയാണ് ലോ കോളജ് പ്രഫസറായ ജിനേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് തിരക്കഥയുടെയും സിനിമയുടെയും ഏകദേശ രൂപമൊരുക്കി. ഇതിനിടയില്‍ കോവിഡിന്റെ വരവടക്കമുള്ള പ്രതിസന്ധികള്‍ ഏറെയായതോടെ സിനിമ ബ്ലോക്കായി. മാജിക് ഫ്രെയിംസിലെ ദീപക്കിലേക്ക് അരുണിനെ എത്തിച്ചത് ജിനേഷ്. പിന്നെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ കഥ കേള്‍ക്കുന്നു. പിന്നെ ലിസ്റ്റിനിലേക്ക്. ഓകെ പറയുന്നതോടെ പടം ഓണ്‍ ആകുന്നു. പക്ഷേ പിന്നെയും തിരക്കഥ ശക്തമാകണമെന്നചിന്ത വരുന്നു. ആ ഘട്ടത്തിലാണ് മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നത്. മികച്ച തിരക്കഥയുടെ കൂടി ബലത്തില്‍ കേരള പൊലീസിലെ ഗരുഡന്‍ കണ്ണുതുറന്നു.

arun-varma-4

ഇനി..?

ഗരുഡന്റെ കഥ യാദൃച്ഛികമായി വന്നതാണ്. ഇനി ഇതേ രീതിയിലുള്ള ക്രൈം സൈക്കോ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകളേ ചെയ്യൂ എന്നില്ലെന്നു അരുണ്‍ വര്‍മ പറയുന്നു. വിഷയം ഏതായാലും തികച്ചും വ്യത്യസ്തമായി ചെയ്യുകയാണ് ലക്ഷ്യം. അതിനേക്കാളപ്പുറം സിനിമ ചെയ്തുകൊണ്ടേയിരിക്കുകയെന്നതാണ് ആനന്ദകരമെന്നു പറയുന്നു. 

ലിസ്റ്റിന്‍ എന്ന സിനിമാക്കാരന്‍

എപ്പോഴും സിനിമയോടു ചേര്‍ന്നുനില്‍ക്കണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് കോട്ടയം ഉഴവൂര്‍ സ്വദേശി ലിസ്റ്റിന്‍ 24 -ാം വയസ്സില്‍ നിര്‍മാതാവാകുന്നത്. 2011 ല്‍ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തോടെ തുടക്കം. തുടര്‍ന്ന് ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സിനിമകള്‍. 36-ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ തമിഴിലും മലയാളത്തിലുമായി 23 ഓളം സിനിമകളായി അക്കൂട്ടത്തില്‍.വിതരണത്തിനെടുത്തത് കാന്താരയുടെ കന്നഡ വേര്‍ഷന്‍ അടക്കമുള്ള ഓരുപിടി ചിത്രങ്ങളും.പുതുതായി കഥ പറയാന്‍ വരുന്നവരോടടക്കമുള്ള മൃദു സമീപനമാണ് ലിസ്റ്റിനെ വ്യത്യസ്തനാക്കുന്നത്. പരമാവധി ആരെയും നിരാശരാക്കില്ലെന്ന് ലിസ്റ്റിന്‍. അതുകൊണ്ടുതന്നെയാണ് തുടക്കക്കാരനായ തന്നെ ലിസ്റ്റിന്‍ നിരാശനാക്കാതെ വര്‍ഷങ്ങളോളം ചേര്‍ത്തുപിടിച്ചതെന്നു അരുണും പറയുന്നു. 

English Summary:

Friendhship story behing Arun Varma and Listin Stephen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com